ജമ്മു കശ്മീരില്‍ മഴക്കെടുതി രൂക്ഷം; ഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ ശക്തമായ മഴയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് വയസ്സുകാരിയും, രണ്ട് മാസം പ്രായമായ കുഞ്ഞും മരിച്ചു. ഹിമാചല്‍ പ്രദേശിലും, ഉത്തരാഖണ്ഡിലും ഇന്ന് പുലര്‍ച്ചെയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായി. നദികള്‍ കരകവിഞ്ഞൊഴുകി. ഹിമാചലിലെ കാന്‍ഗ്ര ജില്ലയില്‍ ചക്കി നദിക്ക് കുറുകെയുള്ള റെയില്‍പ്പാളം പ്രളയവെള്ളം ഒഴുകി എത്തിയതോടെ പൂര്‍ണമായി തകര്‍ന്നു.

അതേസമയം, ഹിമാചലിലെ മണ്ഡിയില്‍ വലിയ മണ്ണിടിച്ചില്‍ ഉണ്ടായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ചാമ്പയില്‍ മിന്നല്‍ പ്രളയത്തില്‍ മൂന്ന് പേരെ കാണാതായി. കാന്‍ഗ്ര ജില്ലയിലെ ചക്കി നദിക്ക് മുകളിലൂടെയുള്ള റെയില്‍പ്പാലം പൂര്‍ണമായി തകര്‍ന്നു. ഉത്തരാഖണ്ഡിലെ സാര്‍ഖേതില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വെള്ളം കയറിയതോടെ ഗ്രാമം ഒറ്റപ്പെട്ടു. ഇവിടെ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. താപ്‌കേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ വെള്ളം കയറി.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ഡി, കുളു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസമായി മഴ തുടരുന്ന മണ്ഡിയില്‍ അടുത്ത 24 മണിക്കൂര്‍ കൂടി മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഗംഗാ, യമുനാ നദികളിലും അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഉത്തരാഖണ്ഡിലും ഹിമാചലിലും ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.