National (Page 418)

ഇന്ത്യയില്‍ ജനാധിപത്യം മരിച്ചെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സ്വേച്ഛാധിപത്യം ആസ്വദിക്കുകയാണോ എന്നും രാഹുല്‍ ചോദിക്കുന്നു.

‘ദിനംപ്രതി ജനാധിപത്യം കൊലചെയ്യപ്പെടുന്നു. നാല് പേരുടെ ഏകാധിപത്യമാണ് ഇന്ന് നടക്കുന്നത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയെ കുറിച്ച് ജനങ്ങളുമായി സംസാരിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. പാര്‍ലമെന്റ് മന്ദിരത്തില്‍ സംസാരിക്കാന്‍ പ്രതിപക്ഷത്തിന് അനുവാദമില്ല. എതിര്‍ക്കുന്നവരെ കേന്ദ്ര ഏജന്‍സികള്‍ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുന്നു. ഇതാണ് ഇന്ത്യയുടെ അവസ്ഥ. 70 വര്‍ഷത്തെ ജനാധിപത്യം വെറും എട്ട് കൊല്ലം കൊണ്ട് അവസാനിച്ചു. രാജ്യത്തെ ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും കരുത്തിലാണ് പ്രതിപക്ഷം നിലകൊള്ളുന്നത്. എന്നാല്‍, ഇന്ന് ഈ സ്ഥാപനങ്ങളെല്ലാം സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും സ്വതന്ത്രമല്ല. കോണ്‍ഗ്രസ് പോരാട്ടം രാഷ്ട്രീയ പാര്‍ട്ടികളോടല്ല, മറിച്ച് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ്. എന്നാല്‍, ഇന്ന് ആരെങ്കിലും പ്രതിപക്ഷത്തെ പിന്തുണയ്ക്കുകയാണെങ്കില്‍ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്’- രാഹുല്‍ വ്യക്തമാക്കി.

അതേസമയം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ജിഎസ്ടി, അന്വേഷണ ഏജന്‍സിയുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്ത് നല്‍കി. മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. തമിഴ്‌നാട് സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കഴിഞ്ഞ വര്‍ഷം കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെ രാത്രി സമയത്ത് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയിലെ നീരൊഴുക്ക് വര്‍ധിച്ച് പല വീടുകളിലും വെള്ളം കയറിയ സാഹചര്യം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് നടപടികള്‍ നേരത്തെ അറിയിക്കണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെ.മീ വീതം തുറന്നു. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി ആയി ഉയര്‍ത്തും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശിച്ചു. മഴ ശക്തമായതിനാല്‍ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ട്. മഴക്കെടുതി രൂക്ഷമായതിനാല്‍ എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമുകള്‍ തുറക്കുന്നതിന്റ ഭാഗമായി ആവശ്യമെങ്കില്‍ ജനങ്ങളെ ഒഴുപ്പിക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ണ്ണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നാല് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തും. ജിഎസ്ടി കുടിശ്ശിക ഉൾപ്പെടെയുള്ളവ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമാകുമെന്നാണ് വിവരം.

രാഷ്ട്രപതി ദ്രൗപതി മുർമുവുമായും മമത ബാനർജി കൂടിക്കാഴ്ച്ച നടത്തും. ഓഗസ്ത് 7 ന് നടക്കുന്ന നിതി ആയോഗ് യോഗത്തിലും മമത പങ്കെടുക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് നിതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗം ചേരുക. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും മമതയുടെ പരിഗണനയിലുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം, മമത ബാനർജി തൃണമൂൽ എംപിമാരുടെ യോഗം വിളിച്ച് പാർലമെന്റിന്റെ നിലവിലെ സമ്മേളനത്തെക്കുറിച്ച് ചർച്ച ചെയ്തു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ചുള്ള ചർച്ചകളും നടന്നു. പശ്ചിമ ബംഗാളിലെ ഏഴ് പുതിയ ജില്ലകളുടെ പേരുകൾ സംബന്ധിച്ച നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ചാ വിഷയമായി.

ലക്നൗ: ഉത്തർപ്രദേശിൽ പുതിയ പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേയും ഒരു വ്യക്തിക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക പദ്ധതികൾ ആരംഭിക്കാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ഒരാൾക്ക് പോലും ജോലിയില്ലാത്ത കുടുംബങ്ങളുടെ വിവരം ശേഖരിക്കും. ഈ കുടുംബത്തിലെ അംഗങ്ങളെ ഈ സർക്കാർ പദ്ധതിയുമായി ബന്ധപ്പെടുത്തുകയും, ഇതുവഴി ഒരു കുടുംബാംഗത്തിനെങ്കിലും ജോലി ഉറപ്പാകുകയും ചെയ്യും. സംസ്ഥാനത്തെ ഒരു കുടുംബത്തിൽ പോലും തൊഴിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല. സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ യുവാക്കളുടെ കഴിവ് തിരിച്ചറിയുന്നതിനായി സ്‌കിൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങി നിരവധി പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ അഞ്ച് ലക്ഷം യുവാക്കൾക്കാണ് ജോലി നൽകിയത്. 60ലക്ഷത്തോളം ആളുകൾക്ക് സ്വയം തൊഴിലിനായി വായ്പ നൽകിയെന്നും അദ്ദേഹം അറിയിച്ചു. 2015-16 വർഷത്തിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 18 ശതമാനമായിരുന്നു. എന്നാൽ ഇന്നത് 2.7 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1 ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറാനുള്ള നടപടികളാണ് ഉത്തർപ്രദേശ് സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ അഞ്ച് ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിലേക്കുള്ള വലിയ സംഭാവനയായിരിക്കും ഇതെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. സമ്പത്തിന്റെ കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് ഉത്തർപ്രദേശ്. നേരത്തെ ആറാം സ്ഥാനമാണ് യുപിയ്ക്കുണ്ടായിരുന്നത്.

ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹർ ഘർ തിരങ്ക ക്യാമ്പയിനിൽ ബിജെപി നേതൃത്വത്തിനെതിരെ രാഹുൽഗാന്ധി വിമർശനവുമായി രംഗത്തെത്തിയത്. 52 വർഷമായി ദേശീയ പതാക ഉയർത്താതെ അതിനെ അപമാനിക്കുന്നവരാണ് ഇപ്പോൾ ക്യാമ്പയിനുമായി രംഗത്തെത്തിയതെന്ന് അദ്ദേഹം പരിഹസിച്ചു. കർണാടക സന്ദർശനത്തിനിടെ ഹുബ്ലി ജില്ലയിലെ ഖാദി ഗ്രാമം സന്ദർശിച്ച ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ത്രിവർണപതാക ഉയരങ്ങളിലെത്തിക്കുന്നതിനായി ലക്ഷക്കണക്കിനാളുകളാണ് ജീവൻ ത്യജിച്ചത്. എന്നാൽ, രാജ്യത്തെ ഒരു സംഘടന ഒരുകാലത്തും ത്രിവർണ പതാകയെ സ്വീകരിച്ചിരുന്നില്ല. നാഗ്പൂരിലെ ആസ്ഥാനത്ത് 52 വർഷമായി ത്രിവർണ പതാക ഉയർത്താത്ത അവർ നിരന്തരം അതിനെ അപമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, ഇപ്പോൾ ഇപ്പോൾ അതേ സംഘടനയുടെ ആളുകൾ ത്രിവർണ പതാകയുടെ ചരിത്രം പഠിപ്പിക്കുന്നു. ഹർ ഘർ തിരങ്ക ക്യാമ്പയിനുമായി രംഗത്തെത്തുന്നു. എന്തുകൊണ്ട് ആർഎസ്എസ് 52 വർഷമായി ത്രിവർണ പതാക ഉയർത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിലേക്ക് പോളിസ്റ്റർ നിർമ്മിത ചൈനീസ് പതാകകൾ ഇറക്കുമതി ചെയ്ത് ഖാദി മേഖലയിലുള്ളവരുടെ തൊഴിൽ നഷ്ടമുണ്ടാക്കിയത് എന്തിനാണെന്നും രാഹുൽ ചോദിക്കുന്നു. ഹുബ്ലിയിൽ ദേശീയപതാക നിർമ്മിക്കുന്ന ഖാദിയിലെ ജോലിക്കാരെ നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ജസ്റ്റിസ് യു യു ലളിതിന്റെ പേര് ശുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ശുപാർശ ചെയ്തത്. കേന്ദ്ര സർക്കാരിന് അദ്ദേഹം ശുപാർശ കൈമാറി. ഓഗസ്റ്റ് 26 നാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിക്കുന്നത്. ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്‌വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വർ (എംഒപി) പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ ശുപാർശ ചെയ്യേണ്ടത് നിലവിലുള്ള ചീഫ് ജസ്റ്റീസാണ്.

ജസ്റ്റിസ് യു യു ലളിതാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിച്ചാൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി. 2022 നവംബർ 8 വരെ ജസ്റ്റിസ് യു യു ലളിതിന് കാലാവധിയുണ്ട്. ചീഫ് ജസ്റ്റിസായി നിയമിതനായാൽ മൂന്ന് മാസം എൻ വി രമണയ്ക്ക് സേവനം അനുഷ്ഠിക്കാം. സുപ്രീംകോടതി ജഡ്ജിയായി ബാറിൽ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും യു യു ലളിത്. ജസ്റ്റിസ് എസ് എം സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തിൽ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്.

1983ൽ ബോംബെ ഹൈക്കോടതിയിലാണ് ജസ്റ്റിസ് ലളിത് അഭിഭാഷകനായി എന്റോൾ ചെയ്തത്. 2014ൽ ആണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്.

ന്യൂഡൽഹി: യങ് ഇന്ത്യൻ ഓഫീസ് താത്ക്കാലികമായി സീൽ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ഓഫീസും പരിസരവും മറ്റും വിശദമായ പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. മുൻകൂട്ടിയുള്ള അനുമതി ഇല്ലാതെ ഓഫീസും പരിസരവും തുറക്കുവാൻ പാടില്ലെന്നാണ് നിർദ്ദേശം.

എന്നാൽ ഹെറാൾഡ് ഹൗസ് ബിൽഡിംഗിലെ മറ്റ് കെട്ടിടങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാം. പത്രത്തിന്റെ ഐടിഒയ്ക്ക് സമീപത്തുള്ള ബഹദൂർഷ സഫർ മാർഗ് ഓഫീസ് അടക്കം 11 ഇടങ്ങളാണ് കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച ഇഡിയുടെ അന്വേഷണ പരിധിക്കുള്ളിൽ ഉൾപ്പെട്ടിട്ടുള്ളത്. യങ് ഇന്ത്യൻ ഓഫീസ്സ് താൽക്കാലികമായി സീൽ ചെയ്തിട്ടു മാത്രമേയൊള്ളുവെന്നും സേർച്ചോ മറ്റോ തങ്ങളുടെ ഭാഗത്തു നിന്നും നടന്നിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

പ്രിൻസിപ്പൽ ഓഫീസർ മല്ലികാർജ്ജുൻ ഗാർഗെ സ്ഥലത്തേക്ക് എത്തിയെങ്കിലും സെർച്ച് നടക്കും മുൻപ് അവിടെ നിന്നും പോയി. റെയ്ഡ് സമാപിക്കുന്നതുവരെ സഹകരിക്കണമെന്ന് പ്രിൻസിപ്പൽ ഓഫീസർക്ക് (മല്ലികാർജ്ജുൻ ഗാർഗെ) സമൻസ് അയച്ചിരുന്നു. സ്ഥാപനത്തിന്റെ ഔദ്യോഗിക അധികാരിയായ വ്യക്തി നേരിട്ടെത്തി സേർച്ച് തീരുന്നത് വരെ സ്ഥാപനത്തിലുള്ള സീൽ തുടരുമെന്നും അധികൃതർ അറിയിച്ചു.

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്ഥാനത്ത് ഇഡി നടത്തിയ റെയ്ഡില്‍ പൊട്ടിത്തെറിച്ച് സോണിയ ഗാന്ധി. ‘നാഷനല്‍ ഹെറള്‍ഡിന്റെ പാരമ്പര്യം നിങ്ങള്‍ക്കറിയില്ലേ? ജവാഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച പത്രമാണത്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച പത്രത്തിന്റെ ആസ്ഥാനത്താണ് ഇഡി സംഘം കയറിയത്. ബ്രിട്ടിഷുകാര്‍ പോലും ചെയ്യാത്ത പ്രവൃത്തിയാണത്. ഇതിനെതിരെ പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിക്കണം’- സോണിയ പറഞ്ഞു. പാര്‍ലമെന്റില്‍ ഇന്നലെ രാവിലെ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി എംപിമാരെ അഭിസംബോധന ചെയ്യവെ ക്ഷുഭിതയാവുകയായിരുന്നു അവര്‍.

അതേസമയം, നാഷനല്‍ ഹെറള്‍ഡിന്റെ ആസ്ഥാനം ഇഡി മുദ്രവച്ചതിനു പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തിനും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വസതികള്‍ സ്ഥിതി ചെയ്യുന്ന റോഡുകള്‍ക്കും മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ നിരത്തിയിരുന്നു. ഇതോടെ ഇരുവരെയും അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന പരന്നു. പി്ന്നീട് ബാരിക്കേഡുകള്‍ നീക്കം ചെയ്തു. പത്രത്തിന്റെ പ്രസാധകരായിരുന്ന അസോഷ്യേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും സ്വത്തും യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തതില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസാണ് ഇഡി അന്വേഷിക്കുന്നത്. രേഖകളും തെളിവുകളും നഷ്ടപ്പെടാതിരിക്കാനാണു നാഷനല്‍ ഹെറള്‍ഡ് ആസ്ഥാനം മുദ്രവച്ചതെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍, കോണ്‍ഗ്രസിനെ നിശ്ശബ്ദമാക്കാന്‍ കഴിയില്ലെന്നും കേന്ദ്രത്തിന്റേതു വിനാശകാലത്തെ വിപരീത ബുദ്ധിയാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പൊതുപണം കൊള്ളയടിക്കുന്നവര്‍ നടപടി നേരിടേണ്ടി വരുമെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ബിജെപി വക്താവ് സംബിത് പത്രയും ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ നിലപാട് കടുപ്പിച്ച് രാജ്യസഭാംഗം പി ടി ഉഷ. കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗം കർശനമായി തടയപ്പെടേണ്ടതാണെന്ന് പി ടി ഉഷ പറഞ്ഞു. രാജ്യസഭയിലെ തന്റെ കന്നിപ്രസംഗത്തിലാണ് പി ടി ഉഷ ഇക്കാര്യം അറിയിച്ചത്.

മുതിർന്ന കായിക താരങ്ങൾ മാത്രമായിരുന്നു മരുന്നടിയുടെ പേരിൽ മുമ്പ് ആരോപണവിധേയരായിരുന്നതെങ്കിൽ ഇപ്പോഴത് ജൂനിയർ താരങ്ങളിലേക്ക് വരെ എത്തിയിരിക്കുകയാണെന്നും പി ടി ഉഷ ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്ത്യൻ കായികരംഗത്തിന് പ്രത്യേകിച്ച് അത്ലറ്റിക്സിന് ലഭിച്ച അംഗീകാരമാണ് തനിക്ക് കിട്ടിയ സ്ഥാനമെന്ന് പി ടി ഉഷ നേരത്തെ പറഞ്ഞിരുന്നു. ഉഷ ഇന്ത്യക്കാർക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടപ്പോൾ അഭിമാനം തോന്നിയെന്നും പി ടി ഉഷ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഇടപെടൽ രാജ്യത്തിന് ഗുണകരമാണ്. കായികമേഖലയ്ക്ക് വേണ്ടി നിരവധി സ്‌കീമുകളാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. കേരളത്തിന് പുറത്ത് മറ്റെവിടെയെങ്കിലുമായിരുന്നു സ്‌കൂൾ തുടങ്ങിയതെങ്കിൽ കൂടുതൽ പരിഗണന ലഭിക്കുമായിരുന്നു. ഇവിടെ കായിക മേഖലയിൽ പ്രവർത്തിക്കാൻ ധാരാളം ബുദ്ധിമുട്ടുകളുണ്ട്. നമ്മുടെ രാജ്യത്ത് കായിക മേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും പി ടി ഉഷ അറിയിച്ചിരുന്നു.

കായികലോകത്തെ പി.ടി ഉഷയുടെ നേട്ടങ്ങളും പുതിയ തലമുറയെ വാർത്തെടുക്കാൻ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനാർഹമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

വിദേശ പൗരന്മാര്‍ക്കായി രണ്ടു മാസത്തിനകം താല്‍ക്കാലിക തടങ്കല്‍ കേന്ദ്രം സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് സാമൂഹ്യനീതി വകുപ്പിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചില വിദേശ പൗരന്മാരെ ജയിലുകളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. നൈജീരിയന്‍ സ്വദേശിയായ ഒലോറുംഫെമി ബെഞ്ചമിന്‍ ബാബ ഫെമി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

അതേസമയം, 2012-ല്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്ത് വിചാരണ നേരിടുന്നവരും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി സ്വരാജ്യത്തേക്ക് തിരിച്ചുപോകുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാകാന്‍ കാത്തിരിക്കുന്നവരുമായ വിദേശ പൗരന്മാരെ പാര്‍പ്പിക്കാന്‍ താല്‍കാലിക തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. അനധികൃതമായി രാജ്യത്തു പ്രവേശിച്ചവര്‍, വിസയുടെയും പാസ്‌പോര്‍ട്ടിന്റെയും കാലാവധി തീര്‍ന്നവര്‍, വിചാരണ നേരിടുന്ന വിദേശികള്‍, ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തല്‍ കാത്തിരിക്കുന്നവര്‍ എന്നിവരെയാണ് തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കേണ്ടത് എന്നായിരുന്നു കേന്ദ്ര നിര്‍ദേശം.

ചുരുങ്ങിയത് ഒരു തടങ്കല്‍ പാളയമെങ്കിലും ഒരു സംസ്ഥാനത്ത് നിര്‍മ്മിക്കണമെന്ന് 2018 ലും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഗുവാഹത്തി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തന്റെ സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് മുന്‍ അസം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് ചൂണ്ടിക്കാട്ടിയിരുന്നു. ‘വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂവായിരം പേരെ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ 46 കോടി രൂപ നല്‍കി. ഇപ്പോള്‍ തടങ്കല്‍ കേന്ദ്രങ്ങളില്ലെന്ന് മോദിക്ക് എങ്ങനെ പറയാന്‍ കഴിയും’-എന്നു അദ്ദേഹം ചോദിച്ചു.