General (Page 1,270)

ന്യൂഡൽഹി: സുപ്രീംകോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക് മാറുന്നു. കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രണ്ടാഴ്ചത്തേക്ക് കോടതിയുടെ പ്രവർത്തനം വെർച്വൽ സംവിധാനത്തിലേക്ക് മാറ്റി.

രാജ്യത്തെ കോടതികളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങി എത്തുന്നതിനിടെയാണ് ഒമിക്രോൺ വ്യാപനം ഉണ്ടായതും വീണ്ടുംനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും. രണ്ടാഴ്ച്ചത്തേക്ക് സുപ്രീം കോടതിയിലെ എല്ലാ സിറ്റിംഗുകളും ഓൺലൈനായിരിക്കും. ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

മലപ്പുറം: ഭരിക്കുന്ന സർക്കാരുമായി സഹകരിച്ച് പോകുകയെന്നതാണ് സമസ്തയുടെ നിലപാടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. എതിർക്കേണ്ട കാര്യങ്ങൾ എതിർത്ത പാരമ്പര്യവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയ സംഘടനയുമായി ശക്തമായ ബന്ധമുണ്ടെന്നും സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. സമസ്തയുടെ മലപ്പുറം ജില്ല സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം രാഷ്ട്രീയ പാർട്ടിയുമായുള്ള ബന്ധത്തിലെ നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയ പാർട്ടികൾ വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്ക് പുല്ലു വിലയാണ് കൽപ്പിക്കുന്നത്. വധഭീഷണിയിൽ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ന്യൂഡൽഹി: പെഗാസെസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് തങ്ങളുടെ മൊബൈലുകൾ ചോർത്തിയതായി സംശയം ഉള്ളവർക്ക് സമീപിക്കാം. സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതിയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളെ സമീപിച്ച് എല്ലാ വിവരങ്ങളും കൈമാറണമെന്ന് സമിതി വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർവി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ടെക്‌നിക്കൽ അന്വേഷണ സമിതി രൂപീകരിച്ചത്. റോ മുൻ മേധാവി അലോക് ജോഷി, ഡോ. സുദീപ് ഒബ്രോയ്, ഡോ. നവീൻ കുമാർ ചൗധരി, ഡോ.പി. പ്രബാഹരൻ, ഡോ. അശ്വിൻ അനിൽ ഗുമസ്‌തെ തുടങ്ങിയവരും സമിതിയിലുണ്ട്. ജനുവരി ഏഴിന് മുൻപ് പരാതികൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നാണ് സമിതി നൽകിയിരിക്കുന്ന നിർദ്ദേശം.

പെഗാസെസ് വഴി ഫോൺ ചോർത്തിയെന്ന് സംശിയിക്കുന്നവർ ഇ-മെയിൽ മുഖേന പരാതി നൽകണം. ഈ പരാതിയിൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ സംശയിക്കുന്നതെന്ന കാര്യം വ്യക്തമാക്കണം. പരാതികളിൽ കഴമ്പുണ്ടെന്ന് തോന്നിയാൽ, ഡിവൈസുകൾ പരിശോധിക്കുമെന്ന് സമിതി പറഞ്ഞു. ഫോണുകൾ ശേഖരിക്കുന്നതിനായി ഡൽഹിയിൽ കേന്ദ്രം ആരംഭിക്കാനും തീരുമാനിച്ചു.

ന്യൂഡൽഹി: മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള സാമ്പത്തികമായ ദുർബല വിഭാഗത്തിലെ ഗുണഭോക്താവിനെ നിശ്ചയിക്കാനുള്ള പുതിയ മാനദണ്ഡം ഈ അദ്ധ്യയന വർഷം നടപ്പിലാക്കില്ല. ഈ വർഷം മാനദണ്ഡം പഴയതു പോലെ തന്നെ നിലനിർത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പുതിയ മാനദണ്ഡം അനുസരിച്ചായിരിക്കും അടുത്ത വർഷം മുതൽ പ്രവേശനം അനുവദിക്കുന്നത്. സുപ്രീം കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ മാനദണ്ഡത്തിൽ വാർഷിക വരുമാന പരിധി എട്ട് ലക്ഷമായിത്തന്നെ നിലനിർത്തിയിട്ടുണ്ട്. അതേസമയം വരുമാനം കണക്കിലെടുക്കാതെ അഞ്ച് ഏക്കറോ അതിൽ കൂടുതലോ കൃഷിഭൂമിയുള്ള കുടുംബങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

നീറ്റ് വിദ്യാർഥികളുടെ പ്രവേശനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാനദണ്ഡം മാറ്റുന്നത് പ്രയാസങ്ങൾക്കിടയാക്കുമെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ഒബിസി വിഭാഗത്തെ നിർണയിക്കുന്നതിനുള്ള മാനദണ്ഡമായ എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനത്തിൽ സാമ്പത്തിക ദുർബല വിഭാഗത്തെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി നിശ്ചയിച്ചത് എങ്ങനെയാണെന്ന് സുപ്രീം കോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് നൽകിയത്.

തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയെ അപമാനിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ കാര്യത്തിൽ പ്രതിപക്ഷം സർക്കാരിന് കൂട്ടുനിൽക്കുകയാണെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സംഭവം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയെ വിമർശിക്കാതെ ഗവർണറെ ആക്രമിക്കുകയാണ്. പിണറായി മന്ത്രിസഭയിലെ അംഗത്തെ പോലെയാണ് പ്രതിപക്ഷ നേതാവ് പ്രവർത്തിക്കുന്നത്. പിണറായി വിജയന്റെ പരിചയാണ് സതീശൻ എന്ന് എല്ലാവർക്കും മനസിലായിരിക്കുന്നു. എകെജി സെന്ററിൽ നിന്നാണോ സതീശന് പ്രതിഫലം കിട്ടുന്നതെന്ന സംശയം ജനങ്ങൾക്കുണ്ട്. ഏറ്റവും അപഹാസ്യമായ അവസ്ഥയാണ് പ്രതിപക്ഷത്തിന്റേതെന്നും അദ്ദേഹം വിമർശിച്ചു.

വൈര്യനിര്യാതന ബുദ്ധിയോടെ രാഷ്ട്രീയ എതിരാളികളോട് പെരുമാറുന്ന സിപിഎം സർവ്വകലാശാലകളിലും അതേ രീതിയിലാണ് ഇടപെടുന്നത്. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നത് ചർച്ചാവിഷയമാവുന്നത് പോലും കേരളത്തിന് അപമാനമാണ്. ചാൻസിലർ പദവി സിപിഎമ്മിന്റെ ദാനമല്ല. മന്ത്രി ബിന്ദു പറയുന്നിടത്ത് ഒപ്പിട്ട് കൊടുക്കേണ്ടയാളല്ല ഗവർണർ. ഗവർണർ പദവി ആവശ്യമില്ലെന്ന് പരസ്യമായി പറയുന്നവർ ഭരിക്കുന്ന സംസ്ഥാനത്ത് ഗവർണർക്ക് എങ്ങനെ ബഹുമാനം കിട്ടും? രാജ്യത്തിന്റെ ഭരണഘടനയെ പുച്ഛത്തോടെ സമീപിക്കുന്നവരോടൊപ്പം പ്രവർത്തിക്കുന്നത് പോത്തിനോട് വേദം ഓതുന്നത് പോലെയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ആറായിരത്തോളം എൻ.ജി.ഒകളുടെയും മറ്റ് സംഘടകളുടെയും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസിന്റെ കാലാവധി ശനിയാഴ്ച്ചയോടെ അവസാനിക്കുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ നിയമ ക്രമങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന എൻ.ജി.ഒകളെ കർശനമായി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയം നിയമം ശക്തമാക്കിയതോടെയാണ് നടപടി. ഇതിന്റെ ഭാഗമായി 6000 ത്തിലധികം സർക്കാരിതര സന്നദ്ധ സംഘടനകൾക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി നഷ്ടമായി.

2021 ഡിസംബർ 31 വരെ മാത്രമെ ഇവയ്ക്ക് പ്രവർത്ത അനുമതി ഉണ്ടായിരുന്നുള്ളൂവെന്നും നടപടികൾ പേടിച്ച് ഭൂരിഭാഗം എൻ.ജി.ഒകളും എഫ്.സി.ആർ.എ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകിയില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈസൻസ് കാലാവധി കഴിയുന്ന കാര്യം കാണിച്ച് ഈ സംഘടകൾക്ക് കത്തയച്ചിട്ടുണ്ടെന്നും എങ്കിലും പല സംഘടനകളും അപേക്ഷിക്കാൻ തയ്യാറായിട്ടില്ല. ഒക്‌സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ എഫ്.സി.ആർ.എ ലൈസൻസ് കഴിഞ്ഞ മാസങ്ങളിൽ കാലാവധി കഴിഞ്ഞിരുന്നു. ഇന്നത്തോടെ ഇവർക്കെല്ലാം ലൈസൻസ് നഷ്ടമാകും. ട്ഊബർകുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ദിരാ ഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സ്, ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്റർ എന്നീ എൻ.ജി.ഒകളും ലൈസൻസ് നഷ്ടപ്പെടുന്നവയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം ഒക്‌സ്ഫാം ഇന്ത്യ ഉൾപ്പടെ ഉള്ളവയ്ക്ക് എഫ്.സി.ആർ.എ ലൈസൻസ് നഷ്ടമാവുമെങ്കിലും രജിസ്‌ട്രേഷൻ നഷ്ടമാകില്ല.

ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ടിന് കീഴിൽ 22,762 എൻ.ജി.ഒകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 16,829 എൻ.ജി.ഒകളുടെ എഫ്.സി.ആർ.എ ലൈസൻസ് സർക്കാർ പുതുക്കി നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നിഷ്‌കർഷിച്ച ചില മാനദണ്ഡങ്ങൾ പാലിച്ച സന്നദ്ധ സംഘടനകൾക്കാണ് 2022 മാർച്ച് 31 വരെ വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകിയിട്ടുള്ളത്. അപേക്ഷ നൽകിയ 22,762 എൻ.ജി.ഒകളിൽ 6500 സംഘടനകളുടെ അപേക്ഷകളിൽ മാത്രമാണ് കേന്ദ്ര സർക്കാർ തുടർ നടപടി സ്വീകരിച്ചത്. 2020 സെപ്റ്റംബർ 29 നും 2022 മാർച്ച് 31 നുമിടയിൽ എഫ്.സി.ആർ.എ രജിസ്‌ട്രേഷ!െന്റ കാലാവധി തീരുന്നവയും അവ പുതുക്കാനായി അപേക്ഷ സമർപ്പിക്കുകയും ചെയ്ത എൻ.ജി.ഒകൾക്കാണ് മാർച്ച് 31 വരെ കാലാവധി ദീർഘിപ്പിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി.

കൊച്ചി: ഹൈക്കോടതിയിൽ പൂർണ്ണമായി ഇ ഫയലിംഗ് നടപ്പാക്കുന്ന തീരുമാനത്തിനെതിരെ എതിർപ്പുമായി കേരള അഡ്വക്കേറ്റ്‌സ് ക്ലർക്‌സ് അസ്സോസിയേഷൻ. സാങ്കേതികവത്കരണത്തിന്റെ പേരിൽ ആയിരങ്ങളെ തൊഴിൽ രഹിതരാക്കുന്ന നടപടി നീതിനിഷേധമാണെന്നാണ് കേരള അഡ്വക്കേറ്റ്‌സ് ക്ലർക്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇ ഫയലിംഗ് ഭാഗികമായി മാത്രം നടപ്പാക്കണമെന്ന ആവശ്യമാണ് സംഘടന മുന്നോട്ടു വെയ്ക്കുന്നത്. തിങ്കളാഴ്ച കരിദിനം ആചരിക്കാനാണ് സംഘടനയുടെ തീരുമാനം.

ഇ ഫയലിംഗിലൂടെ കോടതികൾ സ്മാർട്ടാവുകയാണെങ്കിലും കോടതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് മുതൽ നിയമപരമായുള്ള എഴുത്ത് നടപടികൾ എല്ലാം കൈകാര്യം ചെയ്തിരുന്ന ജീവനക്കാർ തൊഴിൽ രഹിതരാകും. ഇ ഫയലിംഗിലേക്ക് മാറുന്നതോടെ ഇവർ ചെയ്ത് വന്നിരുന്ന ജോലി ജൂനിയർ അഭിഭാഷകരോ,ടൈപ്പിസ്റ്റോ നടത്തും. ഇതോടെ സംസ്ഥാനത്തെ കോടതികളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന പതിനായിരത്തോളം അഭിഭാഷക ക്ലാർക്കുമാർക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. പൂർണ്ണമായി ഓൺലൈൻ ഫയലിംഗിലേക്ക് മാറാതെ, നേരിട്ട് ഹർജി നൽകുന്ന രീതിയും തുടരണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

തൊഴിൽനഷ്ടമാകുന്നവരുടെ പുനരധിവാസം ഉറപ്പാക്കാൻ നടപടികൾ വേണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും, ഹൈക്കോടതി ഭരണവിഭാഗത്തിനും സംഘടന കത്ത് നൽകുകയും ചെയതു. തിങ്കളാഴ്ച നടത്തുന്ന കരിദിന ആചരണത്തോടെ വിഷയം പൊതുശ്രദ്ധയിലെത്തിക്കാനാണ് സംഘടന ശ്രമിക്കുന്നത്.

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സർവ്വകലാശാല ഡിലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രപതിയ്ക്ക് സർവ്വകലാശാല ഡിലിറ്റ് നൽകുന്നതിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് ഗവർണർ ആണെന്നും മൂന്നാമതൊരാളല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സർവ്വകലാശാലകളുടെ ചാൻസലർ ഗവർണറാണ്. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകുന്നതിന് പാർട്ടി തടസം നിന്നുവെന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിലിറ്റ് നൽകണമെന്ന് സർവകലാശാലയോട് ഗവർണർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കേണ്ടത് ഗവണർ തന്നെയാണെന്നും മറ്റുള്ളവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രപതിയ്ക്ക് ഡിലിറ്റ് നൽകുന്ന വിഷയം പാർട്ടിക്ക് മുന്നിലോ ഗവൺമെന്റിന് മുന്നിലോ വന്നിട്ടില്ല. ഇക്കാര്യം ഗവർണർ ഗവർമെന്റിനെ അറിയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ റെയിൽ പദ്ധതിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കേന്ദ്രനിലപാടാണ് കെ റെയിലിൽ പ്രധാനം. കേന്ദ്രവും റെയിൽവെയും അനുമതി നൽകിയാൽ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമം സർക്കാർ നടത്തും. ജമാഅത്തെ ഇസ്ലാമി പദ്ധതിക്ക് എതിരാണെന്നാണ് അവരുടെ നിലപാടിൽ നിന്ന് മനസിലാക്കുന്നത്. മറിച്ചാണെങ്കിൽ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോവളത്ത് ന്യൂ ഇയർ ആഘോഷിക്കുന്നതിന് വേണ്ടി ബെവ്‌കോയിൽ നിന്ന് മദ്യം വാങ്ങി വന്ന വിദേശപൗരനോട് മദ്യം ഒഴുക്കികളയാൻ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. പോലീസ് നടപടി ഒറ്റപ്പെട്ട സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്ത് പോലീസ് കാര്യക്ഷമമായി തന്നെയാണ് പ്രവർത്തിക്കുന്നത്. പോലീസിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്ന വിദേശപൗരൻ തന്നെ കാണാൻ വന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ പൗരൻ പോലും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് സമ്മതിച്ചു. എന്നാൽ നാട്ടുകാരും മാദ്ധ്യമങ്ങളുമാണ് ഇതിനെ ഒരു വലിയ അതിക്രമം എന്ന രീതിയിൽ ചിത്രീകരിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശിവൻകുട്ടി അറിയിച്ചു. സംഭവത്തിൽ പോലീസ് നടപടിയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച് കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ അള്ള് വച്ച് പരാജയപ്പെടുത്താൻ പൊലീസിലെ തന്നെ ചിലർ ശ്രമിക്കുന്നുണ്ടെന്നായിരുന്നു റിയാസിന്റെ പരാമർശം.

സ്റ്റിഗ്ഗ് സ്റ്റീഫൻ ആസ്‌ബെർഗ് എന്ന സ്വീഡിഷ് പൗരനാണ് ഇന്നലെ കോവളം ബീച്ച് റോഡിൽ ദുരനുഭവം നേരിടേണ്ടി വന്നത്. പുതുവത്സരം അടിച്ചു പൊളിക്കാനായി മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരുകയായിരുന്നു സ്റ്റീവ്. റോഡിൽ വെച്ച് സ്റ്റീവിനെ പോലീസ് തടഞ്ഞു. സ്റ്റീവിന്റെ സ്‌കൂട്ടറിൽ നിന്ന് മൂന്ന് ഫുൾ ബോട്ടിൽ മദ്യം പരിശോധനയിൽ പോലീസ് കണ്ടെത്തി. മദ്യം വാങ്ങിയ ബിൽ ഹാജരാക്കാൻ പൊലീസ് സ്റ്റീവിനോട് ആവശ്യപ്പെട്ടു. ബിവറേജിൽ നിന്ന് ബില്ല് വാങ്ങാൻ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് ഇദ്ദേഹത്തെ വിടാൻ തയ്യാറായില്ല. ഒടുവിൽ സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്തേക്ക് ഒഴുക്കി കളയുകയായരുന്നു.

കുപ്പിയടക്കം വലിച്ചെറിയാനായിരുന്നു പൊലീസ് സ്റ്റീവിനോട് പറഞ്ഞത്. എന്നാൽ സ്റ്റീവ് കുപ്പി കളയതെ മദ്യം മാത്രം അദ്ദേഹം ഒഴിച്ചു കളഞ്ഞു. ആരോ സംഭവം മൊബൈലിൽ പകർത്തുന്നെന്ന് കണ്ടപ്പോൾ ബിൽ വാങ്ങിവന്നാൽ മതി മദ്യം കളയണ്ടെന്ന് പോലീസ് പറഞ്ഞു. മദ്യം കളഞ്ഞ ശേഷം കുപ്പി സ്റ്റീവ് സൂക്ഷിച്ചു വെയ്ക്കുകയും ചെയ്തു.

മോസ്‌കോ: ബഹിരാകാശത്തും പുതുവത്സരാഘോഷം നടത്തി സഞ്ചാരികൾ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് സഞ്ചാരികൾ പുതുവത്സരാഘോഷം നടത്തിയത്. റഷ്യൻ സ്‌പേസ് ഏജൻസ് റോസ്‌കോസ്മോസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

21 വർഷമായി ബഹിരാകാശ നിലയിൽ പുതുവത്സരാഘോഷം നടക്കുന്നുണ്ട്. എന്നാൽ ഇത്തവണത്തെ ആഘോഷത്തിന് ചെറിയൊരു പ്രത്യേകതയുണ്ട്. പത്ത് പേരാണ് ഇത്തവണത്തെ ആഘോഷത്തിൽ പങ്കെടുത്തത്. ഭൂമിയിലെ ആഘോഷത്തിന് ഈ സംഖ്യയ്ക്ക് വലിയ പ്രത്യേകതയൊന്നുമില്ലെങ്കിലും ബഹിരാകാശത്ത് ഇത് വലിയൊരു സംഖ്യയാണ്. ആദ്യമായാണ് ബഹിരാകാശത്ത് പത്ത് പേർ പങ്കെടുക്കുന്ന ഒരു ആഘോഷം നടക്കുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏഴുപേരും ചൈനീസ് സ്‌പേസ് സ്റ്റേഷനായ ടിയാങ്കോംഗിൽ മൂന്നുപേരുംഹാപ്പി ന്യൂ ഇയർ പറഞ്ഞു. റഷ്യയുടെ ആന്റൺ ഷ്‌കാപ്ലെറോവ്, പ്യോട്ടർ ഡുബ്രോവ്, നാസയുടെ മാർക്ക് വാൻഡ്‌ഹേ, തോമസ് മാർഷ്‌ബേൺ, രാജാ ചാരി, കെയ്ല ബാരൺ, യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ മത്യാസ് മൗറർ എന്നിവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും ഹായ് സിഗാങ്, വാങ് യാപ്പിംഗ്, ഗുവാങ്ഹു തുടങ്ങിയവർ ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്കോംഗിലും പുതുവത്സരാഘോഷത്തിൽ പങ്കെടുത്തു.

മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും തിരക്കേറിയ പുതുവത്സരാഘോഷം എന്നാണ് റോസ്‌കോസ്‌മോസ് ഇതിനെ വിശേഷിപ്പിച്ചത്. 83 പേരാണ് കഴിഞ്ഞ 21 വർഷത്തിനിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പുതുവർഷ രാവ് ചെലവഴിച്ചത്. ആഘോഷത്തിൽ ഒന്നിലധികം തവണ പങ്കെടുത്തവരുമുണ്ട്. നാല് പുതുവർഷമാണ് റഷ്യൻ ബഹിരാകാശയാത്രികനായ ആന്റൺ ഷ്‌കാപ്ലെറോവ് ബഹിരാകാശത്ത് ആഘോഷിച്ചത്.