Latest News (Page 3,173)

കാസർഗോഡ്; സംസ്ഥാനത്ത് തന്നെ ഇക്കുറി ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നായ മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത് റെക്കോഡ് പോളിംഗ്.76.61 ശതമാനം പോളിംഗാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്.കഴിഞ്ഞ തവണ 76.31 ശതമാനമായിരുന്നു പോളിംഗ്.

ബിജെപി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ തവണ 89 വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലത്തിൽ ഇത്തവണയും കെ സുരേന്ദ്രൻ തന്നെയാണ് ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നത്. രാവിലെ മുതൽ മുസ്ലീം ലീഗ്, ബിജെപി കേന്ദ്രങ്ങളിൽ കനത്ത പോളിംഗാണ്.


2016 ലെ സാഹചര്യമല്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പറയുമ്പോഴും ആശങ്കയിലാണ് ലീഗ് കേന്ദ്രങ്ങൾ. മുസ്‌ലിം ലീഗ് സെക്രട്ടറി എകെഎം അഷ്‌റഫാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിന്റെ വിവി രമേശനാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്.

കൊച്ചി: സിപിഎമ്മില്‍ നിന്ന് രാജിവെച്ച് ട്വന്റി ട്വന്റിയില്‍ ചേര്‍ന്ന കെ കെ ജോസിനെ മുളക് പൊടിയെറിഞ്ഞ് മര്‍ദ്ദിച്ചതായി പരാതി. തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ട്വന്റി ട്വന്റി അറിയിച്ചു. അതേസമയം, പ്രശ്‌നങ്ങളുണ്ടാക്കിയത് ട്വന്റി ട്വന്റിയാണെന്ന് സിപിഎം പ്രദേശിക നേതൃത്വം പ്രതികരിച്ചു. എറണാകുളം ജില്ലയില്‍ ട്വന്റി ട്വന്റി മത്സരിച്ച് മണ്ഡലങ്ങളില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമഗംലം, മൂവാറ്റു പുഴ, തൃക്കാക്കര, വൈപ്പിന്‍, കൊച്ചി, എറണാകുളം എന്നീ എട്ട് മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടായതിന് സമാനമായ സംഘര്‍ഷങ്ങളൊന്നും ഇത്തവണ കുന്നത്തുനാട്ടില്‍ ഉണ്ടായില്ല.

ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായ എല്ലാ ജനങ്ങള്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതമായ ജനാധിപത്യ ബോധം ഉയര്‍ത്തിപ്പിടിച്ച എല്ലാവരേയും ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നുവെന്നും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറിപ്പ് ചുവടെ:
‘ജനാധിപത്യത്തെ അര്‍ത്ഥവത്താക്കാന്‍ പ്രാപ്തരാക്കും വിധം അതിന്റെ സത്തയെ ഉള്‍ക്കൊണ്ട നാടാണ് കേരളം. ഈ തെരഞ്ഞെടുപ്പിലും അതു തുടരാനായി എന്നത് നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഉന്നതമായ ജനാധിപത്യ ബോധം ഉയര്‍ത്തിപ്പിടിച്ച എല്ലാവരേയും ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.

ജനാധിപത്യ മൂല്യങ്ങളും വര്‍ഗീയ-അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രതിസന്ധികളെ ഒറ്റക്കെട്ടായി മറികടന്ന കേരളത്തിന്റെ അഖണ്ഡതയും, ഭിന്നതയുടെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഈ തെരഞ്ഞെടുപ്പ്.
ഈ പോരാട്ടത്തില്‍ കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ കാക്കുന്നതിനും, വികസനത്തിന്റെ ജനകീയ മാതൃകയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും ആയി ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് ഹാര്‍ദ്ദമായി നന്ദി പറയുന്നു.

നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിയ്ക്കുറപ്പാണ്. സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നമ്മള്‍ പടുത്തുയര്‍ത്തും. ഇനിയും തോളോട് തോള്‍ ചേര്‍ന്ന് മുന്നോട്ടു പോകും.’

ആലപ്പുഴയിൽ ഹരിപ്പാടും കായംകുളത്തും സിപിഐഎം-കോൺഗ്രസ് സംഘർഷം. വൈകിട്ടോടെയാണ് സംഭവം. കായംകുളത്ത് നടന്ന സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും പരുക്കേറ്റു.ഹരിപ്പാട്ടെ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടന് പരുക്കേറ്റു.

രാജേഷിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഗുരുതരമായി പരുക്കേറ്റ രാജേഷ് കുട്ടനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു. പരാജയഭീതിയിൽ സിപിഐഎം വ്യാപക ആക്രമണം അഴിച്ചുവിടുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

kadakampaiiy

തിരുവനന്തപുരം: കഴക്കൂട്ടം കാട്ടായിക്കോണത്തെ സംഘര്‍ഷത്തില്‍ പോലീസിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സഘര്‍ഷം തുടര്‍ന്നതോടെ പോലീസ് ഇടപെട്ടു. ഇതില്‍ നിരവധി ആളുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘര്‍ഷം വോട്ടിംഗ് സ്തംഭിപ്പിക്കാന്‍ വേണ്ടിയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. പോലീസ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ എന്നും രാജാവിനേക്കാള്‍ വലിയ രാജഭക്തി പോലീസ് കാണിക്കുകയാണോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാട്ടായിക്കോണത്ത് രാവിലെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതാണ് വൈകുന്നേരം സംഘര്‍ഷത്തിലേക്കു നയിച്ചത്. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു. ആക്രമണത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു. ഇതില്‍ പോലീസ് ഇടപെടുകയും നിരവധി ആളുകളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് ആക്രമിച്ചതും കസ്റ്റഡിയില്‍ എടുത്തതും അക്രമികളെയല്ലെന്നും പ്രദേശവാസികളെയാണെന്നുമാണ് സിപിഎമ്മിന്റെ ആരോപണം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

പാലക്കാട് ;വോട്ടെടുപ്പിനെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മന്ത്രി എ കെ ബാലന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന് യു ഡി എഫ് നേതാക്കളും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയും പരാമര്‍ശം നടത്തിയത്.

ഇത് അത്യന്തം ഗുരുതരമായ ആരോപണമാണ്. വിശ്വാസികളേയും വിശ്വാസത്തേയും സംരക്ഷിക്കുന്നതിന് ഏതറ്റം വരേയും പോകുന്ന ഇടതുപക്ഷത്തിനേയും അതിന്റെ സ്ഥാനാര്‍ഥികളേയും തോല്‍പ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് നടന്നത്. ഇത് ഭരണഘടനാ വിരുദ്ധവും ജനപ്രാതിനിധ്യ നിയമത്തിനും വിരുദ്ധമാണെന്ന് എ കെ ബാലന്‍ പറഞ്ഞു.

ആദ്യം സുകുമാരന്‍ നായരും പിന്നാലെ രമേശ് ചെന്നിത്തലയും ശബരിമല സൂചിപ്പിച്ച് ഇടതുപക്ഷ വികാരമുണ്ടാക്കാൻ ശ്രമിച്ചു. പോളിങ് ബൂത്തില്‍ വച്ച് മുഖ്യമന്ത്രിക്ക് അയ്യപ്പ കോപമുണ്ടാകുമെന്നും അവിശ്വാസിയായ മുഖ്യമന്ത്രിയോട് ദൈവവിശ്വാസികള്‍ പകരം വീട്ടുമെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോളിംഗ് ഉദ്യോഗസ്ഥന് പട്ടിയുടെ കടിയേറ്റു. എടത്വാ തലവടി ബൂത്ത് 120 ലാണ് സംഭവം. ഉദ്യോഗസ്ഥനെ ഉടൻ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തലവടി ഗവൺമെന്റ് ഹൈ സ്കൂളിലെ ബൂത്തിലെ സെക്കന്റ്‌ പോളിംഗ് ഓഫീസർ പ്രദീപിനാണ് കടിയേറ്റത്.

കോഴിക്കോട് കൊടിയത്തൂരിൽ മറ്റൊരു സംഭവത്തിൽ വോട്ട് ചെയ്യാനെത്തിയവരെ കാട്ടുപന്നി ആക്രിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം 156 ആം ബൂത്തിനടുത്താണ് സംഭവം നടന്നത്. രാവിലെ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് കുഞ്ഞി മാണി, ഷിനോജ് തോട്ടത്തിൽ എന്നിവരെ കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ ഇവരെ അരീക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി.

ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആധാരമാക്കി നടന്‍ മാധവന്‍ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി ദി നമ്പി എഫക്ട്’ എന്ന സിനിമയുടെ പുത്തൻ വിശേഷങ്ങളുമായി മാധവൻ. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.’കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ആയിരിക്കാൻ തനിക്കും നമ്പി നാരയണനും ക്ഷണം ലഭിക്കുകയുണ്ടായി.

റോക്കറ്ററി ദി നമ്പി എഫക്ട് എന്ന സിനിമയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. സിനിമയുടെ ഏതാനും ഭാഗങ്ങള്‍ അദ്ദേഹത്തെ കാണിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹത്തിന്‍റെ പക്കൽ നിന്നും ലഭിച്ച പ്രതികരണവും നമ്പി നാരായണനോട് ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വാക്കുകളും ഏറെ സ്പര്‍ശിക്കുന്നതായിരുന്നു. ഒത്തിരി നന്ദി’, മാധവൻ ട്വിറ്ററിൽ ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുകയാണ്.ആര്‍. മാധവന്‍റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്‍റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്‍റെയും ബാനറില്‍ നിര്‍മിക്കുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ട സിനിമയുടെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

100 കോടിക്ക് മുകളിലാണ് സിനിമയുടെ ചിലവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആയിരിക്കും എത്തുകവിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്.ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. . നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.വെള്ളം സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്‍റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പിആര്‍ഒ ആതിര ദില്‍ജിത്ത്.

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എന്‍. വി രമണ അധികാരമേല്‍ക്കും. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ സ്ഥാനമൊഴിയുന്നതിലേക്കാണ് പുതിയ ഉത്തരവ്. ഏപ്രില്‍ 23നാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. ആന്ധ്രാ പ്രദേശിലെ കൃഷ്ണാ ജില്ലയിലെ പൊന്നാവാരം ഗ്രാമത്തില്‍ 1957 ഓഗസ്റ്റ് 27നാണ് ജസ്റ്റിസ് എന്‍.വി രമണ ജനിച്ചത്. 1983 ഫെബ്രുവരി 10ന് അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം ആന്ധ്രാ പ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജിയായി 2000 ജൂണ്‍ 27ന് നിയമിതനായി. 2013 മാര്‍ച്ച് 10 മുതല്‍ മേയ് 20 വരെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി. 2013 സെപ്തംബര്‍ രണ്ടിന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2014 ഫെബ്രുവരി 17ന് സുപ്രീംകോടതി ജഡ്ജിയായി.

അഭിഭാഷകന്‍ ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഹരീഷ് ഇട്ട് ഫേസ്ബുക്ക് കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഹരീഷ് വാസുദേവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

വാളയാര്‍ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്താണെന്ന് പലരും ചോദിക്കുന്നു. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് എന്നാണ് അവരോട് പറഞ്ഞത്. പറയിപ്പിച്ചേ തീരൂ എന്നു നിര്‍ബന്ധിച്ചാല്‍ എന്ത് ചെയ്യും? വാളയാറിലെ രണ്ട് കുട്ടികളുടെ മരണം അങ്ങേയറ്റം സങ്കടമുണ്ടാക്കിയ സംഭവമാണ്. മനഃസാക്ഷി ഉള്ള മനുഷ്യരൊക്കെ അതില്‍ വേദനിച്ചു, മിക്കവരും പ്രതികരിച്ചു. പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ട അന്ന് രാത്രി ഉറങ്ങിയിട്ടില്ല. കുറച്ചു സുഹൃത്തുക്കളോട് സംസാരിച്ചു. പിറ്റേന്ന് മുതല്‍ ഒരാഴ്ച രേഖകള്‍ സംഘടിപ്പിച്ചു കേസ് പഠിക്കാനുള്ള ശ്രമം ആയിരുന്നു. ഒരു ലൂപ്പ് ഹോളും ഇല്ലാതെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു ഉദ്ദേശം. കേസ് പഠിച്ചപ്പോഴാണ് പലതും മനസിലാകുന്നത്.
കേസിന്റെ നാള്‍വഴി–ആദ്യകുട്ടി തൂങ്ങിമരിച്ചു. മാതാപിതാക്കള്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. റേപ്പിനുള്ള സാധ്യതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും കേസന്വേഷണം വേണ്ടവിധം നടന്നില്ല. അതിലെ സാക്ഷിയായ രണ്ടാമത്തെ കുട്ടി 49 ആം ദിവസം ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തതായി കാണുന്നു. നാട്ടുകാര്‍ ഇടപെട്ടു. അപ്പോഴാണ് പുറംലോകം അറിയുന്നത്. അന്വേഷണം 52 ആം ദിവസം സോജന്‍ എന്ന ഡിവൈഎസ്പി ഏറ്റെടുത്തു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ, കതിരൂര്‍ മനോജ് വധക്കേസില്‍, ദിലീപിനെ അറസ്റ്റ് ചെയ്ത, ജിഷ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത ടീമിലെ പ്രധാനിയാണ് ഡിവൈഎസ്പി സോജന്‍. ഒറ്റ ദിവസത്തിനുള്ളില്‍ പ്രധാന നാല് പ്രതികളെ ടിയാന്‍ അറസ്റ്റ് ചെയ്തു.
രണ്ടാമത്തെ കുട്ടി മരിച്ച സീനില്‍ പോയി ആത്മഹത്യ തന്നെയാണോ എന്നു ഉറപ്പിക്കണം എന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എഴുതിയ ഡോക്ടര്‍ തന്നെ സംഭവ സ്ഥലത്തെത്തി സ്ഥിരീകരിച്ചു. ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമയബന്ധിതമായി സമര്‍പ്പിച്ചു. പ്രതികളുടെ ജാമ്യം തള്ളിച്ചു, അപ്പീലിലും ജാമ്യം തള്ളിച്ചു. ചാര്‍ജ് ഷീറ്റ് കൊടുക്കുംവരെ പ്രതികള്‍ ജയിലില്‍. എന്നാല്‍ പ്രോസിക്യൂട്ടര്‍ എതിര്‍ക്കാത്തതിനെ തുടര്‍ന്ന് പിന്നീട് കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഹൈക്കോടതിയില്‍ അപ്പീല്‍ പോയി ജാമ്യം റദ്ദാക്കി. പ്രതികളെ തമിഴ്‌നാട്ടില്‍ പോയി അറസ്റ്റ് ചെയ്തു കൊണ്ടുവന്നു. വീണ്ടും ജയിലിലാക്കി. ജാമ്യം കൊടുത്തതിനു ജഡ്ജിക്കുള്ള പരോക്ഷ വിമര്‍ശനവും ഹൈക്കോടതിയില്‍ നിന്ന് വന്നു. ഒരു പ്രതി, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെപ്പറ്റി ആ അമ്മ നേരിട്ട് കണ്ടു. മറ്റൊരിക്കല്‍ അച്ഛനും. ക്രൂരമായ കുറ്റകൃത്യം കണ്ട ആ അമ്മ മിണ്ടിയോ? ഇല്ല. അയാളെ വീട്ടില്‍ വിലക്കിയോ? പോലീസില്‍ പരാതിപ്പെട്ടോ? ഇല്ല.
എന്തേ? അതേപ്പറ്റി അവര്‍ ഇപ്പോള്‍ മിണ്ടില്ല. മറ്റൊരു പ്രതിയോടൊപ്പമാണ് അവര്‍ ആ മുറിയില്‍ അന്തിയുറങ്ങിയിരുന്നത്. അയാളും കുട്ടിയെ ഉപദ്രവിച്ചതായി പിന്നീട് തെളിഞ്ഞു. സാധാരണ കേസുകളില്‍ ഇരയുടെ അച്ഛനോ അമ്മയോ സാക്ഷിയായാല്‍ പോലീസ് സിആര്‍പിസി 164 പ്രകാരം മൊഴി കൊടുപ്പിക്കില്ല. കാരണം അവര്‍ മൊഴിമാറ്റുമെന്നു വിശ്വസിക്കാന്‍ വയ്യ. ഈ കേസില്‍ ഡിവൈഎസ്പി അവരുടെ 164 മൊഴി മജിസ്‌ട്രേറ്റിന് മുന്‍പില്‍ രേഖപ്പെടുത്തി. എന്തുകൊണ്ടാണെന്ന് രേഖകള്‍ വായിക്കുമ്പോള്‍ മനസിലാകും. പൊലീസിന് നല്‍കിയ മൊഴിയും ജഡ്ജിക്ക് നല്‍കിയ 164 മൊഴിയും ഒടുക്കം കൂട്ടില്‍ക്കയറി പറഞ്ഞതും ഒക്കെ തമ്മിലുള്ള വൈരുദ്ധ്യം വിധിയില്‍ എടുത്തു പറയുന്നുണ്ട്. ആരുടെ? ഈ അമ്മയുടെ. 164 മൊഴിയില്‍ അവര്‍ മന:പൂര്‍വ്വം ഒരു പ്രതിയുടെ പേര് പറഞ്ഞില്ല
വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കപ്പെടുന്നത് വരെ കേസ് അന്വേഷണത്തെപ്പറ്റി ഒരു കാലത്തും അവര്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല എന്തിനാണ് ആ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തത്? പ്രോസിക്യൂട്ടര്‍ ലത ജയരാജ് കേസ് നടത്തി, അടഞ്ഞ മുറിയില്‍. പ്രോസിക്യൂഷനെ സഹായിക്കാം എന്നുഡിവൈഎസ്പി സോജന്‍ കോടതിയോട് രേഖാമൂലം പറഞ്ഞു. ആവശ്യമില്ലെന്ന് ആ പ്രോസിക്യൂട്ടര്‍ നിലപാട് എടുത്തത് കൊണ്ട് ജഡ്ജി ആ അപേക്ഷ തള്ളി. ഈ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍ക്കാറിനെഴുതി. കോടതിവിധിയിലൂടെ ജോലി വാങ്ങിയ പ്രോസിക്യൂട്ടര്‍ ആയതിനാല്‍ ആവണം, സര്‍ക്കാര്‍ അന്ന് കൈമലര്‍ത്തി. ഒന്നാമത്തെ വീഴ്ച. മൂത്ത പെണ്‍കുട്ടിയുടെ സുഹൃത്ത് കൊടുത്ത ഒരു മൊഴിയില്‍ പറയുന്നുണ്ട് അമ്മ കൂടി അറിഞ്ഞുകൊണ്ട് നടന്ന ബലാല്‍സംഗത്തെപ്പറ്റി. രണ്ടാനച്ഛന്‍ ചീത്തയാണെന്ന് കുട്ടി പറഞ്ഞതായി മൊഴിയുണ്ട്. അതേ മുറിയില്‍ അതുകഴിഞ്ഞും പ്രതിയോടൊപ്പം ഉറങ്ങിയ അമ്മ എന്ന ആ സ്ത്രീയെപ്പറ്റി മൊഴികളില്‍ വായിക്കുമ്പോള്‍ നമുക്കവരെ പോയി കൊല്ലാന്‍ തോന്നും. ഇതുപോലൊരമ്മ ഒരു കുട്ടികള്‍ക്കും ഇനി ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കും. എസ് സി എസ് ടി അട്രോസിറ്റി ആക്റ്റ് എടുക്കാന്‍ ഒറ്റ നോട്ടത്തില്‍ വകുപ്പില്ലെങ്കിലും ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തില്‍ പ്രതികള്‍ക്കെതിരെ ആ വകുപ്പ് ചുമത്തി ഡിവൈഎസ്പി.
മരിച്ച മക്കളുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് അവര്‍ക്ക് ലഭ്യമാക്കിയത്. അഡ്വ. രാജേഷ് ഇതില്‍ ഒരു പ്രതിക്കായി വക്കാലത്ത് എടുത്തിരുന്നു. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ആയപ്പോള്‍ അത് ഒഴിയുകയും ചെയ്തു. ഇതാണ് ആ കേസിനെ വീണ്ടും വിവാദമാക്കിയത്. പ്രധാന സാക്ഷികള്‍ അടക്കം കൂറുമാറുന്നു. അമ്മയുടെ സ്വഭാവദൂഷ്യം, പ്രതികളുമായുള്ള ബന്ധം എന്നിവ ഒളിഞ്ഞും തെളിഞ്ഞും പ്രതിഭാഗം വിചാരണയില്‍ കൊണ്ടുവരുന്നു. ഉള്ള തെളിവുകള്‍ പ്രോസിക്യൂട്ടറോ കോടതിയോ വേണ്ടവിധം വിലയിരുത്തുന്നില്ല. കേസ് നടത്തിപ്പിലെ വീഴ്ച മൂലം മുഴുവന്‍ പ്രതികളേയും പോക്‌സോകോടതി വെറുതെ വിട്ടു.
സര്‍ക്കാരും ആ അമ്മയും അപ്പീല്‍ നല്‍കുന്നു. പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ പിരിച്ചുവിടുന്നു. ഹൈക്കോടതി അപ്പീലില്‍ തെളിവുകള്‍ വീണ്ടും പരിശോധിക്കുകയും കീഴ്‌ക്കോടതിക്കും പ്രോസിക്യൂഷനും വിചാരണയില്‍ സംഭവിച്ച പിഴവ് അക്കമിട്ടു നിരത്തുകയും പുനര്‍വിചാരണ ഉത്തരവിടുകയും ചെയ്തു. തെളിവുകള്‍ നോക്കി നീതി ലഭ്യമാക്കാന്‍ കീഴ്‌ക്കോടതി ജഡ്ജി തീര്‍ത്തും പരാജയപ്പെട്ടതായി ഹൈക്കോടതി നിരീക്ഷിച്ചു. ഒരു പ്രധാന പ്രതി ഇതോടെ ആത്മഹത്യ ചെയ്തു.
ആ അമ്മ സിബിഐ അന്വേഷണം ആദ്യം കോടതിയില്‍ ആവശ്യപ്പെട്ടില്ല. പുനര്‍വിചാരണ ഉത്തരവിട്ടശേഷം സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു സമ്മതിച്ചു, അമ്മയുടെ രണ്ടാമത്തെ കേസില്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ഒരു കാര്യം എനിക്കുറപ്പാണ്. പോക്‌സോ നിയമം കര്‍ശനമായി നോക്കിസിബിഐ കേസ് അന്വേഷിച്ചാല്‍, കുട്ടികളോടുള്ള ക്രൂരത കണ്ടിട്ടും തടയാതെ ഇരുന്ന, പോലീസില്‍ അറിയിക്കാതിരുന്ന, പ്രതിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച ആ സ്ത്രീക്ക് എതിരെ അവര്‍ കേസെടുക്കും എന്നുറപ്പാണ്. നിയമം അനുസരിച്ച് അവരീ കേസില്‍ കൂട്ടുപ്രതിയാകേണ്ടതാണ്. കേസന്വേഷിച്ച പോലീസുകാര്‍ക്ക് വീഴ്ച പറ്റിയോ എന്നന്വേഷിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹനീഫയെ ജുഡീഷ്യല്‍ കമ്മീഷനായി വെച്ചു. ജസ്റ്റിസ് ഹനീഫ റിപ്പോര്‍ട്ട് അനുസരിച്ച് സിഐ ചാക്കോ കുറ്റക്കാരനാണ്. ഇനി ഒരിക്കലും ഒരു കേസും ചാക്കോ അന്വേഷിക്കരുത് എന്ന ഉത്തരവ് ഇറക്കി. പോരാ, അയാളെ പിരിച്ചു വിടണമായിരുന്നു. ഡിവൈഎസ്പി സോജനു എതിരെ ഒരു കുറ്റവും കമ്മീഷന്‍ റിപ്പോര്‍ട്ടിലില്ല. അമ്മയും സര്‍ക്കാരും കൊടുത്ത അപ്പീല്‍ കേസില്‍ പോലും ഹൈക്കോടതി സോജന്റെ അന്വേഷണത്തെ പുകഴ്ത്തുന്ന നിരീക്ഷണം നടത്തി.
ഉള്ളില്‍ തട്ടുന്ന 2 വരികള്‍ കൂടി ജസ്റ്റിസ്.ഹരിപ്രസാദും ജസ്റ്റിസ്.അനിതയും എഴുതിയ ഹൈക്കോടതി വിധിയിലുണ്ട്. ആ കുട്ടികള്‍ ആരെ വിശ്വസിക്കണമായിരുന്നു എന്ന് രേഖകള്‍ എല്ലാം കണ്ട ജഡ്ജിമാര്‍ ഇതില്‍ക്കൂടുതല്‍ എന്ത് പറയാന്‍ ! നീതി ലഭ്യമാക്കാന്‍ പരാജയപ്പെട്ട പ്രോസിക്യൂഷന്‍ ആ തെറ്റ് സമ്മതിച്ചു തിരുത്തി മുന്നോട്ടു പോകുന്നു. സിബിഐ അഡീഷണല്‍ കുറ്റപത്രം നല്‍കും. ഇനിയെന്ത് ചെയ്യണമെന്നാണ്?? ഏതെങ്കിലും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തില്ല / രക്ഷിച്ചു എന്ന ഒരു പരാതിയും ആ അമ്മയ്‌ക്കോ അവരേ രാഷ്ട്രീയ വേഷം കെട്ടിക്കുന്നവര്‍ക്കോ ഇല്ല. ഉണ്ടോ? ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി ക്ക് എതിരെ ഇനി നടപടി എടുക്കാനാകുക? ആരെങ്കിലും ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്‌തോ? ഇതുവരെ ഇല്ല. ഹൈക്കോടതി വിധിയെ? ഇല്ല. പിന്നെ??
രണ്ടു മക്കള്‍ നഷ്ടപ്പെട്ട ആ സ്ത്രീയോട് ഉള്ള എന്റെ എല്ലാ സഹതാപവും അവരുടെ ചെയ്തികള്‍ അറിഞ്ഞപ്പോള്‍ ഇല്ലാതായി. ആ കുട്ടികള്‍ക്ക് നീതി നിഷേധിച്ച പോലീസ് സിസ്റ്റത്തിനും സര്‍ക്കാരിനും കോടതിക്കും മുന്‍പ് അതിലും കടുത്ത കുറ്റവാളിയാണ് ആ അമ്മ. ആ കുട്ടികളുടെ ആത്മാവ് ആ സ്ത്രീയോട് പൊറുക്കില്ല എന്നെനിക്ക് ഉറപ്പാണ്. തെരഞ്ഞെടുപ്പ് കാലത്ത്, ഇതുമായി പുലബന്ധം ഇല്ലാത്ത വ്യക്തികള്‍ക്ക് എതിരെ നട്ടാല്‍കുരുക്കാത്ത നുണ പ്രചരിപ്പിക്കാനും, അത് പൊളിഞ്ഞു വീഴും മുന്‍പ് താല്‍ക്കാലിക ലാഭം ഉണ്ടാക്കാനും പറ്റിയേക്കും. പക്ഷെ എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ പറ്റില്ല.
ഞാന്‍ ചാലഞ്ച് ചെയ്യുന്നു, എഴുതിയതില്‍ ഒരു വരി നുണയാണെന്നു തെളിയിക്കാനായാല്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം. നമുക്ക് കോടതിയില്‍ കാണാം.
അഡ്വ.ഹരീഷ് വാസുദേവന്‍.