തമിഴ് സിനിമയിൽ നിന്നും മറ്റൊരു താരം കൂടി രാഷ്ട്രീയത്തിലേക്ക്; തീരുമാനം വിജയ്‌യുടെ ജനസേവനപ്രവർത്തികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് താരം

ചെന്നൈ: തെന്നിന്ത്യൻ താരം തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി റിപ്പോർട്ട്. തമിഴ് മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. എം ജി ആർ, ജയലളിത, വിജയകാന്ത്, ഖുഷ്ബു, കമലഹാസൻ എന്നിവർക്ക് പിന്നാലെയാണ് തൃഷയും രാഷ്ട്രീയത്തിലെത്താൻ തയ്യാറെടുക്കുന്നത്. ഇളയ ദളപതി വിജയ്‌യുടെ ജനസേവനപ്രവർത്തികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തൃഷ രാഷ്ട്രീയത്തിലെത്തിയതെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ തൃഷയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനാണ് തൃഷയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ ആദ്യഭാഗം 2022 സെപ്തംബർ 30 നാണ് റിലീസ് ചെയ്യുക.

വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായി, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, കാർത്തി, റഹ്മാൻ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു, ശോഭിതാ ദുലിപാല, ജയചിത്ര, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. എ ആർ റഹ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രവി വർമ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. ഇളങ്കോ കുമാരവേലിന്റേതാണ് തിരക്കഥ.