മരംകൊള്ള; സമഗ്രാന്വേഷണത്തിനുള്ള സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് നയിക്കും.

tree

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന വനംകൊള്ള സംബന്ധിച്ച് സമഗ്രാന്വേഷണത്തിനുള്ള സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് നയിക്കും.വനംകൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നെന്നും സമഗ്രാന്വേഷണം വേണമെന്നും ചീഫ് സെക്രട്ടറി വി പി ജോയി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുവയനാട് മുട്ടിൽ മരം കൊള്ളയെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിലേക്ക് കോഴിക്കോട് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ തിരിച്ചെടുത്തു. അന്വേഷണ സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ ശക്തവും കാര്യക്ഷമവുമാക്കുന്നതിനാണ് നടപടി. വനംമന്ത്രിയാണ് ധനേഷ് കുമാറിനെ തിരിച്ചെടുക്കാൻ നിർദേശം നൽകി.

മരംമുറി വിവാദം അന്വേഷിക്കുന്നതിനായി ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒമാരുടെ നേതൃത്വത്തിൽ അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ വനം വിജിലൻസ് നിയമിച്ചിരുന്നു. ഇതിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം മേഖലകളിൽ നടത്തുന്ന അന്വേഷണത്തെ നിരീക്ഷിക്കുന്ന കോട്ടയം ഫോറസ്റ്റ് കൺസർവേറ്ററുടെ സംഘത്തിലാണ് പി.ധനേഷ് കുമാറിനെ നിയമിച്ചത്.

മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയ ഉദ്യോഗസ്ഥനായിരുന്നു ധനേഷ് കുമാർ. മരംമുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിൻ ധനേഷിനെതിരെ കോഴ ആരോപണം ഉന്നയിച്ചതോടെയാണ് അദ്ദേഹത്തെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയത്. ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. മരം മുറിച്ച് കടത്തിയതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ ധനേഷ് കുമാർ കണ്ടെത്തിയത്.