National (Page 420)

ന്യൂഡൽഹി: സാമ്പത്തിക മേഖലയിൽ കുതിപ്പ് നേടി ഇന്ത്യ. ഏപ്രിൽ- ജൂൺ പാദത്തിൽ ജിഡിപി 13.5 ശതമാനം വളർച്ച രേഖപ്പെടുത്തി. രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ പാദ വളർച്ചാ നിരക്കാണ് ഇത്തവണ ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണിത്. 4.1 ശതമാനമായിരുന്നു ജനുവരി- മാർച്ച് കാലയളവിൽ രേഖപ്പെടുത്തിയ വളർച്ചാ നിരക്ക്.

ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ വളർച്ചാ നിരക്ക് 13.5 ശതമാനം രേഖപ്പെടുത്തിയെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. നേരത്തെ കോവിഡിനു ശേഷം കഴിഞ്ഞ വർഷത്തിന്റെ ആദ്യ പാദത്തിൽ 20.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാപാര വാണിജ്യ രംഗം, ഗതാഗതം, നിർമ്മാണ മേഖല എന്നിവടങ്ങളിൽ ഈ കാലയളവിലുണ്ടായ വളർച്ചയാണ് ജിഡിപി വളർച്ച വർദ്ധിക്കാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

20.5 ശതമാനമാണ് 2022 ജൂലൈ വരെയുള്ള കാലയളവിൽ ധനക്കമ്മി. 7.85 ട്രില്യൺ രൂപയാണ് നികുതികൾ ഉൾപ്പെടെ സർക്കാരിന്റെ വരവ് 6.66 ട്രില്യൺ രൂപയാണ് നികുതി വരുമാനം. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കഴിയുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള പ്രതിന്ധിക്കിടയിലും ഇന്ത്യയുടെ മുന്നേറ്റം ശക്തമാണെന്ന് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെതിരെ കടുത്ത നടപടികളുമായി എൻഐഎ. ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളെ കുറിച്ച് വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ചു.

‘ഡി’ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എൻഐഎയുടെ നടപടി. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം എന്ന ഹാജി അനീസ്, അടുത്ത ബന്ധുക്കളായ ജാവേദ് പട്ടേൽ എന്ന ജാവേദ് ചിക്ന, ഷക്കീൽ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീൽ, ടൈഗർ മേമൻ എന്ന ഇബ്രാഹിം മുഷ്താഖ് അബ്ദുൾ റസാഖ് മേമൻ തുടങ്ങിയവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. ഛോട്ടാ ഷക്കീലിന് 20 ലക്ഷവും, അനീസ്, ചിക്‌ന, മേമൻ എന്നിവരെ കണ്ടെത്തുന്നവർക്ക് 15 ലക്ഷം വീതവുമാണ് പാരിതോഷികം നൽകുക.

അതേസമയം, ലഷ്‌കറെ ത്വയ്യിബ തലവൻ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഹിസ്ബുൾ മുജാഹിദ്ദീന്റെ സയ്യിദ് സലാഹുദ്ദീൻ, ഉറ്റ സഹായി അബ്ദുൾ റൗഫ് അസ്ഗർ തുടങ്ങിയവരും ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ദാവൂദിന്റെ ഡി കമ്പനിയുടെ ഉന്നതസ്ഥാനങ്ങളിലുള്ളവർ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങളിലും ഇന്ത്യയുടെ ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിലും പങ്കാളികളാകുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എൻ ഐ എ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇവർക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തിയിരുന്നു. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രീകരിച്ച് ദാവൂദും കൂട്ടാളികളും ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും നടത്തിവരുന്ന തീവ്രവാദ പ്രവർത്തനങ്ങളെല്ലാം തന്നെ എൻഐഎ കൃത്യമായി നിരീക്ഷിച്ചുവരുന്നുണ്ട്.

1993 ലെ ബോംബെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ദാവൂദിനെ 2003ൽ ഇന്ത്യയും അമേരിക്കയും ചേർന്ന് ആഗോള ഭീകരനായി പ്രഖ്യാപിക്കുകയായിരുന്നു.

നെഹ്‌റു കുടുംബമാണ് കോണ്‍ഗ്രസിന്റെ അവസാന വാക്കെന്നും നെഹ്‌റു കുടുംബത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കത്തിനും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്നും കെ. മുരളീധരന്‍ എം പി പറഞ്ഞു.

‘കോണ്‍ഗ്രസില്‍ ജനാധിപത്യം ഉണ്ടെന്നതിന് തെളിവാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചിലര്‍ മുന്നോട്ടു വരുന്നത്. ജനാധിപത്യ മത്സരങ്ങള്‍ മുന്‍പും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്. നെഹ്‌റു ഫാമിലി ഒരു മതേതര കുടുംബമാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പാരമ്പര്യം പേറുന്ന കുടുംബമാണ് നെഹ്‌റു കുടുംബം. അങ്ങനെയുള്ള ഒരു കുടുംബത്തെ സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ല. ഒരു കോണ്‍ഗ്രസുകാരനും അങ്ങനെ കരുതാന്‍ സാധിക്കില്ല. നെഹ്‌റു കുടുംബത്തെ ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യയിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അനുവദിക്കില്ല. കോണ്‍ഗ്രസ് തലപ്പത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും നെഹ്‌റു കുടുംബമാണ് പാര്‍ട്ടിയുടെ കരുത്ത്. ജനാധിപത്യ പാര്‍ട്ടികളില്‍ മത്സരം മുന്‍പും ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയിലെ അന്തിമ വാക്ക് നെഹ്‌റു കുടുംബത്തിന്റെ ആണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ ആരൊക്കെയാണ് വോട്ടര്‍മാര്‍ എന്നറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജി 23 നേതാക്കള്‍ രംഗത്ത് വന്നു. പട്ടിക പരസ്യപ്പെടുത്തണമെന്നു ജി 23 സംഘത്തിലെ മനീഷ് തിവാരി ആവശ്യപ്പെട്ടു. എന്നാല്‍, പട്ടിക പൊതുസമൂഹത്തില്‍ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന പിസിസികളെ സമീപിച്ചാല്‍ അതു ലഭിക്കുമെന്നും സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിക്കില്ലെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി അമിത് ഷായെ കേരള മുഖ്യമന്ത്രി ക്ഷണിച്ച സാഹചര്യവും സന്ദര്‍ഭവും അനുയോജ്യമല്ല. നെഹ്റുവിനെ ഏറ്റവും അധികം എതിര്‍ക്കുന്ന ആളാണ് അമിത് ഷായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, തിരഞ്ഞെടുപ്പു പ്രക്രിയ സുതാര്യമാണെന്നും അതില്‍ അഭിമാനിക്കുകയാണു വേണ്ടതെന്നും ഔദ്യോഗിക പക്ഷത്തുള്ള മാണിക്കം ടഗോര്‍ എംപി പറഞ്ഞു.വോട്ടര്‍ പട്ടികയിലെ 10 പേര്‍ പിന്തുണച്ചെങ്കിലേ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കൂ. കേരളത്തില്‍നിന്ന് മുന്നൂറോളം പ്രതിനിധികളടക്കം ഒന്‍പതിനായിരത്തിലധികം പേരാണു പട്ടികയിലുള്ളത്. പട്ടിക പരസ്യപ്പെടുത്തണമെന്നു ഞായറാഴ്ച ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ജി 23 അംഗം ആനന്ദ് ശര്‍മ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, കോണ്‍ഗ്രസ് എന്നതു കേവലം വ്യക്തിയല്ലെന്ന് ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. ‘മത്സരം കോണ്‍ഗ്രസിനു ഗുണം ചെയ്യും. ഒരു കുടുംബത്തില്‍നിന്നു തന്നെ പ്രസിഡന്റ് വേണോ കുടുംബത്തിന്റെ പ്രതിനിധി വേണോ അതോ പുറത്തുനിന്നുള്ള ആള്‍ വേണോ എന്നീ കാര്യങ്ങളെല്ലാം മത്സരത്തിലൂടെ കണ്ടെത്താവുന്നതാണ്. പ്രസിഡന്റ് പദവിയിലെ ഒഴിവു നികത്തുന്നതിലൂടെ ഇന്നു പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാകും. താന്‍ മത്സരിക്കുന്ന കാര്യം നേതാക്കളും പ്രവര്‍ത്തകരുമായി ആലോചിച്ചു തീരുമാനിക്കും. മറ്റു നേതാക്കളും മത്സരത്തിനു തയ്യാറെടുക്കുന്നുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. ജി-23 ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ സജീവമായ പേര് ശശി തരൂരിന്റേതാണ്. ഏറ്റവും ഒടുവില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ തന്നെ തരൂര്‍ മത്സരിക്കുന്നതിനെ പിന്തുണച്ച് പരസ്യമായി രംഗത്ത് എത്തിയതും ശ്രദ്ധേയമായി. ‘എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ യോഗ്യനാണ്. മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം മത്സരിക്കട്ടെ. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. ജനാധിപത്യ പ്രക്രിയയിലൂടെ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തും. കൂടുതല്‍ വോട്ടു കിട്ടുന്നവര്‍ വിജയിക്കും’ സുധാകരന്‍ പറഞ്ഞു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിക്കുന്ന ഭക്ഷണത്തിന്റെ ചെലവിനായി ഒരു രൂപ പോലും സര്‍ക്കാര്‍ വഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി തന്നെയാണ് ചിലവാക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ ഭക്ഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിവരാവകാശ രേഖ വഴി ഉന്നയിച്ച ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി സിങ്ങ് മറുപടി നല്‍കുകയായിരുന്നു.

അതേസമയം, മോദിക്കായി വിലകൂടിയ ഭക്ഷണങ്ങള്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ വന്‍ തുക ചെലവഴിക്കുന്നുവെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്.

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അമ്മ പാവ്‌ലോ മൈനോ അന്തരിച്ചു. ഓഗസ്റ്റ് 27 നാണ് സോണിയ ഗാന്ധിയുടെ മാതാവ് അന്തരിച്ചത്. ഇറ്റലിയിൽ വെച്ചായിരുന്നു അന്ത്യം. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശാണ് മരണവിവരം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സോണിയാ ഗാന്ധിയുടെ മാതാവ് പാവ്‌ലോ മൈനോ ഇറ്റലിയിലെ വസതിയിൽ 27 ഓഗസ്റ്റ് ശനിയാഴ്ച അന്തരിച്ചുവെന്നും സംസ്‌കാരം കഴിഞ്ഞ ദിവസം നടന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സോണിയാ ഗാന്ധി കഴിഞ്ഞ ആഴ്ച അമ്മയെ കാണാൻ ഇറ്റലിയിലേക്ക് പോയിരുന്നു. മെഡിക്കൽ ചെക്കപ്പിനായുള്ള യാത്രക്കിടെയായിരുന്നു സോണിയ അമ്മയെ സന്ദർശിച്ചത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമുണ്ടായിരുന്നു.

സ്റ്റെഫാനോ മൈനോ ആണ് പാവ്‌ലോ മൈനോയുടെ ഭർത്താവ്. നാദിയാ, അനൗഷ്‌കാ എന്നീ രണ്ടു മക്കൾ കൂടി ഇവർക്കുണ്ട്.

ന്യഡൽഹി: കോൺഗ്രസ് വിട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയുമായി നേർക്ക് നേർ പോരാട്ടത്തിന് ഗുലാംനബി ആസാദ്. ഒരേ ദിവസം തന്നെ റാലി നടത്താനാണ് രാഹുൽ ഗാന്ധിയുടെയും ഗുലാം നബി ആസാദിന്റെയും തീരുമാനം. വിലക്കയറ്റത്തിന് എതിരായ കോൺഗ്രസ് പ്രതിഷേധം നടക്കുന്ന ദിവസം തന്നെ റാലി നടത്തും എന്നാണ് ഗുലാം നബി ആസാദ് അറിയിച്ചിട്ടുള്ളത്. കോൺഗ്രസ് വിട്ടതിന് ശേഷം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ഗുലാം നബി ആസാദ് തെരഞ്ഞെടുത്തിരിക്കുന്നത് സെപ്തംബർ നാല് എന്ന ദിവസമാണ്.

ജമ്മു കശ്മീരിലാണ് ആദ്യ സമ്മേളനം നടക്കുക. ഡൽഹിയിലെ രാംലീല മൈതാനത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുള്ളതും അതേ ദിവസമാണ്. നാലാം തീയതി തന്നെ റാലി നടത്തുക വഴി കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ തന്റെ ജന പിന്തുണ കൂടി വ്യക്തമാക്കാമെന്ന വിലയിരുത്തലിലാണ് ഗുലാം നബി ആസാദ്.

ജമ്മുവിൽ റാലിയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്നും രാജിവെയ്ക്കാനുണ്ടായ സാഹചര്യങ്ങൾ അദ്ദേഹം യോഗത്തിൽ വിശദീകരിക്കുമെന്നാണ് വിവരം. അതേസമയം, ഡൽഹിയിലെ രാം ലീല മൈതാനത്ത് നടക്കുന്ന വിലക്കയറ്റത്തിനെതിരായ പ്രതിഷേധം ഈ സാഹചര്യത്തിൽ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമാകാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്.

ബംഗളൂരു: ഗണേശ ചതുർത്ഥി ദിനത്തിൽ ബംഗളൂരു നഗരത്തിൽ ഇറച്ചി വെട്ടുന്നതും മാംസം വിൽക്കുന്നതും നിരോധിച്ച ബംഗളൂരു മഹാനഗരപാലികെ (ബിബിഎംപി)യുടെ തീരുമാനത്തെ ചോദ്യം ചെയ്ത് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഗണേശ ചതുർത്ഥിയുമായി ബന്ധപ്പെടുത്തി മാംസം നിരോധിക്കാൻ പാടില്ലെന്നും ബെംഗളൂരു നഗരത്തിൽ 80 ശതമാനം പേരും മാംസം ഭക്ഷിക്കുന്നവരാണെന്നുമാണെന്ന് ഒവൈസി പറഞ്ഞു. റംസാന് 30 ദിവസം ഭക്ഷണം ഉപേക്ഷിക്കേണ്ടതുള്ളതിനാൽ 30 ദിവസവും രാജ്യത്തെ ഭക്ഷണശാലകൾ അടിച്ചിടാൻ പറയാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.

ഗണേശചതുർത്ഥി ദിനത്തിൽ മൃഗങ്ങളെ അറക്കുന്നതിനും മാംസം വിൽക്കുന്നതിനുമെതിരെ നേരത്തെ ചില സംഘടനകൾ രംഗത്തെത്തിയിരുന്നു. സാമൂഹ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് ഗണേശ ചതുർത്ഥി ദിനത്തിൽ ബെംഗളൂരു നഗരസഭ മാംസവിൽപന നിരോധിച്ചിരിക്കുന്നത്. മനപൂർവ്വം അക്രമങ്ങൾ സൃഷ്ടിച്ചേക്കുമെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്താണ് തീരുമാനമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

അതേസമയം, 80 ശതമാനം മാംസം കഴിക്കുന്ന സ്ഥിതിക്ക് ഈ നിരോധന ഉത്തരവ് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 എന്നിവയുടെ ലംഘനമാണെന്നാണ് ഒവൈസി വ്യക്തമാക്കുന്നത്. ഒരാൾ വസ്ത്രങ്ങൾ ധരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും നിരോധനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ പതാക. പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക അനാച്ഛാദനം ചെയ്യും. വെള്ളിയാഴ്ച കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ വെച്ചാണ് പതാക അനാച്ഛാദനം ചെയ്യുന്നത്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലായ വിക്രാന്ത് ചടങ്ങിൽ കമ്മീഷൻ ചെയ്യുകയും ചെയ്യും. കൊളോണിയൽ ഭൂതകാലത്തിൽ നിന്നുള്ള വിടവാങ്ങലിന്റെ അടയാളപ്പെടുത്തലായി, പുതിയ നാവിക പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുള്ളത്.

നാവിക കപ്പലുകളോ, സാമഗ്രികളോ അവയുടെ ദേശീയതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പതാകയാണ് നേവൽ എൻസൈൻ. നിലവിലെ ഇന്ത്യൻ നേവൽ എൻസൈൻ ഒരു സെന്റ് ജോർജ്ജ് ക്രോസ് അടങ്ങിയ ( വെള്ള പശ്ചാത്തലത്തിൽ, ചുവന്ന കുരിശും, കുരിശിന്റെ ഒരു കോണിൽ, ദേശീയ പതാക) മാതൃകയിലാണ് ഉപയോഗിക്കുന്നത്. ഇത് ബ്രിട്ടീഷ് കൊളോണിയൽ ഓർമകളെ നിലനിർത്തുന്ന സെന്റ് ജോർജ്ജ് കുരിശിന്റെ പ്രതീകമാണ്. 1950 ന് ശേഷം ഇത് നാലാം തവണയാണ് നാവിക സേനയുടെ പതാക മാറ്റുന്നത്.

അതേസമയം, ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ വിമാനവാഹിനി നാവികക്കപ്പൽ വിക്രാന്ത് സെപ്റ്റംബർ രണ്ടിന് രാവിലെ 9.30 നാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുക. ജൂലായ് 28-ന് വിക്രാന്തിനെ നാവികസേനയ്ക്ക് കൈമാറിയിരുന്നു. നാലാംഘട്ട സമുദ്രപരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു നടപടി. ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്ന് വിരമിച്ച ജീവനക്കാർ, പ്രതിരോധസേനാ ഉദ്യോഗസ്ഥർ, ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥർ, കേരളസംസ്ഥാന സർക്കാർ പ്രതിനിധികൾ, മറ്റു വിശിഷ്ടാതിഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ നിർണായകപങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിന് വിക്രാന്ത് എന്ന് പേരിട്ടത്. നാവികസേനയുടെ ആഭ്യന്തരവിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ നിർമ്മിച്ച കപ്പൽ തദ്ദേശീയമായി നിർമിക്കപ്പെട്ട ഏറ്റവും വലിയ കപ്പലാണ്. 28 നോട്ടിക്കൽമൈൽ വേഗതയിൽ വിക്രാന്തിന് സഞ്ചരിക്കാൻ കഴിയും. 18 നോട്ടിക്കൽ മൈൽ വേഗതയിൽ 7,500 മൈൽ ദൂരം സഞ്ചരിക്കാനും കഴിയും.

വന്ദേഭാരത്-2 ട്രെയിന്‍ പരീക്ഷണ ഓട്ടത്തില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ എന്ന റെക്കോഡ് വേഗം പിന്നിട്ടു. രാജസ്ഥാനിലെ കോട്ട-നഗ്ഡ സെക്ഷനിലാണ് 120, 130, 150, 180 തുടങ്ങിയ വിവിധ വേഗപരിധിയില്‍ തീവണ്ടി പരീക്ഷണ ഓട്ടം നടത്തിയതെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തില്‍ 75 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഇന്ത്യയിലെ 75 വലിയ പട്ടണങ്ങളിലൂടെ ഓടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിട്ടുള്ളത്.

പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന സെമി-ഹൈസ്പീഡ് തീവണ്ടിയാണ് വന്ദേഭാരത്. ഓട്ടോമാറ്റിക് വാതിലുകളും 180 ഡിഗ്രിയില്‍ തിരിയുന്ന കൂടുതല്‍ സുഖപ്രദമായ കസേരകളും ശീതീകരിച്ച ചെയര്‍കാര്‍ കോച്ചുകളും ഇതിലുണ്ടാവും. ഇതിനുപുറമെ, ഓട്ടോമാറ്റിക് ഫയര്‍ സെന്‍സറുകള്‍, സിസിടിവി ക്യാമറകള്‍, ജിപിഎസ് തുടങ്ങിയ ഫീച്ചറുകള്‍ നല്‍കി സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. ലോക്കോ പൈലറ്റുകള്‍ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് ബോഗികള്‍ക്ക് നല്‍കുന്നത്. വിന്‍ഡോകള്‍ കൂടുതല്‍ വിശാലമായിരിക്കും. സീറ്റുകള്‍ക്ക് സമീപവും മറ്റും കൂടുതല്‍ ലഗേജ് സ്‌പേസുകള്‍ ഉണ്ടാവും. ഏറ്റവും മികച്ച രീതിയിലുള്ള ടോയ്‌ലറ്റുകളും ഉറപ്പു നല്‍കുന്നുണ്ട്.

2023 ഓഗസ്റ്റില്‍ 75 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കാനാണ് ഐ.സി.എഫ് ലക്ഷ്യമിടുന്നത്. മുമ്പ് എത്തിയിട്ടുള്ള വന്ദേഭാരത് ട്രെയിനുകളെക്കാള്‍ ഭാരം കുറച്ചായിരിക്കും പുതിയ ട്രെയിനുകള്‍ എത്തിക്കുകയെന്നാണ് വിവരം. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഉപയോഗിച്ചായിരിക്കും ബോഗികള്‍ നിര്‍മിക്കുകയെന്നാണ് ഐ.സി.എഫ്. അറിയിച്ചത്. ഓരേ ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍ ഒരുമിച്ച് വരികയാണെങ്കില്‍ ഓട്ടോമാറ്റിക് ബ്രേക്ക് പ്രവര്‍ത്തിക്കുന്ന കവച് സാങ്കേതികവിദ്യയാണ് പുതിയ ട്രെയിനുകളില്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്.