ഇന്ധന വില വർധിക്കുമ്പോൾ കേരളാ സർക്കാരിന് ആഹ്ലാദമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ധന വില വർധിക്കുമ്പോൾ കേരള സർക്കാരിന് ആഹ്ലാദമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപത്തെ പെട്രോൾ പമ്പിന് മുന്നിലായിരുന്നു കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. കൊറോണക്കാലത്ത് പെട്രോൾ വില സെഞ്ച്വറി കടക്കുമ്പോഴും ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്നു നടിക്കുകയാണ് മോദി സർക്കാർ. പെട്രോൾ, ഡീസൽ വിലവർധനവ് കാരണം സാധാരണ ജനങ്ങളാണ് പ്രതിസന്ധിയിലാകുന്നത്. കേന്ദ്രം നികുതി കൂട്ടിയാൽ ലാഭം കിട്ടുമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുമ്പോൾ കേരളത്തിന്റെ ഭരണകൂടം ആഹ്ലാദിക്കുകയാണ്. ബിജെപിയുടെ നയങ്ങൾക്ക് ഇടത് സർക്കാർ ഒത്താശ ചെയ്യുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും ജനങ്ങൾക്ക് രാജ്യത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുട്ടിൽ മരം മുറി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ഇതിലുള്ള ബന്ധം അന്വേഷിക്കണം. കേരളത്തിന്റെ വന സമ്പത്തിനെ കൊള്ളയടിക്കാൻ കാട്ടുകള്ളന്മാർക്ക് കൂട്ടുനിന്നത് ആരാണെന്ന് അറിയണം. പ്രതികളുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തന്നെയാണ് മനസിലാക്കുന്നതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അന്വേഷണം ഏൽപ്പിക്കുന്നത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.