Latest News (Page 567)

മലപ്പുറം : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് എൻ ഐ എ. മഹാരാഷ്ട്ര, കർണാടക, പശ്ചിമബംഗാൾ, ബീഹാർ എന്നിവിടങ്ങളിലെ 11 കേന്ദ്രങ്ങളിലും കേരളത്തിലെ മലപ്പുറം, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിലുമാണ് റെയ്ഡ് നടന്നത്. ഇനിയും പോപ്പുലർ ഫ്രണ്ടിന്റെ സ്വത്ത് കണ്ടു കെട്ടുമെന്നാണ് എൻ ഐ എ പറയുന്നത്. ഇന്നലെ പുലർച്ചെ ഒരേസമയത്ത് മലപ്പുറത്ത് നാലു വീടുകളിലും കണ്ണൂരിൽ ഒരു വീട്ടിലുമാണ് എൻ ഐ എ റെയ്ഡ് നടത്തിയത്.

പരിശോധന നടത്തിയ വീടുകളിൽ കുറച്ചുനാളുകളായി ലോക്കൽ പോലീസിന്റെ നേതൃത്വത്തിൽ എൻ ഐ എ നിരീക്ഷണം നടത്തിവരികയായിരുന്നു. എന്നാൽ പോലീസിനെ പോലും അറിയിക്കാതെ ആയിരുന്നു അപ്രതീക്ഷിതമായി എൻ ഐ എ റെയ്ഡ് നടത്തിയത്. പരിശോധന നടത്തിയ വീടുകളിൽ നിന്ന് നിർണായക വിവരങ്ങൾ അടങ്ങിയ ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തിയതായി എൻഐഎ സംഘം വെളിപ്പെടുത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് എൻ ഐ എ പറയുന്നത്.

തിരുവനന്തപുരം : പുതിയതായി നിർമ്മിച്ച 14 നില കെട്ടിടം വരുന്നതോടുകൂടി രാജ്യത്തെ ഏറ്റവും വലിയ ക്യാൻസർ ചികിത്സ കേന്ദ്രമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മാറും. എല്ലാവർഷവും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 2.75 ലക്ഷം ക്യാൻസർ രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഇവിടെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ വരവോടുകൂടി ആർസിസിയുടെ വിസ്തീർണം 7 ലക്ഷം സ്ക്വയർ ഫീറ്റായി ഉയരും. ഇതോടെ ക്യാൻസർ രോഗികൾക്ക് പത്തോളജി ഫലം, റേഡിയേഷൻ, ഓപ്പറേഷൻ എന്നിവയ്ക്ക് ദീർഘ നാൾ കാത്തിരിക്കേണ്ടി വരില്ല.

നിലവിൽ രോഗികളുടെ എണ്ണം കൂടിവരുന്നത് കാരണം ശസ്ത്രക്രിയയ്ക്ക് രണ്ടുമാസവും റേഡിയേഷന് ഒരു മാസവും കാത്തിരിക്കേണ്ട അവസ്ഥയാണ്. പുതിയ കെട്ടിടത്തിൽ 6 ഓപ്പറേഷൻ തിയേറ്ററും രണ്ട് റേഡിയേഷൻ യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സങ്കീർണമായ ഓപ്പറേഷൻ പോലും എളുപ്പത്തിൽ സാധ്യമാക്കാൻ സഹായിക്കുന്ന റോബോട്ടിക് സർജറിയെത്തുന്ന ആദ്യ പൊതുമേഖല സ്ഥാപനമായി ഇതോടെ ആർസിസി മാറും. കൂടാതെ രണ്ടാഴ്ചവരെ കാത്തിരിക്കേണ്ട പത്തോളജി ഫലം പുതിയ ഡിജിറ്റൽ ലാബ് വരുന്നതോടുകൂടി വേഗത്തിൽ ലഭിക്കും.

തിരുവനന്തപുരം : ഓണക്കാലത്ത് മദ്യ വില്പന വർധിപ്പിക്കുന്നതിന് നിർദ്ദേശങ്ങളുമായി ബിവറേജസ് കോർപ്പറേഷനെത്തി. ആവശ്യക്കാർക്ക് ബ്രാൻഡുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ബ്രാൻഡ് ആവശ്യപ്പെടാത്തവർക്ക് ജവാൻ തന്നെ നൽകണമെന്നുമാണ് എംഡി യുടെ നിർദ്ദേശം. നിർദ്ദേശം ലംഘിക്കുന്ന ജീവനക്കാർക്ക് ബോണസ് അടക്കം ആനുകൂല്യങ്ങൾ നൽകില്ലെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. സംസ്ഥാനത്ത് മദ്യ വില്പന കുറഞ്ഞെന്നും കൂടിയെന്നുമൊക്കെ തർക്കം നിലനിൽക്കുമ്പോഴാണ് ഉത്സവകാലത്തോടനുബന്ധിച്ചുള്ള മദ്യ വില്പന കൂട്ടാനായി ബെവ്‌കോ ലക്ഷ്യമിടുന്നത്.

മദ്യം വാങ്ങാൻ എത്തുന്നവർക്ക് യാതൊരു തരത്തിലുള്ള തടസ്സം ഉണ്ടാകരുതെന്നാണ് ബീവറേജ് ഔട്ട്ലെറ്റ് മാനേജർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. എല്ലാത്തരം ബ്രാൻഡുകളും വെയർഹൗസിൽ ലഭ്യമാക്കണമെന്നും അവയെല്ലാം ഉപഭോക്താക്കൾ കാണുന്ന തരത്തിൽക്രമീകരിക്കണമെന്നും പറയുന്നുണ്ട്. ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കണമെന്നും ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാട് നടത്തുന്ന ഔട്ട്ലെറ്റിന് ഉപഹാരം നൽകുമെന്നും ബെവ്‌കോ വ്യക്തമാക്കുന്നു. ഔട്ട്ലെറ്റ് വൃത്തിയായി സൂക്ഷിക്കണം. കച്ചവടം നടക്കുന്ന തീയതികളിൽ ഉദ്യോഗസ്ഥർ അവധി എടുക്കാൻ പാടില്ല. നിർദ്ദേശങ്ങൾ എല്ലാം ഉറപ്പാക്കാൻ മിന്നൽ പരിശോധന നടപ്പാക്കുമെന്നും കോർപ്പറേഷൻ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഗണപതി വിവാദം പ്രതിഫലിക്കുമെന്ന് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്ഥാനാർത്ഥി ആയതുകൊണ്ടാണ് ജെയക്ക്‌ വന്നപ്പോൾ സ്വീകരിച്ചതെന്നും എൻഎസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വിഷയത്തിൽ എൻഎസ്എസിന്റെ നിലപാടിൽ ഒരു മാറ്റവുമില്ല. ഗണപതി വിവാദം തുടർന്നാൽ ശബരിമല വിഷയം പോലുള്ള രീതിയിലേക്ക് മാറുമെന്ന ഭയം സർക്കാരിനുണ്ട്. പ്രകോപനപരമല്ലാത്ത രീതിയിൽ സമാധാനപരമായി വിഷയം ചർച്ചചെയ്ത് അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഒരു മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവന്റെ വിശ്വാസമാണ്. ശാസ്ത്രമൊക്കെ അത് കഴിഞ്ഞേയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഷയവുമായി ബന്ധപ്പെട്ട് സ്പീക്കർ ഷംസീർ തന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാ സ്ഥാനാർത്ഥികളും വന്ന് കാണാറുണ്ട്. ജനാധിപത്യം പുലരണമെങ്കിൽ ഇവിടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വളരണം എന്നും അങ്ങനെ വളർന്നാൽ മാത്രമേ രാജ്യത്ത് നീതി നടപ്പാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരു : നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായ കന്നഡ നടൻ അറസ്റ്റിലായി. യുവതി നൽകിയ പീഡന പരാതിയിലാണ് കഴിഞ്ഞ ദിവസം വീരേന്ദ്ര ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. . 2021 ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. സംവിധായകൻ വീട്ടിൽ വിളിച്ചു വരുത്തി ലഹരി മരുന്ന് നൽകി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ മൊഴി.

വീരേന്ദ്ര കുമാറിന്റെ സുഹൃത്തിനും കേസിൽ പങ്കുണ്ടെന്ന യുവതിയുടെ മൊഴിയെ തുടർന്ന് അയാൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മുപ്പത്തിയാറുകാരിയായ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും കേസിൽ പറയുന്നുണ്ട്.സംവിധായകന്റെ സുഹൃത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കന്നഡ സിനിമ രംഗത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഈ കേസ്. 2011 ൽ ആയിരുന്നു വീരേന്ദ്ര ബാബുവിന്റെ ഹിറ്റ് ചിത്രമായ സ്വയം ക്രഷിയിറങ്ങിയത്. ചിത്രത്തിലെ നായകനും തിരക്കഥാകൃത്തുമെല്ലാം ഇയാൾ തന്നെയായിരുന്നു.

ഇടുക്കി: കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ വളഞ്ഞാംകാനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഉപ്പുതറ സ്വദേശി സോമിനയാണ് മരിച്ചത്. 54 വയസായിരുന്നു. അപകടത്തിനു ശേഷം 40 മിനിറ്റു കഴിഞ്ഞാണ് സോമിനയെ വാഹനത്തിൽനിന്നു പുറത്തെടുക്കാൻ കഴിഞ്ഞത്.

അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കട്ടപ്പന സ്വദേശികളായ ബിബിൻ (35), ഭാര്യ അനുഷ്‌ക (31), ആദവ് (5), ലക്ഷ്യ (എട്ട് മാസം) അനുഷ്‌കയുടെ മാതാവ് ഷീല (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബിബിൻ-അനുഷ്‌ക ദമ്പതികളുടെ വീട്ടിൽ സഹായിയായിരുന്നു മരിച്ച സോമിന. ഞായറാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു അപകടം നടന്നത്. കുഞ്ഞിനു കുറുക്ക് നൽകാൻ വാഹനം നിർത്തിയിട്ട സമയത്താണ് മലമുകളിൽനിന്നു പാറക്കല്ലുകളും മണ്ണും കാറിനു മുകളിലേക്ക് പതിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട് സന്ദർശിച്ചു കട്ടപ്പനയിലേക്കു മടങ്ങുകയായിരുന്നു സംഘം.

അഗ്‌നിരക്ഷാസേനയും പൊലീസും എത്തി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പാറക്കല്ലുകൾ നീക്കിയത്. വൈകിട്ട് അപകടം നടന്ന പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഇതാണ് മണ്ണിടിയാൻ കാരണമെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓർത്തഡോക്‌സ് ബിഷപ്പ്. സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രസനാധിപൻ സഖറിയാസ് മാർ സേവേറിയോസ് ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകൾ നല്ലതാണ്. സമാധാനപരമായ പര്യവസാനത്തിനും എതിരില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

പള്ളിത്തർക്കത്തിൽ പക്ഷത്തിനില്ലെന്നാണ് എം വി ഗോവിന്ദന്റെ പരാമർശം. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. വിധി നടപ്പാക്കാൻ സാങ്കേതിക തടസമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ചർച്ചകൾ നല്ലതാണ്.
സമാധാനപരമായ പര്യവസാനത്തിനും എതിരില്ല.
പക്ഷെ ,
സുപ്രീം കോടതി വിധിയും
ഒരു മിത്ത് ആണെന്ന് പറയല്ലേ മാഷേ…
.
.
?? – സഖറിയാ മാർ സേവേറിയോസ്

വയനാട്: നീതി ലഭിക്കാനായി പോരാട്ടം കടുപ്പിച്ച് പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി കെ കെ ഹർഷിന. വയനാട്ടിലെത്തിയെ രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് ഹർഷിന തന്റെ ദുരിതാവസ്ഥ വിവരിച്ചു. സർക്കാരിന് നീതി നൽകണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പോൾ ചെയ്യാമായിരുന്നുവെന്ന് ഹർഷീന വ്യക്തമാക്കി.

ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. എത്രകാലം തെരുവിൽ നിന്നാലാണ് നീതി ലഭിക്കുകയെന്നും ഹർഷീന ചോദിക്കുന്നു. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ബോർഡിനെതിരെ ഹർഷിന കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. മെഡിക്കൽ ബോർഡിൽ അട്ടിമറി നടന്നെന്നായിരുന്നു ഹർഷിന പരാതിയിൽ വ്യക്തമാക്കിയിരുന്നത്.

കോട്ടയം: ചാണ്ടി ഉമ്മനെ ഫോണിൽ വിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മന് വിജയാശംസകൾ നേരാനാണ് രാഹുൽ ഗാന്ധി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടത്.

ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പിതാവിന്റെ പാത പിന്തുടർന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

ചാണ്ടി ഉമ്മൻ മീനടം മണ്ഡലത്തിൽ മഞ്ഞാടി ഭാഗത്ത് ഗൃഹസന്ദർശനം നടത്തി കൊണ്ടിരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചത്. രാഹുൽ ഗാന്ധിയുടെ ആത്മാർത്ഥമായ പിന്തുണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നുവെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

ന്യൂ ഡൽഹി : പാർലമെന്റിൽ ഇരുസഭകളും പാസ്സാക്കിയ ഡിജിറ്റൽ വ്യക്തി വിവര സുരക്ഷ ബിൽ രാഷ്ടപതി അംഗീകരിച്ചതോടെ നിയമമായി മാറി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയിൽ ആഗസ്റ്റ് 7 നും രാജ്യസഭയിൽ 9 നുമാണ് ബിൽ പാസാക്കിയത്. വ്യക്തികളുടെ വിവരം സുരക്ഷിതമാക്കി വയ്ക്കാൻ ബിൽ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. സ്വന്തം വിവരം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് പൗരന് ചോദ്യം ചെയ്യാനാവുമെന്നത് ഈ നിയമത്തിന്റെ പ്രത്യേകതയാണ്.

അതേ സമയം നിയമപരമായ രീതിയിൽ വിവരം പങ്ക് വയ്ക്കാമെന്ന് ബിൽ അനുശാസിക്കുന്നുമുണ്ട്. സ്വകാര്യത പൗരന്റെ അവകാശമാണെന്ന് 2016 ൽ സുപ്രീം കോടതി പറഞ്ഞതിന്റെ ചുവട് പിടിച്ചാണ് കേന്ദ്രം നിയമം ഉണ്ടാക്കാൻ തീരുമാനിച്ചത്. എന്നാൽ ഈ നിയമം വരുന്നതോട് കൂടി വിവരാകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന പല വിവരങ്ങളും ഉദ്യോഗസ്ഥർക്ക് മറച്ച് വയ്ക്കാനാകുമെന്നത് തിരിച്ചടിയാണ്. വാർത്ത സ്രോതസുകളുടെയും പൗരന്റെയും സ്വകാര്യ വിവരം സർക്കാരിന് നൽകാൻ തങ്ങൾ നിർബന്ധിതരാകുമെന്ന വിമർശനവുമായി മാധ്യമപ്രവർത്തകരും ഈ വിഷയത്തിൽ മുന്നോട്ട് വരുന്നുണ്ട്.