വായ്പാ കാലാവധി നീട്ടുന്നത് സർക്കാരിന്റെ നയപരമായ കാര്യം; മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

supreme court

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. മൊറട്ടോറിയം ഏർപ്പെടുത്തുന്നതും വായ്പാ കാലാവധി നീട്ടുന്നതും സർക്കാരിന്റെ നയപരമായ കാര്യങ്ങളാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നുണ്ടെന്നും ഒന്നാം തരംഗത്തിന്റെ സമയത്ത് ഏർപ്പെടുത്തിയ മൊറോട്ടോറിയം കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ സമയത്തും പ്രഖ്യാപിക്കണമെന്നുമായിരുന്നു പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്നും സാമ്പത്തിക നയങ്ങളിൽ ഇടപെടുന്നത് ദൂര്യവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കോടതി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി ഉചിതമായ ഉത്തരവിറക്കേണ്ടത് സർക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി.