വനംകൊള്ള വിവാദം; ഇടക്കാല റിപ്പോർട്ട് തേടുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: വനംകൊള്ളയുമായി ബന്ധപ്പെട്ട് ഇടക്കാല റിപ്പോർട്ട് തേടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ വിഷയത്തിൽ മറ്റ് വകുപ്പുകളുടെ അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവ് പാടില്ലെന്നും കർശന നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. റോജി അഗസ്റ്റിൻ കഴിഞ്ഞ ജൂണിൽ തന്നെ കണ്ടിരുന്നു. ഒരു ഉദ്ഘാടനച്ചടങ്ങിന് ക്ഷണിക്കാൻ വേണ്ടിയാണ് റോജി തന്നെ കാണാൻ എത്തിയത്. എന്നാൽ അസൗകര്യം കാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. റോജിയെ യാതൊരു വിധത്തിലും താൻ സഹായിച്ചിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.

റോജിയ്ക്ക് പരാതി ഉണ്ടെങ്കിൽ അന്വേഷണം സംഘത്തെ സമീപിക്കാം. അല്ലാതെ മാദ്ധ്യമങ്ങളോട് പരാതി പറയുകയല്ല വേണ്ടത്. തന്റെ മടിയിൽ കനമില്ലെന്നും എ കെ ശശീന്ദ്രൻ പ്രതികരിച്ചു.