Latest News (Page 566)

ന്യൂ ഡൽഹി : തീയറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന രജനികാന്ത് ചിത്രം ജയിലറിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. ചിത്രത്തിന് സെൻസർ ബോർഡ് നൽകിയ യു / എസർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ചിത്രത്തിൽ വയലൻസുണ്ടെന്നും അമേരിക്കയിലും യു കെയിലും ജയിലറിന് എ സെർട്ടിഫിക്കറ്റ് ആണെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ എം എൽ രവി ഹർജി നൽകിയത്.

കോടതി ഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ ചിത്രത്തിൻറെ പ്രദർശനം നിർത്തി വയ്ക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നുണ്ട്. അതെ സമയം ചിത്രം ബോക്സ് ഓഫീസിൽ 450 കോടി കടന്നിരിക്കുകയാണ്. സൺ പിക്ചേഴ്‌സ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ മോഹൻലാലും വിനായകനും വേഷമിടുന്നുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലുള്ള പാട്ടുകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്. കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് മുഖ്യമന്ത്രി വന്ദേഭാരതിൽ യാത്ര ചെയ്യും. കനത്ത സുരക്ഷയാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്ന കോച്ചിൽ ഒരുക്കുക.

വന്ദേഭാരത് പുറപ്പെടുന്നതിന് മുൻപ് ഡ്രോൺ പറത്തിയും പരിശോധന നടത്തും.വെള്ളിയാഴ്ച്ചയാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. കൂത്തുപറമ്പിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം കണ്ണൂരിലെത്തിയത്.

വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. എന്നാൽ അന്ന് അദ്ദേഹം വന്ദേഭാരതിൽ യാത്ര ചെയ്്തിരുന്നില്ല. സാധാരണയായി മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വ്യോമമാർഗമാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നത്. ഇത്തവണ വന്ദേഭാരതിൽ മടങ്ങി പോകുന്നത് സർക്കാർ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായമാണെന്നാണ് വിലയിരുത്തുന്നത്.

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് ഡെപ്യുട്ടേഷൻ നിയമനം. അസിസ്റ്റന്റ് ഡയറക്ടർ (മെക്കാനിക്കൽ), അസിസ്റ്റന്റ് ഡയറക്ടർ, സയന്റിഫിക് ഓഫീസർ, ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലേക്ക് ഒരു വർഷ കാലയളവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിനായി സംസ്ഥാന സർക്കാരിന് കീഴിൽ സേവനമനുഷ്ഠിച്ചു വരുന്ന ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉചിത മാർഗ്ഗേന അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26. വിശദവിവരങ്ങൾക്ക് https://www.kstmuseum.com/എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ബംഗളുരു: രാജ്യത്തെ ആദ്യത്തെ ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ബംഗളുരുവിലാണ് രാജ്യത്തെ ആദ്യ ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തെ കേന്ദ്രമന്ത്രി പ്രശംസിച്ചു.

ത്രിഡി കോൺക്രീറ്റ് പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഏകദേശം 1000 ചതുരശ്ര അടി കെട്ടിടത്തിന് വിസ്തീർണ്ണമുണ്ട്. ലാർസൺ ആൻഡ് ടർബോ കൺസ്ട്രക്ഷന്റെ നേതൃത്വത്തിലായിരുന്നു കെട്ടിടം നിർമ്മിച്ചത്. മൂന്ന് നിലയുള്ളതാണ് കെട്ടിടം.

ബംഗളുരുവിൽ വരികയെന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഈ നഗരത്തിന് വളരെയധികം ഊർജവും പോസിറ്റിവിറ്റിയുമുണ്ട്. മുന്നോട്ടേക്ക് കുതിക്കുന്ന ഒരു സ്വഭാവമാണ് ഈ നഗരത്തിന്. അതുകൊണ്ട് തന്നെ ഇവിടേക്ക് വരുന്നത് താൻ ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂ ഡൽഹി : സാമൂഹിക മാധ്യമങ്ങളിൽ സംസ്കാരശൂന്യവും അസഭ്യവും നിറഞ്ഞ രീതിയിൽ പോസ്റ്റുകൾ ഇടുന്നവർ മാപ്പ് പറഞ്ഞെന്ന് കരുതി കേസ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി. മാധ്യമ പ്രവർത്തകയ്‌ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ് നാട് എം എൽ എയുമായ എസ് വി ശേഖറിനെതിരെയുള്ള കേസ് റദ്ദ് ചെയ്യുന്നത് നിരാകരിച്ചുകൊണ്ടാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. ഇത്തരം പോസ്റ്റുകൾ ഇടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാൻ തയ്യാറാകണമെന്നും കോടതി വിമർശിച്ചു. ശേഖറിനെതിരെ ചെന്നൈ, കരൂർ, തിരുനെൽവേലി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

വനിതാ മാധ്യമ പ്രവർത്തകയെ ആക്ഷേപിക്കാൻ ലക്ഷ്യമില്ലായിരുന്നുവെന്നും, മറ്റാരോ എഴുതിയ പോസ്റ്റ് ഷെയർ ചെയ്തത് മാത്രമേയുള്ളുവെന്നും തെറ്റ് തിരിച്ചറിഞ്ഞപ്പോൾ അത് ഡിലീറ്റ് ചെയ്‌തെന്നും ശേഖറിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കണ്ണ് അസുഖത്തിന് മരുന്ന് ഒഴിച്ചതിനാൽ വായിക്കാതെ പോസ്റ്റ് ഷെയർ ചെയ്‌തെന്ന അഭിഭാഷകന്റെ വാദം കോടതി തള്ളി . സമൂഹ മാധ്യമങ്ങളിൽ അസഭ്യമായ പോസ്റ്റ് ഇടുന്നവർ അത് മൂലമുണ്ടാകുന്ന ദൂഷ്യ വശം അനുഭവിക്കാൻ തയ്യാറാകണമെന്നാണ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും വളം ചാക്കുകളിൽ നൽകാൻ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. വളം ചാക്കുകളിൽ ഉപയോഗിക്കാൻ പുതിയ ഡിസൈൻ നിർമിച്ചതായും ഇതിനോടൊപ്പം രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന പ്രധാമന്ത്രിയുടെ സന്ദേശം ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്രരാസവള മന്ത്രാലയം വിവിധ വളം നിർമാണ കമ്പനികളുടെ എം ഡിക്ക് കത്തയച്ചത്.

‘വൺ നേഷൻ, വൺ ഫെർട്ടിലൈസേഴ്സ് ‘ എന്ന വളങ്ങൾക്ക് ‘ഭാരത്’ എന്ന ഒറ്റ ബ്രാൻഡ് നെയിം നൽകുന്ന പദ്ധതി നടപ്പാക്കാൻ നേരത്തെ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. സബ്‌സിഡി പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജൻഉർവരക് പരിയോജനയുടെ ലോഗോയ്ക്ക് കീഴിലായിരിക്കും ഇനി മുതൽ എല്ലാ വളങ്ങളും പുറത്തിറങ്ങുന്നത്.

കത്തിനൊപ്പം കമ്പനികൾക്ക് വളങ്ങളുടെ ചാക്കിൽ ഉപയോഗിക്കാനുള്ള മന്ത്രാലയം അംഗീകരിച്ച അന്തിമ ഡിസൈനും നൽകിയിട്ടുണ്ട്. രാസവളങ്ങളുടെ ഉപയോഗം കുറച്ച് ഭൂമിയെ സംരക്ഷിക്കണമെന്നാണ് ഹിന്ദിയിലുള്ള സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. പുതിയ ഡിസൈൻ നൽകിയിട്ടുള്ള ചാക്കുകൾ വേഗം തന്നെ പുറത്തിറക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടൊപ്പം ജയിലർ തീയറ്ററിൽ പോയി കാണുമെന്ന് പറഞ്ഞു സൂപ്പർ താരം രജനി കാന്ത് . സിനിമ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ഇത്രയും ഹിറ്റായതെന്നും അദ്ദേഹം വാർത്ത ഏജൻസിയോട് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് താരം ലക്നൗവിലെത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്ത് നായകനായി പ്രദർശനത്തിനെത്തിയ തമിഴ് സിനിമയാണ് ജയിലർ.

തീയറ്ററിൽ 370 കോടിയിലധികം കളക്‌ഷൻ നേടിയ ചിത്രം തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്നാണ് നിർമാതാക്കളായ സൺ പിക്ചേഴ്‌സ് പറയുന്നത്. നെൽസൺ ദിലീപ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, വിനായകൻ എന്നിവരും പ്രധാന വേഷമിടുന്നുണ്ട്.

തിരുവനന്തപുരം : കെ ഫോൺ ബെൽ കൺസോർഷ്യത്തിന് പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് നൽകിയതോടെ സർക്കാരിന് ഖജനാവിൽ നിന്ന് 36 കോടിയുടെ നഷ്ടമുണ്ടായെന്ന് സി എ ജി റിപ്പോർട്ട്. വ്യവസ്ഥകൾ മറി കടന്ന് കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത് നഷ്ടമുണ്ടാക്കിയെന്ന വിഷയത്തിൽ സി എ ജി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട് . കെ എസ് ഇ ബിയുടെ ഫിനാൻസ് ഓഫീസറുടെ നിർദ്ദേശം അവഗണിച്ച് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് 10% മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ കെ എസ് ഐ ടി എൽ തയ്യാറായത്.

ഇടതു പക്ഷ സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് പറഞ്ഞിരുന്ന കെ ഫോൺ പദ്ധതി നടപ്പാക്കാൻ ബെൽ കൺസോർഷ്യത്തെ ഏൽപ്പിച്ച കരാറിലാണ് സി എ ജി നഷ്ടക്കണക്ക് കണ്ടെത്തിയിരിക്കുന്നത്. 1531 കോടിയ്ക്ക് ടെൻഡർ ഉറപ്പിച്ച കരാറിൽ 10% ആണ് മൊബിലൈസേഷൻ അഡ്വാൻസ്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ കരാർ കമ്പനിക്ക് നൽകിയതിലും അത് വഴി ഖജനാവിലുണ്ടായ 36 കോടി രൂപ നഷ്ടത്തിലുമാണ് സർക്കാരിനോട് സി എ ജി വിശദീകരണം തേടിയിരിക്കുന്നത്.

കെ ഫോണിന്റെ കരാറിൽ മൊബിലൈസേഷൻ അഡ്വാൻസിനെ പറ്റി പറയുന്നില്ല. കെ എസ് ഐ ടി എല്ലിനോട് 10% അഡ്വാൻസ് നൽകണമെന്ന് പറഞ്ഞത് മുഖ്യ മന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ്. അഡ്വാൻസ് അങ്ങനെ നൽകുകയാണെങ്കിൽ എസ് ബി ഐ നിരക്കിൽ 3% കൂട്ടി പലിശ നൽകണമെന്ന് ഫിനാൻസ് അഡ്വൈസർ നിർദ്ദേശിച്ചിരുന്നുവെങ്കിലും സർക്കാർ മുഖവിലയ്‌ക്കെടുത്തില്ല . ഇതോടെ സർക്കാരിന് പലിശ കിട്ടാതായി 36,35,57,844 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി എ ജി വ്യക്തമാക്കുന്നത്.

ഇന്ത്യൻ വനിത സ്പ്രിന്റർ ദ്യുതി ചന്ദിന് വിലക്കേർപ്പെടുത്തി. ഉത്തേജക മരുന്ന് പരിശോധനയെ തുടർന്നായിരുന്നു താരത്തിന് 4 വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്. 2023 ജനുവരി മുതൽ തുടങ്ങിയ വിലക്കിനെ തുടർന്ന് 2027 വരെ ദ്യുതിയ്ക്ക് കളികളിൽ പങ്കെടുക്കാനാവില്ല. കഴിഞ്ഞ ഡിസംബറിലെടുത്ത സാംപിളുകളുടെ പരിശോധനയിൽ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നടപടി.

താരത്തിന് സമിതിയ്ക്ക് മുൻപാകെ അപ്പീൽ നൽകാൻ 21 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. പുരുഷ ഹോർമോൺ കൂടുതലാണെന്ന കാരണത്താൽ നേരത്തെ ദ്യുതിക്ക് ഒന്നരവർഷത്തോഇളം വിലക്കുണ്ടായിരുന്നു. രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയുടെ അനുകൂല വിധി വന്നതോടെയാണ് വീണ്ടും താരത്തിന് മത്സരത്തിനിറങ്ങാൻ കഴിഞ്ഞത് . 2018 ൽ ജക്കാർത്തയിൽ വച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ 100,200 മീറ്റർ മത്സരത്തിൽ ദ്യുതിക്ക് വെള്ളി ലഭിച്ചിരുന്നു.

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി എവിടെ മത്സരിച്ചാലും വിജയിപ്പിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായ്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിരിടാൻ പ്രിയങ്കയെ കോൺഗ്രസ് കന്നി അങ്കത്തിന് ഇറക്കുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെപ്പറ്റിയും അജയ് റായ് വെളിപ്പെടുത്തി. രാഹുൽ യു പിയിലെ അമേഠി മണ്ഡലത്തിനെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അജയ് റായ്‌യുടെ പ്രസ്താവന വിവാദമായതോടെ എഐസിസി വിഷയത്തിൽ തിരുത്തുമായി രംഗത്തെത്തി. അജയ് റായ് സ്വന്തം ആഗ്രഹം പ്രകടിപ്പിച്ചതാകാമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ നിലവിൽ തീരുമാനമായിട്ടില്ലെന്നും എഐസിസി വ്യക്തമാക്കി.