Politics (Page 235)

കോഴിക്കോട്: സംസ്ഥാനത്ത് പൊതുവേദിയില്‍ മാത്രമാണ് ബി.ജെ.പിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുജാഹിദ് സമ്മേളനത്തില്‍ ബിജെപിക്കെതിരേ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

സതീശന്‍ പറഞ്ഞത്

‘ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബാന്ധവം മൂലമാണ് ഇ.പി. ജയരാജനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തത്. ഇ.പി ജയരാജന്‍ കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി സ്വത്ത് സംമ്പാദിച്ചെന്നും സി.പി.എമ്മിലാണ് ആരോപണം ഉയര്‍ന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികള്‍ എവിടെ പോയി? സി.പി.എം നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ഒരു അന്വേഷണവും നടത്തില്ല. ഇ.പി ജയരാജനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. രഹസ്യമായി ബി.ജെ.പിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സിപിഎം ബന്ധവമുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു. ഇതിന് പകരമായി കൊടകര കുഴല്‍പണ കേസ് ബി.ജെ.പി നേതാക്കള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാരും അവസാനിപ്പിച്ചു. ഇരു കൂട്ടരും കേസുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് ബാന്ധവത്തില്‍ ഏര്‍പ്പെടുകയാണ്. ഇതിന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. പകല്‍ സംഘപരിവര്‍- സി.പി.എം വിരോധം പറയുകയും രാത്രിയില്‍ സന്ധി ചെയ്യുകയും ചെയ്യുന്നവരാണ് കേരളത്തിലെ ബി.ജെ.പി- സി.പി.എം നേതാക്കാള്‍. ആനാവൂര്‍ നാഗപ്പനും വി.വി രാജേഷും ഒന്നിച്ചാണ് വിഴിഞ്ഞത്തെ പാവങ്ങള്‍ക്കെതിരെ സമരം ചെയ്തത്. അദാനിക്ക് വേണ്ടിയാണ് സി.പി.എമ്മും ബി.ജെ.പിയും തിരുവനന്തപുരത്ത് ഒന്നിച്ചത്. ആര്‍.എസ്.എസ് ആചാര്യനെന്ന് അറിയപ്പെടുന്ന ഗോള്‍വാള്‍ക്കര്‍ ‘ബെഞ്ച് ഓഫ് തോട്ട്‌സ്’ എന്ന പുസ്തകത്തില്‍ ഭരണഘടനയ്ക്ക് എതിരെ പറഞ്ഞിരിക്കുന്ന അതേ കാര്യങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തുപോകേണ്ടിവന്നത്. ഗോള്‍വാള്‍ക്കറുടെ ബെഞ്ച് ഓഫ് തോട്ട്‌സും സജി ചെറിയാന്റെ പ്രസംഗവും താതമ്യപ്പെടുത്തിയതിന് പ്രതിപക്ഷ നേതാവിനെതിരെ ആര്‍.എസ്.എസ് കേസ് കൊടുത്തിരിക്കുകയാണ്. എന്നിട്ടാണ് അതേ സജി ചെറിയാനെ മന്ത്രി സഭയിലേക്ക് കൊണ്ടു വരുന്നത്. എതിരാളികളെ ഇല്ലായ്മ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന ആര്‍.എസ്.എസും സി.പി.എമ്മും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്.’

കോഴിക്കോട്: സംസ്ഥാനത്ത് 2022 സെപ്റ്റംബര്‍ 23ന് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി 3785 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്തുവിവരം സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ വഴി ശേഖരിക്കുന്ന നടപടി ആരംഭിച്ചു. അക്രമക്കേസില്‍ പ്രതികളായ 3785 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും എത്തിച്ചു.

അതേസമയം, ഓരോ താലൂക്ക് പരിധിയിലെയും പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസില്‍ദാര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്. അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാരോട് നിര്‍ദ്ദേശം നല്‍കി. സ്വത്തുവിവരം ലഭിച്ച ശേഷം റവന്യു റിക്കവറി നടപടികള്‍ തുടങ്ങും.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളില്‍ 5.2 കോടി രൂപയുടെ നഷ്ടം ഉണ്ടായാതായാണ് വിവരം. ഈ തുക ഈടാക്കാനുള്ള റവന്യു റിക്കവറി നടപടികള്‍ വൈകുന്നതില്‍ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഒരു മാസത്തിനകം റവന്യു റിക്കവറി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നു ഡിസംബര്‍ 23ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനനുസരിച്ചാണ് നടപടികള്‍ ആരംഭിക്കുന്നത്.

കോഴിക്കോട്: മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ്ദീൻ സമ്മേളന വേദിയിൽ സിപിഎം വിമർശനം നടത്തിയ ലീഗ് നേതാക്കൾക്കെതിരെയാണ് അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരണം നടത്തിയിട്ടുള്ളത്.

മുജാഹിദ്ദീൻ വേദിയിൽ സിപിഎം വിമർശനം ശരിയായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകുമെന്നും ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാമെന്നും അതിന് മതേതര കക്ഷികൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലീഗ് നേതാക്കളായ പി കെ ഫിറോസും, പി കെ ബഷീറുമാണ് മുജാഹിദ്ദീൻ സമ്മേളന വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത്. ഇതിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കെയാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അദ്ദേഹം വ്യക്തമാക്കി. നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തണമെന്ന അഭിപ്രായം ഉയരുന്നതിനിടെയാണ് പ്രതികരണം. നിതീഷിനെ പിന്തുണച്ച് മഹാസഖ്യത്തിലെ അംഗമായ ആര്‍ജെഡി നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു.

അതേസമയം, രാജ്യത്ത് ബിജെപിക്കെതിരായ അടിയൊഴുക്ക് ശക്തമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കാലിടറുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ നീങ്ങി കശ്മീരില്‍ അവസാനിക്കുന്ന യാത്രക്കിടെ പ്രതിപക്ഷ കക്ഷികളെ അടുപ്പിക്കാന്‍ രാഹുല്‍ഗാന്ധി നേരിട്ടാണ് ശ്രമം നടത്തുന്നത്. അഖിലേഷ് യാദവ്, മായാവതി, കശ്മീരിലെ ഗുപ്കര്‍ സഖ്യനേതാക്കളായ ഫറൂക്ക് അബ്ദുള്ള, മെഹബൂബ മുഫ്തി, എന്നിവരെ ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് മുന്‍പില്‍ കൃത്യമായ ബദല്‍ മുന്‍പോട്ട് വയ്ക്കാന്‍ പ്രതിപക്ഷത്തിനാകണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വച്ചത്. സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങൾ അവശേഷിക്കുന്നുണ്ടോ എന്നാണ് ഗവർണർ നയമോപദേശം തേടിയത്. സജി ചെറിയാന്റെ പരാമർശവുമായി ബന്ധപ്പെട്ട് കോടതികളിലുള്ള നിയമപ്രശ്‌നങ്ങൾ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്.

ഗവർണർ ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ.ഗോപകുമാരൻ നായരിൽ നിന്നാണ് ഗവർണർ നിയമോപദേശം തേടിയിരിക്കുന്നത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നടത്തണമെന്നാണ് സിപിഎം പദ്ധതിയിടുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത്. ഈ വർഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ വച്ചാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച വിവാദ പരാമർശം നടത്തിയത്. രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം.

ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടനയാണ് ഇന്ത്യാക്കാർ എഴുതിവച്ചത്. ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവച്ചുവെങ്കിലും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാൻ ആരോപിച്ചിരുന്നു.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. എന്നാൽ താൻ പറയും ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി സർക്കാർ മുതലാളിമാർക്ക് അനുകൂലമായി പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ ഭരണഘടന അവർക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എന്നാൽ, സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണെന്നും ഭരണഘടനയെയോ ഭരണഘടനാ ശിൽപ്പികളെയോ അവഹേളിച്ചിട്ടില്ലെന്നും സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസിന്റെ റഫർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ഈ കേസ് തുടർന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സജി ചെറിയാനെതിരെ തെളിവില്ലെന്ന പേരിൽ തിരുവല്ല കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാരണമില്ലാതെ കേന്ദ്രസർക്കാർ തനിക്കെതിരെ കേസെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ഭാരത് ജോഡോ യാത്രയുടെ ഡൽഹി പര്യടനത്തിനിടെ രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് സിആർപിഎഫ് ആരോപിച്ചതും കോവിഡ് കേസുകളിലുണ്ടായ വർദ്ധനവ് ചൂണ്ടിക്കാട്ടി ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ പോകണമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. തനിക്ക് എങ്ങനെ അതിനു കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് യാത്രയ്ക്കായി കാൽനടയായി നടക്കണം. സുരക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടതെന്ന് അവർക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസിനൊപ്പമാണ് എല്ലാ പ്രതിപക്ഷ നേതാക്കളും. എന്നാൽ ചില രാഷ്ട്രീയ കടുംപിടിത്തങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുന്നു. ഭാരത് ജോഡോ യാത്രയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിരിക്കുന്നു. തങ്ങളോടൊപ്പം ചേരുന്നതിൽ നിന്ന് തങ്ങൾ ആരെയും തടയാൻ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം വേണം. ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കുകയാണ് . ബിജെപി ധാരാളം പ്രചാരണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ സത്യത്തിനെതിരെ പോരാടാൻ കഴിയില്ല. ഒരു മുൻ ധാരണയുമില്ലാതെയാണ് യാത്ര ആരംഭിച്ചത്. ഈ യാത്രയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

ബിജെപി ആക്രമണാത്മകമായി വിമർശിക്കണമെന്ന് താൻ ആഗ്രഹിക്കുന്നു. ഇത് കോൺഗ്രസ് പാർട്ടിയെ അതിന്റെ പ്രത്യയശാസ്ത്രം മനസ്സിലാക്കാൻ സഹായിക്കും. ബിജെപിയെ തന്റെ ഗുരുവായി കാണുന്നു. അവർ തനിക്ക് വഴി കാണിക്കുകയും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളിൽ പഠിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂര്‍: രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന സജി ചെറിയാന്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.

‘സത്യപ്രതിജ്ഞ നടക്കുന്ന ജനുവരി നാലിന് കെപിസിസി കരിദിനം ആചരിക്കും. സര്‍ക്കാര്‍ എവിടെയാണ് നീതിപൂര്‍വ്വവും നിയമപരവുമായി പ്രവര്‍ത്തിച്ചത്. ഇ.പി ജയരാജനെതിരെ അന്വേഷണം വേണ്ടെന്ന് സിപിഎം വച്ചു. അത് ഭരണഘടനാപരവും നിയമാനുസൃതവുമാണോ. സാമ്ബത്തിക കുറ്റവാളിക്കെതിരെ അന്വേഷണം വേണ്ടെന്ന് പറയാന്‍ സിപിഎമ്മിനെന്താണ് അവകാശം. അരാജകത്വത്തിന്റെ വിളനിലമാക്കി സംസ്ഥാനത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്കെന്തുമാകാമെന്ന നിലപാടാണ്. നിലവിലുള്ള നിയമവും ഭരണഘടനയും അവര്‍ക്ക് ബാധകമല്ലെന്നാണ് സിപിഎം നിലപാട്. ഇതില്‍ ജനമാണ് തീരുമാനമെടുക്കേണ്ടത്. സജി ചെറിയാന്റെ കാര്യത്തില്‍ തെറ്റു സംഭവിച്ചുവെന്ന് കണ്ടെത്തിയല്ലെ മാറ്റിനിര്‍ത്തിയത്. ആ കാരണം ഇപ്പോള്‍ ഇല്ലാതായോ. അനാചാരങ്ങളും അക്രമങ്ങളും ഇതുപോലെ ഏതെങ്കിലും കാലത്ത് നടന്നിട്ടുണ്ടോ? എവിടെ നീതിയും നിയമപാലകരും’- അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നും രാജിവെച്ച സജിചെറിയാൻ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിൽ ധാരണയായത്.

ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ സിപിഎം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. കഴിഞ്ഞ ജൂലൈ മാസത്തിലാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത്. ഈ വർഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ വച്ചാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച വിവാദ പരാമർശം നടത്തിയത്. രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം.

ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടനയാണ് ഇന്ത്യാക്കാർ എഴുതിവച്ചത്. ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവച്ചുവെങ്കിലും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാൻ ആരോപിച്ചിരുന്നു.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. എന്നാൽ താൻ പറയും ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി സർക്കാർ മുതലാളിമാർക്ക് അനുകൂലമായി പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ ഭരണഘടന അവർക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എന്നാൽ, സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണെന്നും ഭരണഘടനയെയോ ഭരണഘടനാ ശിൽപ്പികളെയോ അവഹേളിച്ചിട്ടില്ലെന്നും സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസിന്റെ റഫർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ഈ കേസ് തുടർന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സജി ചെറിയാനെതിരെ തെളിവില്ലെന്ന പേരിൽ തിരുവല്ല കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്.

ന്യൂഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങൾ നടത്തുന്നുവെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി ഗുലാംനബി ആസാദ് ചർച്ചകൾ നടത്തിവരുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാലു മാസങ്ങൾക്ക് മുൻപ് ഓഗസ്റ്റ് 26-നാണ് ഗുലാം നബി കോൺഗ്രസിൽ നിന്നും രാജി വെച്ചത്.

പിന്നീട് ഒക്ടോബറിൽ ജമ്മുകശ്മീർ കേന്ദ്രീകരിച്ചുള്ള ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന പുതിയ പാർട്ടിയും അദ്ദേഹം രൂപീകരിച്ചിരുന്നു. അതേസമയം, ബിജെപിയെ നേരിടാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന് ഗുലാം നബി ആസാദ് അടുത്തിടെ പറഞ്ഞിരുന്നു. കോൺഗ്രസിന്റെ നയത്തോടല്ല മറിച്ച് അതിന്റെ ദുർബലമായ സംഘടനാസംവിധാനത്തോടാണ് തനിക്ക് എതിർപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഭാരത് ജോഡോ യാത്രയുടെ കൺവീനറും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ് ഗുലാം നബിയെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനും അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരുന്നു.

ജി-23യിലെ നേതാക്കളായിരുന്ന അഖിലേഷ് പ്രസാദ് സിങ്, ഭൂപീന്ദർ സിങ് ഹൂഡ എന്നിവരുമായി ഗുലാംനബി സംസാരിക്കുകയും തിരിച്ചുവരവിനുള്ള വഴികൾ ആലോചിക്കുകയും ചെയ്തുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ പോകുന്നതും ചന്ദനക്കുറിയിടുന്നതും വർഗീയതയുടെ അടയാളമല്ലെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോൺഗ്രസ് അനുവർത്തിച്ച് വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വർഗീയ ചിന്താഗതികൾ ഗ്രസിച്ച വിഷലിപ്തമായ മനസിനെയാണ് കോൺഗ്രസ് എന്നും ശക്തിയായി എതിർത്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. മതസൗഹാർദ്ദം നിലനിർത്തി ഭാരതത്തിന്റെ മതേതരത്വവും അസ്ഥിത്വവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണിത്. അതുകൊണ്ട് തന്നെ ആചാരങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്താൻ തങ്ങൾക്ക് സാധ്യമല്ല. മതേതരമൂല്യങ്ങളും ഉയർന്ന ജനാധിപത്യബോധവും കാത്തുസൂക്ഷിക്കുന്ന കോൺഗ്രസിന് ഒരു വർഗീയതയുമായി സമരസപ്പെട്ട് പോകാനാകില്ല. അതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസിന്റെ പാരമ്പര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇഷ്ടമുള്ള ആചാര അനുഷ്ഠാനങ്ങൾ തെരഞ്ഞെടുക്കാനും അതിൽ വിശ്വസിക്കാനും ഓരോ പൗരനും അവകാശമുണ്ട്. പള്ളികളിലും അമ്പലത്തിലും പോകുന്നത് കൊണ്ട് ആരും വർഗീയ വാദികളാവുന്നില്ല. രാജ്യത്തിന്റെ അഖണ്ഡതയും വൈവിധ്യവും ഒരുപോലെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന കോൺഗ്രസിന് ജാതി, മതം, ഭാഷ, വർഗം, വർണ്ണം, ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരിൽ ജനങ്ങളെ വേർതിരിച്ച് കാണാനാവില്ല. എന്നാൽ വിശ്വാസികൾക്ക് വർഗീയ നിറം നൽകി അവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ശൈലിയാണ് സിപിഎമ്മിനും ബിജെപിക്കുമുള്ളതെന്നും സുധാകരൻ വിമർശിച്ചു.

ഹിന്ദുമതത്തിന്റെ കുത്തക അവകാശപ്പെടുന്ന ബിജെപിക്ക് ആ മതം ഉൾക്കൊള്ളുന്ന വിശാലമനസ്‌കത ഉൾക്കൊള്ളാൻ സാധ്യമല്ല. എല്ലാവരെയും ഒരുപോലെ കാണുന്ന കോൺഗ്രസ് രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും പോറൽ ഏൽപ്പിക്കുന്ന വർഗീയതയെ എന്നും ശക്തിയുക്തം എതിർത്തിട്ടുണ്ട്. ഇനിയുമത് തുടരും. എ കെ ആന്റണിയുടെ പ്രസ്താവന കോൺഗ്രസിന്റെ പൊതുരാഷ്ട്രീയ ബോധത്തിൽ നിന്നുള്ളതാണ്. കോൺഗ്രസിന്റെ മതേതര കാഴ്ചപ്പാടുകളോട് ചേർത്തുവെയ്ക്കാൻ കഴിയുന്ന നൂറുശതമാനം ശരിയുമാണതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കാലങ്ങളായി കോൺഗ്രസ് പിന്തുടർന്ന വന്ന രാഷ്ട്രീയ ദർശനത്തിന്റെ പുനഃപ്രഖ്യാപനമാണ് എകെ ആന്റണി നടത്തിയത്. വർഗീയത തൊട്ടുതീണ്ടാത്ത എല്ലാ മതേതര മനസ്സുകളെയും ഒപ്പം നിർത്തുന്നതാണ് കോൺഗ്രസ് സംസ്‌കാരം. ഇന്ത്യൻ ഭരണഘടനയെ ഉൾക്കൊള്ളുകയും ജനാധിപത്യത്തെ അംഗീകരിക്കുകയും ചെയ്യുന്ന മതേതരവാദികളായ ആരെയും കോൺഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.