General (Page 4)

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാർഷിക വരുമാനം 2018 ന് ശേഷം ഇരട്ടിയായി വർധിച്ചു. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമായുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

2018-19 സാമ്പത്തിക വർഷത്തിലെ 11 ലക്ഷത്തിൽ നിന്ന് 2022-23 ൽ 23.5 ലക്ഷമായി പ്രധാനമന്ത്രി മോദിയുടെ നികുതി വിധേയ വരുമാനം ഇരട്ടിയായി. പ്രധാനമന്ത്രി മോദിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ രണ്ട് അക്കൗണ്ടുകളുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗർ ശാഖയിൽ 73,304 രൂപയും എസ്ബിഐയുടെ വാരാണസി ശാഖയിൽ 7,000 രൂപയും നിക്ഷേപം ഉണ്ട്. എസ്ബിഐയിൽ 2,85,60,338 രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വരുമാനം പ്രധാനമന്ത്രിയുടേതിനേക്കാൾ നാലു മടങ്ങാണ്. 2022-23 ൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപിത വരുമാനം 1.02 കോടിയാണ്. പ്രധാനമന്ത്രിയുടേത് 23.56 ലക്ഷവും. മോദിയേക്കാൾ നാലുമടങ്ങ് വരുമാനം രാഹുലിനുണ്ടെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 2018-19 ൽ മോദിയുടെ വരുമാനം 11.14 ലക്ഷമായിരുന്നു. അത് 2022-23 ൽ ഇരട്ടിച്ചു. 2018-19 ൽ 1.20 കോടി വരുമാനം ഉണ്ടായിരുന്ന രാഹുലിന്റെ 2022-23 ലെ വരുമാനം 1.02 കോടിയാണ്.

അബുദാബി: അബുദാബിയിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എമിറേറ്റിന്റെ ചില പ്രദേശങ്ങളിലുള്ളവർ അധിക ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി.

മണിക്കൂറിൽ 10-20 മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ രാജ്യത്ത് കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ കാലാവസ്ഥ പൊടി നിറഞ്ഞതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പൊടിപടലങ്ങൾ ദൃശ്യപരതയെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ അജീവ ജാഗ്രതാ പാലിക്കേണ്ടതാണ്. പൊടിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അൽ റുവൈസ്, അൽ മിർഫ, ഹബ്ഷാൻ, സില, ലിവയുടെ ചില ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. രണ്ട് ദിവസത്തെ സ്വകാര്യ സന്ദർശനത്തിന് വേണ്ടിയാണ് അദ്ദേഹം ദുബായിൽ എത്തിയത്. ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹം ദുബായിലെത്തിയത്. കുടുംബവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി ദുബായിലെത്തിയത് ഇൻഡൊനീഷ്യയും, സിംഗപ്പൂരും സന്ദർശിച്ച ശേഷമാണ്.

മെയ് ആറിനാണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വിദേശ യാത്ര ആരംഭിച്ചത്. ദുബായ് വഴിയായിരുന്നു യാത്രയെങ്കിലും ട്രാൻസിറ്റ് ആയിരുന്നതിനാൽ അന്ന് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല.

രണ്ടു ദിവസം ദുബായിൽ ഉണ്ടാകുമെങ്കിലും അദ്ദേഹം പരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.

കോഴിക്കോട്: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. പന്തീരാങ്കാവ് കേസുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം. ഭർത്താവിന്റെ ശാരീരിക പീഡനം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനയ്ക്ക് അപമാനമാണെന്ന് സതീദേവി ചൂണ്ടിക്കാട്ടി.

സംഭവത്തിൽ ഇന്നലെ തന്നെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വളരെ ഗുരുതരമായ പീഡനത്തിനു പെൺകുട്ടി ഇരയായിട്ടുണ്ടെന്നു പരാതിയിൽ നിന്നു മനസിലായി. പൊലീസ് ഉദ്യോഗസ്ഥന്റെ സമീപനത്തെ കുറിച്ചും പരാതിയിലുണ്ട്. ഇന്നലെ തന്നെ എസ്എച്ച്ഒയെ വിളിച്ചു. ആരോപണം ശരിയാണെന്നു പൊലീസ് ഉദ്യോഗസ്ഥന്റെ സംസാരത്തിൽ നിന്നു മനസിലായി. മദ്യലഹരിയിലാണു ഭർത്താവ് പെൺകുട്ടിയെ ഉപദ്രവിച്ചതെന്നും സതീദേവി മാദ്ധ്യമങ്ങളോട് പറഞ്ഞു.

പോലീസിനു നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടാകണം. പൊലീസ് ട്രെയിനിങ് സംവിധാനം ശക്തമാക്കണം. വിവാഹത്തിനു കെട്ടുകണക്കിന് ആഭരണങ്ങൾ വേണം എന്ന ചിന്താഗതി അപമാനകരമാണ്. പെൺകുട്ടികളെ കേവലം ശരീരം മാത്രമായി കാണരുത്. നിയമങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടെന്നും സതീദേവി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: യുഎപിഎ കേസിൽ ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്.

റിമാൻഡ് ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് പ്രബീറിനോ അഭിഭാഷകനോ റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ വിട്ടയക്കണമെന്ന് നിർദേശിച്ചത്.

ഡൽഹി പോലീസ് എടുത്ത യുഎപിഎ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബീർ പുരകായസ്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണിത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് പ്രബീറിനുവേണ്ടി ഹാജരായത്.

ന്യൂഡൽഹി: വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്ലിങ്ങളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ തുടങ്ങിയ വിവാദ പരാമർശങ്ങളിലാണ് അദ്ദേഹം പ്രതികരണം നടത്തിയത്. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിങ്ങളോടുള്ള തന്റെ സ്‌നേഹം താൻ മാർക്കറ്റ് ചെയ്യാറില്ല. താൻ വോട്ട് ബാങ്കിന് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. സബ്കാ സാഥിലും സബ്കാ വികാസിലും താൻ വിശ്വസിക്കുന്നു. താൻ ഞെട്ടിപ്പോയി, കൂടുതൽ കുട്ടികളുള്ളവരെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അവർ മുസ്ലിംങ്ങളാണെന്ന് അനുമാനിക്കുമെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. നിങ്ങൾ മുസ്ലിങ്ങളോട് ഇത്ര അനീതി കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു.

പാവപ്പെട്ട കുടുംബങ്ങളിലും ഇതാണ് അവസ്ഥ. അവരുടെ സാമൂഹിക അവസ്ഥ പരിഗണിക്കാതെ ദാരിദ്ര്യം ഉള്ളിടത്ത് കൂടുതൽ കുട്ടികളുള്ള സാഹചര്യമുണ്ട്. താൻ ഹിന്ദുവെന്നോ മുസ്ലിമെന്നോ പറഞ്ഞിട്ടില്ല. ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്നത്ര കുട്ടികളുണ്ടാകണമെന്ന് താൻ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുട്ടികളെ സർക്കാർ നോക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ 2002ൽ നടന്ന ഗോധ്ര കലാപത്തിന് ശേഷം എതിരാളികൾ മുസ്ലിങ്ങൾക്കിടയിൽ തന്റെ പ്രതിച്ഛായ മോശമാക്കി. മുസ്ലിങ്ങൾ തന്നെ പിന്തുണക്കുന്നുണ്ടെങ്കിലും അവരോട് അത് ചെയ്യൂ ഇത് ചെയ്യൂ എന്ന് പറയാനും ആളുകളുണ്ട്. തന്റെ വീട്ടിൽ, തനിക്ക് ചുറ്റും മുസ്ലിം കുടുംബങ്ങൾ ഉണ്ട്. തങ്ങളുടെ വീട്ടിലും പെരുന്നാൾ ആഘോഷിച്ചു, തങ്ങളുടെ വീട്ടിൽ വേറെയും ആഘോഷങ്ങൾ നടക്കാറുണ്ട്. ഈദ് ദിനത്തിൽ തങ്ങളുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്തിരുന്നില്ല. എല്ലാ മുസ്ലിം കുടുംബങ്ങളിൽ നിന്നും തന്റെ വീട്ടിലേക്ക് ഭക്ഷണം കൊണ്ടുവന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ: അമേരിക്കയിൽ എത്തുന്ന ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള നീക്കങ്ങൾ നടത്താനൊരുങ്ങി യുഎസ്. ചൈനയിൽ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം തീരുവ ഈടാക്കാനാണ് നീക്കം. നിലവിൽ 25 ശതമാനം ഇറക്കുമതി തീരുവയാണ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് അമേരിക്ക ചുമത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കും.

നികുതി വർധനവ് പ്രാബല്യത്തിൽ വന്നാൽ അമേരിക്ക-ചൈന വ്യാപാര യുദ്ധ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് വാഹനങ്ങൾ കൂടുതലായി അമേരിക്കയിൽ എത്തുന്നത് രാജ്യസുരക്ഷയെ പോലും വെല്ലുവിളിക്കുന്ന ഒന്നാണെന്നും ഇത് നിയന്ത്രിക്കണമെന്നുമാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.

ഇറക്കുമതി തീരുവ ഉയർത്തിയാൽ ഇലക്ട്രിക് വെഹിക്കിൾ ടാക്‌സ് ക്രെഡിറ്റുകൾ ലഭിക്കാൻ ചൈനീസ് വാഹന നിർമാതാക്കൾ മെക്‌സികോയിലും മറ്റും വെച്ച് നിലവാരമില്ലാത്തതും കുറഞ്ഞ നിരക്കിലുള്ളതുമായി വാഹനങ്ങൾ നിർമിക്കുമെന്നും ഇത് കൂടുതൽ അപകടത്തിന് വഴിവെക്കുമെന്ന വിലയിരുത്തലുകൾ ഉയർന്നിരുന്നു. ചൈനീസ് വാഹനങ്ങൾ അമേരിക്കയിൽ എത്തുന്നത് തടയാനാണ് ഇറക്കുമതി തീരുവ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് പുറമെ, ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബാറ്ററികൾ, സോളാർ പാനലുകൾ തുടങ്ങിവയ്ക്കും പുതിയ താരിഫ് ബാധകമായിരിക്കുമെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം യൂണിയന് കീഴിൽ തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. സമരത്തിൽ നിന്ന് എല്ലാ യൂണിയനുകളും പിന്മാറി. മിൽമ പ്ലാന്റുകൾ ഇനി സാധാരണ നിലയിൽ പ്രവർത്തിക്കും. ഇന്ന് ബോർഡ് യോഗം ചേർന്ന് തൊഴിലാളികളുടെ ആവശ്യത്തിൽ തീരുമാനമെടുക്കും. ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് നിശ്ചയിച്ച യോഗ്യത പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് മിന്നൽ പണിമുടക്ക് നടന്നത്.

സമരത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ കഴിഞ്ഞ ദിവസത്തെ മൂന്നാമത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറാൻ തൊഴിലാളികളോട് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രം പ്രമോഷൻ നൽകുന്നുവെന്ന് ആരോപിച്ചാണ് ഐഎൻടിയുസി-സിഐടിയു യൂണിയനുകൾ മിന്നൽ പണിമുടക്ക് നടത്തിയത്.

സമരം നടന്നത് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലാണ്. സമരത്തിന് നേതൃത്വം നൽകിയിരുന്നത് സിഐടിയുവും ഐഎൻടിയുസിയുമാണ്. ക്ഷീര സംഘങ്ങളിലുള്ള പാലുകൾ പ്ലാന്റ്ുകളിൽ സ്വീകരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം രാവിലെ മുതൽ വിതരണം സ്തംഭിച്ചിരുന്നു.

താഴെത്തട്ടിലെ ജീവനക്കാരെ ഒഴിവാക്കി ഉദ്യോഗസ്ഥർക്ക് മാത്രം പ്രമോഷൻ നൽകാനുള്ള നീക്കത്തിനു പിന്നിൽ ചെയർമാൻ മണി വിശ്വനാഥാണെന്നായിരുന്നു സിഐടിയുവിന്റെ ആരോപണം.

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ നവവധുവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ യുവതിക്ക് പിന്തുണ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വനിത ശിശുവികസന വകുപ്പ് യുവതിയ്ക്ക് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കുമെന്നാണ് വീണാ ജോർജ് അറിയിച്ചിരിക്കുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്താൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസർ യുവതിയുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തി. മാനസിക പിന്തുണ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ കൗൺസിലിങ് നൽകുമെന്ന് മന്ത്രി അറിയിച്ചു.

ഈ സംഭവം അത്യന്തം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമ നടപടിയുണ്ടാകും. ഈ സാമൂഹിക വിപത്തിനെതിരെ സമൂഹം ഒന്നിക്കണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.

വത്തിക്കാൻ: ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഒരു സമ്മേളനത്തിൽ ജനങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കുഞ്ഞുങ്ങൾ ജനിക്കാത്തതല്ല ലോകത്തെ പ്രശ്‌നങ്ങളുടെ മൂലകാരണം. സ്വാർത്ഥത, ഉപഭോക്തൃ സംസ്‌കാരം, വ്യക്തിവാദം എന്നിവ ആളുകളെ സംതൃപ്തരും ഏകാകികളും അസന്തുഷ്ടരുമാക്കുന്നതാണ് മിക്ക പ്രശ്‌നങ്ങൾക്കും കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാർത്ഥത ഒരാളെ ബധിരനാക്കുന്നു. അത് ഹൃദയത്തെ സ്തംഭിപ്പിക്കുകയും നല്ലത് എന്താണെന്ന് തിരിച്ചറിയാനുള്ള അവരുടെ കഴിവിനെ തന്നെ ഇല്ലാതാകുകയും ചെയ്യും. കുട്ടികൾക്ക് പകരം പട്ടികളെയും പൂച്ചകളെയും കൊണ്ട് നിറഞ്ഞിരിക്കുന്ന വീടുകൾ വളരെ ദുഃഖം നിറഞ്ഞ ഇടങ്ങളാണ്. നിലവിൽ ജനസംഖ്യ സംബന്ധിച്ച് ഇറ്റലി ഗുരുതരമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. 2023-ൽ ഇവിടത്തെ ജനനനിരക്ക് ഏറ്റവും താഴ്ന്ന നിലയിലുള്ള റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ തുടർച്ചയായ 15-ാം വർഷവും ജനനനിരക്ക് കുറഞ്ഞ നിലയിലാണെന്ന് മാർപ്പാപ്പ വ്യക്തമാ,്കി.

കഴിഞ്ഞ 10 വർഷമായി യൂറോപ്പിലുടനീളമുള്ള ജനനനിരക്ക് ഒരു സ്ത്രീക്ക് ഏകദേശം 1.5 കുട്ടികൾ എന്ന നിലയിലാണ്. ഇത് യഥാർത്ഥത്തിൽ ആവശ്യമായ 2.1 എന്ന നിരക്കിനെക്കാൾ വളരെ താഴെയാണ്. ഈ സാഹചര്യത്തെ മറികടക്കാൻ മാറിവന്ന സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.