General (Page 2)

insurance

ന്യൂഡൽഹി: 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് മാറ്റി. പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് പുതിയ നീക്കത്തിലൂടെ ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചു.

ആരോഗ്യ ഇൻഷുറൻസിന്റെ ഉയർന്ന പ്രായപരിധി നീക്കിയത് ഇൻഷുറൻസ് മേഖലയ്ക്ക് കുതിപ്പേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നോൺ-ലൈഫ് ഇൻഡസ്ട്രിയിൽ ആരോഗ്യ മേഖലയുടെ പങ്ക് 38% ആണെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്. 2024 മാർച്ച് 31 വരെയുള്ള കണക്കാണ് ഇത്. കഴിഞ്ഞ വർഷത്തേക്കാൾ 4% ന്റെ വളർച്ചയാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിലെ വളർച്ചാ നിരക്ക് 20% ആണ്.

തൃശൂർ: തൃശൂർ പൂരം വീഴ്ച്ചകളിൽ പ്രതികരണവുമായി നടനും ബിജെപി നേതാവും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. പൂരത്തിന്റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നുവെന്നും അതിന് പിന്നിൽ പ്ലാനും ഗൂഡാലോചനയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൂരം വെടിക്കെട്ട് പകൽവെളിച്ചത്തിൽ നടത്തേണ്ടി വന്നതിലും, പൂരം സമാപന ചടങ്ങുകൾ അലങ്കോലമായതിലും പൊലീസിന്റെ നടപടികളിലുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വെടിക്കെട്ട് തടസ്സപ്പെട്ടപ്പോൾ തന്നെ വിളിച്ചു വരുത്തിയതാണ്. 2 മണിക്ക് വിളിച്ചു. 2.10ന് പുറപ്പെട്ടു. തന്നെ ബ്ലോക്ക് ചെയ്തിട്ടതിനാൽ സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നത്. ഏത് പാർട്ടിയുടെ ഇടപെടൽ ഉണ്ടായാലും അന്വേഷിച്ച് കണ്ടെത്തട്ടെ. ഇതേ കമ്മീഷണറെ നിർത്തി മര്യാദക്ക് പൂരം നടത്തിക്കാണിക്കണമെന്ന അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവമ്പാടി ദേവസ്വത്തിൽ നിന്നാണ് തന്നെ വിളിച്ചത്. കൂടുതൽ തല്ലുകൊള്ളാതിരിക്കാൻ നിർത്തിപ്പോവുക എന്നാണ് പൊലീസ് പറഞ്ഞത്. കമ്മീഷണർ തനിക്ക് ലഭിച്ച നിർദ്ദശമാണ് പാലിച്ചത്. ചുമ്മാ അടുക്കള വർത്താനം പറയരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

മലപ്പുറം: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജക്കെതിരായ വ്യക്തിഹത്യയിൽ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസെടുത്തതിനെതിരെ പ്രതികരണവുമായി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സർക്കാരിന്റെ ബോധപൂർവമായ നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. പരാജയം മണക്കുന്നതുകൊണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ പേരാമ്പ്ര സ്വദേശി ഷഫീഖ് വലിയ കോടിക്കെതിരെ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ശൈലജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചെന്ന കേസുമായി ബന്ധപ്പെട്ട് നേരത്തെയും രണ്ടു പേർ അറസ്റ്റിലായിരുന്നു.

കുറ്റ്യാടി മുറ്റത്തുപ്ലാവിലെ മെബിൻ തോമസ് (26), മലപ്പുറം പട്ടിക്കാട് മണ്ണാർമല മുണ്ടത്തൊടി ഗഫൂർ മുഹമ്മദ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി കെ എം മിൻഹാജിനെതിരെ വടകരയിലും മട്ടന്നൂരും കേസെടുത്തു. സൽമാൻ വാളൂർ എന്നയാൾക്കെതിരെ പേരാമ്പ്ര പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൃശ്ശൂർ: തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ചയിൽ കമ്മീഷണർക്കും എസ്പിയ്ക്കുമെതിരെ നടപടി. തൃശൂർ കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റാനാണ് തീരുമാനം. പൊലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം അലങ്കോലമായതിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടുള്ള അടിയന്തര നടപടി സ്വീകരിക്കുന്നത്.

അങ്കിതിന് പുറമേ, അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ഡിജിപിയോട് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.

അതേസമയം, തൃശൂർ പൂരത്തിലെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തൃശൂർ പൂരസമയത്ത് ഉണ്ടായ പ്രതിസന്ധിയിൽ പോലീസിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് ഈ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്. ‘എടുത്തുകൊണ്ടു പോടാ പട്ട’ എന്ന് പറഞ്ഞ് കമ്മീഷണർ കയർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുടകൊണ്ടുവന്നവരെയും പോലീസ് തടഞ്ഞുവെന്നാണ് വിവരം. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്ന് കമ്മീഷണർ പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂരിനെതിരെ കേസ്. മതസംഘടനകൾക്ക് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വോട്ടിന് പണം നൽകുന്നുവെന്ന ശശി തരൂരിന്റെ ആരോപണത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തീരദേശമേഖലകളിൽ വോട്ടിന് പണം നൽകുന്നുവെന്ന തരത്തിൽ രാജീവ് ചന്ദ്രശേഖറിനെതിരെ ശശി തരൂർ നേരത്തെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വികസനം സംസാരിക്കുമ്പോൾ വ്യക്തിപരമായി ആക്രമിച്ച് ശ്രദ്ധതിരിക്കാനുള്ള ഹീനശ്രമമാണ് നടക്കുന്നതെന്നായിരുന്നു ഈ ആരോപണങ്ങളോട് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.

പൊതുജീവിതത്തിൽ സംശുദ്ധി സൂക്ഷിച്ചുപോരുന്നുണ്ട്. കഴിഞ്ഞ 18 വർഷങ്ങളായി അങ്ങനെയാണ്. ബിസിനസും ചെയ്യുന്നുണ്ട്. കാശുകൊടുത്ത് വോട്ട് വാങ്ങാൻ ശ്രമിച്ചുവെന്നാണ് ശശിതരൂരിന്റെ ആരോപണം. ഇലക്ഷൻ കമ്മിഷന് നോട്ടീസ് കൊടുത്തപ്പോൾ അങ്ങനെ പറഞ്ഞില്ലെന്നാണ് മറുപടി. അതങ്ങനെ വിടില്ല. ഇന്നലെ കോടതിയിൽ കേസ് ഫയൽ ചെയ്തു. സ്വത്ത് വിവരം മുഴുവൻ കൊടുത്തില്ലെന്നാണ് മറ്റൊരു ആരോപണം. ഇലക്ഷൻ കമ്മിഷനിൽ സത്യവാങ്മൂലം തെറ്റായി നൽകാൻ മാത്രം വിഡ്ഢിയാണോ താനെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഉഷ്ണകാലത്ത് ജലജന്യരോഗങ്ങൾ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ പൊതുജനങ്ങൾ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. ശീതള പാനീയങ്ങളുംമറ്റും കുടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതായുണ്ട്. ഇതുസംബന്ധിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ. അവ എന്തെല്ലാമാണെന്ന് നോക്കാം.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. യാത്രയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് ശീലമാക്കുക.
  • ഭക്ഷണപാനീയങ്ങളിൽ ഈച്ച , കൊതുക് പോലെയുള്ള പ്രാണികൾ കടക്കാതെ അടച്ചു സൂക്ഷിക്കുക
  • ഭക്ഷണപാനീയങ്ങൾ തയ്യാറാക്കുന്നതിനും, കഴിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ മാത്രം കഴുകുക.
  • കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആഹാര പാനീയങ്ങൾ തയ്യാറാക്കുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
  • ജ്യൂസുകളും മറ്റു ശീതള പാനീയങ്ങളും തയ്യാറാക്കുവാൻ ആണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
  • ശീതള പാനീയങ്ങൾ തയ്യാറാക്കുമ്പോൾ അംഗീകൃത രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് കട്ടകൾ മാത്രം ഉപയോഗിക്കുക.
  • അന്തരീക്ഷ താപനില കൂടുതലായതിനാൽ നിർജലീകരണം, സൂര്യാഘാതം എന്നിവ തടയുന്നതിനായി ധാരാളം ശുദ്ധജലം കുടിക്കുക.
  • എരിവും പുളിയും കൂടുതലുള്ള പാനീയങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. കൂടുതലായി ചായ, കാപ്പി എന്നിവ കുടിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  • ഭക്ഷണ പാനീയങ്ങൾ തയ്യാറാക്കുമ്പോൾ ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുന്നവർ മാത്രം ഭക്ഷണ പാനീയങ്ങൾ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുക.
  • ഭക്ഷണവും ശീതള പാനീയങ്ങളും വിതരണം ചെയ്യുന്നതിന് ഡിസ്‌പോസിബിൾ പ്ലേറ്റ് / ഗ്ലാസ്സ് എന്നിവ ഉപയോഗിക്കാതിരിക്കുക. പരിസര ശുചിത്വം പാലിക്കുക.
  • വേനൽക്കാലമായതിനാൽ പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാർത്ഥങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
  • വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
  • ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. കുട , തൊപ്പി എന്നിവ ഉപയോഗിക്കുക.
  • രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്നു മണി വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏൽതിരിക്കാൻ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ രാവിലെ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
  • കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. കാറ്റ് കടന്ന്, ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
  • കുട്ടികളെയും, പ്രായമായവരെയും, ഗർഭിണികളെയും, ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവർക്ക് ചെറിയ രീതിയിൽ സൂര്യാഘാതം ഏറ്റാൽ പോലും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാം.
  • അന്തരീക്ഷ താപനില കൂടുതലായതിനാൽ തന്നെ ക്ഷീണം, തലകറക്കം, ഛർദ്ദി, സൂര്യാഘാതം എന്നിവ ഉണ്ടായാൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതും ഉടൻ തന്നെ തണൽ ഉള്ള സ്ഥലത്തേയ്ക്ക് മാറി ഇരിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണം. ആവശ്യമാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുകയും ചികിത്സ തേടേണ്ടതുമാണ്.
  • അംഗീകൃതമല്ലാത്ത മരുന്നുകളും അശാസ്ത്രീയമായ ചികിത്സകളും സ്വയം ചികിത്സയും ഒഴിവാക്കേണ്ടതാണ്.

ഇംഫാൽ: മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ പതിനൊന്ന് ബൂത്തുകളിൽ റീ പോളിങ് പ്രഖ്യാപിച്ചു. വോട്ടിങ് ദിനത്തിൽ പോളിങ് സ്റ്റേഷനിൽ സംഘർഷവും വെടിവെപ്പും ഉണ്ടായതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിങ് പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 11 മണ്ഡലങ്ങളിലാണ് റീ പോളിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടെടുപ്പ് ദിനത്തിൽ ഇന്നർ മണിപ്പൂരിലെ വിവിധയിടങ്ങളിൽ വ്യാപക സംഘർഷം ഉണ്ടായിരുന്നു. പല ബൂത്തുകളിലും വെടിവെപ്പിനെത്തുടർന്ന് ഇവിഎം ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു. ചില ബൂത്തുകളും പിടിച്ചെടുത്തിരുന്നു. തുടർന്ന് ഏപ്രിൽ 22-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിങ് പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, മണിപ്പൂരിലെ 47 ബൂത്തുകളിൽ റീ പോളിങ് നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടും ബൂത്തുകൾ പിടിച്ചെടുത്തതും ആരോപിച്ചായിരുന്നു കോൺഗ്രസ് റീ പോളിങ് ആവശ്യപ്പെട്ടത്.

തിരുവനന്തപുരം: തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ ജനത്തിന് പ്രതിഷേധമുണ്ടെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്നും തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കുമെന്നും ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം തനിക്കില്ല. ശൈലജ സോഷ്യൽ മീഡിയ ഇംപാക്റ്റ് യുഡിഎഫിന് ബൂമറാങ്ങായി മാറുമെന്നും ശൈലജ അറിയിച്ചു.

സൈബർ ഇടത്തിൽ അധാർമിക നീക്കം തനിക്കെതിരെ ഉണ്ടായി. സൈബർ ആക്രമണമാണ് വടകരയിൽ ചർച്ച എന്നത് ശരിയല്ല. എന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്തു, അതിന് മാധ്യമങ്ങളെ ഉപയോഗിച്ചു. ചിന്തിക്കുന്ന ജനങ്ങൾ തനിക്കൊപ്പം നിൽക്കും. താൻ തനിക്കെതിരെ ആരോപണം ഉണ്ടാക്കുമോയെന്നും ശൈലജ ചോദിക്കുന്നു.

വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യമില്ല. താൻ ഒന്നും മാറ്റിപ്പറഞ്ഞിട്ടില്ല. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും. ഷാഫി നിയമ നടപടി സ്വീകരിച്ചോട്ടെ. എന്തെങ്കിലും ഉണ്ടെങ്കിലല്ലേ നേരിടേണ്ട ആവശ്യമുള്ളൂ. താൻ നിയമ നടപടി എടുക്കുന്നത് കൊണ്ട് അവരും ചെയ്യുന്നു എന്നേ ഉള്ളൂവെന്നും ശൈലജ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ബ്രത്തലൈസർ പരിശോധനയിൽ ഇതുവരെ കുടുങ്ങിയത് 137 ജീവനക്കാർ. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ ഉൾപ്പെടെയുള്ള ജീവനക്കാരാണ് പരിശോധനയിൽ കുടുങ്ങിയത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനുമാണ് ഇവർ പിടിയിലായത്. ഡ്യൂട്ടിക്ക് എത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധിക്കണമെന്ന് ഉത്തരവിറങ്ങിയിരുന്നു.ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.

ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി ചീഫ് ഓഫിസ് ഉൾപ്പെടെ എല്ലാ യൂണിറ്റുകളിലും റീജിയണൽ വർക് ഷോപ്പുകളിലും കെഎസ്ആർടിസി വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ ഒരു ഇൻസ്‌പെക്ടർ, രണ്ട് വെഹിക്കിൾ സൂപ്പർവൈസർമാർ, ഒരു സ്റ്റേഷൻ മാസ്റ്റർ, ഒരു സർജന്റ്, ഒൻപത് സ്ഥിരം മെക്കാനിക്കുമാർ, ഒരു ഗ്ലാസ് കട്ടർ, ഒരു കുറിയർ – ലോജിസ്റ്റിക്‌സ് ബദലി, 33 സ്ഥിരം കണ്ടക്ടർമാർ, 13 ബദലി കണ്ടക്ടർ, ഒരു സ്വിഫ്റ്റ് കണ്ടക്ടർ, 49 സ്ഥിരം ഡ്രൈവർമാർ, 16 ബദലി ഡ്രൈവർമാർ, 8 സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർമാർ എന്നിവരെയാണ് ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയതായി വിജിലൻസ് വിഭാഗം പരിശോധനയിൽ കണ്ടെത്തിയത്.

കെഎസ്ആർടിസിയിലെ 97 സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദലി ജീവനക്കാരും അടങ്ങുന്ന 40 പേരെ സർവീസിൽ നിന്നും നീക്കം ചെയ്തു. പരിശോധന ഇനിയും തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

തൃശ്ശൂർ: തൃശൂർ പൂരത്തിലെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്. തൃശൂർ പൂരസമയത്ത് ഉണ്ടായ പ്രതിസന്ധിയിൽ പോലീസിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് ഈ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്. ‘എടുത്തുകൊണ്ടു പോടാ പട്ട’ എന്ന് പറഞ്ഞ് കമ്മീഷണർ കയർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുടകൊണ്ടുവന്നവരെയും പോലീസ് തടഞ്ഞുവെന്നാണ് വിവരം. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്ന് കമ്മീഷണർ പറയുന്നു.

അതേസമയം, തൃശൂർ പൂരം പ്രതിസന്ധിയിൽ അന്വേഷണം വേണമെന്ന് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.