കേരളത്തിന്റെ വായ്പാ പരിധി ഉയർത്താൻ അനുമതി നൽകി കേന്ദ്രം; അനുകൂല നടപടിയ്ക്ക് പിന്നിലെ കാരണങ്ങൾ ഇവ

ന്യൂഡൽഹി: കേരളത്തിന്റെ വായ്പാ പരിധി ഉയർത്തി കേന്ദ്രം. സംസ്ഥാന ജി ഡി പിയുടെ അഞ്ച് ശതമാനം വരെ കടമെടുക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിന് അനുമതി നൽകി. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് കേന്ദ്രത്തിന്റെ തീരുമാനം വലിയ ആശ്വാസമാണ്.

വായ്പാ പരിധി ഉയർത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമേ കടമെടുക്കാൻ പാടുളളൂ എന്ന നിബന്ധന മാറ്റി അഞ്ച് ശതമാനമാക്കി ഉയർത്തിയത്. വായ്പാ പരിധി ഉയർത്താൻ സംസ്ഥാനങ്ങളെ സഹായിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വായ്പാ പരിധി ഉയർത്തുന്നതിന് സർക്കാർ ചില നിബന്ധനകൾ മുന്നോട്ട് വെച്ചിരുന്നു. ഈ നിബന്ധനകളെല്ലാം കേരളം പാലിച്ചതിനെ തുടർന്നാണ് വായ്പാ പരിധി ഉയർത്തുന്നതിന് കേന്ദ്രം അംഗീകാരം നൽകിയത്. ഒറ്റ രാജ്യം ഒറ്റ റേഷൻ കാർഡ് എന്നതിലേക്ക് കൂടുതൽ നടപടികൾ സ്വീകരിക്കുക, വൈദ്യുതി സബ്സിഡി കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി നൽകുക, വ്യവസായ സൗഹൃദ നടപടികൾ എന്ന നിലയിൽ കേന്ദ്രം മുന്നോട്ട് വെച്ച് നിർദ്ദേശങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന നിർദ്ദേശം. ഉത്തരാഖണ്ഡും ഗോവയും കേരളവുമാണ് കേന്ദ്രം മുന്നോട്ട് വെച്ച ഈ നിർദ്ദേശങ്ങൾ പാലിച്ചത്. അതിനാലാണ് കേരളത്തിന്റെ വായ്പാ പരിധി ഉയർത്താൻ കേന്ദ്രം അനുമതി നൽകിയത്.