മാപ്പ് പറഞ്ഞതുകൊണ്ട് കേസ് റദ്ദ് ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി

ന്യൂ ഡൽഹി : സാമൂഹിക മാധ്യമങ്ങളിൽ സംസ്കാരശൂന്യവും അസഭ്യവും നിറഞ്ഞ രീതിയിൽ പോസ്റ്റുകൾ ഇടുന്നവർ മാപ്പ് പറഞ്ഞെന്ന് കരുതി കേസ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി. മാധ്യമ പ്രവർത്തകയ്‌ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ് നാട് എം എൽ എയുമായ എസ് വി ശേഖറിനെതിരെയുള്ള കേസ് റദ്ദ് ചെയ്യുന്നത് നിരാകരിച്ചുകൊണ്ടാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. ഇത്തരം പോസ്റ്റുകൾ ഇടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാൻ തയ്യാറാകണമെന്നും കോടതി വിമർശിച്ചു. ശേഖറിനെതിരെ ചെന്നൈ, കരൂർ, തിരുനെൽവേലി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

വനിതാ മാധ്യമ പ്രവർത്തകയെ ആക്ഷേപിക്കാൻ ലക്ഷ്യമില്ലായിരുന്നുവെന്നും, മറ്റാരോ എഴുതിയ പോസ്റ്റ് ഷെയർ ചെയ്തത് മാത്രമേയുള്ളുവെന്നും തെറ്റ് തിരിച്ചറിഞ്ഞപ്പോൾ അത് ഡിലീറ്റ് ചെയ്‌തെന്നും ശേഖറിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കണ്ണ് അസുഖത്തിന് മരുന്ന് ഒഴിച്ചതിനാൽ വായിക്കാതെ പോസ്റ്റ് ഷെയർ ചെയ്‌തെന്ന അഭിഭാഷകന്റെ വാദം കോടതി തള്ളി . സമൂഹ മാധ്യമങ്ങളിൽ അസഭ്യമായ പോസ്റ്റ് ഇടുന്നവർ അത് മൂലമുണ്ടാകുന്ന ദൂഷ്യ വശം അനുഭവിക്കാൻ തയ്യാറാകണമെന്നാണ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.