പതിവായി വെള്ള ടീ ഷർട്ട് ധരിക്കുന്നതിനുള്ള കാരണം ഇതാണ്; വെളിപ്പെടുത്തി രാഹുൽ ഗാന്ധി

ന്യൂഡൽഹി: താൻ പതിവായി വെള്ള ടീ ഷർട്ട് ധരിക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെള്ള നിറത്തിലുള്ള ടീ ഷർട്ട് സുതാര്യമാണെന്നും ലാളിത്യത്തെ പ്രതിനിധീകരിക്കുന്നതാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സാമൂഹ്യ മാദ്ധ്യമത്തിൽ കോൺഗ്രസ് പങ്കുവെച്ച വീഡിയോയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ദേശീയ തലത്തിൽ എല്ലായ്പ്പോഴും പോരാട്ടം നടക്കുന്നത് പ്രത്യയശാസ്ത്രങ്ങൾ തമ്മിലാണ്. സ്വന്തം പ്രത്യയശാസ്ത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ നിങ്ങൾക്ക് ഒരിക്കലും ഒരു സംഘടനയെന്ന നിലയിൽ അധികാരത്തിൽ തുടരാനാകില്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരേയും സ്ത്രീകളേയുമെല്ലാം ഒരുപോലെ പരിഗണിക്കുന്ന കോൺഗ്രസ് പ്രത്യയശാസ്ത്രം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സുതാര്യതയും ലാളിത്യവുമാണ് വെള്ള ടീ ഷർട്ട് തെരഞ്ഞെടുക്കാനുള്ള കാരണമായി രാഹുൽ പറയുന്നത്. തനിക്ക് എപ്പോഴും ലളിതമായി ഇരിക്കാനാണ് ഇഷ്ടം. വസ്ത്രങ്ങളുടെ കാര്യത്തിൽ വലിയ ശ്രദ്ധ കൊടുക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.