ശ്രീകാര്യം: ഉദ്ഘാടനത്തിനൊരുങ്ങുന്നതിനിടെ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജിൽ പൊട്ടൽ. പാലത്തിന്റെ പ്രധാന ഭാഗമായ ഗ്ലാസ് പാളികളിലാണ് പൊട്ടലുണ്ടായത്. പാലത്തിലേക്ക് കയറുന്ന ഭാഗത്തെ ഗ്ലാസ് പാളിക്കാണ് കേടുപാട് സംഭവിച്ചിരിക്കുന്നത്.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി വി കെ പ്രശാന്ത് എംഎൽഎ രംഗത്തെത്തി. മൂന്നു പാളികളുള്ള കണ്ണാടിപ്പാളിയിൽ ആയുധം ഉപയോഗിച്ച് ശക്തിയായി അടിച്ചാണ് കേടുവരുത്തിയിരിക്കുന്നതെന്നും സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ ഡിടിപിസിയുമായി ചേർന്ന് ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിക്കുന്ന വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ശ്രീകാര്യം പൊലീസിന് പരാതി നൽകി. ടൂറിസം രംഗത്തെ വൻ വികസന സാദ്ധ്യത കണക്കിലെടുത്താണ് ടൂറിസം വകുപ്പ് കണ്ണാടിപ്പാലം നിർമ്മിക്കുന്നത്. ഒന്നരക്കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. 75 അടി ഉയരവും 52 മീറ്റർ നീളവുമാണ് പാലത്തിനുള്ളത്. 20 പേർക്ക് ഒരേ സമയം പാലത്തിൽക്കൂടി സഞ്ചരിക്കാൻ കഴിയുന്നതാണ്.

