ചൂടിനിടെ അപ്രഖ്യാപിത പവർകട്ട്; കെഎസ്ഇബി പ്രതിഷേധവുമായി ഇരച്ചെത്തി ജനങ്ങൾ

കൊച്ചി: സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. കനത്ത ചൂടിൽ വലയുകയാണ് കേരളാ ജനത. ഈ ചൂടിനിടെ കെഎസ്ഇബിയുടെ അപ്രഖ്യാപിത പവർകട്ട് ജനങ്ങളെ വലയ്ക്കുകയാണ്. പല സ്ഥലങ്ങളിലും ഇത്തരത്തിൽ അപ്രഖ്യാപിത പവർകട്ട് നടക്കുന്നുണ്ട്. ഇത് പരിധിവിട്ടതോടെ കെഎസ്ഇബി ഓഫീസിലേക്ക് ജനം ഇരച്ചെത്തിയിരിക്കുകയാണ്. കൊച്ചിയിലാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് പാലാരിവട്ടത്തെ കെഎസ്ഇബി ഓഫീസിലേക്ക് എത്തുകയായിരുന്നു.

രാത്രികാലത്തെ അപ്രഖ്യാപിത പവർകട്ട് പതിവായത് കാരണം വിയർത്തൊഴുകി ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ വന്നതോടെയാണ് ജനം ഓഫീസിലേക്ക് എത്തിയത്. ഇടപ്പള്ളി മഠം ജംഗ്ഷൻ, മൈത്രി നഗർ, കലൂർ, കറുകപ്പിള്ളി, പെരുമ്പോട്ട, പോണേക്കര എന്നീ ഭാഗങ്ങളിൽ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കളാണ് പാലാരിവട്ടം സെക്ഷൻ ഓഫീസിലേക്ക് എത്തിയത്. സംഭവമറിഞ്ഞ് പാലാരിവട്ടം പൊലീസും സ്ഥലത്തെത്തി. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാതെ വീടുകളിലേക്ക് തിരിച്ചുപോകില്ലെന്ന നിലപാടിലായിരുന്നു ജനങ്ങൾ.

കുറച്ച് ദിവസമായി രാത്രി 11 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണുള്ളത്. പലതവണ പരാതി പറഞ്ഞിട്ടും പരിഹാരം കാണാത്ത സാഹചര്യത്തിലാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പലതവണ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചെങ്കിലും മറുപടി ലഭിക്കാതായതോടെ പലഭാഗത്തു നിന്നും ജനങ്ങൾ കൂട്ടത്തോടെ കെഎസ്ഇബി. ഓഫീസിലേക്ക് എത്തുകയായിരുന്നു. വൈദ്യുതി ലൈനുകൾക്ക് താങ്ങാനാകുന്നതിലും കൂടുതൽ ലോഡ് വന്നതാണ് പ്രശ്നമായതെന്നായിരുന്നു കെഎസ്ഇബി വിശദമാക്കിയത്.