ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല; വിവാദങ്ങളിൽ പ്രതികരിച്ച് ഇപി

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്ന് ഇ പി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മരിച്ചപ്പോഴാണ് അവരെ നേരിട്ട് കണ്ടത്. തന്നെപ്പോലെയുള്ളൊരാൾക്ക് ശോഭാ സുരേന്ദ്രനെ പോയികണ്ടു സംസാരിക്കേണ്ടകാര്യമെന്താണെന്ന് ഇ പി ചോദിക്കുന്നു.

രണ്ടുവർഷമായി ഡൽഹിയിൽ പോയിട്ട്. ലളിത് ഹോട്ടലിൽ ഇതുവരെ പോയിട്ടില്ല. ‘കേരളത്തിൽ എന്റെ പൊസിഷൻ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ. ഇവരെപ്പോലെ അല്പബുദ്ധികൾ ചിന്തിക്കുക എന്നല്ലാതെ. താനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവർത്തകനല്ലേ. താൻ പോയി ബിജെപിയിൽ ചേരുമോയെന്ന് അദ്ദേഹം ചോദിച്ചു.

തനിക്ക് ആ സ്ത്രീയെ ഇഷ്ടമല്ല, പണ്ടേതന്നെ. അവരുടെ പ്രസംഗങ്ങളൊക്കെ കുഴപ്പം പിടിച്ചതാണ്. ഫോണിൽ പോലും ആ സ്ത്രീയോട് ഞാൻ സംസാരിച്ചിട്ടില്ല. തന്നെ ലക്ഷ്യമിടുന്നതിന് പിന്നിൽ ആസൂത്രിതമായ പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ദല്ലാൾ എന്തിനാണ് ജാവഡേക്കറേയും കൂട്ടി തന്റെയടുത്തേക്ക് വന്നത് എന്നാണ് ചോദിക്കേണ്ട ചോദ്യം. ദല്ലാളും കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവുമായുള്ള ബന്ധമല്ലേ അന്വേഷിക്കേണ്ടതെന്നും താൻ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് ഇപി വിഷയത്തിൽ പ്രതികരിച്ചത്.