സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവം; ഗ്രേസ് മാർക്ക് വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് വർധിപ്പിച്ചു. സംസ്ഥാന തലത്തിൽ കലോത്സവ ഇനങ്ങളിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 25 മാർക്കും ബി ഗ്രേഡ് ലഭിക്കുന്നവർക്ക് 20 മാർക്കും സി ഗ്രേസ് ലഭിക്കുന്നവർക്ക് 15 മാർക്കും ലഭിക്കുമെന്നാണ്അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

എ ഗ്രേഡിന് 20 മാർക്കും ബി ഗ്രേഡിന് 15 മാർക്കും സി ഗ്രേഡിന് 10 മാർക്കുമായിരുന്നുകഴിഞ്ഞ വർഷം നൽകിയിരുന്നത്. സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്, സർഗോത്സവം വിജയികൾക്കും ഗ്രേസ് മാർക്ക് വർധിപ്പിച്ചു.

ഈ അധ്യയന വർഷത്തിൽ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ എ ഗ്രേഡിന് 20 മാർക്കും ബി ഗ്രേഡിന് 15 മാർക്കും സി ഗ്രേഡിന് 10 മാർക്കും ലഭിക്കും. കഴിഞ്ഞ വർഷം ആദ്യ 3 സ്ഥാനക്കാർക്ക് 15 മാർക്ക് വീതമാണ് നൽകിയിരുന്നത്.

സർഗോത്സവത്തിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 15 മാർക്ക് ലഭിക്കും. മുൻ വർഷം ഇത് 13 മാർക്കായിരുന്നു. ബി ഗ്രേഡ് ലഭിക്കുന്നവർക്ക് 10 മാർക്ക് തന്നെ തുടരും. മറ്റു വിഭാഗങ്ങളിൽ കഴിഞ്ഞ തവണ പരിഷ്‌കരിച്ച ഗ്രേസ് മാർക്ക് തന്നെ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.