കെ ഫോൺ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി സി എ ജി ; പദ്ധതി വഴി ഖജനാവിന് നഷ്ടം 36 കോടി

തിരുവനന്തപുരം : കെ ഫോൺ ബെൽ കൺസോർഷ്യത്തിന് പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് നൽകിയതോടെ സർക്കാരിന് ഖജനാവിൽ നിന്ന് 36 കോടിയുടെ നഷ്ടമുണ്ടായെന്ന് സി എ ജി റിപ്പോർട്ട്. വ്യവസ്ഥകൾ മറി കടന്ന് കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത് നഷ്ടമുണ്ടാക്കിയെന്ന വിഷയത്തിൽ സി എ ജി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട് . കെ എസ് ഇ ബിയുടെ ഫിനാൻസ് ഓഫീസറുടെ നിർദ്ദേശം അവഗണിച്ച് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് 10% മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ കെ എസ് ഐ ടി എൽ തയ്യാറായത്.

ഇടതു പക്ഷ സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് പറഞ്ഞിരുന്ന കെ ഫോൺ പദ്ധതി നടപ്പാക്കാൻ ബെൽ കൺസോർഷ്യത്തെ ഏൽപ്പിച്ച കരാറിലാണ് സി എ ജി നഷ്ടക്കണക്ക് കണ്ടെത്തിയിരിക്കുന്നത്. 1531 കോടിയ്ക്ക് ടെൻഡർ ഉറപ്പിച്ച കരാറിൽ 10% ആണ് മൊബിലൈസേഷൻ അഡ്വാൻസ്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ കരാർ കമ്പനിക്ക് നൽകിയതിലും അത് വഴി ഖജനാവിലുണ്ടായ 36 കോടി രൂപ നഷ്ടത്തിലുമാണ് സർക്കാരിനോട് സി എ ജി വിശദീകരണം തേടിയിരിക്കുന്നത്.

കെ ഫോണിന്റെ കരാറിൽ മൊബിലൈസേഷൻ അഡ്വാൻസിനെ പറ്റി പറയുന്നില്ല. കെ എസ് ഐ ടി എല്ലിനോട് 10% അഡ്വാൻസ് നൽകണമെന്ന് പറഞ്ഞത് മുഖ്യ മന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ്. അഡ്വാൻസ് അങ്ങനെ നൽകുകയാണെങ്കിൽ എസ് ബി ഐ നിരക്കിൽ 3% കൂട്ടി പലിശ നൽകണമെന്ന് ഫിനാൻസ് അഡ്വൈസർ നിർദ്ദേശിച്ചിരുന്നുവെങ്കിലും സർക്കാർ മുഖവിലയ്‌ക്കെടുത്തില്ല . ഇതോടെ സർക്കാരിന് പലിശ കിട്ടാതായി 36,35,57,844 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി എ ജി വ്യക്തമാക്കുന്നത്.