General (Page 1,271)

sivan

തിരുവനന്തപുരം: വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009 ൽ കൃത്യമായി വിവരിക്കുന്നുണ്ടെന്നും അത് ഒരു കാരണവശാലും ലംഘിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നേരിട്ട് പരാതി ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് ടി സി ഇല്ല എന്നുള്ളത് ഒരു തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തുടർച്ച ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകൾക്കായി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായും ഒമ്പത്,പത്ത് ക്ലാസുകാർക്ക് പൊതുവിദ്യാലയങ്ങളിൽ തുടർപഠനം ഉറപ്പാക്കുന്നതിനും ഉത്തരവിറക്കിയിട്ടുണ്ട്. ടി സി ലഭിക്കാത്ത കുട്ടികളുടെ യു ഐ ഡി പഠിക്കാൻ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചില അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ടി സി നൽകുന്നില്ല എന്ന് പരാതി ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടിസി നിർബന്ധമായും നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്തെ ചില അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ കാലത്തും യാതൊരു ന്യായീകരണവും ഇല്ലാതെ വർധിച്ച നിരക്കിൽ വിദ്യാർത്ഥികളിൽ നിന്ന് വിവിധതരം ഫീസ് ഇടാക്കുന്നുണ്ടെന്നും പരാതിയുണ്ട്.

അൺ എയ്ഡഡ് വിദ്യാഭ്യാസ മേഖല വിദ്യാഭ്യാസരംഗത്ത് ചെയ്തുകൊണ്ടിരിക്കുന്ന സംഭാവന വിസ്മരിക്കുന്നില്ല. സംസ്ഥാനത്ത് മികച്ച നിലയിൽ പ്രവർത്തനം നടത്തുന്ന നിരവധി അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. എന്നാൽ അത്തരം പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായി ചില അൺഎയ്ഡഡ് മാനേജ്‌മെന്റുകൾ മുന്നോട്ട് പോകുന്നുണ്ട്. ഇത്തരം നിലപാടുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പ്യൂട്ടർ ലാബ് ഫീസ്, ലൈബ്രറി ഫീസ്, സ്മാർട്ട് ക്ലാസ്‌റൂം ഫീസ് തുടങ്ങിയ ഫീസുകൾ രക്ഷിതാക്കളോട് മുൻകാലങ്ങളിലെ പോലെ ചില മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ 2020 – 21 അദ്ധ്യയന വർഷം മുതൽ ഇവയൊന്നും പ്രവർത്തിക്കുന്നില്ല എന്ന വസ്തുത ഈ മാനേജ്‌മെന്റുകൾ പരിഗണിക്കുന്നില്ല. സ്‌പോർട്‌സ് ആൻഡ് ഗെയിംസ്, സാംസ്‌കാരിക പരിപാടികൾ, മെഡിക്കൽ എക്‌സാമിനേഷൻ ഫീസ്, ബാഡ്ജ്- ഡയറി ചെലവ് , പ്രോഗ്രസ് റിപ്പോർട്ട് ചാർജുകൾ, പിടിഎ ഫണ്ട്, ഇൻഷുറൻസ് തുടങ്ങിയ ഇനങ്ങളിൽ ഒന്നും ചിലവാക്കുന്നില്ലെങ്കിലും പണം ആവശ്യപ്പെടുന്നുണ്ട് എന്ന് പരാതിയും ഉയരുന്നുണ്ട്.

കോവിഡ് കാലഘട്ടത്തിൽ നല്ലൊരു ശതമാനം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്ഥിരം വരുമാനം, സുരക്ഷിത ജോലി തുടങ്ങിയവയില്ലെന്നും കൂടുതൽ ഫീസ് ഈടാക്കുന്ന അൺഎയ്ഡഡ് മാനേജ്‌മെന്റുകൾ ഈ സാഹചര്യം മനസ്സിലാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി അഭ്യർത്ഥിച്ചു.

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ് സംഭവം. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയാണ് പരിക്കേറ്റത്. ലഷ്‌കർ ഇ ത്വയ്ബ ഭീകരരാണ് സുരക്ഷാ സേനയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയത്.

സോപ്പോർ മേഖലയിൽ പെട്രോളിംഗ് നടത്തിയിരുന്ന പോലീസ്- സിആർപിഎഫ് സംഘത്തിന് നേരെ ഇന്ന് ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സൈന്യം സുരക്ഷ ശക്തമാക്കി. പ്രദേശത്ത് പരിശോധന കർശനമാക്കുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നുവെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വ്യക്തമാക്കി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ സമരം ശക്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അരലക്ഷത്തോളം കർഷകർ ഡൽഹയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിലെ മുഴുവൻ പാതകളിലും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് ഡൽഹി പോലീസ്.

നിലവിൽ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചിട്ടില്ലെന്നാണ് കർഷക സംഘടനകൾ വിശദീകരിക്കുന്നത്. സിംഘു, തിക്രി, ഗാസിയാബാദ് അതിർത്തികളിലാണ് നിലവിൽ സമരം തുടരുന്നത്.

ഹരിയാനയിലെ പാനിപ്പത്ത് ടോൾ പ്ലാസയിൽ നിന്നും സിംഘുവിലേക്ക് കർഷകർ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവരുടെ ബാനറുകളിൽ ഡൽഹിയിലേക്കുള്ള മാർച്ചാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നുമാണ് പോലീസിന്റെ വിശദീകരണം.

കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കർഷക നേതാവ് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കർഷകരുമായി ചർച്ചയ്ക്ക് തയാറാണെന്നറിയിച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറും രംഗത്തെത്തിയിരുന്നു.

tree

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന വനംകൊള്ള സംബന്ധിച്ച് സമഗ്രാന്വേഷണത്തിനുള്ള സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് നയിക്കും.വനംകൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നെന്നും സമഗ്രാന്വേഷണം വേണമെന്നും ചീഫ് സെക്രട്ടറി വി പി ജോയി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുവയനാട് മുട്ടിൽ മരം കൊള്ളയെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിലേക്ക് കോഴിക്കോട് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ തിരിച്ചെടുത്തു. അന്വേഷണ സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ ശക്തവും കാര്യക്ഷമവുമാക്കുന്നതിനാണ് നടപടി. വനംമന്ത്രിയാണ് ധനേഷ് കുമാറിനെ തിരിച്ചെടുക്കാൻ നിർദേശം നൽകി.

മരംമുറി വിവാദം അന്വേഷിക്കുന്നതിനായി ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒമാരുടെ നേതൃത്വത്തിൽ അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ വനം വിജിലൻസ് നിയമിച്ചിരുന്നു. ഇതിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം മേഖലകളിൽ നടത്തുന്ന അന്വേഷണത്തെ നിരീക്ഷിക്കുന്ന കോട്ടയം ഫോറസ്റ്റ് കൺസർവേറ്ററുടെ സംഘത്തിലാണ് പി.ധനേഷ് കുമാറിനെ നിയമിച്ചത്.

മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയ ഉദ്യോഗസ്ഥനായിരുന്നു ധനേഷ് കുമാർ. മരംമുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിൻ ധനേഷിനെതിരെ കോഴ ആരോപണം ഉന്നയിച്ചതോടെയാണ് അദ്ദേഹത്തെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയത്. ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. മരം മുറിച്ച് കടത്തിയതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ ധനേഷ് കുമാർ കണ്ടെത്തിയത്.

supreme court

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. മൊറട്ടോറിയം ഏർപ്പെടുത്തുന്നതും വായ്പാ കാലാവധി നീട്ടുന്നതും സർക്കാരിന്റെ നയപരമായ കാര്യങ്ങളാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നുണ്ടെന്നും ഒന്നാം തരംഗത്തിന്റെ സമയത്ത് ഏർപ്പെടുത്തിയ മൊറോട്ടോറിയം കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ സമയത്തും പ്രഖ്യാപിക്കണമെന്നുമായിരുന്നു പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്നും സാമ്പത്തിക നയങ്ങളിൽ ഇടപെടുന്നത് ദൂര്യവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കോടതി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി ഉചിതമായ ഉത്തരവിറക്കേണ്ടത് സർക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പാലക്കാട്: നെന്മാറ അയിലൂരിൽ 11 വർഷത്തോളം പെൺകുട്ടിയെ കാമുകൻ ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷൻ നെന്മാറ സിഐയോട് ആവശ്യപ്പെട്ടു. യുവതിയ്ക്ക് കൗൺസിലിംഗ് നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു.

ഇത്രയും കാലം ഒളിവിൽ കഴിഞ്ഞതിൽ എന്തെങ്കിലും തരത്തിൽ ഭീഷണിയോ സമ്മർദ്ദമോ ഉണ്ടായിരുന്നോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ വനിതാ കമ്മീഷൻ പരിശോധിയ്ക്കും. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി വ്യക്തമാക്കി.

പ്രണയത്തിന്റെ പേരിലാണെങ്കിൽ പോലും 10 വർഷം മുറിക്കുള്ളിൽ അടച്ചിടപ്പെട്ട സജിതയുടെ മാനസികവും ശാരീരികവും ആയ ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്കയുണ്ട്. ഈ നാളുകളിൽ ഇവർക്ക് മതിയായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല എന്നുവേണം കരുതാൻ. സജിതയുടെ ഫോട്ടോയും വിഡിയോയും കാണുമ്പോൾ അങ്ങനെയാണ് മനസ്സിലാകുന്നതെന്നും ഷിജി ശിവജി കൂട്ടിച്ചേർത്തു.

സജിത സ്വന്തം ഇഷ്ടപ്രകാരമാണ് അങ്ങനെ കഴിഞ്ഞിരുന്നത് എന്നിരുന്നാൽ പോലും കമ്മീഷന് ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്താതിരിക്കാനാവില്ല. പൊലീസിനോട് വിവരങ്ങൾ തിരക്കിയിരുന്നു. ഒരു തവണ കൗൺസിലിങ് നൽകിക്കഴിഞ്ഞതായാണ് പൊലീസ് അറിയിച്ചത്. ആവശ്യമെങ്കിൽ ഇനിയും അത്തരം സഹായങ്ങൾ നൽകും. കർശനമായ ലോക്ക്ഡൗണായതിനാലാണ് കമ്മീഷൻ സജിതയെ സന്ദർശിക്കാത്തത്. ഉടൻതന്നെ അവരെ കാണും. അവർ താമസിച്ചിരുന്ന വീട്ടിലെത്തി സാഹചര്യം മനസ്സിലാക്കുമെന്നും കമ്മീഷൻ പറയുന്നു.

അയിലൂർ സ്വദേശി റഹ്മാന്റെ വീട്ടിൽ കാമുകിയും അയൽവാസിയുമായ സജിത 11 വർഷം ഒളിവിൽ കഴിഞ്ഞ സംഭവം ജൂൺ ഏഴിനാണ് പുറം ലോകം അറിയുന്നത്.

ന്യൂഡൽഹി: കേരളത്തിന്റെ വായ്പാ പരിധി ഉയർത്തി കേന്ദ്രം. സംസ്ഥാന ജി ഡി പിയുടെ അഞ്ച് ശതമാനം വരെ കടമെടുക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിന് അനുമതി നൽകി. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് കേന്ദ്രത്തിന്റെ തീരുമാനം വലിയ ആശ്വാസമാണ്.

വായ്പാ പരിധി ഉയർത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമേ കടമെടുക്കാൻ പാടുളളൂ എന്ന നിബന്ധന മാറ്റി അഞ്ച് ശതമാനമാക്കി ഉയർത്തിയത്. വായ്പാ പരിധി ഉയർത്താൻ സംസ്ഥാനങ്ങളെ സഹായിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വായ്പാ പരിധി ഉയർത്തുന്നതിന് സർക്കാർ ചില നിബന്ധനകൾ മുന്നോട്ട് വെച്ചിരുന്നു. ഈ നിബന്ധനകളെല്ലാം കേരളം പാലിച്ചതിനെ തുടർന്നാണ് വായ്പാ പരിധി ഉയർത്തുന്നതിന് കേന്ദ്രം അംഗീകാരം നൽകിയത്. ഒറ്റ രാജ്യം ഒറ്റ റേഷൻ കാർഡ് എന്നതിലേക്ക് കൂടുതൽ നടപടികൾ സ്വീകരിക്കുക, വൈദ്യുതി സബ്സിഡി കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി നൽകുക, വ്യവസായ സൗഹൃദ നടപടികൾ എന്ന നിലയിൽ കേന്ദ്രം മുന്നോട്ട് വെച്ച് നിർദ്ദേശങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന നിർദ്ദേശം. ഉത്തരാഖണ്ഡും ഗോവയും കേരളവുമാണ് കേന്ദ്രം മുന്നോട്ട് വെച്ച ഈ നിർദ്ദേശങ്ങൾ പാലിച്ചത്. അതിനാലാണ് കേരളത്തിന്റെ വായ്പാ പരിധി ഉയർത്താൻ കേന്ദ്രം അനുമതി നൽകിയത്.

തിരുവനന്തപുരം: കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ധന വില വർധിക്കുമ്പോൾ കേരള സർക്കാരിന് ആഹ്ലാദമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപത്തെ പെട്രോൾ പമ്പിന് മുന്നിലായിരുന്നു കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. കൊറോണക്കാലത്ത് പെട്രോൾ വില സെഞ്ച്വറി കടക്കുമ്പോഴും ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്നു നടിക്കുകയാണ് മോദി സർക്കാർ. പെട്രോൾ, ഡീസൽ വിലവർധനവ് കാരണം സാധാരണ ജനങ്ങളാണ് പ്രതിസന്ധിയിലാകുന്നത്. കേന്ദ്രം നികുതി കൂട്ടിയാൽ ലാഭം കിട്ടുമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുമ്പോൾ കേരളത്തിന്റെ ഭരണകൂടം ആഹ്ലാദിക്കുകയാണ്. ബിജെപിയുടെ നയങ്ങൾക്ക് ഇടത് സർക്കാർ ഒത്താശ ചെയ്യുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും ജനങ്ങൾക്ക് രാജ്യത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുട്ടിൽ മരം മുറി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ഇതിലുള്ള ബന്ധം അന്വേഷിക്കണം. കേരളത്തിന്റെ വന സമ്പത്തിനെ കൊള്ളയടിക്കാൻ കാട്ടുകള്ളന്മാർക്ക് കൂട്ടുനിന്നത് ആരാണെന്ന് അറിയണം. പ്രതികളുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തന്നെയാണ് മനസിലാക്കുന്നതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അന്വേഷണം ഏൽപ്പിക്കുന്നത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വനംകൊള്ളയുമായി ബന്ധപ്പെട്ട് ഇടക്കാല റിപ്പോർട്ട് തേടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ വിഷയത്തിൽ മറ്റ് വകുപ്പുകളുടെ അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവ് പാടില്ലെന്നും കർശന നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. റോജി അഗസ്റ്റിൻ കഴിഞ്ഞ ജൂണിൽ തന്നെ കണ്ടിരുന്നു. ഒരു ഉദ്ഘാടനച്ചടങ്ങിന് ക്ഷണിക്കാൻ വേണ്ടിയാണ് റോജി തന്നെ കാണാൻ എത്തിയത്. എന്നാൽ അസൗകര്യം കാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. റോജിയെ യാതൊരു വിധത്തിലും താൻ സഹായിച്ചിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.

റോജിയ്ക്ക് പരാതി ഉണ്ടെങ്കിൽ അന്വേഷണം സംഘത്തെ സമീപിക്കാം. അല്ലാതെ മാദ്ധ്യമങ്ങളോട് പരാതി പറയുകയല്ല വേണ്ടത്. തന്റെ മടിയിൽ കനമില്ലെന്നും എ കെ ശശീന്ദ്രൻ പ്രതികരിച്ചു.

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിനിടയിലും നേട്ടം സ്വന്തമാക്കി പൊതുവിദ്യാഭ്യാസ മേഖല. ഇത്തവണ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽ വിദ്യാർത്ഥികളെത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. 2 മുതൽ 9 വരെയുള്ള എല്ലാ ക്ലാസുകളിലും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ നിന്നും പുതുതായി സ്റ്റേറ്റ് സിലബസിലേക്ക് കൂടുതൽ വിദ്യാർഥികളെത്തിയെന്നാണു കണക്കുകൾ പറയുന്നത്.

എല്ലാ ക്ലാസുകളിലുമായി ഒരു ലക്ഷത്തോളം വിദ്യാർഥികളാണ് വന്നുചേർന്നത്. 3.2 ലക്ഷം വിദ്യാർഥികളാണ് ഒന്നാം ക്ലാസിലെത്തിയത്. എല്ലാ ജില്ലകളിൽനിന്നും വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കിൽ ഒന്നാം ക്ലാസ് ഒഴികെയുള്ള എല്ലാ ക്ലാസുകളിലും ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ വന്നെന്ന് വ്യക്തമാക്കുന്നു.

5-ാം ക്ലാസിലും 8-ാം ക്ലാസിലുമാണ് സാധാരണ സിബിഎസ്ഇയിൽ നിന്നും ഐസിഎസ്‌സിയിൽ നിന്നും ഇത്തരത്തിൽ സിലബസ് മാറി വിദ്യാർഥികൾ സ്റ്റേറ്റ് സിലബസിലേക്ക് എത്താറുള്ളത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാകും മറ്റു സിലബസിൽ നിന്നു വിദ്യാർഥികൾ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ എത്തിച്ചേരാൻ കാരണമെന്നാണ് വിലയിരുത്തൽ.

80% സ്‌കൂളുകളും വിദ്യാർഥികളുടെ കണക്ക് സമ്പൂർണ സോഫ്റ്റ്‌വെയർ വഴി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ലോക്ഡൗൺ കാരണം ചില സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള അപ്‌ഡേഷൻ നടന്നിട്ടില്ല. അപ്‌ഡേറ്റ് ചെയ്യാത്തവർ എത്രയും വേഗം തന്നെ അപ്‌ഡേഷൻ നടത്തുമെന്നാണ് വിവരം.