General (Page 1,272)

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ നിർണായക വിവരം പങ്കുവെച്ച് ലോകാരോഗ്യ സംഘടന വിദഗ്ധർ. രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തിലേക്ക് കടക്കുകയാണോയെന്നാണ് വിദഗ്ധർ ആശങ്കപ്പെടുന്നത്. മൂന്നാം തരംഗത്തെ നേരിടാൻ നൈറ്റ് കർഫ്യൂ, ലോക്ക്ഡൗൺ എന്നീ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

കോവിഡിൽ നിന്ന് ഒരു പൂർണ മോചനം നേടാൻ ലോകത്തിന് കഴിയില്ലെന്നാണ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ അറിയിച്ചത്. കോവിഡ് എന്ന മഹാമാരി ഇനിമുതൽ ലോകത്ത് ഉണ്ടാകുമെന്നും അതിനനുസരിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ മനുഷ്യർ പഠിക്കുകയാണ് വേണ്ടതെന്നും ഡോ സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കിയിരുന്നു. കോവിഡിനെ നേരിടുന്നതിന് വേണ്ടി മനുഷ്യരെ വീട്ടിനുള്ളിൽ അടച്ചു പൂട്ടുന്ന ലോക്ക്ഡൗണുകൾ സാമ്പത്തിക മേഖലയ്ക്ക് കടുത്ത പ്രഹരമായിരിക്കും ഏൽപ്പിക്കുകയെന്ന് സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകിയിരുന്നു. അത് കൊവിഡിനെക്കാളും വലിയ വിപത്തായിരിക്കും ലോകത്ത് സൃഷ്ടിക്കുകയെന്നാണ് അറിയിപ്പ്.

കോവിഡിന്റെ പുതിയ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന വിദഗ്ധയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നത്. നൈറ്റ് കർഫ്യൂകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിന് പകരം ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റും ആന്റിജൻ ടെസ്റ്റ് സംവിധാനങ്ങളും നിർബന്ധമാക്കുകയാണ് അതാത് സർക്കാർ സംവിധാനങ്ങൾ ചെയ്യേണ്ടതെന്നും ഡോ സൗമ്യ സ്വാമിനാഥൻ നൽകുന്ന നിർദ്ദേശം.

തിരുവനന്തപുരം: ജനങ്ങൾക്ക് പുതുവത്സര സന്ദേശം നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തൻ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവർഷം പിറക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ജനങ്ങൾക്ക് ആശംസ അറിയിച്ചത്.

അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീർത്ത ദുരന്തത്തിന്റെ അലയൊലികൾ നമ്മുടെ നാടിനെയും ബാധിച്ചു. അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭവും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. കോവിഡ് മഹാമാരി കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളും മുന്നിലുണ്ട്. ഓരോ വെല്ലുവിളിയും നമ്മെ കൂടുതൽ കരുത്തരാക്കുന്നു എന്നാണ് കഴിഞ്ഞ അഞ്ചു വർഷത്തെ അനുഭവങ്ങൾ തെളിയിക്കുന്നത്. പ്രതിബന്ധങ്ങൾ മറികടക്കാൻ ഐക്യത്തോടെയും ആർജ്ജവത്തോടെയും മുന്നോട്ടു പോകാൻ നമുക്കു സാധിച്ചു. വികസന-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ കഴിഞ്ഞു. അനുഭവത്തിലൂടെ അത് തിരിച്ചറിഞ്ഞുകൊണ്ടാണ്, ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർച്ചയ്ക്കായി ജനങ്ങൾ ഉജ്ജ്വലമായ വിധിയെഴുതിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെ, പുതിയ വെല്ലുവിളികൾ നാം ഏറ്റെടുക്കുകയാണ്. സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനത്തിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു. വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെ പ്രധാന മേഖലകളിലെല്ലാം കൂടുതൽ മികവിലേയ്ക്ക് ഉയരുകയും ചെയ്തു. സുസ്ഥിര വികസനത്തിന്റേത് ഉൾപ്പെടെ നിരവധി ദേശിയ സൂചികകളിൽ മികച്ച സ്ഥാനം നേടാൻ നമുക്ക് കഴിഞ്ഞു. അഭിമാനാർഹമായ ഈ നേട്ടങ്ങൾക്ക് കാരണം സർക്കാരും ജനങ്ങളും ഒരേ മനസ്സോടെ ഒരുമിച്ച് നിന്നു എന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാടിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഈ സന്നദ്ധത കൂടുതൽ കരുത്തോടെ പുതുവർഷത്തിലും മുന്നോട്ടുകൊണ്ടു പോകുമെന്ന് ദൃഢനിശ്ചയം ചെയ്യാം. വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നാടിനെ നയിക്കുന്ന പദ്ധതികൾ വിജയിപ്പിക്കുമെന്ന് ഉറപ്പിക്കാം. അശരണരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികളിൽ പങ്കാളികൾ ആകുമെന്നും എല്ലാവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും പ്രതിജ്ഞ ചെയ്യാമെന്നും മന്ത്രി അറിയിച്ചു.

അതിലുപരി നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകർക്കാൻ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്മകളെയും അകറ്റി നിർത്തുമെന്നും തീരുമാനിക്കാം. തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവർഷത്തെ വരവേൽക്കാം. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീഷണി ഉയർത്തി മുന്നിലുണ്ട്. രോഗപ്പകർച്ച തടയാനുള്ള ജാഗ്രതയോടെയാകണം ഇത്തവണത്തെ പുതുവത്സരാഘോഷം എന്ന് അഭ്യർത്ഥിക്കുന്നു. ഏവർക്കും ഹൃദയപൂർവ്വം പുതുവത്സരാശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ലുധിയാന കോടതിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. കേസുമായി ബന്ധപ്പെട്ട് ജർമനിയിൽ അറസ്റ്റിലായ ജെസിന്ദ്വർ സിംഗ് മുൾട്ടാനിയെ എൻഐഎ ചോദ്യം ചെയ്യും. ഇതിനായി ജർമ്മനിയിലേക്ക് പോകാനാണ് എൻ ഐ എ യുടെ തീരുമാനം. ഖലിസ്ഥാൻ ഭീകര ലേക്കാണ് കേസ് അന്വേഷണം നീളുന്നത്.

കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജർമ്മൻ പോലീസ് മുൾട്ടാനിയെ പിടികൂടിയത്. പാകിസ്താനിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ ഇന്ത്യയിലെത്തിക്കാനും ഡൽഹി, മുംബൈ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സ്‌ഫോടനം നടത്താനും ഈ ആൾ ആസൂത്രണം ചെയ്തിരുന്നു. ലുധിയാന സ്‌ഫോടനത്തിൽ ഖാലിസ്ഥാന് ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസം പഞ്ചാബ് ഡിജിപി പറഞ്ഞിരുന്നു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഗഗൻ ദീപിന് ഖാലിസ്ഥാൻ ഭീകരരുമായി ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സ്ഫോടനത്തിൽ ഗഗൻ ദീപ് സിംഗിന്റെ ശരീരം തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകർന്ന ഫോണും സിം കാർഡുമാണ് ഗഗൻ സിംഗിന്റെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. 2019 ൽ ഗഗൻ സിംഗിനെ പോലീസ് സർവീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ രണ്ടു വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു.

തിരുവനന്തപുരം: പോലീസിന്റെ മദ്യപരിശോധയിൽ പ്രതിഷേധവുമായി വിദേശ പൗരൻ. തന്റെ കൈയിലുണ്ടായിരുന്ന രണ്ട് കുപ്പി മദ്യം റോഡിന് സമീപം ഒഴിച്ച് കളഞ്ഞായിരുന്നു വിദേശ പൗരന്റെ പ്രതിഷേധം. കോവളത്താണ് സംഭവം. സ്വീഡിഷ് സ്വദേശി സ്റ്റീവാണ് പോലീസ് പരിശോദനയ്‌ക്കെതിരെ വ്യത്യസ്തമായ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്.

പുതുവത്സരം അടിച്ചു പൊളിക്കാനായി മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരുകയായിരുന്നു സ്റ്റീവ്. റോഡിൽ വെച്ച് സ്റ്റീവിനെ പോലീസ് തടഞ്ഞു. സ്റ്റീവിന്റെ സ്‌കൂട്ടറിൽ നിന്ന് മൂന്ന് ഫുൾ ബോട്ടിൽ മദ്യം പരിശോധനയിൽ പോലീസ് കണ്ടെത്തി. മദ്യം വാങ്ങിയ ബിൽ ഹാജരാക്കാൻ പൊലീസ് സ്റ്റീവിനോട് ആവശ്യപ്പെട്ടു. ബിവറേജിൽ നിന്ന് ബില്ല് വാങ്ങാൻ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് ഇദ്ദേഹത്തെ വിടാൻ തയ്യാറായില്ല. ഒടുവിൽ സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്തേക്ക് ഒഴുക്കി കളയുകയായരുന്നു. കുപ്പിയടക്കം വലിച്ചെറിയാനായിരുന്നു പൊലീസ് സ്റ്റീവിനോട് പറഞ്ഞത്. എന്നാൽ സ്റ്റീവ് കുപ്പി കളയതെ മദ്യം മാത്രം അദ്ദേഹം ഒഴിച്ചു കളഞ്ഞു. ആരോ സംഭവം മൊബൈലിൽ പകർത്തുന്നെന്ന് കണ്ടപ്പോൾ ബിൽ വാങ്ങിവന്നാൽ മതി മദ്യം കളയണ്ടെന്ന് പോലീസ് പറഞ്ഞു. മദ്യം കളഞ്ഞ ശേഷം കുപ്പി സ്റ്റീവ് സൂക്ഷിച്ചു വെച്ചു.

താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ ബിവറേജിൽ പോയി ബില്ല് വാങ്ങിയ ശേഷം അദ്ദേഹം സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു. അതേസമയംപോലീസിനോട് ഒരു പരാതിയുമില്ലെന്നാണ് സ്റ്റീവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. രണ്ട് ഫുള്ള് പോയിക്കിട്ടിയതിൽ ചെറിയൊരു സങ്കടം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംഭവം സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ നിരവധി പേരാണ് പോലീസിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

ന്യൂഡൽഹി: ഡൽഹിയിൽ ജിഎസ്ടി കൗൺസിൽ യോഗം ആരംഭിച്ചു. തുണിത്തരങ്ങളുടെയും ചെരുപ്പിന്റെയും ഉൾപ്പെടെ വിവിധ ഉത്പ്പന്നങ്ങളുടെ നികുതി വർധിപ്പിക്കാനുള്ള നീക്കത്തെ കേരളം എതിർത്തു. തീരുമാനം നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാനാണ് കേരളത്തിന്റെ തീരുമാനം. തുണിത്തരങ്ങളും ചെരുപ്പും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കൂടുതൽ പഠനങ്ങളില്ലാതെ നികുതി കൂട്ടരുതെന്ന് യോഗത്തിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.

തുണിക്കും, വസ്ത്രങ്ങൾക്കും ചെരുപ്പിനും നികുതി വർദ്ധിപ്പിക്കുന്നതിനെതിരെ വ്യാപാരികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ടെന്ന് നേരത്തെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കേന്ദ്രധനമന്ത്രാലയത്തെ സംസ്ഥാനം പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനാവില്ലെന്നും ശാസ്ത്രീയമായ പഠനം നടത്തണമെന്നുമാണ് കേരളം ആവശ്യപ്പെടുന്നത്.

കൊല്ലം: സംസ്ഥാന സർക്കാരിനോട് ആറു ചോദ്യങ്ങളുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണറും സർക്കാരുമായുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങൾ. ഗവർണ്ണറുടെ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് ഇവർ തമ്മിലുള്ള തർക്കത്തിലെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമെ പുറത്തുവന്നിട്ടുള്ളൂ എന്നാണെന്നും ഗവർണർ എല്ലാകാര്യങ്ങളും തുറന്നു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരും താനുമായുള്ള തർക്കത്തെ സംബന്ധിച്ച് ഗവർണ്ണർ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. താൻ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുൾപ്പെടെ തർക്കമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഗവർണ്ണറുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് ഇവർ തമ്മിലുള്ള തർക്കത്തിലെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമെ പുറത്തുവന്നിട്ടുള്ളൂ എന്നാണ്. ഈ അവസരത്തിൽ താഴെ പറയുന്ന ആറ് കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകണമെന്ന് ഞാൻ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾ:

  1. ഇന്ത്യൻ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണ്ണർ കേരള സർവ്വകലാശാലാ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയിരുന്നോ? എങ്കിൽ എന്നാണ് ?
  2. ഈ നിർദ്ദേശം സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് കേരള സർവ്വകലാശാലാ വൈസ് ചാൻസിലർ നിരാകരിച്ചിരുന്നോ?
  3. വൈസ് ചാൻസിലർ, ഗവർണ്ണറുടെ നിർദ്ദേശം സിന്റിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സർക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കിൽ അത് ഏത് നിയമത്തിന്റെ പിൻബലത്തിൽ?
  4. ഇത്തരത്തിൽ ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടോ?
  5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസിലർ, അദ്ദേഹത്തിന്റെ കാലാവധി തീരും മുൻപ് മൂന്ന് പേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണ്ണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നോ? എങ്കിൽ എന്നാണ് പട്ടിക സമർപ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?
  6. ഈ പട്ടികക്ക് ഇനിയും ഗവർണ്ണറുടെ അസ്സന്റ് കിട്ടാത്തതിന്റെ കാരണം സർവകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?

ന്യൂഡൽഹി: ഡയറക്ട് സെല്ലിങ് ബിസിനസിൽ പിരമിഡ് സ്‌കീമുകൾക്കും മണി സർക്കുലേഷൻ സ്‌കീമുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഉപഭോക്തൃ സംരക്ഷണ നിയമം, 2021 വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. പിരമിഡ് സ്‌കീമുകളും മണി സർക്കുലേഷൻ സ്‌കീമുകളും പ്രോത്സാഹിപ്പിക്കുക, അത്തരം സ്‌കീമിലേക്ക് ആളുകളെ ചേർക്കുക, ഡയറക്ട് സെല്ലിങ് ബിസിനസ്സ് ചെയ്യുന്നതിന്റെ പേരിൽ ഏതെങ്കിലും വിധത്തിൽ അത്തരം ക്രമീകരണത്തിൽ പങ്കെടുക്കുക, ഡയറക്ട് സെല്ലിങ്് ബിസിനസ്സിന്റെ പേരിൽ മണി സർക്കുലേഷൻ സ്‌കീമിൽ പങ്കെടുക്കുക എന്നിവയിൽ നിന്നെല്ലാം ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങളെയും ഡയറക്ട് സെല്ലർമാരെയും നിയമം മൂലം നിരോധിക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.

ഈ നിയമങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ തൊണ്ണൂറ് ദിവസത്തിനുള്ളിൽ നിലവിലുള്ള ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങൾ ഈ നിയമങ്ങൾ പാലിക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. നേരിട്ടുള്ള വിൽപ്പനക്കാരും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് നേരിട്ട് വിൽക്കുന്ന സ്ഥാപനങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ 2020 പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

നിയമത്തിൽ ഇത്തരം സ്ഥാപനങ്ങൾക്കും വിൽപ്പനക്കാർക്കുമുള്ള കടമകളും ബാധ്യതകളും നിശ്ചയിച്ചിട്ടുണ്ട്. ചരക്കുകളുടെയോ സേവനങ്ങളുടെയോ നേരിട്ടുള്ള വിൽപ്പനയിൽ നിന്ന് ഉണ്ടാകുന്ന പരാതികൾക്ക് ഡയറക്റ്റ് സെല്ലിങ് സ്ഥാപനങ്ങൾ ബാധ്യസ്ഥരായിരിക്കുമെന്നും നിയമത്തിൽ പറയുന്നു. സംസ്ഥാന സർക്കാർ ഡയറക്ട് സെല്ലർമാരുടെയും ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും വേണ്ടി ഒരു സംവിധാനം രൂപീകരിക്കണമെന്നും നിയമം നിർദ്ദേശിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്ന് ശതമാനം വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ധനമന്ത്രി കെഎൻ ബാലഗോപാൽ. കോവിഡ് പ്രതിസന്ധി മറിക്കടക്കാൻ പ്രത്യേക പാക്കേജ് വേണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങൾക്ക് കൊവിഡ് പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്ന ആവശ്യവും കേന്ദ്ര സർക്കാരിനോട് ഉന്നയിച്ചതായി അറിയിച്ചു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബജറ്റിന് മുന്നോടിയായി കേന്ദ്രം വിളിച്ച യോഗത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം ഡൽഹിയിലെത്തിയത്.

കേന്ദ്ര സർക്കാരിന്റെ പദ്ധതികളിൽ കേരളത്തിനുള്ള വിഹിതം വർധിപ്പിക്കുക, ദേശീയ ആരോഗ്യ മിഷൻ ചെലവ് 100 ശതമാനവും കേന്ദ്ര സർക്കാർ വഹിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ദേശീയ ആരോഗ്യ മിഷന്റെ പ്രവർത്തനത്തിലെ ചെലവ് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് ഇപ്പോൾ വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പദ്ധതിക്ക് കേന്ദ്രസർക്കാരിൽ നിന്ന് സാങ്കേതിക അനുമതി ലഭിക്കേണ്ടതായുണ്ട്. പ്രതിപക്ഷ നിലപാട് തിരിച്ചടിയാകാനുള്ള സാധ്യത ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പുറമെ പ്രവാസികൾക്കായി പ്രത്യേക സാമ്പത്തിക പദ്ധതികൾ ആവിഷ്‌കരിക്കണം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലമാക്കണം എന്നീ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.

മുംബൈ: മുബൈയിൽ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പുതുവർഷത്തലേന്ന് മുംബൈയിൽ ഭീകരാക്രമണം നടന്നേക്കുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഖാലിസ്ഥാൻ ഭീകരർ മുംബൈ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ സുരക്ഷാ നടപടികൾ കർശനമാക്കി.

ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് മുംബൈ, ദാദർ, ബാന്ദ്ര, ചർച്ച്ഗേറ്റ്, സി.എസ്.എം.പി, കുർള റെയിൽവേ സ്റ്റേഷനുകളിൽ കടുത്ത നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അവധിയിലുള്ള പോലീസുകാർ ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്ന് മുബൈ പോലീസ് കമ്മീഷണർ നിർദ്ദേശിച്ചു. നിലവിൽ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഹാളുകൾ, ബാറുകൾ, പബ്ബുകൾ, റിസോർട്ടുകൾ, ക്ലബ്ബുകൾ, റൂഫ് ടോപ്പുകൾ എന്നിവയുൾപ്പെടെ അടച്ചതോ തുറസായതോ ആയ എല്ലായിടത്തും പുതുവത്സര ആഘോഷങ്ങൾ, പരിപാടികൾ, ചടങ്ങുകൾ, ഒത്തുചേരലുകൾ തുടങ്ങിയവയ്ക്കും പോലീസ് നിരോധനം ഏർപ്പെടുത്തി.

തിരുവനന്തപുരം : സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർദ്ധിച്ചു വരുന്നത് സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മന്ച്രി ജി ആർ അനിൽ. മാനദണ്ഡങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ഹോട്ടൽ ഭക്ഷണത്തിന്റെ വില ദൈനംദിനം വർദ്ധിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങളിൽ നിന്നും സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർമാർക്കും ലീഗൽ മെട്രോളജി വകുപ്പിനും മന്ത്രി നിർദ്ദേശം നൽകി.

സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വില വിവരപട്ടിക കൃത്യമായി പ്രദർശിപ്പിച്ചിട്ടില്ല എന്നുള്ള കാര്യവും സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.