മനീഷ് സിസോദിയ പ്രതിയായ ഡൽഹിയിലെ മദ്യനയ അഴിമതിക്കേസ്; പ്രതിപ്പട്ടികയിൽ രണ്ട് മലയാളികളും

ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയ അഴിമതിക്കേസിൽ രണ്ട് മലയാളികളും പ്രതികൾ. മനീഷ് സിസോദിയ ഒന്നാം പ്രതിയായ കേസിലാണ് രണ്ട് മലയാളികളും പ്രതികളായത്. മുംബൈയിൽ താമസിക്കുന്ന മലയാളി വിജയ് നായർ, തെലങ്കാനയിൽ സ്ഥിര താമസമാക്കിയ അരുൺ രാമചന്ദ്രൻപിള്ള എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ 5-ാം പ്രതിയാണ് വിജയ് നായർ. അരുൺ രാമചന്ദ്രൻ പിള്ള കേസിൽ 14-ാം പ്രതിയാണ്. 15 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്.

വിജയ് ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണ് പുതിയ മദ്യനയത്തിന് പിന്നിലെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. ചില കമ്പനികളുടെ ലൈസൻസിന് അരുൺ ഇടനില നിന്നെന്നും സിബിഐ അറിയിച്ചു. മുൻ എക്‌സൈസ് കമ്മീഷണർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. അതേസമയം, ഈ ആരോപണങ്ങളെല്ലാം മനീഷ് സിസോദിയ നിഷേധിച്ചു.

എക്സൈസ് നയത്തിൽ വരുത്തിയ പരിഷ്‌കരണം, ലൈസൻസിക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസിൽ ഇളവ്/കുറവ്, അംഗീകാരമില്ലാതെ എൽ-1 ലൈസൻസ് നീട്ടൽ തുടങ്ങിയ ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്നിരുന്നു. ഈ പ്രവൃത്തികളുടെ എണ്ണത്തിൽ നിയമവിരുദ്ധമായ നേട്ടങ്ങൾ സ്വകാര്യ കക്ഷികൾ ബന്ധപ്പെട്ട പൊതുപ്രവർത്തകർക്ക് വഴിതിരിച്ചുവിടുകയും അവരുടെ അക്കൗണ്ട് ബുക്കുകളിൽ തെറ്റായി രേഖപ്പെടുത്തുകയും ചെയ്തുവെന്നും സിബിഐ ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ മനീഷ് സിസോദിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു.

മനീഷ് സിസോദിയയുടെ ഡൽഹിയിലെ വസതിയിൽ ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങളിലെ 21 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ദാമൻ ദിയുവിലുള്ള മുൻ ഡൽഹി എക്‌സൈസ് കമ്മീഷണർ എ ഗോപീകൃഷ്ണന്റെ വസതിയിലും സിബിഐ പരിശോധന നടത്തി.