National (Page 419)

ന്യൂഡല്‍ഹി: ലിബിയയില്‍ ഐഎസ് ചാവേറായി കൊല്ലപ്പെട്ട മലയാളിയെ കുറിച്ച് ഐസ് മുഖപത്രമായ ‘വോയ്‌സ് ഓഫ് ഖുറാസ’നില്‍ വെളിപ്പെടുത്തല്‍. കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ യുവാവാണ് ഇയാളെന്നും എഞ്ചനീയറിങ് ബിരുദധാരിയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ബംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് ദുബായില്‍ ജോലി ലഭിച്ചത്. അതിനിടെ ഒരിടത്തു നിന്ന് കിട്ടിയ ലഘുലേഖയില്‍ അതില്‍ ആകൃഷ്ടനായ ഇയാള്‍ ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇന്റര്‍നെറ്റ് വഴി പഠനം തുടങ്ങി. 2013-14ല്‍ ഇസ്ലാം മതം സ്വീകരിച്ചു. അതിനിടെയാണ് ജിഹാദിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഐഎസ് അനുകൂല പ്രവര്‍ത്തനം നടത്തുന്നവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യമനിലെ ഐഎസില്‍ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍ അന്ന് അയാള്‍ക്ക് യമനിലേക്ക് പോകാന്‍ അവസരം ഒത്തുവന്നില്ല.

പിന്നീട് യുവാവ് ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിവാഹം നടത്താന്‍ മാതാപിതാക്കള്‍ ശ്രമിക്കുകയും ഒരു വധുവിനെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, ഇയാള്‍ ജോലിയുടെ കാര്യം പറഞ്ഞു ലിബിയയിലേക്ക് പോവുകയായിരുന്നു. ഐഎസിന്റെ ശക്തികേന്ദ്രമായ സിര്‍ത്തില്‍ വച്ചാണ് ഇയാള്‍ക്ക് ആയുധ പരിശീലനം കിട്ടിയത്. സിര്‍ത്തില്‍ ഐഎസിന് നേരെയുണ്ടായ മിലിട്ടറി ഓപ്പറേഷനെ തടയാന്‍ വേണ്ടി ചാവേര്‍ ആക്രമം ആസൂത്രണം ചെയ്യുമ്പോള്‍ സ്വയം സന്നദ്ധനായി ഇയാള്‍ മുന്നോട്ടുവരികയായിരുന്നെന്ന് ലേഖനത്തില്‍ പറയുന്നു. 2015ലെ ചാവേര്‍ സ്‌ഫോടനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അബൂബക്കര്‍ അല്‍ ഹിന്ദി എന്ന പേരിലാണ് ഇയാള്‍ ഐഎസില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ന്യൂഡൽഹി: കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം തുടരുന്നു. പാർട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഓഗസ്റ്റ് ഇരുപതിന് പിസിസി തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കുമെന്നും ഓഗസ്റ്റ് 21ന് നടപടികൾ തുടങ്ങി സെപ്റ്റംബർ 20ന് എഐസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നുമായിരുന്നു കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് വിഷയത്തിൽ പ്രതികരണം നടത്താൻ കോൺഗ്രസ് തയ്യാറായിട്ടില്ല.

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കില്ലെന്നാണ് രാഹുൽഗാന്ധിയുടെ നിലപാട്. സോണിയാ ഗാന്ധിക്ക് ഇനി ദീർഘനാൾ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനാവില്ല. പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തിക്കണമെന്നാണ് ചില നേതാക്കളുടെ ആവശ്യം. കുടുംബ പാർട്ടി വിമർശനം ശക്തമാകുന്ന സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തൊരാളെ പ്രസിഡന്റായി തെരഞ്ഞെടുക്കാനാണ് സാധ്യത.

സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മാത്രം പ്രവർത്തനം തുടങ്ങുന്നതിൽ പാർട്ടിയിൽ വലിയ അതൃപ്തി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംഘടനാ തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും വിമർശനം ശക്തമാകുന്നത്.

സംസ്ഥാനത്ത് ഏത് ഓര്‍ഡിനന്‍സ് കൊണ്ടുവന്നാലും ഒപ്പിടണോ എന്ത് തീരുമാനമെടുക്കണമെന്നത് ഗവര്‍ണറുടെ താത്പര്യമാണെന്നും ഗവര്‍ണര്‍ക്ക് സവിശേഷ അധികാരങ്ങളുണ്ടെന്നും ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള പറഞ്ഞു. കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ പോര് മുറുകുന്നതിനിടെയാണ് ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.

‘കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാത്ത സാഹചര്യം ഗവര്‍ണറുടെ തീരുമാനമാണ്. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സുകളായാലും നിയമങ്ങളായാലും അതെല്ലാം ഗവര്‍ണര്‍ മനസിരുത്തി പഠിക്കണം. ചില സാഹചര്യങ്ങളില്‍ രാഷ്ട്രപതിക്ക് അയച്ച് കൊടുക്കേണ്ടിവരും. ചിലപ്പോള്‍ തിരിച്ചയക്കേണ്ടിവരും. ചിലതില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടേണ്ടി വരും. ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഗവര്‍ണര്‍ക്കുണ്ട്. തലേന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് പിറ്റേന്ന് ഒപ്പിടുന്ന രീതിയല്ല ഗവര്‍ണറുടേത്. അത് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് നിയമം കൊണ്ടുവന്നാലും അത് ഭരണഘടനയ്ക്ക് അനുയോജ്യമാണോ എത്രമാത്രം നീതിയുള്ളതാണെന്നൊക്കെ നോക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്’- വ്യക്തമാക്കി.

ന്യൂഡല്‍ഹി: കെ.ടി ജലീല്‍ കശ്മീരിനെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തെ സംബന്ധിച്ച് ലഭിച്ച പരാതിയില്‍ അന്വേഷണത്തിനായി ഡല്‍ഹി പോലീസ് പരാതി സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറി. പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. പ്രാഥമികാന്വേഷണവും നിയമോപദേശവും ലഭിച്ച ശേഷം കേസെടുത്തേക്കാം എന്നാണ് വിവരം.

ബി.ജെ.പിയുടെ അഭിഭാഷകന്‍ ജി.എസ്. മണിയാണ് കെ.ടി. ജലീലിനെതിരേ ഡല്‍ഹി തിലക് മര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടാവാത്തതിനെ തുടര്‍ന്ന് ജി.എസ്. മണി ഡി.സി.പിയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ കേസ് സൈബര്‍ ക്രൈം വിഭാഗത്തിന് നല്‍കിയിരിക്കുന്നത്.

ന്യൂഡല്‍ഹി: മദ്യനയക്കേസ് പ്രതി മനീഷ് സിസോദിയ രാജ്യം വിടരുതെന്ന് സി.ബി.ഐ അറിയിച്ചു. സിബിഐയുടെ എഫ്.ഐ.ആറില്‍ പേരുള്ള 15 പ്രതികളുടെ പട്ടികയില്‍ സിസോദിയയാണ് ഒന്നാം പ്രതി. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, അക്കൗണ്ടുകളിലെ കൃത്രിമം എന്നിവയാണ് കുറ്റങ്ങള്‍. സിസോദിയയുടെ അടുപ്പക്കാരായ ദിനേഷ് അറോറ, മനോജ് റായ്, മുംബയ് ആസ്ഥാനമായ ഇവന്റ് മാനേജ്‌മെന്റ് കമ്ബനി സി.ഇ.ഒ വിജയ് നായര്‍, തെലങ്കാനയില്‍ താമസിക്കുന്ന അരുണ്‍ രാമചന്ദ്രപിള്ള തുടങ്ങിയ 14 പേരെയാണ് പ്രതി ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയയുടെ വസതിയിലും മറ്റ് 31 സ്ഥലങ്ങളിലും വെള്ളിയാഴ്ച സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. സിസോദിയയെ സി.ബി.ഐ ചോദ്യം ചെയ്തതിന് തൊട്ടു പിന്നാലെ ഡല്‍ഹി സര്‍ക്കാരിലെ 12 ഐ.എ.എസ് ഉദ്യോഗസ്ഥരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥലം മാറ്റി നിയമിക്കുകയും ചെയ്തു. മദ്യനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്നതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും കേസില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എന്നാല്‍, ‘മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അരവിന്ദ് കേജ്രിവാളിനെയാണ്. അതില്‍ ഭയമില്ല, തങ്ങളെ തകര്‍ക്കാനാകില്ല. 2024ലെ തിരഞ്ഞെടുപ്പില്‍ മത്സരം എ.എ.പിയും ബി.ജെ.പിയും തമ്മിലായിരിക്കും. മദ്യനയം സുതാര്യമായ രീതിയിലാണ് നടപ്പിലാക്കിയത്. മുന്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അതിനെതിരെ ഗൂഢാലോചന നടത്തുകയായിരുന്നു. സംസ്ഥാനത്തിന് നഷ്ടമായത് 10,000 കോടിയുടെ വാര്‍ഷിക വരുമാനമാണ്. എനിക്കെതിരായ എല്ലാ നടപടികളും കെജ്രിവാളിന്റെ മുന്നേറ്റം തടയാനാണ്. ദേശീയ നേതാവായി കേജ്രിവാള്‍ ഉയരുമെന്ന ഭീതിയാണ് ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നില്‍. കഴിഞ്ഞ ദിവസത്തെ റെയ്ഡിനിടെ കുറെ രേഖകളും കമ്ബ്യൂട്ടറും ഫോണും ചില ഫയലുകളും സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി’- മനീഷ് സിസോദിയ പറഞ്ഞു.

ചെന്നൈ: മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട്. ബസ് ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് നിയമം ഭേദഗതി ചെയ്തത്. തമിഴ്നാട് ഭേദഗതി അനുസരിച്ച് ബസിൽ സ്ത്രീകളെ തുറിച്ചു നോക്കിയാൽ പൊലീസിന് കേസെടുത്ത് അറസ്റ്റ് ചെയ്യാം.

ഭേദഗതി അനുസരിച്ച് തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങൾ കാണിക്കൽ, ലൈംഗിക അതിക്രമം, ലൈംഗിക താത്പര്യത്തോടെ സമീപിക്കൽ തുടങ്ങിയവയെല്ലാം ശിക്ഷാർഹമായ പ്രവൃത്തികളാണ്. യാത്രകളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പുതുക്കിയ മോട്ടോർ വാഹനനിയമം പ്രഖ്യാപിച്ചത്. 1989 ലെ നിയമമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ പുതുക്കിയത്.

സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടക്ടർ ഇറക്കി വിടുകയോ പോലീസിന് കൈമാറുകയോ ചെയ്യണമെന്ന് പുതുക്കിയ നിയമത്തിൽ വ്യക്തമാക്കുന്നു. ബസ്സിനുള്ളിൽ വച്ച് സ്ത്രീകളോട് മോശമായി പെരുമാറുന്ന കണ്ടക്ടർമാർക്കു കടുത്ത ശിക്ഷയാണ് ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സ്ത്രീകളെ മോശമായി സ്പർശിക്കുന്ന കണ്ടക്ടർമാർക്കെതിരെ പൊലീസിന് കേസെടുക്കാം. ലൈംഗിക ചുവയുള്ള തമാശകൾ പറയൽ, മോശം കമന്റ് തുടങ്ങിയവയും ഗുരുതര കുറ്റൃത്യമാണ്. ബസുകളിൽ കണ്ടക്ടർമാർ പരാതി പുസ്തകം സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാൽ ഇത് അധികൃതർക്കു മുന്നിൽ ഹാജരാക്കണമെന്നും പുതിയ നിയമം നിർദേശിക്കുന്നു.

ബംഗളൂരു: മിലിട്ടറി പോലീസിൽ ചേരാൻ വനിതകൾക്ക് അവസരം. അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ വനിതകൾക്ക് അപേക്ഷിക്കാം. നവംബർ ഒന്നുമുതൽ മൂന്നുവരെ ബെംഗളൂരു മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ അവിവാഹിതരായ വനിതകൾക്ക് പങ്കെടുക്കാം. അപേക്ഷകർ കുറഞ്ഞത് 45 ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയിക്കണം. ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം. അപേക്ഷകർക്ക് കുറഞ്ഞത് 162 സെ.മീ. ഉയരവും ഉയരത്തിനാനുപാതികമായ ഭാരവുമുണ്ടായിരിക്കണം.

2022 ഒക്ടോബർ ഒന്നിന് 17.5-23 വയസ്സാണ് പ്രായപരിധി. അപേക്ഷകർ 1999 ഒക്ടോബർ ഒന്നിനും 2005 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരാകണം. ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ശാരീരികക്ഷമതാ പരീക്ഷയുടെ ഭാഗമായി 1.6 കിലോമീറ്റർ ഓട്ടം (7 മിനിറ്റ് 30 സെക്കൻഡിൽ പൂർത്തിയാക്കണം), ലോങ് ജമ്പ് (10 അടി), ഹൈജമ്പ് (മൂന്നടി) എന്നിവയിൽ യോഗ്യത നേടണം. വൈദ്യപരിശോധനയ്ക്കുശേഷം യോഗ്യരായവർക്ക് എഴുത്തുപരീക്ഷയുണ്ടായിരിക്കും. എൻ.സി.സി. ‘സി’ സർട്ടിഫിക്കറ്റുള്ളവർക്ക് എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല.

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. ഒക്ടോബർ 12 മുതൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും. സെപ്റ്റംബർ 7 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയ അഴിമതിക്കേസിൽ രണ്ട് മലയാളികളും പ്രതികൾ. മനീഷ് സിസോദിയ ഒന്നാം പ്രതിയായ കേസിലാണ് രണ്ട് മലയാളികളും പ്രതികളായത്. മുംബൈയിൽ താമസിക്കുന്ന മലയാളി വിജയ് നായർ, തെലങ്കാനയിൽ സ്ഥിര താമസമാക്കിയ അരുൺ രാമചന്ദ്രൻപിള്ള എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ 5-ാം പ്രതിയാണ് വിജയ് നായർ. അരുൺ രാമചന്ദ്രൻ പിള്ള കേസിൽ 14-ാം പ്രതിയാണ്. 15 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്.

വിജയ് ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണ് പുതിയ മദ്യനയത്തിന് പിന്നിലെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. ചില കമ്പനികളുടെ ലൈസൻസിന് അരുൺ ഇടനില നിന്നെന്നും സിബിഐ അറിയിച്ചു. മുൻ എക്‌സൈസ് കമ്മീഷണർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. അതേസമയം, ഈ ആരോപണങ്ങളെല്ലാം മനീഷ് സിസോദിയ നിഷേധിച്ചു.

എക്സൈസ് നയത്തിൽ വരുത്തിയ പരിഷ്‌കരണം, ലൈസൻസിക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസിൽ ഇളവ്/കുറവ്, അംഗീകാരമില്ലാതെ എൽ-1 ലൈസൻസ് നീട്ടൽ തുടങ്ങിയ ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്നിരുന്നു. ഈ പ്രവൃത്തികളുടെ എണ്ണത്തിൽ നിയമവിരുദ്ധമായ നേട്ടങ്ങൾ സ്വകാര്യ കക്ഷികൾ ബന്ധപ്പെട്ട പൊതുപ്രവർത്തകർക്ക് വഴിതിരിച്ചുവിടുകയും അവരുടെ അക്കൗണ്ട് ബുക്കുകളിൽ തെറ്റായി രേഖപ്പെടുത്തുകയും ചെയ്തുവെന്നും സിബിഐ ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ മനീഷ് സിസോദിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു.

മനീഷ് സിസോദിയയുടെ ഡൽഹിയിലെ വസതിയിൽ ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങളിലെ 21 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ദാമൻ ദിയുവിലുള്ള മുൻ ഡൽഹി എക്‌സൈസ് കമ്മീഷണർ എ ഗോപീകൃഷ്ണന്റെ വസതിയിലും സിബിഐ പരിശോധന നടത്തി.

ചെന്നൈ: തെന്നിന്ത്യൻ താരം തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി റിപ്പോർട്ട്. തമിഴ് മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. എം ജി ആർ, ജയലളിത, വിജയകാന്ത്, ഖുഷ്ബു, കമലഹാസൻ എന്നിവർക്ക് പിന്നാലെയാണ് തൃഷയും രാഷ്ട്രീയത്തിലെത്താൻ തയ്യാറെടുക്കുന്നത്. ഇളയ ദളപതി വിജയ്‌യുടെ ജനസേവനപ്രവർത്തികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തൃഷ രാഷ്ട്രീയത്തിലെത്തിയതെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ തൃഷയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനാണ് തൃഷയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ ആദ്യഭാഗം 2022 സെപ്തംബർ 30 നാണ് റിലീസ് ചെയ്യുക.

വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായി, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, കാർത്തി, റഹ്മാൻ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു, ശോഭിതാ ദുലിപാല, ജയചിത്ര, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. എ ആർ റഹ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രവി വർമ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. ഇളങ്കോ കുമാരവേലിന്റേതാണ് തിരക്കഥ.

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ ശക്തമായ മഴയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് വയസ്സുകാരിയും, രണ്ട് മാസം പ്രായമായ കുഞ്ഞും മരിച്ചു. ഹിമാചല്‍ പ്രദേശിലും, ഉത്തരാഖണ്ഡിലും ഇന്ന് പുലര്‍ച്ചെയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായി. നദികള്‍ കരകവിഞ്ഞൊഴുകി. ഹിമാചലിലെ കാന്‍ഗ്ര ജില്ലയില്‍ ചക്കി നദിക്ക് കുറുകെയുള്ള റെയില്‍പ്പാളം പ്രളയവെള്ളം ഒഴുകി എത്തിയതോടെ പൂര്‍ണമായി തകര്‍ന്നു.

അതേസമയം, ഹിമാചലിലെ മണ്ഡിയില്‍ വലിയ മണ്ണിടിച്ചില്‍ ഉണ്ടായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ചാമ്പയില്‍ മിന്നല്‍ പ്രളയത്തില്‍ മൂന്ന് പേരെ കാണാതായി. കാന്‍ഗ്ര ജില്ലയിലെ ചക്കി നദിക്ക് മുകളിലൂടെയുള്ള റെയില്‍പ്പാലം പൂര്‍ണമായി തകര്‍ന്നു. ഉത്തരാഖണ്ഡിലെ സാര്‍ഖേതില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വെള്ളം കയറിയതോടെ ഗ്രാമം ഒറ്റപ്പെട്ടു. ഇവിടെ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. താപ്‌കേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ വെള്ളം കയറി.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ഡി, കുളു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസമായി മഴ തുടരുന്ന മണ്ഡിയില്‍ അടുത്ത 24 മണിക്കൂര്‍ കൂടി മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഗംഗാ, യമുനാ നദികളിലും അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഉത്തരാഖണ്ഡിലും ഹിമാചലിലും ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.