Latest News (Page 565)

വ്യാഴാഴ്ച പ്രഖ്യാപിച്ച 69 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ കനക്കുകയാണ്. തമിഴിൽ നിന്നുള്ള മികച്ച ചിത്രങ്ങളെ ജൂറി പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. കർണ്ണൻ, ജയ് ഭീം എന്നീ ചിത്രങ്ങളെ ജൂറി പൂർണമായും തള്ളിയെന്നാണ് ഉയർന്നുവരുന്ന വിമർശനങ്ങൾ. ഇതിനെതിരെ പ്രതികരിച്ച് നടൻ പ്രകാശ് രാജ് രംഗത്ത് വന്നിരിക്കുകയാണ്.’ ഗാന്ധിയെ കൊന്ന ആളുകൾക്ക് ഭരണഘടന ഉണ്ടാക്കിയ അംബേദ്കറും അത് പോലെ തന്നെയാണ്. അംബേദ്കറിന്റെ തത്വങ്ങൾ നശിപ്പിക്കാൻ നോക്കുന്നവർ ജയ് ഭീമിന് ഒരിക്കലും അവാർഡ് നൽകില്ല’. ജയ് ഭീം എന്ന മറാത്തി കവിത എഴുതി അതിനോടൊപ്പം ആയിരുന്നു പ്രകാശ് രാജ് എക്സിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

അതേസമയം മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡ് ദ കശ്മീർ ഫയൽസിന് നൽകിയതിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചിരുന്നു. രാഷ്ട്രീയനേട്ടത്തിനായി ദേശീയ അവാർഡ്ഉപയോഗിക്കരുതെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേ സമയം ദേശീയ അവാർഡിൽ നിന്ന് ജയ് ഭീം, സർപ്പട്ട പരമ്പരൈ , കര്‍ണ്ണന്‍ എന്നീ സിനിമകൾ ഒഴിവാക്കപ്പെട്ടതാണ് തമിഴ് ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ചർച്ചാ വിഷയം. ജയ് ഭീമിൽ ലിജോ മോളുടെ അഭിനയത്തിന് ദേശീയ അവാർഡ് നൽകണമെന്നും ആരാധകരുടെ വാദിക്കുന്നുണ്ട്.

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വനിതാവികസനവുമായി ബന്ധപ്പെട്ട് ജാഗ്രത സമിതി, ജൻഡർ റിസോർസ് സെന്റർ തുടങ്ങിയവയുടെ ഏകോപനത്തിനായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ള വനിതകൾക്കാണ് നിയമനം ലഭിക്കുക.

താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ 11 മണിക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഹാജരാകണമെന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർ അറിയിച്ചു.

പാക്ക് ചെയ്ത് വരുന്ന ഭക്ഷണങ്ങൾ വാങ്ങുന്നവരാണ് നമ്മളിൽ പലരും. പാക്ക് ചെയ്ത് വരുന്ന ഭക്ഷണസാധനങ്ങൾ വാങ്ങിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഏത് ഉത്പന്നം വാങ്ങിക്കുമ്പോഴും അതിന്റെ അളവ് പ്രത്യേകം ശ്രദ്ധിക്കണം. നമുക്ക് ആവശ്യമുള്ള അത്രയും സാധനം മാത്രം വാങ്ങിക്കാൻ ശ്രമിക്കുക. ഇത് നഷ്ടമൊഴിവാക്കാൻ സഹായിക്കും. ഭക്ഷണസാധനങ്ങളുടെ കാലാവധി നോക്കി വേണം സാധനങ്ങൾ എടുക്കേണ്ടത്.

ഉത്പന്നത്തിന്റെ നിർമ്മാതാക്കൾ- അഥവാ ബ്രാൻഡ്/ കമ്പനി, അതിന്റെ വിശദാംശങ്ങൾ എന്നിവയും പാക്കറ്റിലോ കുപ്പിയിലോ ഉണ്ടായിരിക്കണം. ഇതും ശ്രദ്ധിക്കേണ്ടതാണ്. ഏത് ഉത്പന്നമായാലും അതിൽ എന്തെല്ലാം ചേർത്തിട്ടുണ്ട്, എത്ര പോഷകങ്ങൾ- എത്ര അളവിലുണ്ട് എന്നതെല്ലാം ഫുഡ് ലോബലിലുണ്ടായിരിക്കണം. ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.

ആലപ്പുഴ: വിശ്വാസങ്ങളെ അതിന്റെ രീതിയിൽ തന്നെ വിടുന്നതാണ് നല്ലതെന്ന് സിപിഎം നേതാവ് ജി സുധാകരൻ. കാര്യങ്ങളെ കുറിച്ച് വേണ്ടത്ര ബോധ്യമില്ലെങ്കിൽ അതിൽ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. ഗണപതി ഭഗവാൻ മിത്താണെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശത്തിന് പ്രസക്തിയേറുന്നത്.

പലരും തോന്നിയത് വിളിച്ചുപറയുന്നത് പ്രത്യയ ശാസ്ത്ര ബോധമില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ മുതുകുളത്ത് നടന്ന ഓണപ്പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ബംഗളൂരു: യുവതിയെ ലിവ് ഇൻ പാർട്ണർ തലയ്ക്കടിച്ച് കൊന്നു. മലയാളി യുവതിയാണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു. ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി വൈഷ്ണവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്കൊപ്പമാണ് വൈഷ്്ണവ് താമസിച്ചിരുന്നത്. കുക്കർ കൊണ്ടാണ് വൈഷ്ണവ് യുവതിയെ കൊലപ്പെടുത്തിയത്. പഠന കാലം മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു.

കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ബഹളം കേട്ടതായി അയൽവാസികളും പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

തൃശൂർ: പുലിക്കളിക്ക് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഓരോ പുലിക്കളി സംഘത്തിനും 1 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സംസ്‌കാരിക വകുപ്പാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടും നൽകാത്തതിൽ പ്രതിഷേധവുമായി തൃശൂർ നഗരത്തിൽ പുലികൾ പ്രതിഷേധവുമായി എത്തിയിരുന്നു. കഴിഞ്ഞ വർഷം ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ഇതുവരെ കലാകാരന്മാർക്ക് ലഭിച്ചിട്ടില്ല. ഇതിനെതിരെയാണ് കലാകാരന്മാർ പ്രതിഷേധം സംഘടിപ്പിച്ചത്.

പുലിക്കളി നിലനിർത്താൻ സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് ശക്തൻ പുലികളി സംഘം ചൂണ്ടിക്കാട്ടുന്നു. 15-ഓളം പുലിക്കളി സംഘങ്ങളുണ്ടായിരുന്നത് സാമ്പത്തിക ബാധ്യത മൂലം ഇപ്പോൾ അഞ്ചെണ്ണമായി ചുരുങ്ങി. വലിയ സാമ്പത്തിക ബാധ്യത വന്നതോടെയാണ് പുലിക്കളി സംഘങ്ങൾ പിൻമാറിയതെന്നും സംഘം പറയുന്നു. ഈ സാഹചര്യത്തിൽ, നൽകാമെന്ന് സർക്കാർ ഉറപ്പുനൽകിയ സഹായം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ശക്തൻ പുലിക്കളി സംഘം ജില്ലാ ടൂറിസം സെക്രട്ടറിക്ക് നിവേദനവും നൽകിയിട്ടുണ്ട്.

തിരുവനന്തപുരം : പൗര പ്രമുഖർക്കായി നിയമസഭയിൽ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സ്പീക്കറുടെ ഓണസദ്യയുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് പ്രോട്ടോകോൾ വകുപ്പിന്റെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കിയത്.

നിയമസഭയിൽ തന്നെയാണ് ചോറും വിഭവങ്ങളും പാചകം ചെയ്തത്. രണ്ടുതരം പഴവും അഞ്ചുതരം പായസവും ഉൾപ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എം എൻ ഷംസീറും ഹാളിനു മുന്നിൽ നിന്നാണ് അതിഥികളെ വരവേറ്റത്.

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മന്ത്രിസഭ പുതുക്കി ബിജെപി സർക്കാർ. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ മൂന്ന് മാസം മാത്രമുളളപ്പോഴാണ് മന്ത്രിസഭാ വിപുലികരണം നടന്നത്. മൂന്ന് പേരെ കൂടി പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മദ്ധ്യപ്രദേശ് ഗവർണർ മംഗു ഭായ് പട്ടേൽ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

രാഹുൽ ലോധി.ഗൗരിശങ്കർ ബൈസൻ,രാജേന്ദ്ര ശുക്ല തുടങ്ങിയവരാണ് മന്ത്രിസഭയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗൗരിശങ്കർ ബൈസൻ മഹാകൗശൽ മേഖലയിലും രാജേന്ദ്ര ശുക്ല വിന്ധ്യാ മേഖലയിലെയും പ്രമുഖ നേതാക്കളാണ്.

സംസ്ഥാനത്ത് 45 ശതമാനത്തോളം ഒബിസി വിഭാഗത്തിലുളളവരെ ഉൾപ്പെടുത്തുക എന്നതാണ് ബിജെപി മന്ത്രിസഭാ പരിഷ്‌ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ന്യൂ ഡൽഹി : 2024ലെ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യോഗത്തിൽ കൂടിയാലോചിച്ചെടുത്ത തീരുമാനമാണിതെന്ന് അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും പ്രാദേശിക ഘടകങ്ങൾ പ്രതിഫലിക്കാറുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ എല്ലാ പാർട്ടികൾക്കും സമ്മർദ്ദമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

‘രാജ്യത്ത് ബിജെപി അധികാരത്തിൽ വന്നത് വെറും 31 ശതമാനം വോട്ടിനാണ്. ബാക്കിയുള്ള 69% വോട്ടും അദ്ദേഹത്തിന് എതിരാണ്. ബംഗളൂരുവിൽ വച്ച് നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിനുശേഷം ബിജെപി വിരണ്ടിട്ടുണ്ട്. നരേന്ദ്രമോദിയെ പോലെ ഒരു പ്രധാനമന്ത്രിയും അഹങ്കാരി ആകാൻ പാടില്ല.’ എന്നുമായിരുന്നു ഗെഹ് ലോട്ട് പറഞ്ഞത്.

ഇനി വരാൻ പോകുന്ന 2024 ലെ തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ട് നേടി നരേന്ദ്രമോദി ജയിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിന്റെ ഭാവിയെ പ്രവചിക്കാൻ ആർക്കും കഴിയില്ല. 2014 ൽ ബിജെപി അധികാരത്തിൽ എത്താൻ കാരണം കോൺഗ്രസ് തന്നെയാണെന്ന മോദിയുടെ ആരോപണത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

തിരുവനന്തപുരം: കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോർഡ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻ, മാനേജർ (അഡ്മിനിസ്‌ട്രേഷൻ), മാനേജർ (ടെക്‌നിക്കൽ), ചെയർമാന്റെ പി.എ എന്നീ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.

കൺട്രോളർ ഓഫ് എക്‌സാമിനേഷന് 118100 – 163400 രൂപയാണ് ശമ്പള സ്‌കെയിൽ. അന്യത്രസേവന വ്യവസ്ഥയിലാണ് നിയമനം. പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി തസ്തികയിൽ കുറയാത്ത പദവി വഹിക്കുന്നവർക്കും കോളജ് വിദ്യാഭ്യാസ വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ റാങ്കിലോ യൂണിവേഴ്‌സിറ്റിയിലെ സമാന റാങ്കിലോ പദവി വഹിക്കുന്നവർക്കും അപേക്ഷ നൽകാം.

മാനേജർ (അഡ്മിനിസ്‌ട്രേഷൻ) ശമ്പളസ്‌കെയിൽ 57400 – 110300 രൂപ. സെക്ഷൻ ഓഫീസർ തസ്തികയിലോ സമാന പദവിയിലോ ഉള്ള സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷനിൽ അപേക്ഷിക്കാം.

മാനേജർ (ടെക്‌നിക്കൽ) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജർ റാങ്കിലുള്ള എൻജിനിയർ അല്ലെങ്കിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 15 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. മാതൃസ്ഥാപനത്തിലെ സ്‌കെയിലായിരിക്കും വേതനം നൽകുക.

ചെയർമാന്റെ പി.എ ശമ്പളസ്‌കെയിൽ 56500 – 118100 രൂപ. ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് (ഹയർ) ആൻഡ് മലയാളം (ലോവർ), ഷോർട്ട് ഹാന്റ് (ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ)). അഭികാമ്യം – സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമ ഉള്ളവർക്ക് ഡെപ്യൂട്ടേഷനിൽ അപേക്ഷിക്കാം.

ജീവനക്കാർ കെഎസ്ആർ 144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഓഫീസ് മേധാവി മുഖേന സെപ്റ്റംബർ 15നകം സെക്രട്ടറി, കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോർഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ തപാൽ മുഖേന അപേക്ഷ നൽകണം.