മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്; റെയിൽവേ സ്റ്റേഷനിൽ കനത്ത സുരക്ഷ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്. കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് മുഖ്യമന്ത്രി വന്ദേഭാരതിൽ യാത്ര ചെയ്യും. കനത്ത സുരക്ഷയാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്ന കോച്ചിൽ ഒരുക്കുക.

വന്ദേഭാരത് പുറപ്പെടുന്നതിന് മുൻപ് ഡ്രോൺ പറത്തിയും പരിശോധന നടത്തും.വെള്ളിയാഴ്ച്ചയാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. കൂത്തുപറമ്പിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം കണ്ണൂരിലെത്തിയത്.

വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. എന്നാൽ അന്ന് അദ്ദേഹം വന്ദേഭാരതിൽ യാത്ര ചെയ്്തിരുന്നില്ല. സാധാരണയായി മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വ്യോമമാർഗമാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നത്. ഇത്തവണ വന്ദേഭാരതിൽ മടങ്ങി പോകുന്നത് സർക്കാർ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായമാണെന്നാണ് വിലയിരുത്തുന്നത്.