Politics (Page 237)

മേഘാലയയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ ഡോ. അമ്പാരീന്‍ ലിംഗ്‌ദോ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുന്നതിനിടെയാണ് ലിംഗ്‌ദോയുടെ രാജി. ഭരണകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരാന്‍ ലിംഗ്ദോ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപിയുടെ സഖ്യകക്ഷിയാണ് എന്‍പിപി .

‘എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പാര്‍ട്ടിക്ക് വേണ്ടിയാണ് ചെലവഴിച്ചത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നത് കോണ്‍ഗ്രസിന്റെ ദിശാബോധം നഷ്ടപ്പെട്ടുവെന്നാണ്. പാര്‍ട്ടിയും നേതൃത്വവും ഇക്കാര്യം ആലോചിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആത്മപരിശോധന നടത്താനുള്ള ആത്മാര്‍ത്ഥവും സത്യസന്ധവുമായ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഞാന്‍ വിശ്വസിക്കുന്നു’- ലിംഗ്ദോ വ്യക്തമാക്കി.

അതേസമയം, രാജി കത്തിന്റെ പകര്‍പ്പ് ലിംഗ്ദോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ലിംഗ്‌ദോയ്ക്ക് പുറമെ ചില എംഎല്‍എമാരും രാജി വച്ചിട്ടുണ്ട്. ഇവരും എന്‍പിപിയില്‍ ചേരുമെന്നാണ് വിവരം.

കോഴിക്കോട്: മുസ്ലിംലീഗിനെ ഇതുവരെ സിപിഎമ്മും ഇടതുപക്ഷവും അവരുടെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെ ക്ഷണിക്കുമ്പോള്‍ മാത്രമേ അതിനെ കുറിച്ച് നിലപാട് പറയാനാകൂവെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പറഞ്ഞു.

‘സിപിഎമ്മുമായുള്ള എതിര്‍പ്പ് അടിസ്ഥാനപരമായി വിശ്വാസമാണ്. ഇടതുപക്ഷമായി ഒത്തുചേരലിനോ ഏറ്റുമുട്ടലിനോ ഉള്ള സാഹചര്യം നിലവിലില്ല. മാധ്യമങ്ങള്‍ പറയുന്നത് കേട്ടാല്‍ തോന്നും ലീഗിനെ ഇടതുപക്ഷം ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്ന്. ഇടതുപക്ഷം ഇതുവരെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കുമ്പോള്‍ നോക്കിയാല്‍ മതി. ഇപ്പോ അതിന്റെ സമയമല്ല. ബിജെപിക്കെതിരായി ഫാസിസത്തിനെതിരായ പോരാട്ടത്തിലാണ്. അതിന് നേതൃത്വം കൊടുക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അത് ഗൗരവത്തോടെ എടുക്കണം. അവര്‍ അവരുടെ ഉത്തരവാദിത്തം മറക്കാന്‍ പാടില്ല. കോണ്‍ഗ്രസ് എല്ലാ നേതാക്കളുടേയും ഒരു കൂട്ടായ്മയാണ്. എല്ലാ നേതാക്കള്‍ക്കും അണികളുണ്ട്. നേരത്തെയുള്ള നിലപാട് തിരുത്തി ഇപ്പോള്‍ അവര്‍ തരൂരിനെ അംഗീകരിക്കുന്നുണ്ട്. അതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാകാന്‍ പാടില്ല. അവരുടെ ആശയങ്ങളും നിലനില്‍ക്കണം. അതിലൂടെ മാത്രമേ മതേതരത്വത്തെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ’- അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ബഫർ സോൺ വിഷയത്തിൽ സർക്കാർ നടത്തുന്നത് ഒളിച്ചുകളിയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് അപൂർണ്ണവും ആശങ്ക വർദ്ധിപ്പിക്കുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതൽ ജനവാസമേഖലകൾ ഉൾപ്പെടുന്നതും അശാസ്ത്രീയമായതുമായ ഉപഗ്രഹ സർവെ സംബന്ധിച്ച പരാതികേൾക്കാനും പരിഹരിക്കാനും വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ചത് പ്രതിഷേധാർഹമാണ്. പരിസ്ഥിതിലോല മേഖലയിൽ പഞ്ചായത്ത് തല വിദഗ്ധ സമിതികൾ രൂപീകരിച്ച് ഗ്രൗണ്ട് സർവേയും പഠനവും നടത്തി വേണം ബഫർ സോൺ പരിധി സംബന്ധിച്ച റിപ്പോർട്ട് തയാറാക്കേണ്ടത്. ഗ്രൗണ്ടിൽ മാർക്ക് ചെയ്തു അടയാളപ്പെടുത്തലുകൾ രേഖപ്പെടുത്തിയാൽ മാത്രമെ ബഫർസോൺ പരിധി കൃത്യമായി മനസിലാക്കാൻ കഴിയൂ. സ്ഥലപേരുകളും മറ്റും ഉൾപ്പെടുത്തി ലളിതമായി ജനങ്ങൾക്ക് മനസിലാകും വിധം റിപ്പോർട്ടിൽ അടയാളപ്പെടുത്തുന്നതിന് പകരം സർവെ നമ്പരുകൾ രേഖപ്പെടുത്തിയത് കാരണം അതിരുകൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുകൊണ്ട് സാധാരണജനങ്ങൾക്ക് മനസിലാക്കാൻ കഴിയാത്ത ഉപഗ്രഹ സർവെ റിപ്പോർട്ടിൻ മേൽ വിദഗ്ധസമിതി മുൻപാകെ ലഭിക്കുന്ന എല്ലാ പരാതികളിലും തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഭൗതിക സ്ഥലപരിശോധന നടത്തുമെന്ന വനം മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിക്കാനാണ്. മലയോര പ്രദേശവാസികളെ വഞ്ചിച്ച് ബഫർസോൺ അനുകൂല നിലപാടാണ് എൽ,ഡി,എഫും സർക്കാരും സ്വീകരിക്കുന്നത്. അതിന് ഉദാഹരണമാണ് 2019 ഒക്ടോബർ 23ന് മന്ത്രിസഭാ തീരുമാനം. സംരക്ഷിത മേഖലയ്ക്കു ചുറ്റുമുള്ള ഭൂമിയുടെ ഉപയോഗം,ജനവാസമേഖലകൾ, കൃഷി ഭൂമി, വ്യവസായങ്ങൾ, അവയുടെ സ്വഭാവം, വാണിജ്യ പൊതുകെട്ടിടങ്ങൾ എന്നിവ സംബന്ധിച്ചു പട്ടിക തയാറാക്കണമെന്ന സുപ്രീം കോടതി നിർദേശം പാലിക്കുന്നതിൽ സംസ്ഥാന വനം വകുപ്പ് ഗുരുതവീഴ്ചയാണ് വരുത്തിയത്. അത്തരമൊരു റിപ്പോർട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കാത്തത് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കി. ഉപഗ്രഹ സർവേ റിപ്പോർട്ട് വനം വകുപ്പിനു ലഭിച്ചിട്ട് 3 മാസം കഴിഞ്ഞിട്ടും ഇത്രയും നാൾ പ്രസിദ്ധീകരിക്കാതെ വച്ചതും വനം വകുപ്പിന്റെ വീഴ്ചയാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. കൂടുതൽ പ്രദേശങ്ങളിലേക്ക് വനനിയമങ്ങൾ വ്യാപിപ്പിക്കുന്നത് കർഷകരെയും സാധാരണക്കാരെയും വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളെ ബാധിക്കാതിരിക്കാൻ നിയമനിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതര അലംഭാവം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ബഫർ സോണിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും അത് സമയബന്ധിതമായി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. കേരളത്തിന്റെ ഭൂഘടനയും ജനങ്ങളുടെ ദുരിതവും കോടതിയിൽ കൃത്യമായി വിശദീകരിച്ച് ബോധ്യപ്പെടുത്താനുള്ള അവസരം സർക്കാരിന്റെ ഉദാസീനത കൊണ്ട് നഷ്ടമായെന്നും അദ്ദേഹം വിമർശിച്ചു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് പരിസ്ഥിതിയെ പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട് ഉമ്മൻ വി ഉമ്മൻ കമ്മീഷൻ സമർപ്പിച്ച ശുപാർശകൾ തള്ളിക്കളഞ്ഞാണ് പിണറായി സർക്കാർ ബഫർസോണിന് അനുകൂല നിലപാട് സ്വീകരിച്ചത്. എന്നിട്ട് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുകയാണ്. സാധാരണക്കാരായ കർഷകരുടെയും മറ്റു ജനവിഭാഗങ്ങളുടെയും ജീവിതം പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പരിസ്ഥിതിലോല മേഖല വനത്തിനുള്ളിൽ തന്നെ പുനർനിർണയിക്കുന്നതാണ് കൂടുതൽ അഭികാമ്യം. വീണ്ടുവിചാരമില്ലാതെ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി ജനകീയപ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ട വന്ന ഗതികേട് പിണറായി സർക്കാർ വിസ്മരിക്കരുത്. അതിൽ നിന്നുള്ള അനുഭവപാഠം ഉൾക്കൊണ്ട് ബഫർ സോൺ വിഷയത്തിൽ ജനപക്ഷത്ത് നിന്നുള്ള നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.ബഫർസോൺ നിർണയിക്കുമ്പോൾ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന സുപ്രീം കോടതി നിർദ്ദേശമുണ്ട്. ആ ആനുകൂല്യം ലഭിക്കണമെങ്കിൽ കുറ്റമറ്റതും പരാതിരഹിതവുമായ റിപ്പോർട്ടാണ് തയ്യാറാക്കേണ്ടത്. കർഷകരുടെയും സാധാരണജനങ്ങളുടെയും ആശങ്ക പരിഹരിക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും കെപിസിസി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ യുഎന്‍ രക്ഷാ സമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി.

യു.എന്‍ രക്ഷാസമിതിയില്‍ ബിലാവല്‍ ഭൂട്ടോ കാശ്മീര്‍ വിഷയം ഉന്നയിച്ചപ്പോള്‍ അല്‍ ക്വ ഇദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ സംരക്ഷിക്കുകയും അയല്‍ രാജ്യത്തിന്റെ പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്ത രാജ്യത്തിന് യു.എന്‍ വേദിയില്‍ ‘ധര്‍മ്മോപദേശം’ നടത്താനുള്ള യോഗ്യതയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍, ‘ഒസാമ ബിന്‍ ലാദന്‍ മരിച്ചു, എന്നാല്‍, ഗുജറാത്തിലെ കശാപ്പുകാരന്‍ ജീവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയാകുന്നത് വരെ മോദിയ്ക്ക് യു.എസ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മോദി മാനസികമായി പാപ്പരാണ്. ഉത്തരവാദിത്തം ഇല്ലാത്തയാളാണെന്നും’ ബിലാവല്‍ തിരിച്ചടിച്ചു.

അതേസമയം, ബിലാവലിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കേന്ദ്ര മന്ത്രിമാരും രംഗത്തെത്തി. പാപ്പരത്തമുള്ള രാജ്യത്തെ പ്രതിനിധീകരിക്കുന്ന പാക് വിദേശകാര്യ മന്ത്രിയുടെ ഭാഷയിലൂടെ അദ്ദേഹം മാനസികമായും പാപ്പരാണെന്ന് തെളിയിക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. ബിലാവലിന്റെ പ്രസ്താവന ലജ്ജാകരമാണെന്നും 1971ല്‍ ഇന്ത്യന്‍ സൈന്യത്തോട് പാകിസ്ഥാന്‍ പരാജയപ്പെട്ടതിന്റെ വേദനയില്‍ നിന്ന് അയാള്‍ ഇപ്പോഴും മുക്തനായിട്ടില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. കാശ്മീര്‍, പഞ്ചാബ്, അഫ്ഗാനിസ്ഥാന്‍, ബലൂചിസ്ഥാന്‍, കറാച്ചി എന്നിവിടങ്ങളിലെ ഭീകരതയ്ക്ക് ഭൂട്ടോയുടെ പൂര്‍വികര്‍ ഉത്തരവാദികളാണെന്നും കശാപ്പുകാര്‍ ശരിക്കും ആരാണെന്ന് അറിയാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബിലാവലിന്റെ പ്രസ്താവന അപരിഷ്‌കൃതമാണെന്നും പാകിസ്ഥാന് തന്നെ നാണക്കേടാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പുറത്താക്കണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ തല്ലിക്കൊല്ലുകയാണെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അ്‌ദ്ദേഹം.

‘മല്ലികാര്‍ജുന്‍ ഖര്‍ഗെ റിമോട്ട് കണ്‍ട്രോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അല്ലെങ്കില്‍, പ്രതിപക്ഷ പാര്‍ട്ടി രാജ്യത്തോടൊപ്പം നില്‍ക്കുകയാണെങ്കില്‍, ഇന്ത്യയെ ഇകഴ്ത്തുകയും സായുധ സേനയുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. രാഹുലിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടിയുടെ ചിന്താഗതിയായി അര്‍ത്ഥമാക്കേണ്ടി വരും. ഒരു ഭാരതീയന്‍ എന്ന നിലയില്‍ നമ്മുടെ സൈന്യം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. നമ്മുടെ ശക്തി എന്താണെന്ന് ഇന്ത്യന്‍ ജവാന്‍മാര്‍ തെളിയിക്കുന്നു, പിന്നെ എന്തിനാണ് ഇന്ത്യയുടെ ജയ്ചന്ദ് രാഹുല്‍ ഗാന്ധി സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത്? ഇത് 1962ലെ നേതൃത്വമല്ല. ഇത്തവണ രാജ്യത്ത് ശക്തമായ നേതൃത്വമുണ്ട്. ഇന്ത്യയാണ് ഇന്ന് ലോകത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ എട്ടര വര്‍ഷത്തിനിടെ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആരും കൈയേറിയിട്ടില്ലെന്നത് രാഹുലിനെപ്പോലെ ജയ്ചന്ദ് കേള്‍ക്കണം’- ഭാട്ടിയ പറഞ്ഞു.

ആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി നല്‍കിയ എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ആര്‍ ജി ജിഷക്കെതിരെയും പൊലീസ് കേസ്. തോമസ് കെ തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് ജിഷക്കെതിരെ പൊലീസ് കേസെടുത്തത്.

യോഗത്തിന് മുമ്പേ എംഎല്‍എ തന്നോട് അസഭ്യം പറഞ്ഞെന്നാണ് ജിഷ പറഞ്ഞത്. പാര്‍ട്ടി അംഗമല്ലാത്ത ഷെര്‍ളി തോമസ് വേദിയില്‍ ഇരുന്നത് ചോദ്യം ചെയ്തപ്പോള്‍ അധിക്ഷേപിച്ചുവെന്നും ചുമലില്‍ പിടിച്ച് തള്ളിയെന്നും ജിഷ പോലീസിന് നല്‍കിയ മൊഴിപ്പകര്‍പ്പിലുണ്ട്. നിന്നെ പോലുള്ള ജാതികളെ പാര്‍ട്ടിയില്‍ വേണ്ടെന്ന് പറഞ്ഞുവെന്നും തന്നെ അടിക്കാന്‍ ഓങ്ങിയപ്പോള്‍ മറ്റുള്ളവര്‍ തടയുകയായിരുന്നുവെന്നും ജിഷ വ്യക്തമാക്കി. ജിഷയുടെ പരാതിയില്‍ തോമസ് കെ തോമസിനും ഭാര്യ ഷേര്‍ളി തോമസിനുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എന്‍സിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജിഷയുടെ നിറം പറഞ്ഞ് ഷേര്‍ലി തോമസ് ആക്ഷേപിക്കുകയും പിന്നാലെ നേതാക്കള്‍ തമ്മില്‍ പരസ്പരം വാക്കേറ്റമുണ്ടാവുകയും ചെയ്തു.

അതേസമയം, ജിഷ നല്‍കിയ പരാതിയില്‍ എംഎല്‍എയെ ഒന്നാം പ്രതിയും ഭാര്യയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍

‘നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ പുറത്ത് വിട്ട മാപ്പില്‍ നദികള്‍, റോഡുകള്‍, വാര്‍ഡ് അതിരുകള്‍ എന്നിവ സാധാരണക്കാര്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. 14,619 കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പേര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നത്. പ്രദേശികമായ ഒരു പരിശോധനകളും ഇല്ലാതെ ബഫര്‍ സോണ്‍ മാപ്പ് തയാറാക്കിയത് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. കാര്‍ഷിക മേഖലകളായ ഇടപമ്പാവാലി, എയ്ഞ്ചല്‍വാലി വാര്‍ഡുകള്‍ പൂര്‍ണമായും വനഭൂമിയാണെന്ന കണ്ടെത്തല്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്റെ അശാസ്ത്രീയത വ്യക്തമാക്കുന്നതാണ്. രണ്ട് വാര്‍ഡുകളില്‍ ആയിരത്തിലധികം കുടുംബങ്ങളുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തെ പോലും അതിജീവിച്ചാണ് ഈ ഗ്രാമത്തിലെ ജനങ്ങള്‍ മൂന്ന് തലമുറയായി കൃഷിയിറക്കുന്നത്. ഇതുപോലെ സംസ്ഥാനത്തെ നിരവധി ഗ്രാമങ്ങളും ചെറുപട്ടണങ്ങളുമൊക്കെ ഉപഗ്രഹ സര്‍വെയില്‍ ബഫര്‍ സോണായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് മനസിലാകാത്ത മാപ്പ് സംബന്ധിച്ച് പത്തുദിവസത്തിനുള്ളില്‍ വിദഗ്ധ സമിതിക്ക് പരാതി നല്‍കാമെന്നുള്ള നിര്‍ദ്ദേശവും അപ്രായോഗികമാണ്. ജനുവരിയില്‍ സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ ജനവിരുദ്ധമായ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കര്‍ഷകര്‍ക്കും മലയോരജനതയ്ക്കും വന്‍തിരിച്ചടിയാകും. അതുകൊണ്ടു തന്നെ അടിയന്തിരമായി ഗ്രൗണ്ട് സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ബഫര്‍ സോണ്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഒളിച്ചുകളി പ്രതിപക്ഷം നിയമസഭയില്‍ തുറന്നു കാട്ടിയതാണ്. എന്നിട്ടും നിയമപരമായ വീഴ്ചകള്‍ പോലും പരിഹരിക്കാന്‍ തയാറാകാതെ കര്‍ഷകരോടുള്ള നിഷേധാത്മക നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോയത്. പ്രാദേശികമായ പ്രത്യേകതകള്‍ പരിഗണിച്ച് കര്‍ഷകരുടെയും മലയോര മേഖലയിലെ സാധാരണക്കാരുടെയും താല്‍പര്യങ്ങള്‍ പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്നതാണ് യു.ഡി.എഫ്. നിലപാട്. കര്‍ഷകരെയും സാധാരണക്കാരെയും ചേര്‍ത്തു നിര്‍ത്തേണ്ട സര്‍ക്കാര്‍ ബഫര്‍ സോണിന്റെ പേരില്‍ അവരെ ഒറ്റുകൊടുക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യത്വ രഹിതവും കര്‍ഷക വിരുദ്ധവുമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളെ അണിനിരത്തി യു.ഡി.എഫ്. പ്രതിരോധിക്കും.’

ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള യുദ്ധഭീഷണി കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ പ്രതികരണവുമായി ബിജെപി. ചൈന യുദ്ധത്തിനുള്ള ഒരുക്കം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയാണ് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. സര്‍വ്വ സന്നാഹത്തോടെയുമുള്ള യുദ്ധത്തിനാണ് ചൈന തയ്യാറെടുക്കുന്നതെന്നും, എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ആ ഭീഷണിയെ അവഗണിക്കുകയാണെന്നും ജയ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു

എന്നാല്‍, സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും, ഇത് നെഹ്‌റുവിന്റെ കാലത്തെ ഇന്ത്യയല്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി. ചൈനയുമായി അടുപ്പം വേണമെന്നാണ് രാഹുലിന്റെ ആഗ്രഹം എന്ന് ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.

‘ഇപ്പോള്‍ അദ്ദേഹം ആ അടുപ്പം നന്നായി വളര്‍ത്തിയെടുത്തിട്ടുണ്ട്. കാരണം, ചൈന എന്ത് ചെയ്യാന്‍ പോവുന്നുവെന്ന് അദ്ദേഹത്തിന് അറിയാം. ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യയുടെ സുരക്ഷയുമായും അതിര്‍ത്തിപ്രദേശങ്ങളുമായും ബന്ധപ്പെട്ട് രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്നതുമാണ്. ഉറക്കത്തിനിടെ 37242 ചതുരശ്ര കിമീ ചൈനയ്ക്ക് നഷ്ടപ്പെടുത്തിയ അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ നെഹ്രുവിന്റെ ഇന്ത്യയല്ല ഇത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നിരുത്തരവാദപരമായ പ്രസ്താവനകള്‍ രാഹുല്‍ ഗാന്ധി നടത്തരുത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് അസംഖ്യം അതിര്‍ത്തി ലംഘനങ്ങള്‍ ചൈന നടത്തിയിട്ടുണ്ട്. 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതിന് ശേഷം അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ചിലവ് മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. അതിര്‍ത്തിയും, ഭൂപ്രദേശങ്ങളും അതിശക്തമായി രാജ്യം ഇപ്പോള്‍ സംരക്ഷിക്കുന്നുണ്ട്’- അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിലെ പ്രമേയത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനം.

‘ആര്‍എസ്എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. പാര്‍ട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആര്‍എസ്എസിന് സംരക്ഷണം കൊടുക്കുന്നു. താങ്ങി നിര്‍ത്തുന്നുവെന്ന രീതിയില്‍ സംസാരിച്ചാലും നാക്ക് പിഴയായി കണക്കാക്കി കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല. അങ്ങനെ പറയുന്നവര്‍ ഒറ്റുകാരാണ്. ശി തരൂരിന് ഭ്രഷ്ട് കല്‍പ്പിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് വേദിയൊരുക്കും. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലിം ലീഗില്‍ നിന്നും കോണ്‍ഗ്രസ് തിരിച്ചെടുക്കണം’- യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ജയ്പുർ: ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന യുദ്ധത്തിന് ഒരുക്കം നടത്തുമ്പോൾ കേന്ദ്രസർക്കാർ ഉറങ്ങുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ലഡാക്ക്, അരുണാചൽ പ്രദേശ് മേഖലകളിൽ ചൈന തയ്യാറെടുപ്പുകൾ നടത്തുകയാണ്. എന്നാൽ ഇന്ത്യൻ സർക്കാർ ഉറങ്ങുകയാണ്. ചൈനയെ സൂക്ഷിക്കണമെന്ന് താൻ കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ആക്രമണത്തിനല്ല, സർവസന്നാഹത്തോടെയുമുള്ള യുദ്ധത്തിനാണ് ചൈന തയ്യാറെടുക്കുന്നത്. ഭീഷണി വ്യക്തമാണ്. എന്നാൽ നമ്മുടെ സർക്കാർ ആ ഭീഷണിയെ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രം ശ്രമിക്കുന്നത് നമ്മളിൽ നിന്ന് വിവരങ്ങൾ മറച്ചുവെക്കാനാണ്. എന്നാൽ ഒരുപാടുകാലം ഇത്തരം കാര്യങ്ങൾ മറച്ചുവെക്കാൻ അവർക്ക് കഴിയില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. തവാങ് മേഖലയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ അടുത്തിടെ സംഘർഷം നടന്ന സാഹചര്യത്തിലാണ് രാഹുൽ കേന്ദ്ര സർ്ക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.