Health (Page 227)

covid

ന്യൂഡൽഹി : ഏറ്റവും ഉയർന്ന നിരക്കില്‍ രാജ്യത്ത് ആർടിപിസിആർ പരിശോധന നടത്തുന്നത് കേരളത്തില്‍. ഒരു പരിശോധനയ്ക്ക് സംസ്ഥാനത്ത് 1700 രൂപയാണ് ഈടാക്കുന്നത്. സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയുണ്ടെങ്കിലും ഉടൻ ലഭ്യമാകാത്തതിനാൽ പലപ്പോഴും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരും.

വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോഴും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഈ രീതിയിൽ പലതവണ പരിശോധന വേണ്ടിവരുന്നതു വൻ സാമ്പത്തിക ബാധ്യതയാകുന്നുമുണ്ട്.

ആർടിപിസിആർ പരിശോധനയ്ക്കു ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് – 400 രൂപ. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക് തമിഴ്നാട്ടിൽ– 1200 രൂപ; വീട്ടിലെത്തി സാംപിൾ ശേഖരിക്കുമ്പോൾ 1500–1750 രൂപയും. ഡൽഹിയിലും കർണാടകയിലും 800 രൂപയാണു നിരക്ക്. വീട്ടിലെത്തി ശേഖരിക്കുമ്പോൾ 1200 രൂപ.

covid

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്. 72 മണിക്കൂര്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗതീവ്രത കുറഞ്ഞ രോഗികളെ വീട്ടിലെ നീരീക്ഷണത്തിലേക്ക് മാറ്റാമെന്നാണ് പുതിയ മാനദണ്ഡം. നേരിയ ലക്ഷണം മാത്രമുള്ളവര്‍ 17 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം. നിരീക്ഷണത്തില്‍ തുടരുന്ന കാലയളവില്‍ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടോ എന്ന് രോഗികള്‍് സ്വയം പരിശോധിക്കണമെന്നും പുതിയ മാനദണ്ഡത്തില്‍ പറയുന്നു. ഇടത്തരം രോഗതീവ്രതയുള്ള രോഗികള്‍ക്ക് ലക്ഷണം അവസാനിച്ച് മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഡിസ്ചാര്‍ജ് നല്കാം.ഗുരുതര രോഗികള്‍ക്ക് മാത്രമേ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ളു.

ബംഗ്ലൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. നാളെ രാത്രി ഒന്‍പത് മുതല്‍ പതിനാല് ദിവസത്തേക്കായിരിക്കും നടപടിയെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അറിയിച്ചു. അവശ്യസേനവനങ്ങള്‍ രാവിലെ ആറു മുതല്‍ പത്തു മണി വരെ അനുവദനീയമായിരിക്കും.

നിര്‍മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകള്‍ക്ക് നിയന്ത്രണമില്ല. കഴിഞ്ഞ ബുധനാഴ്ച മുതല്‍ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ ആറുവരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം വാരാന്ത്യങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. ഇന്നലെ 34,804 പുതിയ കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 143 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 14426 ആയി.

covid

ന്യൂഡല്‍ഹി : കോവിഡ് ബോധവത്ക്കരണത്തിനായി നൂതനമാര്‍ഗങ്ങള്‍ ആശ്രയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ട്വിറ്ററില്‍ കഴിഞ്ഞ ദിവസം ഇട്ട ട്വീറ്റിലൂടെ പുതിയ ഒരു സ്റ്റിക്കര്‍ പ്രചരിപ്പിക്കുകയാണ് കേന്ദ്രമന്ത്രാലയം. കൊവിഡ് പ്രതിരോധ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം വാട്ട്‌സ്ആപ്പ് സ്റ്റിക്കറുകള്‍. അതില്‍ മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള കാര്യങ്ങളുടെ സ്റ്റിക്കര്‍ ലഭ്യമാണ്.

ഈ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ലിങ്കും ട്വീറ്റിനൊപ്പം നല്കുന്നുണ്ട്. പൊതു ജനങ്ങള്‍ക്കിടയില്‍ കൊവിഡിനെതിരായ ബോധവത്കരണം വീണ്ടും ശക്തമാക്കുവാന്‍ ഉതകുന്നതാണ് ഇതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കരുതുന്നത്. ഏപ്രില്‍ ആദ്യം, വാക്‌സീന്‍ ഫോര്‍് ഓള്‍ എന്ന സ്റ്റിക്കര്‍ വാട്ട്‌സ്ആപ്പ് തന്നെ പുറത്തിറക്കിയിരുന്നു.

തിരുവനന്തപുരം : ട്രഷറിയില്‍ ഇപ്പോള്‍ 3000 കോടിയുണ്ടെന്നും വാക്‌സിന്‍ റെഡി ക്യാഷ് നല്‍കി വാങ്ങാനുള്ള പണം സര്‍ക്കാരിന്റെ പക്കലുണ്ടെന്നും മന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…

ബജറ്റില്‍ പ്രഖ്യാപിച്ച കാര്യത്തിന് എന്തിനാണ് വാക്‌സിന്‍ ചലഞ്ച് എന്നാണ് പ്രതിപക്ഷനേതാവിന്റെ എമണ്ടന്‍ ചോദ്യം. വാക്‌സിന്‍ വാങ്ങാന്‍ പണം ഇല്ലേയെന്ന് മാധ്യമങ്ങളും ചോദിക്കുന്നു. വളച്ചുകെട്ടൊന്നും ഇല്ലാതെ നേരെയങ്ങു പറയട്ടേ. ട്രഷറിയില്‍ ഇപ്പോള്‍ ക്യാഷ് ബാലന്‍സ് അഥവാ മിച്ചം 3000 കോടി രൂപയാണ്. ആവശ്യമായ വാക്‌സിന്‍ റെഡ്ഡി ക്യാഷ് നല്‍കി വാങ്ങാനുള്ള പണം സര്‍ക്കാരിന്റെ പക്കലുണ്ട്.
പക്ഷെ മരുന്നു വാങ്ങുന്നതിനു ചില നടപടി ക്രമങ്ങളുണ്ട്. അവ പൂര്‍ത്തീകരിച്ച് കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിന് സെക്രട്ടറിമാരുടെ കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്പോള്‍ അടുത്ത ചോദ്യം പണം ഉണ്ടെങ്കില്‍ പിന്നെ എന്തിനാണ് വാക്‌സിന്‍ ചലഞ്ച്? ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപന പ്രകാരം 1300 കോടി രൂപയെങ്കിലും വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ സംസ്ഥാനത്തിനു ചെലവുവരും. അത്രയും പണം ഇപ്പോള്‍ വകയിരുത്തിയിട്ടില്ല. പക്ഷെ, അതു പ്രശ്‌നമല്ല. ബജറ്റില്‍ പ്രഖ്യാപിച്ചതാണല്ലോ.
അതുകൊണ്ട് നിലവില്‍ മരുന്നിനുള്ള ബജറ്റ് ഹെഡ്ഡിനു കീഴില്‍ ഇപ്പോഴുള്ള ട്രഷറി ക്യാഷ് ബാലന്‍സില്‍ നിന്ന് അധികച്ചെലവ് നടത്താവുന്നതേയുള്ളൂ. പിന്നീട് നിയമസഭ ചേരുമ്പോള്‍ ഉപധനാഭ്യര്‍ത്ഥനയിലൂടെ സഭയുടെ അംഗീകാരം നേടിയാല്‍ മതിയാകും. ഇത് അറിയാത്ത ആളാണ് പ്രതിപക്ഷനേതാവ് എന്നു തോന്നുന്നില്ല. പക്ഷെ, അധികച്ചെലവിനുള്ള പണം എവിടെ നിന്നു കണ്ടെത്തും? നമ്മുടെ ബജറ്റിന്റെ മൊത്തം ചെലവ് 1.60 ലക്ഷം കോടി രൂപയാണ്. അതില്‍ ഏതെങ്കിലും ഇനത്തില്‍ പണം കുറവുവരുത്തണം. അല്ലെങ്കില്‍ അധിക വരുമാനം കണ്ടെത്തണം.
കൊവിഡുകാലത്ത് വരുമാനം കൂടാനല്ല, കുറയാനാണ് പോകുന്നത്. ഇതു തിരിച്ചറിഞ്ഞ ഒരുപാട് സാധാരണക്കാര്‍ ഈ ആപത്ഘട്ടത്തില്‍ പ്രളയകാലത്തെന്നപോലെ നമ്മുടെ സ്വയംരക്ഷയ്ക്ക് സര്‍ക്കാരിനോടൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെപ്പോലെ അഭ്യര്‍ത്ഥന നടത്താതെ തന്നെ സഹായഹസ്തമായി സാധാരണക്കാര്‍ മുന്നോട്ടുവന്നതാണ് വാക്‌സിന്‍ ചലഞ്ചിന്റെ പ്രത്യേകത. സര്‍ക്കാരല്ല, സാധാരണക്കാരാണ് ചലഞ്ച് പ്രഖ്യാപിച്ചത്.
അത്തരത്തിലൊരു പൗരബോധം പ്രതിപക്ഷ നേതാവിനും ബിജെപി നേതാക്കള്‍ക്കും ഇല്ലായെന്നു വ്യക്തം. എങ്കിലും ഒരു കാര്യം അവര്‍ക്ക് ഉറപ്പുനല്‍കാം. സഹായിച്ചില്ലെങ്കിലും സൗജന്യ വാക്‌സിന്‍ നിങ്ങള്‍ക്കും ഉറപ്പ്.
അപ്പോഴാണ് ട്രോളര്‍മാരുടെ രംഗപ്രവേശനം. പണം ബജറ്റില്‍ വകയിരുത്താതെയാണോ സൗജന്യം പ്രഖ്യാപിച്ചത്? പിന്നെ തെളിവായി ബജറ്റു കാലത്തെ എന്റെ അഭിമുഖങ്ങളുടെ വീഡിയോകളും. എന്തോ വലിയ തട്ടിപ്പു കണ്ടുപിടിച്ചമാതിരിയാണ് അര്‍മാദം. കൊവിഡു തുടങ്ങിയ കാലത്ത് കേന്ദ്രത്തിന്റെ കൈയ്യില്‍ പണം ഇല്ലെങ്കില്‍ നോട്ട് അച്ചടിക്കട്ടേയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഉണ്ടായ വിഡ്ഡിച്ചിരി പോലെയൊന്ന്.
ബജറ്റിംഗ് രീതിയെക്കുറിച്ചുള്ള വിവരം കമ്മിയായതുകൊണ്ടുള്ള പ്രശ്‌നമാണിത്. ബജറ്റില്‍ രണ്ടു കണക്കുണ്ട്. ഒന്ന്, നിലവിലുള്ള ഹെഡ് ഓഫ് അക്കൌണ്ടുകളിലേയ്ക്കു നീക്കിവെയ്ക്കുന്ന വിഹിതം. രണ്ട്, പ്രസംഗത്തില്‍ പറയുന്ന ചെലവുകള്‍. പ്രത്യേക ഹെഡ് ഓഫ് അക്കൌണ്ടില്ലാതെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്ന ചെലവുകള്‍ക്ക് പിന്നീട് ഉപധനാഭ്യര്‍ത്ഥനയിലൂടെ പണം അനുവദിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ധനവിനിയോഗ രീതി. കൃത്യമായി എത്ര രൂപ വകയിരുത്തണമെന്ന് അപ്പോഴാണ് തീരുമാനിക്കുക. ബജറ്റ് അംഗീകരിച്ചു എന്നു പറഞ്ഞാല്‍ ഈ ചെലവും അംഗീകരിച്ചു എന്നാണ് അര്‍ത്ഥം.
കോവിഡ് വാക്‌സിന്‍ കേരളീയര്‍ക്ക് സൌജന്യമായി നല്‍കും എന്ന ബജറ്റ് നിര്‍ദ്ദേശം സഭ അംഗീകരിച്ചു കഴിഞ്ഞു. ഏത് ഹെഡ് ഓഫ് അക്കൗണ്ടില്‍ എത്ര രൂപ മാറ്റിവെച്ചിരിക്കുന്നു എന്ന ചോദ്യത്തിനൊന്നും ഒരു പ്രസക്തിയുമില്ല. എത്ര രൂപ ആയാലും അതിനൊരു ഹെഡ് ഓഫ് അക്കൗണ്ട് സൃഷ്ടിച്ച് അധിക ധനാഭ്യര്‍ത്ഥനയിലൂടെ ആവശ്യമായ സമയത്ത് അത് നിയമസഭ അംഗീകരിക്കും. അക്കാര്യത്തില്‍ ആര്‍ക്കും ഒരു ബേജാറും വേണ്ട. ഈ നടപടിക്രമങ്ങളെക്കുറിച്ചും ഒരു ചുക്കും അറിയാത്തവര്‍ പലതും പ്രചരിപ്പിക്കും. കാര്യഗൌരവമുള്ള ആരും അതൊന്നും കണക്കിലെടുക്കില്ല. ഇനിയഥവാ ആരെങ്കിലും ആ പ്രചരണത്തില്‍ വീണുപോയി എന്നിരിക്കട്ടെ, അവര്‍ക്കും വാക്‌സിന്‍ സൗജന്യമായിത്തന്നെ ലഭിക്കും. തെറ്റിദ്ധാരണയ്ക്ക് അടിപ്പെട്ടുപോയി എന്നതുകൊണ്ട് വാക്‌സിന്‍ ഫലപ്രദമാകില്ല എന്നൊന്നുമില്ലല്ലോ. ജനാധിപത്യത്തില്‍ കുറച്ചു തെറ്റിദ്ധാരണയൊക്കെ പടരും. അതുപക്ഷേ, കോവിഡ് പോലെ മാരകമൊന്നുമാവില്ല.
ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് കോവിഡ് വാക്‌സിന് എത്ര രൂപയാകുമെന്ന് എങ്ങനെ കണക്കു കൂട്ടാനാകും? ഇപ്പോഴത്തെ പ്രഖ്യാപനം അനുസരിച്ച് 1300 കോടി രൂപ വേണം. എന്നാല്‍ ഇനി വാക്‌സിനു വില കൂടുകയാണെങ്കിലോ? കോ-വാക്‌സിനു 600 രൂപയെന്നു റിപ്പോര്‍ട്ടു വന്നുകഴിഞ്ഞു. ഈ വിലവര്‍ദ്ധനവിനെതിരെ ശക്തമായി പ്രതിഷേധിക്കും. സൗജന്യമായി തരണമെന്ന് ആവശ്യപ്പെടും. കേന്ദ്രസര്‍ക്കാര്‍ ചെവികൊള്ളുന്നില്ലെങ്കില്‍ ജനങ്ങളെ ശിക്ഷിക്കില്ല. വില എത്രയായാലും സര്‍ക്കാര്‍ വാങ്ങും, ജനങ്ങള്‍ക്ക് സൌജന്യമായി വിതരണം ചെയ്യുകയും ചെയ്യും.
പിന്നെ, അഭിമുഖങ്ങളില്‍ പറഞ്ഞത് ഇന്നു നാടിന് ഏറ്റവും പ്രധാനം ഒരു ദിവസം മുമ്പെങ്കില്‍ ഒരു ദിവസം മുമ്പ് മുഴുവന്‍ ജനങ്ങളെയും വാക്‌സിനേറ്റ് ചെയ്യുകയെന്നതാണ്. വാക്‌സിന്‍ ലഭ്യമാണെങ്കില്‍ കേന്ദ്രം തന്നില്ലെങ്കില്‍പോലും വില കൊടുത്തു കേരളം വാങ്ങും, ഈ നാട്ടിലെ ജനങ്ങളെ സംരക്ഷിക്കുമെന്നാണ് അഭിമുഖത്തില്‍ പറയുന്നത്. കാരണം വാക്‌സിന്റെ വിലയേക്കാള്‍ എത്രയോ വലുതായിരിക്കും ഉണ്ടായേക്കാവുന്ന ദേശീയ വരുമാന നഷ്ടം. ഈ തിരിച്ചറിവ് കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ഇല്ല. അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ അനുവാദം നല്‍കുമോ? ഏറ്റവും കുറഞ്ഞ വാക്‌സിനേഷന്‍ നടത്തിയ രാജ്യങ്ങളില്‍ ഒന്നല്ലേ ഇന്ത്യ? ഇതിന്റെയൊക്കെ ഫലമെന്താണ്? ഇതൊന്നു ചിന്തിച്ചിട്ട് ഞാന്‍ പറഞ്ഞത് ഒന്നുകൂടി കേള്‍ക്കുക.

ration

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ ഒന്‍പത് മുതല്‍ ഒരു മണിവരെയും, വൈകീട്ട് രണ്ട് മണി മുതല്‍ അഞ്ച് മണിവരെയുമാകും റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍,കണ്ടെയ്ന്‍മെന്റ് സോണുകളിലെ റേഷന്‍ കടകള്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് മാത്രമേ റേഷന്‍ കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സംസ്ഥാനത്ത് കൊറോണ സാഹചര്യം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. രോഗവ്യാപനം കണക്കിലെടുത്ത് നേരത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം കൊണ്ടുവന്നിരുന്നു. ഞായറാഴ്ച കേരളത്തില്‍ 28,469 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

കണ്ണൂര്‍: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നതാകരുത് തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസത്തെ വിജയാഹ്ലാദ പ്രകടനമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കലക്ടര്‍ ടി.വി.സുഭാഷിന്റെ കത്ത്. മേയ് രണ്ടിലെ ആഹ്ലാദ പ്രകടനത്തില്‍ നിയന്ത്രണം വേണമെന്ന കലക്ടറുടെ അഭ്യര്‍ഥന.പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ കലക്ടറുടെ അഭ്യര്‍ഥനയെ സ്വാഗതം ചെയ്തു.

കലക്ടറുടെ നിര്‍ദേശങ്ങള്‍
വിജയമാഘോഷിക്കാന്‍ വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞുള്ള റോഡ് ഷോ ഒഴിവാക്കണം, ഒന്നിലധികം പേര്‍ ഒരു ബൈക്കില്‍ യാത്ര ചെയ്തുള്ള ബൈക്ക് റാലി നിരുത്സാഹപ്പെടുത്തണം, അഞ്ചിലധികം പേര്‍ കൂടിച്ചേരുന്ന ആഹ്ലാദ പ്രകടനം ഒഴിവാക്കണം, വായുമലിനീകരണം തടയാന്‍ പടക്കം പൊട്ടിക്കല്‍ ഉപേക്ഷിക്കണം, മാസ്‌ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ച് ചെറു ഗ്രൂപ്പുകളായി ആഹ്ലാദ പ്രകടനം നടത്തുക

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ വൻതിരക്ക്. വയോധികരടക്കം പൊരിവെയിലത്ത് ക്യൂവിൽ നിൽക്കുകയാണ്. വാക്‌സിൻ ക്ഷാമത്തെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തർ‌ക്കത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. പൊലീസെത്തി തിരക്ക് നിയന്ത്രിച്ചു. ടോക്കൺ സംവിധാനം നടപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വാക്‌സിനെടുക്കാൻ എത്തിയവരിൽ അധികവും അമ്പത് വയസിൽ പ്രായമുളളവരാണ്.

പലരും പൊരിവെയിലിൽ ക്ഷീണിതരായിരുന്നു.രോഗവ്യാപനം തീവ്രമായ എറണാകുളത്തും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെയും വാക്‌സിൻ ക്ഷാമം രൂക്ഷമാണ്. സ്വകാര്യ ആശുപത്രികളിൽ അവശേഷിക്കുന്നത് 5000 ഡോസ് മാത്രമാണ്. ഇത് ഇന്ന് തീരും. അതെസമയം നാളെ മുതൽ പിഴവുകളില്ലാതെ വാ‌ക്‌സിൻ വിതരണം നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.സർക്കാർ ആശുപത്രികളിൽ വാക്‌സിൻ നാളെ തീരും.തലസ്ഥാന നഗരിയിലെ പ്രധാന വാക്‌സിൻ വിതരണ കേന്ദ്രമായ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ സാമൂഹ്യ അകലം പോലും പാലിക്കപ്പെട്ടില്ല.

covid

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ഇനിമുതല്‍ 24 – 48 മണിക്കൂര്‍ കൂടുമ്പോള്‍ കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും. ഇവര്‍ക്ക് കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ അടുത്ത കാറ്റഗറിയിലേക്ക് മാറ്റി മികച്ച ചികിത്സ നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

രോഗ തീവ്രതയനുസരിച്ച് നല്‍കേണ്ട മരുന്നിനെക്കുറിച്ചും അവയുടെ ഡോസേജ് സംബന്ധിച്ചും പുതിയ മാര്‍ഗരേഖയില്‍ വ്യക്തമായ നിര്‍ദ്ദേശമുണ്ട്. സി കാറ്റഗറിയില്‍ വരുന്ന ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഫാബിപിറാവിന്‍, ഐവര്‍മെക്‌സിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കാം.

പ്ലാസ്മ തെറാപ്പി ആവശ്യമെങ്കില്‍ രോഗം ബാധിച്ച് ഏഴ് ദിവസത്തിനുള്ളില്‍ നല്‍കാം. രണ്ടാം തരംഗത്തില്‍ രോഗ ലക്ഷണങ്ങള്‍ക്കുറഞ്ഞവര്‍ പോലും പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് മാറുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പുതിയ മാര്‍ഗരേഖ ഇറക്കിയിരിക്കുന്നത്.

ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍. ‘കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് നില്‍ക്കുന്നു’യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നൂറുക്കണക്കിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ വൈറസില്‍ നിന്ന് ജീവനുകള്‍ രക്ഷിക്കുന്നതിനായി യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കാന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.

‘ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരും. പകര്‍ച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തില്‍ അന്തരാഷ്ട്ര സമൂഹത്തെ പിന്തുണയ്ക്കാന്‍ യുകെ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ദൃഢനിശ്ചയത്തിലാണ്’അദ്ദേഹം വ്യക്തമാക്കി.600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു. വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് ധനസഹായം നല്‍കുന്ന പാക്കേജില്‍ സ്റ്റോക്കുകളില്‍ നിന്ന് വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗികള്‍ക്ക് സുപ്രധാന വൈദ്യചികിത്സ നല്‍കുന്നതിന് ഇത് സര്‍ക്കാരിനെ സഹായിക്കും.

അതേസമയം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദഗ്ധ ഡോക്ടടര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ അനുയോജ്യമായ പെരുമാറ്റം സ്വീകരിക്കണമെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.