Health (Page 163)

തിരുവനന്തപുരം: സംസ്ഥാനത്തെ വിപണിയിലെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും ഉഗ്രന്‍ വിഷമെന്ന് പഠന റിപ്പോര്‍ട്ട്. 28.04% പച്ചക്കറികളിലും 22.66% പഴങ്ങളിലും കീടനാശിനി സാന്നിധ്യമുണ്ടെന്നു കാര്‍ഷിക സര്‍വകലാശാലയുടെ പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ കീടനാശിനി കണ്ടെത്തിയത് കാപ്‌സിക്കത്തിലാണ്. 88 – 100% ആണിത്. പഴങ്ങളില്‍ മുന്തിരിയിലാണ് ഏറ്റവും കൂടുതല്‍ കീടനാശിനി – 62.5 – 100%. ചുവന്ന ചീര (80%), പച്ചമുളക് (67%), സാമ്പാര്‍ മുളക് (65%), പുതിനയില (60%), മല്ലിയില (57%) എന്നിവയാണ് കീടനാശിനി അംശം കണ്ടെത്തിയതില്‍ മുന്നിലുള്ള മറ്റു പച്ചക്കറികള്‍.

ഒരു വര്‍ഷത്തിനുള്ളില്‍ പരിശോധിച്ച 1197 ഭക്ഷ്യവസ്തുക്കളില്‍ 872 എണ്ണത്തിലും (72.8%) കീടനാശിനിയുടെ അംശമില്ല. 28.04% പച്ചക്കറികളിലും 22.66% പഴങ്ങളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി. 2020 ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുകള്‍.

സംസ്ഥാനത്തെ വിപണിയിലെത്തുന്ന പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനി അവശിഷ്ടാംശം പരിശോധിച്ചു ഫലം ജനങ്ങള്‍ക്കു ലഭ്യമാക്കാനും പരിഹാരം നിര്‍ദേശിക്കാനും കൃഷി വകുപ്പിന്റെ ധനസഹായത്തോടെയുള്ള സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട പരിശോധനാ ലബോറട്ടറിയിലാണ് ഇവ പരിശോധിച്ചത്.

പച്ചക്കറികളിലും പഴങ്ങളിലും കണ്ടെത്തിയ കീടനാശിനികളില്‍ അത്യുഗ്ര വിഷം വരെയുണ്ട്. കുമിള്‍ നാശിനികളാണ് ഏറെയും. കൂട്ടത്തില്‍ സംസ്ഥാനത്തു നിരോധിച്ചവയുമുണ്ട്. ബീറ്റ്‌റൂട്ട്, വെണ്ടയ്ക്ക, ചുവന്ന കാപ്‌സിക്കം, മഞ്ഞ കാപ്‌സിക്കം, കോളിഫ്‌ലവര്‍, സാമ്പാര്‍ മുളക്, ചൗ ചൗ, അമരയ്ക്ക, മല്ലിയില, കറിവേപ്പില, മുരിങ്ങയ്ക്ക, പച്ചമുളക്, കോവയ്ക്ക, പച്ചമാങ്ങ, ഉലുവയില, പുതിനയില, മത്തന്‍, പടവലങ്ങ, കറുത്ത മുന്തിരി എന്നിവയിലാണ് അത്യുഗ്ര വിഷം കണ്ടെത്തിയിരിക്കുന്നത്.

ചുവന്ന ചീര, ബീന്‍സ്, പാവയ്ക്ക, വഴുതനങ്ങ, കാപ്‌സിക്കം, നിത്യവഴുതന, വെള്ളരി, സവാള, സാലഡ് വെള്ളരി, തക്കാളി, പയര്‍, ആപ്പിള്‍, പിയര്‍, മാതളം, തണ്ണിമത്തന്‍, ഏലയ്ക്ക, മുളകുപൊടി, ജീരകം എന്നിവയില്‍ ഉഗ്രവിഷാംശവും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ചില പൊടിക്കൈകളിലൂടെ കീടനാശിനി സാന്നിധ്യം ഇല്ലാതാക്കാമെന്നു കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നു. വിളവെടുപ്പിനു മുന്‍പും പച്ചക്കറികളും പഴങ്ങളും അടുക്കളയില്‍ എത്തിയ ശേഷവുമാണ് ശ്രദ്ധിക്കേണ്ടത്.

വിളവെടുപ്പിനു മുന്‍പ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്ത കീടനാശിനി കൃത്യമായ അളവിലും സമയത്തും മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം. അടുക്കളയില്‍ എത്തുന്ന സാധനങ്ങള്‍ 20 ഗ്രാം ഉപ്പു ലയിപ്പിച്ച ലായനിയിലോ 20 ഗ്രാം വാളന്‍പുളി കലക്കിയ ലായനിയിലോ 20 മിനിറ്റ് മുക്കിവച്ച ശേഷം ഉപയോഗിക്കാം.

വേവിക്കാതെ കഴിക്കുന്ന സാധനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ കീടനാശിനിയുള്ള മുന്തിരി പോലുള്ളവ. തൊലി കളഞ്ഞു ഉപയോഗിക്കാവുന്നവ അങ്ങനെ ഉപയോഗിക്കുക. അന്തര്‍ വ്യാപന ശേഷിയുള്ള കീടനാശിനിയുടെ സാന്നിധ്യം കൂടുതല്‍ ശ്രദ്ധിക്കണം.

തിരുവനന്തപുരം: ദളിത് ജനവിഭാഗങ്ങള്‍ നേരിട്ട അനീതികള്‍ക്കെതിരെ അയ്യങ്കാളി നേതൃത്വം നല്‍കിയ ഐതിഹാസികമായ സമരങ്ങള്‍ കേരള ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദളിതരുടെ മാത്രമല്ല, സ്ത്രീകളുടേയും കര്‍ഷകരുടേയും തൊഴിലാളികളുടേയും അവകാശപ്പോരാട്ടങ്ങളുടെ അമരക്കാരനായിരുന്നു മഹാത്മാവായിരുന്നു അദ്ദേഹമെന്നും അയ്യങ്കാളിയുടെ ജന്‍മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

സഞ്ചാര സ്വാതന്ത്ര്യത്തിന്, വസ്ത്ര സ്വാതന്ത്ര്യത്തിന്, വിദ്യാഭ്യാസത്തിന്, കൂലിയ്ക്ക് എന്നിങ്ങനെ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യര്‍ നേരിടുന്ന ഓരോ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി അയങ്കാളി ശക്തമായ പ്രക്ഷോഭങ്ങളുയര്‍ത്തിയ വ്യക്തിയാണ് അയങ്കാളിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇന്ന് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ്. ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീർത്ത അന്ധകാരത്തിനു മേൽ നവോത്ഥാനത്തിൻ്റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ച മഹാവ്യക്തിത്വങ്ങളുടെ മുൻനിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. ദളിതരുടെ മാത്രമല്ല, സ്ത്രീകളുടേയും കർഷകരുടേയും തൊഴിലാളികളുടേയും അവകാശപ്പോരാട്ടങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം.മൃഗങ്ങളേക്കാള്‍ നീചമായി പരിഗണിക്കപ്പെട്ടിരിക്കുന്ന ദളിത് ജനവിഭാഗങ്ങൾ നേരിട്ട അനീതികൾക്കെതിരെ അദ്ദേഹം നേതൃത്വം നൽകിയ ഐതിഹാസികമായ സമരങ്ങൾ കേരള ചരിത്രത്തിൻ്റെ ഗതി മാറ്റിയെഴുതി. സഞ്ചാര സ്വാതന്ത്ര്യത്തിന്, വസ്ത്ര സ്വാതന്ത്ര്യത്തിന്, വിദ്യാഭ്യാസത്തിന്, കൂലിയ്ക്ക് എന്നിങ്ങനെ അടിച്ചമർത്തപ്പെട്ട മനുഷ്യർ നേരിടുന്ന ഓരോ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി അയങ്കാളി ശക്തമായ പ്രക്ഷോഭങ്ങളുയർത്തി. വില്ലുവണ്ടി സമരവും, കല്ലുമാല സമരവും എല്ലാം നമ്മുടെ നവോത്ഥാനപ്രസ്ഥാനത്തിന് ഊർജ്ജവും പ്രചോദനവും നൽകി. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ദളിത് ജനവിഭാഗങ്ങൾക്കായി വിദ്യാലയം തന്നെ അദ്ദേഹം ആരംഭിച്ചു. കൂലി നിഷേധിക്കപ്പെട്ടിരുന്ന കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അയ്യങ്കാളി നടത്തിയ പണിമുടക്ക് സമരം വർഗചൂഷണത്തിനെതിരായ പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി. അത്തരത്തിൽ ഒരു സമൂഹമെന്ന നിലയ്ക്ക് നാമിന്ന് അഭിമാനം കൊള്ളുന്ന നിരവധി നേട്ടങ്ങളിൽ അയ്യങ്കാളിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ജാതീയതയും വർഗീയതയും സാമ്പത്തികാസമത്വവും നാടിൻ്റെ പുരോഗതിയ്ക്കും ജനങ്ങളുടെ സമാധാനപൂർണ്ണമായ ജീവിതത്തിനും ഇന്നും വെല്ലുവിളികളാണ്. അവയെ ഇല്ലാതാക്കിക്കൊണ്ട് മാത്രമേ നിലവിൽ നമ്മൾ നേരിടുന്ന സാമൂഹ്യപ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം കണ്ടെത്താൻ സാധിക്കൂ. അതിനായി കൃത്യമായ രാഷ്ട്രീയ ബോധ്യമുൾച്ചേർന്ന സംഘടിതമായ മുന്നേറ്റമുണ്ടായേ തീരൂ. അത്തരമൊരു മുന്നേറ്റത്തിൽ അയങ്കാളിയുടെ ചരിത്രം നമുക്ക് വഴി കാട്ടും. അദ്ദേഹത്തിൻ്റെ ജീവിതം പ്രചോദനം പകരും. ആ ആശയങ്ങളുൾക്കൊണ്ട് നമുക്ക് ഒരുമിച്ചു മുന്നേറാം. സമത്വസുന്ദരമായ നവകേരളത്തിനായി സംഘടിക്കാം.

vaccine

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് നിർണായക പഠനറിപ്പോർട്ട് പുറത്തുവിട്ട് ഐസിഎംആർ. കോവിഡ് വൈറസ് ബാധിതരായ വ്യക്തികൾ ഒരു ഡോസ് കൊവാക്‌സിൻ മാത്രം എടുത്താൽ മതിയാകും എന്ന് തരത്തിലുള്ള പഠന റിപ്പോർട്ടാണ് ഐസിഎംആർ പുറത്തുവിട്ടിരിക്കുന്നത്.

ഈ വർഷം ഫെബ്രുവരി മുതൽ മെയ് വരെ ചെന്നൈയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കൊവാക്‌സിൻ സ്വീകരിച്ച 114 ആരോഗ്യ പ്രവർത്തകരിൽ നിന്നും മുന്നണിപ്പോരാളികളിൽ നിന്നും രക്ത സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുൻപ് കോവിഡ് വൈറസ് ബാധിച്ച് ഉരു ഡോസ് കൊവാക്‌സിൻ കുത്തിവെപ്പ് എടുത്തവർക്ക് രോഗം ബാധിക്കാതെ രണ്ട് ഡോസ് കുത്തിവെപ്പ് എടുത്തവർക്ക് സമാനമായ ആന്റിബോഡി അളവ് ഉണ്ടെന്ന് പഠനത്തിൽ കണ്ടെത്തി.

ഈ കണ്ടെത്തലുകൾ അന്തിമ തീരുമാനത്തിലെത്താൻ വിശദമായ പഠനം ആവശ്യമുണ്ടെന്നും ഐസിഎംആർ പറയുന്നു. ഐസിഎംആറിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിനാണ് കൊവാക്‌സിൻ.

തിരുവനന്തപുരം: കോവിഡിന് പിന്നാലെ മള്‍ട്ടി ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം-സി(MIS-C) ബാധിച്ച് സംസ്ഥാനത്ത് നാല് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മരിച്ച നാല് പേരും 18 വയസ്സിനു താഴെയുള്ളവരാണ്. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് മിസ്‌ക് മരണം റിപ്പോര്‍ട്ട് ചെയ്തത്.

മാത്രമല്ല, കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 300 ലേറെ കുട്ടികള്‍ക്കു മിസ്‌ക് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 95ശതമാനം പേരും കോവിഡ് ബാധിതരുമായിരുന്നു.

ഇതിനാല്‍, കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികള്‍ക്ക് 3-4 ആഴ്ചയ്ക്കകമാണു മിസ്‌ക് ബാധിക്കുന്നത്.

കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നതും പഴുപ്പില്ലാത്ത ചെങ്കണ്ണുമെല്ലാം ലക്ഷണങ്ങളാണ്. വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മര്‍ദം കുറയല്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ഉദരരോഗങ്ങള്‍, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവയും മിസ്‌കിന്റെ ലക്ഷണമായി ചൂണ്ടിക്കാട്ടുന്നു.

veena

തിരുവനന്തപുരം: കോവിഡ് വൈറസ് ബാധിച്ച് ഹോം ഐസൊലേഷനിൽ കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം ചുറ്റുപാടും നിലനിൽക്കുന്നതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി മുന്നറിയിപ്പ് നൽകി. ഹോം ഐസൊലേഷനിൽ കഴിയുന്നവരും അവരുടെ വീട്ടുകാരും അൽപം ശ്രദ്ധിച്ചാൽ മറ്റുള്ളവർക്ക് രോഗം വരാതെ സംരക്ഷിക്കാനാകും. ഹോം ഐസൊലേഷൻ എന്നത് വീട്ടിലെ ഒരു മുറിയിൽ തന്നെ കഴിയണമെന്നതാണ്. ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുതെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലാത്തവർക്കാണ് ഹോം ക്വാറന്റെയ്ൻ അനുവദിക്കുന്നത്. ഗൃഹാന്തരീക്ഷമാണ് പലരും ആഗ്രഹിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് ഹോം ഐസൊലേഷൻ എന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഗുരുതരാവസ്ഥ സംഭവിക്കുകയാണെങ്കിൽ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവർ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവർക്ക് ഡൊമിസിലിയറി കെയർസെന്ററുകൾ ലഭ്യമാണ്. എ.സി.യുള്ള മുറി ഒഴിവാക്കണം. വീട്ടിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കേണ്ടതാണ്. ഹോം ഐസൊലേഷനിൽ കഴിയുന്നവർ മുറിക്ക് പുറത്തിറങ്ങാൻ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകണം. അഥവാ മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാൽ സ്പർശിച്ച പ്രതലങ്ങൾ അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും ഡബിൾ മാസ്‌ക് ധരിക്കേണ്ടതാണ്. രോഗീ പരിചണം നടത്തുന്നവർ എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ആഹാര സാധനങ്ങൾ, ടിവി റിമോട്ട്, ഫോൺ മുതലായ വസ്തുക്കൾ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാൻ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവർ തന്നെ കഴുകുന്നതായിരിക്കും നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങൾ, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്ളീച്ചിംഗ് ലായനി (1 ലിറ്റർ വെള്ളത്തിൽ 3 ടിസ്പൂൺ ബ്ളീച്ചിംഗ് പൗഡർ) ഉപയോഗിച്ച് വൃത്തിയാക്കണമെന്ന് വീണാ ജോർജ് നിർദ്ദേശിച്ചു.

വീട്ടിൽ കഴിയുന്നവർ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഫ്രിഡ്ജിൽ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാർത്ഥങ്ങളും ഒഴിവാക്കേണ്ടതാണ്. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കണം. പറ്റുമെങ്കിൽ പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട ഗാർഗിൾ ചെയ്യുന്നത് നന്നായിരിക്കും. ഉറക്കം വളരെ പ്രധാനമാണ്. എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. വീട്ടിൽ ഐസോലേഷനിൽ കഴിയുന്നവർ ദിവസവും സ്വയം നിരീക്ഷിക്കേണ്ടതാണ്. സങ്കീർണതകൾ വരികയാണെങ്കിൽ നേരത്തെ കണ്ടുപിടിക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും സ്വയം നിരീക്ഷണം ഏറെ സഹായിക്കും. പൾസ് ഓക്സി മീറ്റർ വീട്ടിൽ കരുതുന്നത് നന്നായിരിക്കും. പൾസ് ഓക്സി മീറ്ററിലൂടെ കാണിക്കുന്ന ഓക്സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കിൽ കുറിച്ച് വയ്ക്കണമെന്ന് മന്ത്രി അറിയിച്ചു.

രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് കൊണ്ടാണ് കോവിഡ് രോഗിയെ ഗുരുതരാവസ്ഥയിലാക്കുന്നത്. അതിനാൽ പൾസ് ഓക്സീമീറ്റർ കൊണ്ട് ദിവസവും രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കണം. ഈ പരിശോധനയിലൂടെ ഓക്സിജന്റെ കുറവ് കാരണം ശ്വാസംമുട്ട് വരുന്നതിന് വളരെ മുമ്പ് തന്നെ ഓക്സിജൻ കുറഞ്ഞ് തുടങ്ങിയെന്ന് അറിയാനാകും.
സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് 96 ന് മുകളിലായിരിക്കും. ഓക്സിജന്റെ അളവ് 94ൽ കുറവായാലും നാഡിമിടിപ്പ് 90 ന് മുകളിലായാലും ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്. 6 മിനിറ്റ് നടന്ന ശേഷം രക്തത്തിലെ ഓക്സിജന്റെ അളവ് നേരത്തെയുള്ളതിൽ നിന്ന് 3 ശതമാനമെങ്കിലും കുറവാണെങ്കിലും ശ്രദ്ധിക്കണം. ചെറിയ രോഗലക്ഷണങ്ങളുള്ളവർക്ക് ഇ സഞ്ജീവനി വഴിയും ചികിത്സ തേടാമെന്ന് വീണാ ജോർജ് പറഞ്ഞു.

ഹോം ഐസൊലേഷനിൽ കഴിയുന്നെങ്കിലും ആരോഗ്യ പ്രവർത്തകർ ഒരു വിളിക്കപ്പുറം തന്നെയുണ്ട്. ശ്വാസം മുട്ടൽ, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തിൽ രക്തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കിൽ മോഹാലസ്യപ്പെടുക തുടങ്ങിയവ അപായ സൂചകങ്ങളാണ്. തലച്ചോറിൽ ഓക്സിജൻ കാര്യമായി എത്താത്തത് കൊണ്ടുള്ള പ്രശ്നങ്ങളാലാണ് ഇവയിൽ പലതും ഉണ്ടാകുന്നത്. ഈ അപായ സൂചനകളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ബന്ധപ്പെടാറുള്ള ആരോഗ്യ പ്രവർത്തകരേയോ ദിശ 104, 1056 എന്നീ നമ്പരുകളിലോ വിവരമറിയിക്കണം. ഈ സാഹചര്യത്തിൽ ഒട്ടും പരിഭ്രമപ്പെടാതെ ആംബുലൻസ് എത്തുന്നതുവരെ കമിഴ്ന്ന് കിടക്കണം.
ആരോഗ്യ പ്രവർത്തകരും വാർഡുതല ജാഗ്രതാ സമിതികളും ഹോം ഐസൊലേഷനിലുള്ളവരെ സഹായിക്കാൻ എപ്പോഴുമുണ്ട്. അതിനാൽ ആശങ്ക വേണ്ട. എന്നാൽ ജാഗ്രത ഏറെ ആവശ്യമാണെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക നേട്ടം കരസ്ഥമാക്കി രാജ്യം. 24 മണിക്കൂറിനിടെ ഒരു കോടിയിലധികം ആളുകളാണ് രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്. വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിവരെയുള്ള കണക്കുകൾ അനുസരിച്ച് 93.08 ലക്ഷം വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.

രാജ്യം സ്വന്തമാക്കിയത് സുപ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. വാക്‌സിനേഷൻ സ്വീകരിക്കുന്നവർക്കും വിജയകരമാക്കുന്നവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വെള്ളിയാഴ്ച്ച ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ വാക്‌സിനേഷൻ സ്വീകരിച്ചത്. 25 ലക്ഷത്തിലധികം പേർ ഉത്തർപ്രദേശിൽ വാക്‌സിനേഷൻ സ്വീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിനേഷൻ നടത്തിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിലവിൽ രാജ്യത്ത് 47.3 കോടി ആളുകൾ ഒരു ഡോസും 13 കോടി പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനകം വാക്സിനേഷനുകളുടെ ആകെ എണ്ണം 61 കോടി പിന്നിട്ടതായും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നു.

ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്‌സിനേഷൻ നടന്നത്. ഓഗസ്റ്റിൽ ഇതുവരെ 15 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ജുലൈയിൽ 13.45 കോടിയും ജൂണിൽ 11.97 കോടി ഡോസ് വാക്‌സിനുമാണ് രാജ്യത്ത് നൽകിയത്. 18 വയസിന് മുകളിൽ പ്രായമുള്ള അമ്പത് ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി നിരക്ക് കണ്ടെത്താൻ വേണ്ടി സെറോ സർവേ നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. കോവിഡ് ബാധ, വാക്‌സിൻ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താനാണ് സർക്കാർ സർവേ നടത്തുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് സർക്കാരിന്റെ നേതൃത്വത്തിൽ സെറോ സർവേ സംഘടിപ്പിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

നേരത്തെ ഐസിഎംആർ സെറോ സർവേ നടത്തിയിട്ടുണ്ട്. 42.7% ആണ് ഐ.സി.എം.ആർ നടത്തിയ സെറോ സർവേയിൽ കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.

തീരദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ എന്നിവിടങ്ങൾ തരംതിരിച്ച് പഠനം നടത്തു. അഞ്ച് വയസിനു മുകളിൽ ഉള്ള കുട്ടികളിലും പഠനം നടത്താനാണ് തീരുമാനം. 18 വയസിന് മുകളിൽ പ്രായം ഉള്ളവർ, 18ന് മുകളിൽ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോർപറേഷൻ പരിധികളിൽ ഉള്ളവർ, 5 – 17 വയസ് പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവരിലും പഠനം നടത്തും.

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അതിനാല്‍ തന്നെ, ഈ ഞായറാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും.

ഓണത്തോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയ ശേഷം സംസ്ഥാനത്ത് കേസുകളില്‍ വീണ്ടും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നത് കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.

കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ 30,000ന് മുകളിലാണ്. ടിപിആറും കൂടിയിട്ടുണ്ട്. രാജ്യത്തെ പകുതി കേസുകളും കേരളത്തിലാണെന്ന് ചൂണ്ടിക്കാട്ടി കനത്ത വിമര്‍ശനവും സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം നടത്തുന്നുണ്ട്.

covid

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

31,281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1260 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3926, തൃശൂര്‍ 3935, എറണാകുളം 3539, കോഴിക്കോട് 3327, കൊല്ലം 2822, പാലക്കാട് 1848, തിരുവനന്തപുരം 2150, ആലപ്പുഴ 2151, കണ്ണൂര്‍ 1905, കോട്ടയം 1797, പത്തനംതിട്ട 1255, ഇടുക്കി 1105, വയനാട് 944, കാസര്‍ഗോഡ് 577 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 25, പത്തനംതിട്ട 18, പാലക്കാട്, കാസര്‍ഗോഡ് 13 വീതം, വയനാട് 11, എറണാകുളം 7, തിരുവനന്തപുരം, തൃശൂര്‍ 6 വീതം, കൊല്ലം, ആലപ്പുഴ 5 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,573 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1258, കൊല്ലം 2325, പത്തനംതിട്ട 545, ആലപ്പുഴ 1230, കോട്ടയം 745, ഇടുക്കി 616, എറണാകുളം 1843, തൃശൂര്‍ 2490, പാലക്കാട് 2190, മലപ്പുറം 1948, കോഴിക്കോട് 1524, വയനാട് 220, കണ്ണൂര്‍ 1191, കാസര്‍ഗോഡ് 448 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,95,254 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,30,198 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,491 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,69,946 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,545 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

veena

സംസ്ഥാനത്ത് ആശുപത്രികളില്‍ നിലവില്‍ ഐ.സി.യു., വെന്റിലേറ്റര്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . ഒരു ജില്ലയിലും തീവ്രപരിചണ ചികിത്സയ്ക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നില്ല. ആശങ്ക പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ 281 എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ എ.പി.എല്‍. ബി.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു. സൗകര്യമോ വെന്റിലേറ്റര്‍ സൗകര്യമോ ലഭ്യമല്ലെങ്കില്‍ ഇത്തരം ആശുപത്രികളിലേക്ക് മാറ്റി ചികിത്സിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ല.

സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 3048 ഐ.സി.യു. കിടക്കളുള്ളതില്‍ 1020 കോവിഡ് രോഗികളും 740 നോണ്‍ കോവിഡ് രോഗികളുമാണുള്ളത്. 1288 ഐ.സി.യു. കിടക്കകള്‍ (43 ശതമാനം) ബാക്കിയുണ്ട്. 2293 വെന്റിലേറ്ററുകളുള്ളതില്‍ 444 കോവിഡ് രോഗികളും 148 നോണ്‍ കോവിഡ് രോഗികളുമുണ്ട്. 1701 വെന്റിലേറ്ററുകള്‍ (75 ശതമാനം) ഒഴിവുണ്ട്.

കോവിഡ് ചികിത്സയ്ക്കായി മാത്രം 281 എംപാനല്‍ഡ് ആശുപത്രികളിലായി 20,724 കിടക്കകള്‍ സജ്ജമാണ്. ഈ ആശുപത്രികളില്‍ 2082 ഐസിയുകളും 1081 വെന്റിലേറ്ററുകളുമുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കായി 798 പേര്‍ ഐ.സി.യു.വിലും 313 പേര്‍ വെന്റിലേറ്ററിലുമുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെയും ഐ.സി.യു.കളുടേയും എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍ തന്നെ ആശങ്കയുടെ കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു.