ഗരുഡ പ്രീമിയം; നവകേരള ബസ് ജനങ്ങൾക്കായി ഓടിത്തുടങ്ങുന്നു, ടിക്കറ്റ് നിരക്ക് അറിയാം

തിരുവനന്തപുരം: നവകേരള സദസ്സിന്റെ ഭാഗമായി നിരത്തിലിറങ്ങിയ നവകേരള ബസ് ജനങ്ങൾക്കായി ഓടിത്തുടങ്ങുന്നു. മേയ് 5 മുതൽ ഈ ബസ് ജനങ്ങൾക്കായി ഓടിത്തുടങ്ങും. ഗരുഡ പ്രീമിയം എന്നാണ് ഈ ബസിന്റെ പേര്. ആധുനിക സൗകര്യങ്ങളോടു കൂടിയ മികച്ച യാത്രാനുഭവമാണ് ഈ ബസിൽ അനുഭവപ്പെടുന്നത്. കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവീസാണിത്.

കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് സർവീസ് നടത്തുക. 1171 രൂപയാണ് ഈ ബസിന്റെ ടിക്കറ്റ് നിരക്ക്. കൂടാതെ എസി ബസ്സുകൾക്കുള്ള 5 ശതമാനം ലക്ഷ്വറി ടാക്‌സും നൽകേണ്ടതാണ്. രാവിലെ 4 മണിക്ക് കോഴിക്കോട്ടു നിന്നും യാത്രതിരിക്കുന്ന ബസ് കൽപറ്റ, ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ഡ്യ വഴി 11.35 ന് ബെംഗളൂരുവിൽ എത്തിച്ചേരും.

ഉച്ചയ്ക്ക് 2.30 ന് ബെംഗളൂരുവിൽ നിന്നും തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തും. കോഴിക്കോട്, കൽപറ്റ, ബത്തേരി, മൈസൂരു, ബെംഗളൂരു (സാറ്റ്‌ലെറ്റ്, ശാന്തിനഗർ) എന്നിവയാണ് ഈ ബസിന്റെ സ്റ്റോപ്പുകൾ. ബസിൽ ഓൺലൈൻ റിസർവേഷൻ സൗകര്യമുണ്ട്. എയർകണ്ടീഷൻ ചെയ്ത ബസ്സിൽ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്.

ഫുട് ബോർഡ് ഉപയോഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാൻ ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ശുചിമുറി, വാഷ്‌ബേസിൻ തുടങ്ങിയ സൗകര്യങ്ങളും ഈ ബസിലുണ്ട്. ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സംവിധാനങ്ങൾ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ.