ലിബിയയില്‍ ഐഎസ് ചാവേറായി കൊല്ലപ്പെട്ട മലയാളിയെ കുറിച്ച് അന്വേഷണവുമായി ഏജന്‍സികള്‍

ന്യൂഡല്‍ഹി: ലിബിയയില്‍ ഐഎസ് ചാവേറായി കൊല്ലപ്പെട്ട മലയാളിയെ കുറിച്ച് ഐസ് മുഖപത്രമായ ‘വോയ്‌സ് ഓഫ് ഖുറാസ’നില്‍ വെളിപ്പെടുത്തല്‍. കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ യുവാവാണ് ഇയാളെന്നും എഞ്ചനീയറിങ് ബിരുദധാരിയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ബംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് ദുബായില്‍ ജോലി ലഭിച്ചത്. അതിനിടെ ഒരിടത്തു നിന്ന് കിട്ടിയ ലഘുലേഖയില്‍ അതില്‍ ആകൃഷ്ടനായ ഇയാള്‍ ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇന്റര്‍നെറ്റ് വഴി പഠനം തുടങ്ങി. 2013-14ല്‍ ഇസ്ലാം മതം സ്വീകരിച്ചു. അതിനിടെയാണ് ജിഹാദിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഐഎസ് അനുകൂല പ്രവര്‍ത്തനം നടത്തുന്നവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യമനിലെ ഐഎസില്‍ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍ അന്ന് അയാള്‍ക്ക് യമനിലേക്ക് പോകാന്‍ അവസരം ഒത്തുവന്നില്ല.

പിന്നീട് യുവാവ് ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിവാഹം നടത്താന്‍ മാതാപിതാക്കള്‍ ശ്രമിക്കുകയും ഒരു വധുവിനെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, ഇയാള്‍ ജോലിയുടെ കാര്യം പറഞ്ഞു ലിബിയയിലേക്ക് പോവുകയായിരുന്നു. ഐഎസിന്റെ ശക്തികേന്ദ്രമായ സിര്‍ത്തില്‍ വച്ചാണ് ഇയാള്‍ക്ക് ആയുധ പരിശീലനം കിട്ടിയത്. സിര്‍ത്തില്‍ ഐഎസിന് നേരെയുണ്ടായ മിലിട്ടറി ഓപ്പറേഷനെ തടയാന്‍ വേണ്ടി ചാവേര്‍ ആക്രമം ആസൂത്രണം ചെയ്യുമ്പോള്‍ സ്വയം സന്നദ്ധനായി ഇയാള്‍ മുന്നോട്ടുവരികയായിരുന്നെന്ന് ലേഖനത്തില്‍ പറയുന്നു. 2015ലെ ചാവേര്‍ സ്‌ഫോടനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അബൂബക്കര്‍ അല്‍ ഹിന്ദി എന്ന പേരിലാണ് ഇയാള്‍ ഐഎസില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.