കാർഷിക നിയമം; ഡൽഹി അതിർത്തിയിൽ കർഷക സംഘടനകൾ സമരം ശക്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്; സുരക്ഷ വർധിപ്പിച്ച് പോലീസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ സമരം ശക്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അരലക്ഷത്തോളം കർഷകർ ഡൽഹയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിലെ മുഴുവൻ പാതകളിലും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് ഡൽഹി പോലീസ്.

നിലവിൽ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചിട്ടില്ലെന്നാണ് കർഷക സംഘടനകൾ വിശദീകരിക്കുന്നത്. സിംഘു, തിക്രി, ഗാസിയാബാദ് അതിർത്തികളിലാണ് നിലവിൽ സമരം തുടരുന്നത്.

ഹരിയാനയിലെ പാനിപ്പത്ത് ടോൾ പ്ലാസയിൽ നിന്നും സിംഘുവിലേക്ക് കർഷകർ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവരുടെ ബാനറുകളിൽ ഡൽഹിയിലേക്കുള്ള മാർച്ചാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നുമാണ് പോലീസിന്റെ വിശദീകരണം.

കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കർഷക നേതാവ് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കർഷകരുമായി ചർച്ചയ്ക്ക് തയാറാണെന്നറിയിച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറും രംഗത്തെത്തിയിരുന്നു.