മദ്യനയക്കേസ്: മനീഷ് സിസോദിയ രാജ്യം വിടരുതെന്ന് സി.ബി.ഐ

ന്യൂഡല്‍ഹി: മദ്യനയക്കേസ് പ്രതി മനീഷ് സിസോദിയ രാജ്യം വിടരുതെന്ന് സി.ബി.ഐ അറിയിച്ചു. സിബിഐയുടെ എഫ്.ഐ.ആറില്‍ പേരുള്ള 15 പ്രതികളുടെ പട്ടികയില്‍ സിസോദിയയാണ് ഒന്നാം പ്രതി. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, അക്കൗണ്ടുകളിലെ കൃത്രിമം എന്നിവയാണ് കുറ്റങ്ങള്‍. സിസോദിയയുടെ അടുപ്പക്കാരായ ദിനേഷ് അറോറ, മനോജ് റായ്, മുംബയ് ആസ്ഥാനമായ ഇവന്റ് മാനേജ്‌മെന്റ് കമ്ബനി സി.ഇ.ഒ വിജയ് നായര്‍, തെലങ്കാനയില്‍ താമസിക്കുന്ന അരുണ്‍ രാമചന്ദ്രപിള്ള തുടങ്ങിയ 14 പേരെയാണ് പ്രതി ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയയുടെ വസതിയിലും മറ്റ് 31 സ്ഥലങ്ങളിലും വെള്ളിയാഴ്ച സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. സിസോദിയയെ സി.ബി.ഐ ചോദ്യം ചെയ്തതിന് തൊട്ടു പിന്നാലെ ഡല്‍ഹി സര്‍ക്കാരിലെ 12 ഐ.എ.എസ് ഉദ്യോഗസ്ഥരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥലം മാറ്റി നിയമിക്കുകയും ചെയ്തു. മദ്യനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്നതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും കേസില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എന്നാല്‍, ‘മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അരവിന്ദ് കേജ്രിവാളിനെയാണ്. അതില്‍ ഭയമില്ല, തങ്ങളെ തകര്‍ക്കാനാകില്ല. 2024ലെ തിരഞ്ഞെടുപ്പില്‍ മത്സരം എ.എ.പിയും ബി.ജെ.പിയും തമ്മിലായിരിക്കും. മദ്യനയം സുതാര്യമായ രീതിയിലാണ് നടപ്പിലാക്കിയത്. മുന്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അതിനെതിരെ ഗൂഢാലോചന നടത്തുകയായിരുന്നു. സംസ്ഥാനത്തിന് നഷ്ടമായത് 10,000 കോടിയുടെ വാര്‍ഷിക വരുമാനമാണ്. എനിക്കെതിരായ എല്ലാ നടപടികളും കെജ്രിവാളിന്റെ മുന്നേറ്റം തടയാനാണ്. ദേശീയ നേതാവായി കേജ്രിവാള്‍ ഉയരുമെന്ന ഭീതിയാണ് ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നില്‍. കഴിഞ്ഞ ദിവസത്തെ റെയ്ഡിനിടെ കുറെ രേഖകളും കമ്ബ്യൂട്ടറും ഫോണും ചില ഫയലുകളും സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി’- മനീഷ് സിസോദിയ പറഞ്ഞു.