Health (Page 164)

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനകം 8001 സ്റ്റോറുകള്‍ തുറന്നതായും 2025നകം ഇവയുടെ എണ്ണം 10,500 ആക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന പ്രകാരമായിരിക്കും സ്റ്റോറുകള്‍ ആരംഭിക്കുക.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ആശുപത്രികള്‍, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍ എന്നിവയുടെ സമീപം തുടങ്ങണണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ സ്ഥലലഭ്യതയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയുന്നിടത്ത് തന്നെയാവും മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങുക.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ആഭ്യന്തര മരുന്നുകമ്പനികള്‍ അടക്കമുള്ളവയില്‍ നിന്നാണ് ജന്‍ ഔഷധിയിലേക്ക് മരുന്നുകള്‍ വാങ്ങുന്നത്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലാബോറട്ടറിയില്‍ മരുന്നുകള്‍ പരിശോധിച്ചതിന് ശേഷമാണ് ജന്‍ ഔഷധിയില്‍ വില്‍ക്കുന്നത്.

പതിനഞ്ചു മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ മരുന്നു വില്ക്കുന്ന ജന്‍ ഔഷധിയുടെ മെഡിക്കല്‍ സ്റ്റോറുകള്‍ രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നത് സാധാരണ ജനങ്ങള്‍ക്ക് ആശ്രയമായിരിക്കും.

കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ എറണാകുളം പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിനെതിരെ നടപടി. ജില്ലയിലെ 1000 അതിഥി തൊഴിലാളികള്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള ചെലവ് പോത്തീസ് നല്‍കണം. എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ, കോവിഡ് നിബന്ധനകള്‍ ലംഘിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസന്‍സും നഗരസഭറദ്ദാക്കിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ പിന്‍വാതിലൂടെആളുകളെ പ്രവേശിപ്പിച്ച് കച്ചവടം നടത്തിയത് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു നഗരസഭയുടെ നടപടി.

jon san

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ ജോണ്‌സണ് ആന്‍ഡ് ജോണ്‌സന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തിര ഉപയോഗ അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‌സൂഖ് മാണ്ഡവ്യയാണ് ജോണ്‌സണ് ആന്ഡ് ജോണ്‌സണ് അനുമതി നല്കിയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയില്‍ അനുമതി നല്കുന്ന അഞ്ചാമത്തെ കോവിഡ് വാക്‌സിനാണ് ഇത്.

രാജ്യത്തിന്റെ വാക്സിന്‍ ശേഖരണം വര്‍ധിച്ചിരിക്കുന്നു, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഒറ്റ ഡോസ് വാക്സിന് അനുമതി നല്‍കി, ഇന്ത്യക്ക് ഇപ്പോള്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള വാക്‌സിനുകളുടെ എണ്ണം അഞ്ച് ആയി, രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിന് ഇത് വലിയ മുന്നേറ്റം സമ്മാനിക്കുമെന്നായിരുന്നു മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ ട്വീറ്റ്.

ആഗസ്ത് അഞ്ചിനാണ് അനുമതി തേടി കമ്പനി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ചെയ്യുക.

തലച്ചോറിന്റെ വൈകല്യങ്ങളെക്കുറിച്ച് പഠിക്കാന്‍ മനുഷ്യാധിഷ്ഠിത മാതൃക വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞ കെ. അഡ്‌ലാഖ. ഹരിയാനയിലെ മനേസറിലെ നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്ററിലാണ് തലച്ചോറിന്റെ വികാസവും വൈകല്യവും മനസിലാക്കാന്‍ സഹായിക്കുന്ന മനുഷ്യാധിഷ്ഠിത മൂലകോശ മാതൃക വികസിപ്പിച്ചെടുത്തിരിക്കുന്നത്.

കാലങ്ങളായി തലച്ചോറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വൈകല്യങ്ങളെക്കുറിച്ച് പഠിക്കാന്‍ മൃഗങ്ങളുടെ മാതൃകകള്‍ ഉപയോഗിച്ചിരുന്നിടത്താണ് അഡ്‌ലാഖ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്. മൃഗങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തനക്ഷമമാകുന്ന പല മരുന്നുകളും മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങളില്‍ വിജയിക്കാത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ ന്യൂറോസയന്‍സിനെയും മൂലകോശങ്ങളെ സംബന്ധിച്ച പഠനമേഖലയെയും അടിമുടി പരിഷ്‌കരിക്കാന്‍ ശേഷിയുള്ളതാണ് ഈ ശാസ്ത്രജ്ഞയുടെ കണ്ടെത്തല്‍.

ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ ഇന്‍സ്പയര്‍ ഫാക്കല്‍റ്റി ഫെലോഷിപ്പ് ജേതാവ് കൂടിയായ അഡ്‌ലാഖയുടെ മനുഷ്യാധിഷ്ഠിത മാതൃക നാഡീകോശ വികാസവും ഓട്ടിസം പോലെയുള്ള നാഡിയുടെ പ്രവര്‍ത്തനം സംബന്ധിച്ച വൈകല്യങ്ങളുടെ കാര്യത്തില്‍ തലച്ചോറില്‍ എന്ത് തകരാറുകളാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഉത്തരം നല്‍കാന്‍ കഴിയുന്നതാണ്.

മനുഷ്യാധിഷ്ഠിത മാതൃകകളുടെ അഭാവം മൂലം തലച്ചോറിനെ ബാധിക്കുന്ന വൈകല്യങ്ങളുടെ പാത്തോഫിസിയോളജിയെക്കുറിച്ചുള്ള വ്യക്തമായ അറിവ് നമുക്ക് ഉണ്ടായിരുന്നില്ലെന്നും, ഈ വൈകല്യങ്ങള്‍ക്കുള്ള ചികിത്സാസംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ അനിവാര്യമായും ആവശ്യമുള്ള കണ്ടെത്തലാണ് ഇതെന്നുമായിരുന്നു അഡ്‌ലാഖയുടെ മികവിനെക്കുറിച്ച് ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ പ്രതികരണം.

അതേസമയം, ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ ധനസഹായം ഉപയോഗിച്ചുകൊണ്ടുള്ള എന്റെ ഗവേഷണം നാഡീകോശ വികാസത്തെയും അതിനെ ബാധിക്കുന്ന ഓട്ടിസം പോലുള്ള വൈകല്യങ്ങളെയും സംബന്ധിച്ച ധാരണ വികസിക്കാന്‍ സഹായകമായിട്ടുണ്ടെന്നായിരുന്നു അഡ്‌ലാഖ പറഞ്ഞത്.

നിലവില്‍ ഫരീദാബാദിലെ എന്‍.സി.ആര്‍ ബയോക്ലസ്റ്ററില്‍ ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞയായി പ്രവര്‍ത്തിച്ചു വരികയാണ് അഡ്‌ലാഖ.

വാഷിംഗ്ടൺ: കോവിഡ് വൈറസ് വ്യാപനത്തിന്റെ ഡെൽറ്റാ വകഭേദവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി ഗവേഷകർ. ഡെൽറ്റ വൈറസ് ‘ഹെർഡ് ഇമ്മ്യൂണിറ്റി’ വർധിപ്പിക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഒരു രോഗത്തെ ചെറുക്കാൻ വാക്സിൻ കുത്തിവച്ചോ, അല്ലെങ്കിൽ ആ രോഗം തന്നെ പിടിപെട്ടോ ആകെ ജനസംഖ്യയിൽ ഒരു വിഭാഗം പേർ സജ്ജമാകുന്നതാണ് ‘ഹെർഡ് ഇമ്മ്യൂണിറ്റി’.

ഇതുവരെ വന്ന മറ്റ് കോവിഡ് വൈറസ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏറെ കരുത്തുള്ള വകഭേദമാണ് ഡെൽറ്റ. ഇക്കാരണം കൊണ്ട് തന്നെ ഡെൽറ്റ മൂലം കോവിഡ് പിടിപെടുന്നവരിലൂടെ ‘ഹെർഡ് ഇമ്മ്യൂണിറ്റി’ 80 ശതമാനത്തിലേക്കോ അല്ലെങ്കിൽ 90 ശതമാനത്തിനടുത്തോ എത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുഎസിലെ ‘ഇൻഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി’യിൽ നിന്ന് അടക്കമുള്ള വിദഗ്ധരാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.

നേരത്തെ ഹെർഡ് ഇമ്മ്യൂണിറ്റിയുടെ തോത് 60 ശതമാനം- 70 ശതമാനം എന്നിങ്ങനെയായിരുന്നു. എന്നാൽ ഡെൽറ്റ’യുടെ വരവോടുകൂടി ഇതിൽ കാര്യമായ വർധനവാണ് കാണാനാകുന്നത്. ഡെൽറ്റ വൈറസ് അത്രമാത്രം അപകടകാരിയാണെന്നാണ് ഇക്കാര്യങ്ങൾ നൽകുന്ന സൂചന. ഇതുവരെ വന്നതിൽ വച്ചേറ്റവും ഭീഷണി ഉയർത്തുന്ന കോവിഡ് വകഭേദമാണിതെന്നും രോഗപ്രതിരോധത്തിനായി വലിയ രീതിയിൽ പ്രവർത്തിക്കണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നത് വലിയൊരു പരിധി വരെ ഡെൽറ്റയുടെ വ്യാപനം തടയുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

hareesh vasudevan

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ലോക്ഡൗണ്‍ ഇളവുകള്‍ എളുപ്പം കൊറോണ കിട്ടാനാണെന്ന് സര്‍ക്കാരിനെതിരെ പരിഹാസവുമായി അഡ്വ.ഹരീഷ് വാസുദേവന്‍. വാക്‌സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാന്‍ പറ്റൂ എന്നാണത്രേ പുതിയ നിയമം, താരതമ്യേന എളുപ്പം കൊറോണ കിട്ടാനാണെന്ന് ഹരീഷ് വാസുദേവന്‍ നിരീക്ഷിക്കുന്നു. ജീവനോടെ ഉണ്ടെങ്കില്‍ പിന്നെ പുറത്തിറങ്ങാം, സര്‍വ്വതും തകര്‍ന്ന ജനം ഏത് തിരഞ്ഞെടുക്കാനാണ് ചാന്‍സെന്നും അദ്ദേഹം ആരായുന്നു.

അതേസമയം, പ്രതിപക്ഷത്തു നിന്നും ജനങ്ങളുടെ ഭാഗത്തു നിന്നും പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലും പുതുക്കിയ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്.

രണ്ടാഴ്ച്ചയ്ക്ക് മുന്‍പെങ്കിലും കോവിഡ് 19 വാക്സിന്റെ ആദ്യഡോസ് എങ്കിലും എടുത്തവര്‍ക്കോ, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്കോ, അല്ലെങ്കില്‍ കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും കോവിഡ് 19 രോഗം പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ മാത്രമേ കടകള്‍, കമ്പോളങ്ങള്‍, ബാങ്കുകള്‍, പൊതു സ്വകാര്യ മേഖലയിലെ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വിനോദ സഞ്ചാര മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രവേശനാനുമതിയുള്ളൂവെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.

എന്നാല്‍, ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദേശം പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

ജനീവ: 2021 സെപ്തംബർ മാസം വരെ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) നൽകുന്നതിനെതിരെ എതിർപ്പുമായി ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രയേസസാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ രാജ്യത്തെയും കുറഞ്ഞത് പത്തു ശതമാനം ആളുകളെങ്കിലും വാക്‌സിൻ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് വാക്‌സിൻ വിതരണ നിരക്കിൽ വികസിത രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള അന്തരം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ലോകാരോഗ്യസംഘടന ഇത്തരമൊരു നടപടി സ്വീകരിച്ചത്.

കോവിഡ് മഹാമാരിയുടെ ഡെൽറ്റ വകഭേദത്തിൽ നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സർക്കാരുകളുടേയും ഉത്കണ്ഠ മനസ്സിലാക്കുന്നുവെന്നും എന്നാൽ വാക്‌സിനുകളുടെ ആഗോള വിതരണത്തിൽ ഭൂരിഭാഗവും ഇതിനകം ഉപയോഗിച്ച രാജ്യങ്ങൾ വീണ്ടും അത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിശദമാക്കി. വാക്‌സിൻ ഡോസുകൾ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും മൂന്നാം ഡോസ് നൽകുന്നതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി മൂന്നാം ഡോസ് വാക്‌സിൻ നൽകുമെന്ന് വിവിധ രാജ്യങ്ങൾ അറിയിച്ചിരുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് സെപ്റ്റംബർ മുതൽ വീണ്ടും ബൂസ്റ്റർ വാക്‌സീൻ (മൂന്നാം ഡോസ്) നൽകുമെന്ന് ജർമനിയും രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് രണ്ടാം ഡോസിന് മൂന്നു മാസത്തിനു ശേഷവും മറ്റുള്ളവർക്ക് ആറു മാസത്തിനു ശേഷവും ബൂസ്റ്റർ വാക്‌സിൻ നൽകുമെന്ന് യുഎഇയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

തിരുവനന്തപുരം: കോവിഡ് പിടിമുറുക്കിയിരിക്കുന്ന കേരളത്തിന് പള്‍സ് ഓക്സിമീറ്റര്‍ നിര്‍മ്മിച്ചു നല്‍കി സിഇടി കോളേജ്. സംസ്ഥാനത്തെ പള്‍സ് ഓക്സിമീറ്റര്‍ ക്ഷാമം പരിഹരിക്കുവാനായി കോളേജിലെ ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ അദ്ധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും ഒരു സംഘം രൂപീകരിച്ചാണ് തദ്ദേശീയമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്.

ഉപകരണത്തിന്റെ പ്രവര്‍ത്തന മികവ് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ പരീക്ഷിച്ച് ബോധ്യപ്പെടുകയും, വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് നല്‍കാന്‍ കെല്‍ട്രോണിനെ ഏല്പിക്കുകയും ചെയ്തിട്ടുണ്ട്.

വികസിപ്പിച്ച പള്‍സ് ഓക്സിമീറ്റര്‍ ആരോഗ്യവകുപ്പിന് കോളേജ് അധികൃതര്‍ കൈമാറി. ആരോഗ്യമന്ത്രി വീണാജോര്‍ജിന് പ്രിന്‍സിപ്പല്‍ ജിജി സി.വിയാണ് 100 പള്‍സ് ഓക്സിമീറ്ററുകള്‍ കൈമാറിയത്.

കൊച്ചി: സിക്ക വൈറസുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സിക്ക വൈറസ് വ്യാപനത്തിന് സാധ്യതയുള്ളതായാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഉഷ്ണ-മിതോഷ്ണ മേഖലകളിൽ കണ്ടുവരുന്ന ഈഡിസ് കൊതുകുകളുടെ കടിയേൽക്കുന്നതിലൂടെയാണ് സിക്കയും ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പടരുന്നതെന്നും അതിനാൽ തന്നെ രോഗവ്യാപന സാധ്യത കൂടുതലാണെന്നും വിദഗ്ധർ പറയുന്നു.

അഞ്ചു മുതൽ ഏഴു ദിവസം വരെ സിക്ക വൈറസ് നിലനിൽക്കും. രോഗലക്ഷണങ്ങൾ പ്രകടമാകാൻ 3 മുതൽ 14 ദിവസം വരെയാണെടുക്കുക. പനി, ചുവന്ന പാടുകൾ, തലവേദന, സന്ധി വേദന, കണ്ണുകൾക്ക് ചുവപ്പ് നിറം, പേശികൾക്ക് വേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഗർഭിണികളെയാണ് രോഗം ഗുരുതരമാകുന്നത്. കൊതുകിന്റെ കടിയിലൂടെയോ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയോ ഗർഭിണിയിൽ വൈറസ് ബാധയുണ്ടാകാം. ഇത് ഗർഭസ്ഥ ശിശുവിനെ ബാധിക്കും. രോഗബാധിതനായ ആളിൽ നിന്ന് രക്തം സ്വീകരിച്ചാലും സിക്ക പടരാൻ സാധ്യതയുണ്ട്. ഗർഭം അലസൽ, ചാപിള്ള പിറക്കൽ, മൈക്രോസെഫാലി പോലെയുള്ള ജനിതക വൈകല്യങ്ങൾ എന്നിവയ്ക്ക് സിക്ക വൈറസ് കാരണമാകാം. കുഞ്ഞുങ്ങളുടെ തല ചെറുതാകുന്ന അവസ്ഥയാണ് മൈക്രോസെഫാലി. പ്രസവത്തോട് അടുത്തുണ്ടാകുന്ന സിക്ക കുഞ്ഞുങ്ങൾക്ക് ജന്മനാലുള്ള സിക്ക സിൻഡ്രോമിനും കാരണമാകും. കുഞ്ഞുങ്ങളുടെ മസ്തിഷ്‌കത്തിന്റെ വളർച്ചക്കുറവിനും കൈകാലുകൾക്ക് വൈകല്യങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ ഡിവിഷൻ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.മെർലിൻ മോനി അറിയിച്ചു.

സംസ്ഥാനത്ത് എഴുപതോളം പേർക്കാണ് സിക്കാ വൈറസ് സ്ഥിരീകരിച്ചത്. എട്ടു പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊതുകു കടിയേൽക്കാതെ ശ്രദ്ധിക്കുക എന്നത് മാത്രമാണ് സിക്ക പകരാതിരിക്കാനുള്ള മാർഗം. സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നവർ നന്നായി വിശ്രമിക്കുകയും ധാരളം വെള്ളം കുടിക്കുകയും വേണം. പനിയും വേദനയും കുറയ്ക്കാൻ അസെറ്റാമിനോഫെൻ പോലെയുള്ള മരുന്നുകൾ കഴിക്കാം. ആസ്പിരിൻ പോലെയുള്ള നോൺ സ്റ്റിറോയ്ഡൽ ആന്റി ഇൻഫൽമേറ്ററി ഡ്രഗ്സ് ഒഴിവാക്കണമെന്നും മറ്റ് അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ പുതിയ മരുന്നുകൾ ഉപയോഗിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം തേടണമെന്നും വിദഗ്ധർ പറയുന്നു.

veena

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,01,39,113 ജനങ്ങൾക്ക് വാക്സിൻ നൽകി. 1,40,89,658 പേർക്ക് ഒന്നാം ഡോസും 60,49,455 പേർക്ക് രണ്ടാം ഡോസും നൽകി. ഇതോടെ സംസ്ഥാനത്ത് 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 40.14 ശതമാനം പേർക്ക് ഒന്നാം ഡോസും 17.23 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി. 18 വയസിന് മുകളിലുള്ള 52 ശതമാനം പേർക്ക് ഒന്നാം ഡോസും 23 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 79 ശതമാനം പേർക്ക് (89,98,405) ഒന്നാം ഡോസും 42 ശതമാനം പേർക്ക് (47,44,870) രണ്ടാം ഡോസും നൽകിയിട്ടുണ്ട്. തുള്ളിയും പാഴാക്കാതെ വാക്സിൻ നൽകിയ എല്ലാവരേയും അഭിനന്ദിക്കുന്നു.

സ്തീകളാണ് വാക്സിൻ സ്വീകരിച്ചവരിൽ മുന്നിലുള്ളത്. 1,04,71,907 സ്ത്രീകളും, 96,63,620 പുരുഷൻമാരുമാണ് വാക്സിനെടുത്തത്. 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള വിഭാഗത്തിൽ 25 ശതമാനം പേർക്ക് (37,01,130) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ചിട്ട് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവർക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാൽ 3,05,308 പേർക്കാണ് (2 ശതമാനം) രണ്ടാം ഡോസ് എടുക്കാനായത്.

2021 ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്സിനേഷൻ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്. സർക്കാർ-സ്വകാര്യ ആശുപത്രി ജീവനക്കാർ, ഫീൽഡ് ജീവനക്കാർ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ ഉൾപ്പെടെയുള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരിലും കോവിഡ് മുന്നണി പോരാളികൾക്കും ഏകദേശം 100 ശതമാനം പേർക്ക് ഒന്നാം ഡോസും 82 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് വെള്ളിയാഴ്ചയാണ് ഏറ്റവുമധികം പേർക്ക് (5,15,241) വാക്സിൻ നൽകിയത്. ഈ മാസം 24ന് 4.91 ലക്ഷം പേർക്ക് വാക്സിൻ നൽകിയിരുന്നു. ഇനിയും കൂടുതൽ വാക്സിനെത്തിയാൽ ഇതുപോലെ വാക്സിൻ നൽകാൻ സാധിക്കുന്നതാണ്.

സംസ്ഥാനത്ത് ഇന്ന് 3,59,517 പേർക്കാണ് വാക്സിൻ നൽകിയത്. ഇന്ന് 1,546 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,280 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 266 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇന്ന് 4 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 1,35,440 ഡോസ്, എറണാകുളത്ത് 1,57,460 ഡോസ്, കോഴിക്കോട് 1,07,100 ഡോസ് എന്നിങ്ങനെ കോവീഷീൽഡ് വാക്സിനാണ് ലഭ്യമായത്. സംസ്ഥാനത്ത് ഇതുവരെ 1,82,61,470 ഡോസ് വാക്സിനാണ് ലഭ്യമായത്.