ന്യൂസ് ക്ലിക്കിനും പ്രബീർ പുരകായസ്തയ്ക്കും ഭീകര സംഘടനകളുമായി ബന്ധമുണ്ട്; ഡൽഹി പോലീസ്

ന്യൂഡൽഹി: ന്യൂസ് ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്ക്കും ലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭീകര ഫണ്ടിംഗിനായി ന്യൂസ് ക്ലിക്ക് വഴി 91 കോടി രൂപ ചെലവഴിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 8000 പേജുകളുള്ള കുറ്റപത്രമാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ സമർപ്പിച്ചത്. മാർച്ച് 30നാണ് പട്യാല ഹൗസ് കോടതിയിൽ കോടതിയിൽ പോലീസ് കുറ്റപത്രം നൽകിയത്.

ന്യൂസ് ക്ലിക്കിനും പ്രബീർ പുരകായസ്തയ്ക്കും എതിരെ അന്വേഷണം നടക്കുന്നത് രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്ന് സഹായം വാങ്ങിയെന്ന കേസിലാണ്. ചൈനീസ് പ്രൊപ്പഗണ്ട ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനായി ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് പുരകായസ്തക്കെതിരെ യുഎപിഎ പ്രകാരം അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പുരകായസ്തയയും സഹസ്ഥാപകനായ അമിത് ചക്രവർത്തിയും അറസ്റ്റിലായത്.

കർഷക പ്രതിഷേധങ്ങൾക്കും ഡൽഹി കലാപത്തിന്റെയും അണിയറയിൽ പ്രവർത്തിച്ച വിവിധ തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകാൻ പുരകയസ്ത ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. സിഎഎ/എൻആർസിക്കെതിരെ ജനങ്ങളെ അണിനിരത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. നിയമങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ച് വിദ്വേഷം വളർത്താൻ ന്യൂസ് ക്ലിക്കിലൂടെ ശ്രമിച്ചുവെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.