കാമുകിയെ 11 വർഷം ഒളിവിൽ പാർപ്പിച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പാലക്കാട്: നെന്മാറ അയിലൂരിൽ 11 വർഷത്തോളം പെൺകുട്ടിയെ കാമുകൻ ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷൻ നെന്മാറ സിഐയോട് ആവശ്യപ്പെട്ടു. യുവതിയ്ക്ക് കൗൺസിലിംഗ് നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു.

ഇത്രയും കാലം ഒളിവിൽ കഴിഞ്ഞതിൽ എന്തെങ്കിലും തരത്തിൽ ഭീഷണിയോ സമ്മർദ്ദമോ ഉണ്ടായിരുന്നോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ വനിതാ കമ്മീഷൻ പരിശോധിയ്ക്കും. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി വ്യക്തമാക്കി.

പ്രണയത്തിന്റെ പേരിലാണെങ്കിൽ പോലും 10 വർഷം മുറിക്കുള്ളിൽ അടച്ചിടപ്പെട്ട സജിതയുടെ മാനസികവും ശാരീരികവും ആയ ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്കയുണ്ട്. ഈ നാളുകളിൽ ഇവർക്ക് മതിയായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല എന്നുവേണം കരുതാൻ. സജിതയുടെ ഫോട്ടോയും വിഡിയോയും കാണുമ്പോൾ അങ്ങനെയാണ് മനസ്സിലാകുന്നതെന്നും ഷിജി ശിവജി കൂട്ടിച്ചേർത്തു.

സജിത സ്വന്തം ഇഷ്ടപ്രകാരമാണ് അങ്ങനെ കഴിഞ്ഞിരുന്നത് എന്നിരുന്നാൽ പോലും കമ്മീഷന് ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്താതിരിക്കാനാവില്ല. പൊലീസിനോട് വിവരങ്ങൾ തിരക്കിയിരുന്നു. ഒരു തവണ കൗൺസിലിങ് നൽകിക്കഴിഞ്ഞതായാണ് പൊലീസ് അറിയിച്ചത്. ആവശ്യമെങ്കിൽ ഇനിയും അത്തരം സഹായങ്ങൾ നൽകും. കർശനമായ ലോക്ക്ഡൗണായതിനാലാണ് കമ്മീഷൻ സജിതയെ സന്ദർശിക്കാത്തത്. ഉടൻതന്നെ അവരെ കാണും. അവർ താമസിച്ചിരുന്ന വീട്ടിലെത്തി സാഹചര്യം മനസ്സിലാക്കുമെന്നും കമ്മീഷൻ പറയുന്നു.

അയിലൂർ സ്വദേശി റഹ്മാന്റെ വീട്ടിൽ കാമുകിയും അയൽവാസിയുമായ സജിത 11 വർഷം ഒളിവിൽ കഴിഞ്ഞ സംഭവം ജൂൺ ഏഴിനാണ് പുറം ലോകം അറിയുന്നത്.