മുസ്ലീം വ്യക്തിഗത നിയമം എക്സ് മുസ്ലീങ്ങൾക്ക് ബാധകമാണോ; ചോദ്യവുമായി സുപ്രീം കോടതി

ന്യൂഡൽഹി: മുസ്ലീം വ്യക്തിഗത നിയമം എക്സ് മുസ്ലീങ്ങൾക്ക് ബാധകമാണോ എന്ന ചോദ്യവുമായി സുപ്രീം കോടതി. കേരള, കേന്ദ്രസർക്കാരുകളോടാണ് സുപ്രീം കോടതി ഇക്കാര്യം ചോദിച്ചത്. ഇത് വളരെ സുപ്രധാന വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് അയച്ചു. മലയാളിയായ സഫിയ പിഎമ്മാണ് ഹർജി നൽകിയത്. കേരളത്തിൽ നിന്നുള്ള എക്സ് മുസ്ലീങ്ങളുടെ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് സഫിയ.

ഹർജി പരിഗണിച്ചത് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്. മുസ്ലീം വ്യക്തിഗത നിയമത്തിന് കീഴിലുൾപ്പെടാൻ താൽപ്പര്യമില്ലാത്തവർക്ക് ഇന്ത്യൻ പിന്തുടർച്ചവകാശ നിയമം ബാധകമാക്കണമെന്നായിരുന്നു സഫിയ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. ഈ വിഷയത്തിൽ കോടതിയെ സഹായിക്കാൻ ഒരു നിയമ വിദഗ്ധനെ നാമനിർദ്ദേശം ചെയ്യണമെന്ന് അറ്റോർണി ജനറലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മുസ്ലീം വ്യക്തി നിയമം 1937ലെ സെക്ഷൻ 3 പ്രകാരം വിൽപത്രം തയ്യാറാക്കുന്ന വ്യക്തി പ്രഖ്യാപനം നടത്താത്തിടത്തോളം കാലം ഇവർ ആക്ടിന്റെ പരിധിയിൽ വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിങ്ങൾ ഡിക്ലറേഷൻ നടത്തേണ്ട ആവശ്യമില്ല. നിങ്ങൾ പ്രഖ്യാപനം നടത്താത്തിടത്തോളം കാലം ദത്തെടുക്കൽ, പിന്തുടർച്ചാവകാശം, എന്നിവയുടെ കാര്യത്തിൽ വ്യക്തിനിയമത്തിലെ വ്യവസ്ഥകൾ നിങ്ങളെ ബാധിക്കില്ല. അതിനാൽ നിങ്ങളോ നിങ്ങളുടെ പിതാവോ ഡിക്ലറേഷൻ നടത്താത്തിടത്തോളം കാലം നിങ്ങളെ നിയന്ത്രിക്കുന്നത് വ്യക്തിനിയമമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.