വന്ദേ മെട്രോ, വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രയൽ റണ്ണിന് തയ്യാറെടുക്കുന്നു; 50 പുഷ്പുൾ ട്രെയിനുകൾ പുറത്തിറക്കും

ന്യൂഡൽഹി: വന്ദേ മെട്രോ, വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രയൽ റണ്ണിന് തയ്യാറെടുക്കുന്നു. രാജ്യത്തെ വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ജൂലായ് മാസത്തോടെ നടത്താൻ റെയിൽവേ പദ്ധതിയിടുന്നു. വന്ദേമെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടമായിരിക്കും ആദ്യം നടത്തുക.

50 പുഷ്-പുൾ അമൃത് ഭാരത് ട്രെയിനുകൾ ഈ വർഷം തന്നെ പുറത്തിറക്കാൻ കേന്ദ്രസർക്കാരിന് പദ്ധതിയിടുന്നുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടുവശത്തും എൻജിനുകളുള്ള ട്രെയിനാകും ഇത്. യൂറോപ്യൻ രാജ്യങ്ങളിൽ സർവീസ് നടത്തുന്ന രീതിയിലുള്ള കോൺ ആകൃതിയിലുള്ള ട്രെയിനുകളും അടുത്തവർഷം ട്രാക്കിൽ ഇറക്കാൻ ഇന്ത്യൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. പുതിയ 50 ട്രെയിനുകളാണ് വന്ദേ മെട്രോ, വന്ദേഭാരത് സ്ലീപ്പർ വിഭാഗത്തിൽ പുറത്തിറക്കുക. വന്ദേഭാരത് വൻ ഹിറ്റായി ഓടുന്ന കേരളത്തിന് പുതിയ ട്രെയിനുകളുടെ റൂട്ട് പ്രഖ്യാപിക്കുമ്പോൾ പരിഗണന ലഭിക്കുമെന്നാണ് സൂചന.

വന്ദേ മെട്രോ ട്രെയിനുകളാകും ആദ്യം പരീക്ഷണ ഓട്ടത്തിനായി എത്തുക. 100 മുതൽ 250 കിലോമീറ്റർ വരെയുള്ള റൂട്ടുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാകും ഈ സർവീസ്. പൂർണമായും എ.സി ട്രെയിനുകളായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന വിവരം.