National (Page 802)

ന്യൂഡൽഹി: ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ കേരളത്തിനെതിരെയും ആന്ധ്രപ്രദേശിനെതിരെയും രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പരീക്ഷ നടത്തിയേ തീരൂവെന്ന് വാശിപിടിക്കുന്നത് എന്തിനെന്ന് സംസ്ഥാനങ്ങളോട് കോടതി ചോദിച്ചു. പരീക്ഷ നടത്തി കുട്ടികളെ അപകടത്തിലാക്കരുതെന്നും കോടതി പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത ഇപ്പോഴുമുണ്ട്. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ പരീക്ഷ നടത്താൻ അനുവദിക്കില്ല. കേരളത്തിൻറെ സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്ലസ് വൺ പരീക്ഷയുടെ കാര്യത്തിൽ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനും വിദ്യാർത്ഥികളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കാനാകില്ലെന്നും സെപ്തംബറിൽ പരീക്ഷ നടത്തുന്നതിനോട് യോജിക്കാനാകില്ലെന്നും കോടതി അറിയിച്ചു. ഓരോ മരണത്തിനും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കുമെന്നാണ് ആന്ധ്രാപ്രദേശിനോട് കോടതി പറഞ്ഞത്.

ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് നൽകുമെന്ന് പ്രമുഖ വിമാന കമ്പനി. ഇൻഡിഗോ എയർലൈൻസാണ് കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച യാത്രികർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് നൽകുമെന്ന് അറിയിച്ചിരിക്കുന്നത്.

വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്കും ഒരു ഡോസെങ്കിലും സ്വീകരിച്ചവർക്കും ടിക്കറ്റ് നിരക്കിന്റെ പത്ത് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ബുധനാഴ്ച്ച മുതലാണ് ഡിസ്‌കൗണ്ട് ഓഫർ ലഭ്യമാകുകയെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.

പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ള യാത്രക്കാർക്കാണ് ഡിസ്‌കൗണ്ട് ആനുകൂല്യം ലഭിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലുണ്ടായിരിക്കണം കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടായിരിക്കണം എന്നിവയാണ് ഡിസ്‌കൗണ്ട് ലഭ്യമാകാനുള്ള നിബന്ധനകൾ. ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് ലഭിച്ച യാത്രക്കാർ കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ തങ്ങളുടെ വാക്‌സിനേഷൻ സ്റ്റാറ്റസ് ആരോഗ്യസേതു മൊബൈൽ ആപ്പിൽ വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടർ/ ബോർഡിങ് ഗേറ്റിൽ കാണിക്കുകയോ വേണം.

covid

ന്യൂഡല്‍ഹി: ഡെല്‍റ്റ പ്ലസ് വൈറസ് ബാധിച്ച് മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയില്‍ ആദ്യം മരണം. മധ്യപ്രദേശ് ആരോഗ്യ വിദ്യാഭ്യാസമന്ത്രി വിശ്വാസ് സാരംഗാണ് മരണവിവരം പുറത്ത് വിട്ടത്. അഞ്ച് രോഗികളാണുണ്ടായിരുന്നത്. മറ്റ് നാല് പേര്‍ രോഗമുക്തരായി. മേയില്‍ ഇവരില്‍ നിന്ന് ശേഖരിച്ച ജനിതക ശ്രേണി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മരണമടഞ്ഞയാള്‍ വാക്സിന്‍ സ്വീകരിച്ചിരുന്നില്ല. രോഗമുക്തരായ മറ്റ് നാല് പേരും വാക്സിന്‍ സ്വീകരിച്ചവരാണ്.

എന്നാല്‍, ഡെല്‍റ്റ പ്ലസ് വകഭേദം കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്നതിന് തെളിവില്ലെന്ന് ജനിതക പഠനരംഗത്തെ വിദഗ്ധനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആന്റ് ഇേെന്റഗ്രറ്റീവ് ബയോളജി ഡയറക്ടര്‍ കൂടിയായ ഡോ. അനുരാഗ് അഗര്‍വാള്‍ പറഞ്ഞു. മഹാരാഷ്്രടയില്‍ നിന്ന് സ്വീകരിച്ച 3500 ഓളം സാംപിളുകളില്‍ ജനിതക പരിശോധന നടത്തി. അവിടെ ഡെല്‍റ്റ പ്ലസ് സാന്നിധ്യം കണ്ടെത്തി.എന്നാല്‍ ഡെല്‍റ്റയുടെ ഏതു വകഭേദവും രാജ്യത്ത് ഏഴിടങ്ങളിലായി 40ല്‍ ഏറെ പേരിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. ഇതോടെ മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു.

ന്യൂഡല്‍ഹി: അലോപ്പതിക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് എടുത്ത കേസുകള്‍ മരവിപ്പിക്കണമെന്നും വിവിധ സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്‌ഐആര്‍ സംയുക്തമായി ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ബാബാ രാംദേവ് സുപ്രിംകോടതിയെ സമീപിച്ചു. റെംഡിസിവിര്‍ ഉള്‍പ്പെടെ ഡ്രഗ്‌സ് കണ്ട്രോളര്‍ അംഗീകരിച്ച മരുന്നുകള്‍ പരാജയമാണെന്നും അലോപ്പതി വിവേകശൂന്യമായ ശാസ്ത്രം ആണെന്നും രാംദേവ് പറയുന്നതിന്റെ വിഡിയോ കഴിഞ്ഞ മാസം പുറത്തുവന്നതാണ് വിവാദമായത്.

ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, രാംദേവിനു കത്തയച്ചു.ഇതോടെ തന്റെ പ്രസ്താവന പിന്‍വലിക്കുന്നതായി രാംദേവ് അറിയിച്ചിരുന്നു.എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിവിധ യൂണിറ്റുകള്‍ ബാബാ രാംദേവിനെതിരെ കേസ് നല്‍കുകയായിരുന്നു.

ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് പൊലീസ് തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് സേലത്തെ ഏതാപൂരിന് സമീപത്തെ ചെക്ക്‌പോസ്റ്റില്‍വെച്ചാണ് എസ്.എസ്.ഐ പെരിയസ്വാമിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുരുകേശനെ മര്‍ദ്ദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു.

പിന്നീട് സേലത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. കല്ലക്കുറിച്ചിയില്‍ പോയി മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് മുരുകേശനെ പോലീസ് തടഞ്ഞത്. അതേസമയം, മുരുകേശന്‍ അസഭ്യം പറഞ്ഞതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് സംഘത്തിലുണ്ടായിരുന്ന പോലീസുകാരന്‍ പറഞ്ഞു. എസ്.എസ്.ഐ. പെരിയസ്വാമിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ന്യൂഡൽഹി: അയൽ രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ വിതരണം പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യ അയൽരാജ്യങ്ങൾക്ക് വാക്‌സിൻ നൽകുന്നത് നിർത്തിവെച്ചത്. രണ്ടാം തരംഗ രോഗവ്യാപനം കുറഞ്ഞതോടെയാണ് വീണ്ടും മറ്റ് രാജ്യങ്ങൾക്ക് കേന്ദ്ര സർക്കാർ വാക്‌സിൻ നൽകാനൊരുങ്ങുന്നത്. ജൂലായ് മാസം അവസാനമോ ഓഗസ്റ്റ് ആദ്യമോ ഇന്ത്യ വാക്സിൻ മൈത്രി പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ വാക്സിൻ നിർമ്മാണത്തിന്റെ തോതനുസരിച്ചായിരിക്കും അയൽ രാജ്യങ്ങൾക്ക് വാക്‌സിൻ നൽകുന്നത്. ഇത്തവണ ഇന്ത്യ വിദൂര രാജ്യങ്ങൾക്ക് വാക്‌സിൻ നൽകില്ലെന്നാണ് വിവരം. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾ വാങ്ങിയിരുന്ന വാക്സിനുകൾ നൽകാനാണ് ഇന്ത്യയുടെ നീക്കം. ഭൂട്ടാനും പരിഗണന നൽകുന്നുണ്ടെന്നാണ് വിവരം.

ഇക്കഴിഞ്ഞ ജനുവരി 20 മുതലാണ് ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് ‘വാക്സിൻ മൈത്രി’ എന്ന പദ്ധതിയുടെ ഭാഗമായി വാക്സിൻ സൗജന്യമായും വിൽപനയ്ക്കായും നൽകിത്തുടങ്ങിയത്. ഏപ്രിൽ മാസത്തിലാണ് വാക്‌സിൻ മൈത്രി പദ്ധതി ഇന്ത്യ താത്ക്കാലികമായി നിർത്തിയത്. ഇതിനിടെ 66 മില്യൺ ഡോസ് വാക്സിനുകളാണ് ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. ഇന്ത്യ വാക്‌സിൻ കയറ്റുമതി താത്ക്കാലികമായി അവസാനിപ്പിച്ചതോടെ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ വാക്‌സിൻ കയറ്റുമതി ആരംഭിച്ചു. ചൈന ഇതുവരെ നേപ്പാളിന് എട്ട് ലക്ഷം ഡോസ് വാക്സിനും ബംഗ്ലാദേശിന് അഞ്ച് ലക്ഷം കോവിഡ് വാക്‌സിനും വിതരണം ചെയ്തു. എന്നാൽ ഇന്ത്യ വാക്‌സിൻ വിതരണം പുനരാരംഭിക്കണമെന്നാണ് അയൽരാജ്യങ്ങൾ നിരന്തരമായി ആവശ്യപ്പെടുന്നത്.

ന്യൂഡൽഹി: ഓൺലൈൻ വിപണന രംഗത്തെ സുതാര്യതയ്ക്കും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിനുമായി പുതിയ നയങ്ങളുമായി കേന്ദ്രം. തിങ്കളാഴ്ച്ച കേന്ദ്രസർക്കാർ പുറത്തിറക്കിയ നിയമങ്ങളുടെ കരട് പ്രകാരം ഓൺലൈനിൽ ഫ്‌ളാഷ് സെയിലുകൾക്ക് നിരോധനം വരും. കൃത്യസമയത്ത് ഉപയോക്താവ് ഓർഡർ ചെയ്ത വസ്തു എത്തിച്ചില്ലെങ്കിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ശിക്ഷ നേരിടേണ്ടി വരും. ഫുഡ് ആന്റ് കൺസ്യൂമർ അഫേഴ്‌സ് മന്ത്രാലയമാണ് പുതിയ നിയമത്തിനായുള്ള നിർദേശങ്ങൾ പുറത്തിറക്കിയത്.

ഓൺലൈൻ വിപണന രംഗത്തെ നിയന്ത്രണങ്ങൾക്കും മേഖലയിൽ കുത്തകവത്കരണം ഇല്ലാത്തതും സ്വതന്ത്ര്യവുമായ മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ നിർദ്ദേശങ്ങളെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഓൺലൈൻ തട്ടിപ്പിന് തടയിടാനായും കച്ചവടത്തിന്റെ ധാർമ്മികതയ്ക്കുമായാണ് കേന്ദ്രം ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്.

സർക്കാർ പുറത്തിറക്കിയ കൺസ്യൂമർ പ്രൊട്ടക്ഷൻ (ഇ-കോമേഴ്‌സ് റൂൾ)2020 കരടുചട്ടങ്ങൾക്ക് അടുത്ത മാസം 6 വരെ ഭേദഗതികൾ നിർദേശിക്കാം. ഇ-കോമേഴ്‌സ് സൈറ്റുകളിൽ ക്രമസമാധാന സംവിധാനങ്ങളുമായി 24 മണിക്കൂറും ബന്ധം സ്ഥാപിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാണ് പുതിയ നിർദേശങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താവിന് നൽകുന്ന ഉത്പന്നത്തിന്റെ കാലാവധിയും ഉത്പന്നം ഏതു രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്തതാണെന്നും വ്യക്തമാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സേവനത്തിലുണ്ടാകുന്ന പോരായ്മയ്ക്ക് ഇ-കൊമേഴ്‌സ് സംരംഭം ഉത്തരവാദി ആയിരിക്കുമെന്നും നിർദേശങ്ങളിലുണ്ട്.

ഇ-കൊമേഴ്‌സ് സംരംഭങ്ങൾക്ക് റജിസ്‌ട്രേഷൻ നിർബന്ധമാക്കുമെന്നും കേന്ദ്രം അറിയിച്ചു. ആമസോൺ, ഫ്‌ളിപ്കാർട് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികൾ വിപണിയിലെ മേൽക്കൈ ദുരുപയോഗിക്കുന്നുവെന്ന പേരിൽ കോംപറ്റീഷൻ കമ്മിഷന്റെ അന്വേഷണം നേരിടുന്നതിനിടെയാണ് കേന്ദ്രം ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത്.

മുംബൈ: നഗരത്തിലെ മരങ്ങളുടെ സംരക്ഷണത്തിനായി ട്രീ സർജനെ നിയമിച്ച് മുംബൈ. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ റോഡരികിലും മറ്റുമായി വളർന്നു നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള മരങ്ങളുടെ സംരക്ഷിക്കുന്നതിനും അവയുടെ മൂല്യനിർണയം നടത്തുന്നതിനുമാണ് ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ട്രീ സർജന്മാരെ നിയമിച്ചത്. ആർബോറിസ്റ്റ് അല്ലെങ്കിൽ ആർബോരികൾച്ചറിസ്റ്റ് എന്നീ പേരുകളിലാണ് ട്രീസർജന്മാർ അറിയപ്പെടുക.

അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ മരങ്ങളുടെ ശിഖരങ്ങളും മറ്റും വെട്ടിമാറ്റുന്നതിന് നേതൃത്വം നൽകുക, മരങ്ങളെ പരിപാലിക്കുക, മരങ്ങളെ കുറിച്ച് പഠിക്കുക എന്നിവയാണ് ട്രീ സർജന്മാരുടെ ചുമതല. പദ്ധതിയുടെ ഭാഗമായി ബിഎംസിയുടെ കീഴിലുള്ള ഡി വാർഡിൽ ആർബോറിസ്റ്റായ വൈഭവ് രാജെയെ നിയമിച്ചു. ഇതിന്റെ ഫലപ്രാപ്തി അനുസരിച്ചായിരിക്കും മുംബൈ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപിക്കുക. മുംബൈ നഗരത്തിലെ പ്രധാന സ്ഥലങ്ങളായ മലബാർ ഹിൽ, ടാർഡിയോ, പെഡ്ഡാർ റോഡ് എന്നിവ ഉൾപ്പെട്ടതാണ് ഡി വാർഡ്.

പ്രദേശത്തുള്ള 100 മുതൽ 150 മരങ്ങളെ അവയുടെ അപകട സാധ്യത ഒഴിവാക്കി എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ച് പഠനം നടത്തുമെന്ന് ആർബോറിസ്റ്റ് വൈഭവ് രാജെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വെള്ളപ്പൊക്കം, കനത്ത മഴ, കാറ്റ് എന്നിവയെല്ലാം മരങ്ങൾ കടപുഴകി വീഴുന്നതിനും ശിഖരങ്ങൾ ഒടിയുന്നതിനുമൊക്കെ കാരണമാകാറുണ്ട്. ഫംഗൽ ഇൻഫെക്ഷൻ, വേരുകൾ ഇളകുന്നതുമെല്ലാം മരങ്ങൾ പെട്ടെന്ന് നശിക്കാൻ കാരണമാകുന്നുണ്ട്. ഇത് പുറമെ നിന്നും നോക്കിയാൽ മാത്രം മനസിലാകില്ല.

മരം വീണ് അപകടം ഉണ്ടാകുന്നത് മുൻകൂട്ടി മനസ്സിലാക്കാനും അത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും പഠനത്തിലൂടെ സാധിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. മരങ്ങളുടെ ഭൗതികമായ പ്രത്യേകതകൾ രേഖപ്പെടുത്തുകയും പിന്നീട് മരത്തിന്റെ ഘടനാപരമായ പ്രശ്‌നങ്ങൾ, ദ്രവിച്ച ഭാഗങ്ങൾ, മരങ്ങൾക്ക് എന്തെങ്കിലും രോഗം സംഭവിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം പഠനം നടത്തുകയും ചെയ്യും. മരം നിൽക്കുന്ന പ്രദേശത്തെക്കുറിച്ചും അവിടുത്തെ മണ്ണിന്റെ സ്വഭാവം, മരത്തിന്റെ വേരുകൾ എന്നിവയെ കുറിച്ചും പഠനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

vaccine

ന്യൂഡൽഹി: ഭാരത് ബയോടെകിന്റെ കോവാക്സിൻ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്. മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചവരിൽ രോഗബാധയുണ്ടായാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ട സാധ്യത 100 ശതമാനവും ഇല്ലാതായെന്നും മൂന്നാംഘട്ട പരീക്ഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിൻ.

ഹൈദരാബാദ് ആസ്ഥാനമായ 25,800 പേരിലാണ് കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിശദമായ ഭാരത് ബയോടെക് ഡ്രഗ്സ് കൺട്രോളർ ജനറലിന് സമർപ്പിച്ച റിപ്പോർട്ട് ഡിസിജിഐ അംഗീകരിച്ചു. വിശദമായ പഠനങ്ങൾക്ക് ശേഷം വിദഗ്ധ സമിതി യോഗത്തിലാണ് ഡിജിസിഐ റിപ്പോർട്ടിന് അംഗീകാരം നൽകിയത്. മൂന്നാം ഘട്ട പരീക്ഷണ ഫലം ഡിസിജിഐ അംഗീകരിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടാൻ ഭാരത് ബയോടെക്കിന് കഴിയും.

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതിനായി ലോകാരോഗ്യ സംഘടന ജൂൺ 23 ന് പ്രീ-സബ്മിഷൻ യോഗം നിശ്ചയിച്ചിരിക്കുകയാണ്. വാക്‌സിനുമായി ബന്ധപ്പെട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിന് വേണ്ടിയാണ് പ്രീ-സബ്മിഷൻ യോഗം. ലോകാരോഗ്യ സംഘടന കോവാക്‌സിന് ജൂലൈ-സെപ്റ്റംബറോടെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് നേരത്തെ അറിയിച്ചിരുന്നു.

ന്യൂഡൽഹി: ഫൈസർ വാക്‌സിന് ഇന്ത്യയിൽ ഉടൻ അനുമതി നൽകിയേക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. സിഇഒ ആൽബർട്ട് ബോർളലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ്എ-ഇന്ത്യ ചേംബർ ഓഫ് കോമേഴ്സ് വാർഷിക ഉച്ചക്കോടിയിൽ സംസാരിക്കവെയാണ് ആൽബർട്ട് ബോർല ഇക്കാര്യം അറിയിച്ചത്.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കനത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഫൈസർ 200 കോടി വാക്‌സിൻ നൽകും. ഇതിൽ 100 കോടി ഈ വർഷം തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഫൈസറിന് ഇന്ത്യയിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടൻ വാക്‌സിൻ ഇറക്കുമതി ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഫൈസർ, മൊഡേണ വാക്സിനുകൾ രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയ്ക്ക് കരുത്ത പകരും. കോവിഡിന്റെ രണ്ടാം തരംഗത്തിൽ നിരവധി ജീവൻരക്ഷാ ഉപകരണങ്ങൾ ഫൈസർ ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.