ജമ്മു കശ്മീരിൽ ഭീകരാക്രമണം; രണ്ടു പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ് സംഭവം. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയാണ് പരിക്കേറ്റത്. ലഷ്‌കർ ഇ ത്വയ്ബ ഭീകരരാണ് സുരക്ഷാ സേനയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയത്.

സോപ്പോർ മേഖലയിൽ പെട്രോളിംഗ് നടത്തിയിരുന്ന പോലീസ്- സിആർപിഎഫ് സംഘത്തിന് നേരെ ഇന്ന് ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സൈന്യം സുരക്ഷ ശക്തമാക്കി. പ്രദേശത്ത് പരിശോധന കർശനമാക്കുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നുവെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വ്യക്തമാക്കി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.