General (Page 3)

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ്എൻസി ലാവ്ലിൻ കേസിൽ സുപ്രീം കോടതിയിൽ ഇന്ന് അന്തിമവാദം ആരംഭിക്കും. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ അന്തിമ വാദം ആരംഭിക്കുന്നത്. ജസ്റ്റിസ് കെവി വിശ്വനാഥനും കേസിൽ ഉൾപ്പെടുന്നുണ്ട്. 30 തവണയാണ് സുപ്രീം കോടതിയിൽ ലാവ്ലിൻ കേസ് ലിസ്റ്റ് ചെയ്തത്.

എന്നാൽ ഓരോ തവണയും കേസ് മാറ്റിവയ്ക്കുകയായിരുന്നു. 2024 ഫെബ്രുവരി ആറിനാണ് ലാവ്ലിൻ കേസ് സുപ്രീം കോടതി ഏറ്റവും ഒടുവിൽ പരിഗണിച്ചത്. 2017 ആഗസ്റ്റ് 23നാണ് ലാവ്ലിൻ കേസിൽ പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്.

ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, എം വി രാജഗോപാൽ, ആർ ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്.

ന്യൂഡൽഹി: ന്യൂസ് ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്ക്കും ലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭീകര ഫണ്ടിംഗിനായി ന്യൂസ് ക്ലിക്ക് വഴി 91 കോടി രൂപ ചെലവഴിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 8000 പേജുകളുള്ള കുറ്റപത്രമാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ സമർപ്പിച്ചത്. മാർച്ച് 30നാണ് പട്യാല ഹൗസ് കോടതിയിൽ കോടതിയിൽ പോലീസ് കുറ്റപത്രം നൽകിയത്.

ന്യൂസ് ക്ലിക്കിനും പ്രബീർ പുരകായസ്തയ്ക്കും എതിരെ അന്വേഷണം നടക്കുന്നത് രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്ന് സഹായം വാങ്ങിയെന്ന കേസിലാണ്. ചൈനീസ് പ്രൊപ്പഗണ്ട ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനായി ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് പുരകായസ്തക്കെതിരെ യുഎപിഎ പ്രകാരം അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പുരകായസ്തയയും സഹസ്ഥാപകനായ അമിത് ചക്രവർത്തിയും അറസ്റ്റിലായത്.

കർഷക പ്രതിഷേധങ്ങൾക്കും ഡൽഹി കലാപത്തിന്റെയും അണിയറയിൽ പ്രവർത്തിച്ച വിവിധ തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകാൻ പുരകയസ്ത ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. സിഎഎ/എൻആർസിക്കെതിരെ ജനങ്ങളെ അണിനിരത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. നിയമങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ച് വിദ്വേഷം വളർത്താൻ ന്യൂസ് ക്ലിക്കിലൂടെ ശ്രമിച്ചുവെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.

ന്യൂഡൽഹി: മുസ്ലീം വ്യക്തിഗത നിയമം എക്സ് മുസ്ലീങ്ങൾക്ക് ബാധകമാണോ എന്ന ചോദ്യവുമായി സുപ്രീം കോടതി. കേരള, കേന്ദ്രസർക്കാരുകളോടാണ് സുപ്രീം കോടതി ഇക്കാര്യം ചോദിച്ചത്. ഇത് വളരെ സുപ്രധാന വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് അയച്ചു. മലയാളിയായ സഫിയ പിഎമ്മാണ് ഹർജി നൽകിയത്. കേരളത്തിൽ നിന്നുള്ള എക്സ് മുസ്ലീങ്ങളുടെ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് സഫിയ.

ഹർജി പരിഗണിച്ചത് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്. മുസ്ലീം വ്യക്തിഗത നിയമത്തിന് കീഴിലുൾപ്പെടാൻ താൽപ്പര്യമില്ലാത്തവർക്ക് ഇന്ത്യൻ പിന്തുടർച്ചവകാശ നിയമം ബാധകമാക്കണമെന്നായിരുന്നു സഫിയ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. ഈ വിഷയത്തിൽ കോടതിയെ സഹായിക്കാൻ ഒരു നിയമ വിദഗ്ധനെ നാമനിർദ്ദേശം ചെയ്യണമെന്ന് അറ്റോർണി ജനറലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മുസ്ലീം വ്യക്തി നിയമം 1937ലെ സെക്ഷൻ 3 പ്രകാരം വിൽപത്രം തയ്യാറാക്കുന്ന വ്യക്തി പ്രഖ്യാപനം നടത്താത്തിടത്തോളം കാലം ഇവർ ആക്ടിന്റെ പരിധിയിൽ വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിങ്ങൾ ഡിക്ലറേഷൻ നടത്തേണ്ട ആവശ്യമില്ല. നിങ്ങൾ പ്രഖ്യാപനം നടത്താത്തിടത്തോളം കാലം ദത്തെടുക്കൽ, പിന്തുടർച്ചാവകാശം, എന്നിവയുടെ കാര്യത്തിൽ വ്യക്തിനിയമത്തിലെ വ്യവസ്ഥകൾ നിങ്ങളെ ബാധിക്കില്ല. അതിനാൽ നിങ്ങളോ നിങ്ങളുടെ പിതാവോ ഡിക്ലറേഷൻ നടത്താത്തിടത്തോളം കാലം നിങ്ങളെ നിയന്ത്രിക്കുന്നത് വ്യക്തിനിയമമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: നവകേരള സദസ്സിന്റെ ഭാഗമായി നിരത്തിലിറങ്ങിയ നവകേരള ബസ് ജനങ്ങൾക്കായി ഓടിത്തുടങ്ങുന്നു. മേയ് 5 മുതൽ ഈ ബസ് ജനങ്ങൾക്കായി ഓടിത്തുടങ്ങും. ഗരുഡ പ്രീമിയം എന്നാണ് ഈ ബസിന്റെ പേര്. ആധുനിക സൗകര്യങ്ങളോടു കൂടിയ മികച്ച യാത്രാനുഭവമാണ് ഈ ബസിൽ അനുഭവപ്പെടുന്നത്. കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവീസാണിത്.

കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് സർവീസ് നടത്തുക. 1171 രൂപയാണ് ഈ ബസിന്റെ ടിക്കറ്റ് നിരക്ക്. കൂടാതെ എസി ബസ്സുകൾക്കുള്ള 5 ശതമാനം ലക്ഷ്വറി ടാക്‌സും നൽകേണ്ടതാണ്. രാവിലെ 4 മണിക്ക് കോഴിക്കോട്ടു നിന്നും യാത്രതിരിക്കുന്ന ബസ് കൽപറ്റ, ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ഡ്യ വഴി 11.35 ന് ബെംഗളൂരുവിൽ എത്തിച്ചേരും.

ഉച്ചയ്ക്ക് 2.30 ന് ബെംഗളൂരുവിൽ നിന്നും തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തും. കോഴിക്കോട്, കൽപറ്റ, ബത്തേരി, മൈസൂരു, ബെംഗളൂരു (സാറ്റ്‌ലെറ്റ്, ശാന്തിനഗർ) എന്നിവയാണ് ഈ ബസിന്റെ സ്റ്റോപ്പുകൾ. ബസിൽ ഓൺലൈൻ റിസർവേഷൻ സൗകര്യമുണ്ട്. എയർകണ്ടീഷൻ ചെയ്ത ബസ്സിൽ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്.

ഫുട് ബോർഡ് ഉപയോഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാൻ ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ശുചിമുറി, വാഷ്‌ബേസിൻ തുടങ്ങിയ സൗകര്യങ്ങളും ഈ ബസിലുണ്ട്. ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സംവിധാനങ്ങൾ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ.

കൊച്ചി: സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. കനത്ത ചൂടിൽ വലയുകയാണ് കേരളാ ജനത. ഈ ചൂടിനിടെ കെഎസ്ഇബിയുടെ അപ്രഖ്യാപിത പവർകട്ട് ജനങ്ങളെ വലയ്ക്കുകയാണ്. പല സ്ഥലങ്ങളിലും ഇത്തരത്തിൽ അപ്രഖ്യാപിത പവർകട്ട് നടക്കുന്നുണ്ട്. ഇത് പരിധിവിട്ടതോടെ കെഎസ്ഇബി ഓഫീസിലേക്ക് ജനം ഇരച്ചെത്തിയിരിക്കുകയാണ്. കൊച്ചിയിലാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് പാലാരിവട്ടത്തെ കെഎസ്ഇബി ഓഫീസിലേക്ക് എത്തുകയായിരുന്നു.

രാത്രികാലത്തെ അപ്രഖ്യാപിത പവർകട്ട് പതിവായത് കാരണം വിയർത്തൊഴുകി ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ വന്നതോടെയാണ് ജനം ഓഫീസിലേക്ക് എത്തിയത്. ഇടപ്പള്ളി മഠം ജംഗ്ഷൻ, മൈത്രി നഗർ, കലൂർ, കറുകപ്പിള്ളി, പെരുമ്പോട്ട, പോണേക്കര എന്നീ ഭാഗങ്ങളിൽ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കളാണ് പാലാരിവട്ടം സെക്ഷൻ ഓഫീസിലേക്ക് എത്തിയത്. സംഭവമറിഞ്ഞ് പാലാരിവട്ടം പൊലീസും സ്ഥലത്തെത്തി. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാതെ വീടുകളിലേക്ക് തിരിച്ചുപോകില്ലെന്ന നിലപാടിലായിരുന്നു ജനങ്ങൾ.

കുറച്ച് ദിവസമായി രാത്രി 11 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണുള്ളത്. പലതവണ പരാതി പറഞ്ഞിട്ടും പരിഹാരം കാണാത്ത സാഹചര്യത്തിലാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പലതവണ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചെങ്കിലും മറുപടി ലഭിക്കാതായതോടെ പലഭാഗത്തു നിന്നും ജനങ്ങൾ കൂട്ടത്തോടെ കെഎസ്ഇബി. ഓഫീസിലേക്ക് എത്തുകയായിരുന്നു. വൈദ്യുതി ലൈനുകൾക്ക് താങ്ങാനാകുന്നതിലും കൂടുതൽ ലോഡ് വന്നതാണ് പ്രശ്നമായതെന്നായിരുന്നു കെഎസ്ഇബി വിശദമാക്കിയത്.

തിരുവനന്തപുരം: തനിക്കെതിരെ പ്രചരിക്കുന്ന വിവാദങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണ വിവാദത്തിന് പിന്നാലെയാണ് അദ്ദേഹം നിയമനടപടിക്കൊരുങ്ങുന്നത്. ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപവാദമുണ്ടാക്കുന്ന തരത്തിൽ പ്രതികരണം നടത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ദല്ലാൾ നന്ദകുമാർ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരെ ഇ പി വക്കീൽ നോട്ടീസ് അയച്ചു. സിപിഎമ്മിനേയും വ്യക്തിപരമായി തന്നെയും മോശക്കാരനാക്കുന്നതിനും അധിക്ഷേപിക്കുന്നതിനും ഗൂഢാലോചനയും കള്ളപ്രചാരണവും നടത്തിയെന്ന് വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

്‌വസ്തുതാപരമല്ലാത്ത ആരോപണങ്ങളാണ് മൂന്ന് പേരും ഉന്നയിച്ചത്. ഇതിലൂടെ പാർട്ടിയേയും തന്നെയും മോശക്കാരായി ചിത്രീകരിക്കുന്നതിന് സാഹചര്യമുണ്ടായി. ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാദ്ധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവിൽ-ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം വക്കീൽ നോട്ടീസിൽ അറിയിച്ചു.

ഇ പി നോട്ടീസ് അയച്ചത് അഡ്വ. എം രാജഗോപാലൻ നായർ മുഖേനയാണ്. ഇ പി ജയരാജൻ ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച് ദല്ലാൾ നന്ദകുമാറിനൊപ്പം തന്നെ വന്നുകണ്ടെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് ഇ പി. അദ്ദേഹത്തിന്റെ പാർട്ടി കൂറും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവാത്തതാണെന്ന് വക്കീൽ നോട്ടീസിൽ അറിയിച്ചു.

1995 ഏപ്രിലിൽ രണ്ട് ബിജെപിക്കാരാണ് ട്രെയിനിൽ വച്ച് ഇ പി യെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അങ്ങിനെയുള്ള ഒരു നേതാവിനെതിരെ, തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഉപതെരഞ്ഞെടുപ്പ് സമയത്തടക്കം മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്. ഒരു വർഷം മുൻപ് നടന്ന സംഭവം ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും വക്കീൽ നോട്ടീസിൽ വിശദീകരിക്കുന്നു.

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് സമ്മതിച്ച് പ്രമുഖ മരുന്ന് നിർമാതാക്കളായ അസ്ട്രസെനെക. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിർമാതാക്കളാണ് അസ്ട്രസെനെക.

അസ്ട്രസെനെക ഈ വാക്സിനുകൾ വികസിപ്പിച്ചത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ്. ഇതു രണ്ടും ആഗോള തലത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. അസ്ട്രസെനെക നിർമിച്ച വാക്സിനുകൾ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളിൽ നിരവധിപ്പേർ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് നിരവധി പേർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

വാക്‌സിൻ ഉപയോഗിച്ചവരിൽ കൂടുതൽ പാർശ്വഫലങ്ങൾ കണ്ടെത്തിയത് യുകെയിലാണ്. കമ്പനിക്കെതിരേ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചതും യുകെയിൽ തന്നെയാണ്. 2021 ഏപ്രിൽ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്സിൻ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികൾ ആരംഭിച്ചത്.

വാക്സിൻ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കൽ റിപ്പോർട്ടുകൾ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടിയ്ക്കായുള്ള പോരാട്ടം തുടങ്ങിയത്.

ന്യൂഡൽഹി: വന്ദേ മെട്രോ, വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രയൽ റണ്ണിന് തയ്യാറെടുക്കുന്നു. രാജ്യത്തെ വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ജൂലായ് മാസത്തോടെ നടത്താൻ റെയിൽവേ പദ്ധതിയിടുന്നു. വന്ദേമെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടമായിരിക്കും ആദ്യം നടത്തുക.

50 പുഷ്-പുൾ അമൃത് ഭാരത് ട്രെയിനുകൾ ഈ വർഷം തന്നെ പുറത്തിറക്കാൻ കേന്ദ്രസർക്കാരിന് പദ്ധതിയിടുന്നുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടുവശത്തും എൻജിനുകളുള്ള ട്രെയിനാകും ഇത്. യൂറോപ്യൻ രാജ്യങ്ങളിൽ സർവീസ് നടത്തുന്ന രീതിയിലുള്ള കോൺ ആകൃതിയിലുള്ള ട്രെയിനുകളും അടുത്തവർഷം ട്രാക്കിൽ ഇറക്കാൻ ഇന്ത്യൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. പുതിയ 50 ട്രെയിനുകളാണ് വന്ദേ മെട്രോ, വന്ദേഭാരത് സ്ലീപ്പർ വിഭാഗത്തിൽ പുറത്തിറക്കുക. വന്ദേഭാരത് വൻ ഹിറ്റായി ഓടുന്ന കേരളത്തിന് പുതിയ ട്രെയിനുകളുടെ റൂട്ട് പ്രഖ്യാപിക്കുമ്പോൾ പരിഗണന ലഭിക്കുമെന്നാണ് സൂചന.

വന്ദേ മെട്രോ ട്രെയിനുകളാകും ആദ്യം പരീക്ഷണ ഓട്ടത്തിനായി എത്തുക. 100 മുതൽ 250 കിലോമീറ്റർ വരെയുള്ള റൂട്ടുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാകും ഈ സർവീസ്. പൂർണമായും എ.സി ട്രെയിനുകളായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന വിവരം.

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഏപ്രിൽ 28ന് ടൊറന്റോയിൽ നടന്ന ഖൽസ പരേഡിലായിരുന്നു ജസ്റ്റിൻ ട്രൂഡോ പങ്കെടുത്തത്. സിഖ് സമുദായത്തിന്റെ അവകാശങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രസംഗത്തിൽ ജസ്റ്റിൻ ട്രുഡോ പറഞ്ഞത്.

ജസ്റ്റിൻ ട്രൂഡോ സംസാരിക്കാനായി വേദിയിലേക്ക് കയറവേ ‘ഖലിസ്ഥാൻ സിന്ദാബാദ്’ വിളികൾ ഉയരുകയായിരുന്നു. സംസാരിക്കുന്നതിനിടെയും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു. പ്രതിപക്ഷനേതാവ് പിയറി പൊയിലിവർ സംസാരിക്കാനായി വേദിയിലേക്ക് കയറുമ്പോഴും സമാനമായ സ്ഥിതിയുണ്ടായിരുന്നു.

സംഭവത്തിൽ ഇന്ത്യയുടെ പ്രതിഷേധവും ആശങ്കയും ഹൈക്കമ്മിഷണറെ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി.മീ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ താറാവ്, കോഴി എന്നിവയുടെ മുട്ട, ഇറച്ചി വിൽപ്പനയടക്കം തടഞ്ഞു. ഇതുസംബന്ധിച്ച ഉത്തരവ് അധികൃതർ പുറത്തിറക്കി.

കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, അമ്പലപ്പുഴതെക്ക്, തകഴി, ചെറുതന, വീയപുരം, മുട്ടാർ, രാമങ്കരി, വെളിയനാട്, കാവാലം, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നീലംപേരൂർ, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, മാന്നാർ, കാർത്തികപ്പള്ളി, ഹരിപ്പാട് നഗരസഭ, പള്ളിപ്പാട്, എടത്വ, പുന്നപ്ര വടക്ക്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും 08/05/2024 വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.

മേൽ പറഞ്ഞ ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിൽപ്പനയും കടത്തലും നടക്കുന്നില്ലായെന്ന് അതാത് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർ ഉറപ്പുവരുത്തണം. സ്‌ക്വാഡ് രൂപീകരിച്ച് കർശന പരിശോധനകൾ നടത്തണമെന്നും ഉത്തരവിൽ പറയുന്നു. കുട്ടനാട്, അമ്പലപ്പുഴ തഹസിൽദാർമാർ പ്രത്യേക പരിശോധനാ സ്‌ക്വാഡുകൾ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന പരിശോധനയും മേൽനോട്ടവും നടത്തേണ്ടതാണെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.