General (Page 1,282)

ആലപ്പുഴ: ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കേരളം വിട്ടു. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതികൾക്ക് പുറത്തു നിന്നു സഹായം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ മൊബൈൽ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പൊലീസ് പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്താനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരു കേസുകളിലും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ അറസ്റ്റിലായിട്ടില്ല. ഇപ്പോൾ അറസ്റ്റിലായവർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരും പ്രതികൾക്ക് വാഹനം തരപ്പെടുത്തി നൽകിയവരുമാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

തിരുവനന്തപുരം: നടുറോഡിൽ അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം. പോത്തൻകോടാണ് സംഭവം. വെഞ്ഞാറമ്മൂട് സ്വദേശികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.

അച്ഛനും മകളും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി നാലംഗ ഗുണ്ടാസംഘം ആക്രമണം നടത്തുകയായിരുന്നു. കാറിൽ പ്രധാനറോഡിലൂടെ വരികയായിരുന്നു അച്ഛനും മകളും. ഇതിനിടെ വാഹനം തിരിക്കാൻ ശ്രമിക്കുകയായിരുന്ന ഗുണ്ടാസംഘം ഇവരോട് കാർ പിന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രധാനറോഡിൽ നിരവധി വാഹനങ്ങളുണ്ടായതിനാൽ കാർ പിന്നോട്ടെടുക്കാൻ കഴിഞ്ഞില്ല. ഇതാണ് ഗുണ്ടാസംഘത്തെ പ്രകോപിപ്പിച്ചത്. തുടർന്ന് ഗുണ്ടകൾ കാറിൽ നിന്നിറങ്ങി ഇവരെ ആക്രമിക്കുകയായിരുന്നു. അച്ഛനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മകൾക്ക് നേരെ ആക്രമണം ഉണ്ടായത്.

ഗുണ്ടാസംഘത്തിനെതിരെ ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മകളെ കടന്നു പിടിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. പള്ളിപ്പുറം സ്വർണക്കവർച്ച കേസിലെ പ്രതി ഫൈസൽ അടക്കമുള്ളവരാണ് ഗുണ്ടാസംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന.

തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പോലീസിനെതിരെ വിമർശനം ഉന്നയിച്ചത്. പോലീസിന്റെ ഈ പോക്ക് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

മതമൗലിക-വർഗീയ പ്രസ്ഥാനങ്ങൾ കേരളത്തെ കലാപഭൂമിയാക്കുന്നതിനെ തടയാൻ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് സംഘടിപ്പിച്ച മാനവ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊലപാതകങ്ങൾ നടത്തുന്ന പാർട്ടികൾ നൽകുന്ന ലിസ്റ്റ് അനുസരിച്ച് പ്രതിപ്പട്ടിക തയ്യാറാക്കുന്ന അവസ്ഥക്ക് മാറ്റം വരണം. ഇത് കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരം നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ സംസ്ഥാനത്തെ ഇടതു ഗവൺമെന്റിന് കളങ്കം ചാർത്തുവാൻ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ പ്രസ്ഥാനങ്ങൾ നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായാണ് സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഡൽഹി, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്.

ഡൽഹിയിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് പൂർണ്ണമായും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച ഡൽഹിയിൽ സാമൂഹ്യ-സാംസ്‌കാരിക ഒത്തുചേരലുകൾക്കെല്ലാം വിലക്കുണ്ട്. ഹോട്ടലുകളിലും പബ്ബുകളിലും 50 ശതമാനം ആളുകൾക്ക് മാത്രമെ പ്രവേശനമുള്ളു. പൊതുയോഗം, കല്യാണം, സമ്മേളനങ്ങൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഒമിക്രോൺ കേസുകളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. പ്രതിരോധ നടപടിയുടെ ഭാഗമായി ഡിസംബർ 16 മുതൽ 31 വരെ മഹാരാഷ്ട്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ കടകളിലും പൊതു ഗതാഗത വാഹനങ്ങളിലും പ്രവേശനമുള്ളുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാത്തവർ മറ്റുള്ളവർക്കൊപ്പം പൊതുഗതാഗത വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് അപകടകരമാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. 200 ൽ അധികം ആളുകൾ ഒത്തുചേരുന്ന പരിപാടികൾക്ക് വാർഡ് ഓഫീസർമാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങണമെന്നും നിർദ്ദേശമുണ്ട്. ഇൻഡോർ ഹാളുകളിൽ നടക്കുന്ന പരിപാടിക്ക് സീറ്റിങ് കപ്പാസിറ്റി 50 ശതമാനമായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം കർണാടക എല്ലാ പൊതുപരിപാടികൾക്കും വിലക്കേർപ്പെടുത്തി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു എംജി റോഡിലും ബ്രിഗേഡ് റോഡിലും നടക്കുന്ന പരിപാടികളും നിരോധിച്ചു. ഹോട്ടലുകളിലും ക്ലബ്ബുകളിലും 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം. പ്രത്യേക പുതുവത്സര പാർട്ടിയോ ഡിജെ പരിപാടിയോ നടത്താൻ അനുമതിയില്ല. ഇത്തരം കേന്ദ്രങ്ങളിലെ മുഴുവൻ ജീവക്കാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരും ആയിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഗുജറാത്തി രാത്രികാല കർഫ്യൂ ഡിസംബർ 31 വരെ നീട്ടി. രാത്രി 1 മണി മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. ഹോട്ടലുകളിലും വ്യായാമ കേന്ദ്രങ്ങളിലും 75 ശതമാനം ആളുകൾക്ക് മാത്രമെ പ്രവേശനമുള്ളു.

കല്യാണ ഹാളുകൾ, ഹോട്ടൽ, ബാങ്ക്, സർക്കാർ ഓഫീസ്, ബസ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാത്തവർക്ക് വിലക്കേർപ്പെടുത്തുമെന്നാണ് ഹരിയാന സർക്കാർ വ്യക്തമാക്കുന്നത്. ഇനിയും കോവിഡ് വാക്സിൻ സ്വീകരിക്കാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്നാണ് പഞ്ചാബ് സർക്കാരിന്റെ നിലപാട്. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വാക്സിനേഷൻ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചാബ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് സർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തവർക്ക് മാത്രമേ ശമ്പളം വിതരണം ചെയ്യുകയുള്ളുവെന്നാണ് സർക്കാർ അറിയിച്ചത്.

തിരുവനന്തപുരം: സഖാക്കൾക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജീത്ത് പണിക്കർ. ജീവിച്ചിരുന്നപ്പോൾ തന്നെ കർമ്മം കൊണ്ട് വിശുദ്ധി നേടുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ടെന്നും അവരെ മനസ്സിലാക്കാൻ സഖാക്കൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മരണം ആരെയും വിശുദ്ധരാക്കുന്നില്ലെന്നത് ചില സഖാക്കളുടെ അടുത്തകാലത്തെ സ്ഥിരം ലൈനാണ്. ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിലും ഇന്ന് പി ടി തോമസിന്റെ മരണത്തിലും അവർ ആവർത്തിച്ചത് ഇതേ വാക്യം തന്നെയാണ്. ഇവർക്കൊന്നും വിശുദ്ധരാകാൻ മരണത്തിന്റെ ആവശ്യമില്ല എന്നു മനസ്സിലാക്കണം. സ്വന്തം കൂട്ടത്തിലുള്ളവരെ മരണത്തിനു മാത്രമേ വിശുദ്ധരാക്കാൻ കഴിയൂ എന്ന ചിന്ത നിങ്ങളുടെ ഉപബോധ മനസ്സിൽ ഉണ്ടായിരിക്കാം. എന്നാലത് നിങ്ങളുടെ കെട്ടുവള്ളിയുടെ പുറത്തുള്ളവർക്ക് ബാധകമേയല്ലെന്ന് തിരിച്ചറിയണമെന്നും ശ്രീജിത്ത് പണിക്കർ വ്യക്തമാക്കി.

അനഭിമതരായവരുടെ മരണങ്ങളിൽ ഇനിയും നിങ്ങൾ ഈ വാക്യം ആവർത്തിക്കും. അത് നിങ്ങളുടെ നേതൃത്വ പാപ്പരത്തത്തെയും വിവരക്കേടിനെയും തുടർന്നും തങ്ങൾക്കു മുൻപിൽ തുറന്നുകാട്ടും. വന്ദിച്ചില്ലെങ്കിലും (അനവസരത്തിലെങ്കിലും) നിന്ദിക്കരുതെന്ന പ്രമാണം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ അഭിനയിക്കാനെങ്കിലും ശ്രമിക്കുക. നിങ്ങൾ മനുഷ്യരാണെന്ന് കരുതി അഭിനയിക്കാൻ തങ്ങളും ശ്രമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മരണം ആരെയും വിശുദ്ധരാക്കുന്നില്ലത്രേ!

ചില സഖാക്കളുടെ അടുത്തകാലത്തെ സ്ഥിരം ലൈനാണ്. ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിലും ഇന്ന് പി ടി തോമസിന്റെ മരണത്തിലും അവർ ആവർത്തിച്ചത് ഇതേ വാക്യം തന്നെ.

ഇവർക്കൊന്നും വിശുദ്ധരാകാൻ മരണത്തിന്റെ ആവശ്യമില്ല എന്നു മനസ്സിലാക്കുക. ജീവിച്ചിരിക്കുമ്പോൾ തന്നെ കർമ്മം കൊണ്ട് വിശുദ്ധി നേടുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ട്. സ്വന്തം കൂട്ടത്തിലുള്ളവരെ മരണത്തിനു മാത്രമേ വിശുദ്ധരാക്കാൻ കഴിയൂ എന്ന ചിന്ത നിങ്ങളുടെ ഉപബോധ മനസ്സിൽ ഉണ്ടായിരിക്കാം. എന്നാലത് നിങ്ങളുടെ കെട്ടുവള്ളിയുടെ പുറത്തുള്ളവർക്ക് ബാധകമേയല്ലെന്ന് തിരിച്ചറിയുക.

അനഭിമതരായവരുടെ മരണങ്ങളിൽ ഇനിയും നിങ്ങൾ ഈ വാക്യം ആവർത്തിക്കും. അത് നിങ്ങളുടെ നേതൃത്വ പാപ്പരത്തത്തെയും വിവരക്കേടിനെയും തുടർന്നും ഞങ്ങൾക്കു മുൻപിൽ തുറന്നുകാട്ടും.
വന്ദിച്ചില്ലെങ്കിലും (അനവസരത്തിലെങ്കിലും) നിന്ദിക്കരുതെന്ന പ്രമാണം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ അഭിനയിക്കാനെങ്കിലും ശ്രമിക്കുക. നിങ്ങൾ മനുഷ്യരാണെന്ന് കരുതി അഭിനയിക്കാൻ ഞങ്ങളും ശ്രമിക്കാം.

തിരുവനന്തപുരം: കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാക്കൾ. കെ സുധാകരൻ, ഉമ്മൻചാണ്ടി, വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, എംഎം ഹസൽ, എം കെ മുനീർ തുടങ്ങി നിരവധി നേതാക്കൾ അദ്ദേഹത്തിന് അനുശോചനം അറിയിച്ചു.

കെ എസ് യു സംസ്ഥാന പ്രസിഡന്റായി കേരള രാഷ്ട്രീയത്തിൽ ഉയർന്നു വന്ന് സ്വന്തം വ്യക്തിത്വം കൊണ്ട് വളർന്നു പന്തലിച്ച നിലപാടിന്റെ ആൾ രൂപമാണ് പിടി തോമസെന്ന് കെ സുധാകരൻ പറഞ്ഞു. അപ്രിയ സത്യങ്ങൾ പോലും സധൈര്യം ലോകത്തോടു വിളിച്ചു പറയാൻ ആർജ്ജവം കാണിച്ച നേരിന്റെ പോരാളിയും എഴുപതിലും യുവത്വത്തിന്റെ പ്രസരിപ്പോടെ അണികളിൽ ആവേശം പടർത്തിയ പ്രിയപ്പെട്ടവനുമാണ് അദ്ദേഹം. പ്രകൃതിയെയും മനുഷ്യനെയും കലർപ്പില്ലാതെ സ്‌നേഹിച്ച പി ടി യ്ക്ക് പകരക്കാരനില്ലെന്നും സുധാകരൻ വ്യക്തമാക്കി.

പൊതുപ്രവർത്തന രംഗത്തു സത്യസന്ധതയും ആത്മാർഥതയും ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നേതാവായിരുന്നു പി.ടി.തോമസെന്നും അദ്ദേഹത്തിന്റെ വിയോഗം ഏറെ ദു:ഖകരമാണെന്നും ഉമ്മൻചാണ്ടി അറിയിച്ചു. ഒരിക്കലെങ്കിലും പി.ടിയെ പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം ഇതൊരു വ്യക്തിപരമായ നഷ്ടം കൂടിയാണ്. വിശ്വസിക്കുന്ന ആദർശത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നയാളായിരുന്നു പിടി തോമസ്. മാതൃകാ പൊതുപ്രവർത്തകനെയാണ് സമൂഹത്തിന് നഷ്ടമായത്. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ജേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസിന്റെ ജനകീയ മുഖമായിരുന്നു പിടി തോമസെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. മൂല്യങ്ങളിൽ അടിയുറച്ച് നിന്ന നേതാവാണ് പി ടി തോമസെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. കോൺഗ്രസിനെ സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു പി ടി തോമസ്. ഉറച്ച നിലപാടുള്ള നേതാവിന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് തീർത്താൽ തീരാത്ത നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ അരനൂറ്റാണ്ട് കാലത്ത് വേറിട്ട മുഖം ആയിരുന്നു പി ടി തോമസെന്ന് എം എം ഹസ്സൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ അദ്ദേഹം ധീര നിലപാട് എടുത്തിരുന്നുവെന്നും എംഎം ഹസൻ അനുസ്മരിച്ചു. പി ടി തോമസിൻറെ വിയോഗത്തോടെ നിയമസഭയിലെ ഒരു പോരാളിയെയാണ് പ്രതിപക്ഷത്തിന് നഷ്ടമാവുന്നതെന്ന് എം കെ മുനീർ പറഞ്ഞു.

ന്യൂഡൽഹി: വഴി കാണിക്കാനായി ഗൂഗിൾ മാപ്പിന് പകരം പുതിയ ആപ്ലിക്കേഷനുമായി കേന്ദ്ര സർക്കാർ. മൂവ് എന്ന പേരിൽ കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വഴികാണിക്കുകയും ഗതാഗത കുരുക്കുകളെ കുറിച്ച് നേരത്തേ അറിയിക്കുകയും അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന സൗജന്യ നാവിഗേഷൻ ആപ്പാണ് മൂവ്.

കേന്ദ്ര റോഡ് ഗതാഗത ഹൈവെ മന്ത്രാലയം, ഐഐടി മദ്രസ്, ഡിജിറ്റൽ ടെക് കമ്പനിയായ മാപ് മൈ ഇന്ത്യ എന്നിവർ സഹകരിച്ചാണ് മൂവ് രൂപകൽപ്പന ചെയ്തത്. രാജ്യത്ത് റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ആപ്ലിക്കേഷൻ തയ്യാറാക്കിയത്. അപകടസാധ്യതയുള്ള മേഖലകൾ, സ്പീഡ് ബ്രേക്കറുകൾ, മൂർച്ചയുള്ള വളവുകൾ, കുഴികൾ എന്നിവയെ കുറിച്ചുള്ള ശബ്ദ, ദൃശ്യ അലേർട്ടുകൾ എന്നിവ ഡ്രൈവർമാർക്ക് മൂവ് നൽകുന്നതാണ്.

2020-ൽ നടത്തിയ സർക്കാരിന്റെ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ വിജയിച്ച ശേഷമാണ് മൂവ് ഔദ്യോഗിക അംഗീകാരം നേടിയത്. പ്ലേ സ്റ്റോറിലൂടെ സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. അപകടമേഖലകൾ, സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ, റോഡ്, ട്രാഫിക് പ്രശ്നങ്ങൾ എന്നിവ മാപ്പുവഴി റിപ്പോർട്ട് ചെയ്യാൻ പൗരന്മാർക്കും അധികാരികൾക്കും സൗകര്യമുണ്ടായിരിക്കുമെന്നതാണ് ആപ്പിന്റെ മറ്റൊരു സവിശേഷത. ഐഐടി മദ്രാസും മാപ്‌മൈ ഇന്ത്യയും ഈ ഡാറ്റ വിശകലനം ചെയ്യുകയും ഭാവിയിൽ റോഡ് അവസ്ഥ മെച്ചപ്പെടുത്താൻ സർക്കാർ ഇത് ഉപയോഗിക്കുകയും ചെയ്യും.

veena

തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളത്തെത്തിയ 6 പേർക്കും തിരുവനന്തപുരത്തെത്തിയ 3 പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നുമെത്തിയ രണ്ട് പേർ (18), (47), ടാൻസാനിയയിൽ നിന്നുമെത്തിയ യുവതി (43), ആൺകുട്ടി (11), ഘാനയിൽ നിന്നുമെത്തിയ യുവതി (44), അയർലാൻഡിൽ നിന്നുമെത്തിയ യുവതി (26) എന്നിവർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.

നൈജീരിയയിൽ നിന്നും വന്ന ഭർത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡിസംബർ 18, 19 തീയതികളിൽ എറണാകുളം എയർപോർട്ടിലെത്തിയ 6 പേരും എയർപോർട്ട് പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. അതിനാൽ അവരെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ പുറത്ത് നിന്നുള്ളവരാരുമില്ല.

ഡിസംബർ 10 ന് നൈജീരിയയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികൾക്ക് 17ന് നടത്തിയ തുടർ പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കൾ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

ഡിസംബർ 18 ന് യുകെയിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലെ പരിശോധനയിലാണ് 51കാരിയ്ക്ക് കോവിഡ് പോസിറ്റീവായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അയച്ചു. അതിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

കൊച്ചി: ആറ്റിങ്ങലിൽ എട്ടു വയസുകാരിയെ പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തി അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. ഒന്നര ലക്ഷം രൂപ കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം.

സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയിൽ നിന്നും ഒഴിവാക്കണമെന്നും ജനങ്ങളുമായി ഇടപെടാൻ പ്രത്യേക പരിശീലനം കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

പരാതിക്കാർക്ക് കോടതി ചെലവിലേക്ക് 25000 രൂപ നൽകണം. കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ നേരത്തേ അറിയിച്ചിരുന്നത്. സർക്കാരിന്റെ നിലപാടിനെതിരെ കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി യാത്രക്കാരുടെ വ്യാജപ്പേരിൽ മദ്യം കടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. യാത്രക്കാരുടെ വ്യാജപേരിൽ ആറ് കോടി രൂപയുടെ മദ്യം ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്നാണ് കേസ്. കസ്റ്റംസ് സുപ്രണ്ട് ലൂക്ക് കെ ജോർജാണ് കേസിലെ ഒന്നാം പ്രതി. ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്സ് സി.ഇ.ഒ സുന്ദരവാസനും മറ്റ് രണ്ട് ജീവനക്കാരുമാണ് കേസിലെ പ്രതികളാണ്.

കൈക്കുഞ്ഞുങ്ങളുടെ പോലും പാസ്പോർട്ട് വിവരങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ മദ്യം കടത്തിയത്. മദ്യം പുറത്തേക്ക് കടത്താനായി 15 ൽപ്പരം എയർലൈൻ കമ്പനികളിൽ നിന്ന് യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചിരുന്നു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് മദ്യക്കടത്ത് ആദ്യം കണ്ടെത്തിയത്. പിന്നീട് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

സിബിഐ കേസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ലൂക്ക് കെ ജോർജ് ഒളിവിൽ പോയിരുന്നു. രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ സിബിഐയ്ക്ക് മുന്നിൽ ഹാജരായത്. നിലവിൽ തിരുവനന്തപുരത്ത് ഓഡിറ്റ് വിഭാഗത്തിൽ സൂപ്രണ്ടായി സർവ്വീസിൽ തുടരുകയാണ് ലൂക്ക് കെ ജോർജ്.