കോവിഡിനിടയിലും നേട്ടം; സിബിഎസ്ഇ, ഐസിഎസ്ഇ യിൽ നിന്നും സ്റ്റേറ്റ് സിലബസിലേക്കെത്തിയത് കൂടുതൽ കുട്ടികൾ

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിനിടയിലും നേട്ടം സ്വന്തമാക്കി പൊതുവിദ്യാഭ്യാസ മേഖല. ഇത്തവണ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽ വിദ്യാർത്ഥികളെത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. 2 മുതൽ 9 വരെയുള്ള എല്ലാ ക്ലാസുകളിലും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ നിന്നും പുതുതായി സ്റ്റേറ്റ് സിലബസിലേക്ക് കൂടുതൽ വിദ്യാർഥികളെത്തിയെന്നാണു കണക്കുകൾ പറയുന്നത്.

എല്ലാ ക്ലാസുകളിലുമായി ഒരു ലക്ഷത്തോളം വിദ്യാർഥികളാണ് വന്നുചേർന്നത്. 3.2 ലക്ഷം വിദ്യാർഥികളാണ് ഒന്നാം ക്ലാസിലെത്തിയത്. എല്ലാ ജില്ലകളിൽനിന്നും വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കിൽ ഒന്നാം ക്ലാസ് ഒഴികെയുള്ള എല്ലാ ക്ലാസുകളിലും ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ വന്നെന്ന് വ്യക്തമാക്കുന്നു.

5-ാം ക്ലാസിലും 8-ാം ക്ലാസിലുമാണ് സാധാരണ സിബിഎസ്ഇയിൽ നിന്നും ഐസിഎസ്‌സിയിൽ നിന്നും ഇത്തരത്തിൽ സിലബസ് മാറി വിദ്യാർഥികൾ സ്റ്റേറ്റ് സിലബസിലേക്ക് എത്താറുള്ളത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാകും മറ്റു സിലബസിൽ നിന്നു വിദ്യാർഥികൾ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ എത്തിച്ചേരാൻ കാരണമെന്നാണ് വിലയിരുത്തൽ.

80% സ്‌കൂളുകളും വിദ്യാർഥികളുടെ കണക്ക് സമ്പൂർണ സോഫ്റ്റ്‌വെയർ വഴി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ലോക്ഡൗൺ കാരണം ചില സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള അപ്‌ഡേഷൻ നടന്നിട്ടില്ല. അപ്‌ഡേറ്റ് ചെയ്യാത്തവർ എത്രയും വേഗം തന്നെ അപ്‌ഡേഷൻ നടത്തുമെന്നാണ് വിവരം.