എസ്എൻസി ലാവ്ലിൻ കേസ്; സുപ്രീം കോടതിയിൽ ഇന്ന് അന്തിമവാദം ആരംഭിക്കും

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ്എൻസി ലാവ്ലിൻ കേസിൽ സുപ്രീം കോടതിയിൽ ഇന്ന് അന്തിമവാദം ആരംഭിക്കും. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ അന്തിമ വാദം ആരംഭിക്കുന്നത്. ജസ്റ്റിസ് കെവി വിശ്വനാഥനും കേസിൽ ഉൾപ്പെടുന്നുണ്ട്. 30 തവണയാണ് സുപ്രീം കോടതിയിൽ ലാവ്ലിൻ കേസ് ലിസ്റ്റ് ചെയ്തത്.

എന്നാൽ ഓരോ തവണയും കേസ് മാറ്റിവയ്ക്കുകയായിരുന്നു. 2024 ഫെബ്രുവരി ആറിനാണ് ലാവ്ലിൻ കേസ് സുപ്രീം കോടതി ഏറ്റവും ഒടുവിൽ പരിഗണിച്ചത്. 2017 ആഗസ്റ്റ് 23നാണ് ലാവ്ലിൻ കേസിൽ പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്.

ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, എം വി രാജഗോപാൽ, ആർ ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്.