ഡെൽറ്റ വൈറസ് ‘ഹെർഡ് ഇമ്മ്യൂണിറ്റി’ വർധിപ്പിക്കുന്നു; നിർണായക വെളിപ്പെടുത്തലുകളുമായി ഗവേഷകർ

വാഷിംഗ്ടൺ: കോവിഡ് വൈറസ് വ്യാപനത്തിന്റെ ഡെൽറ്റാ വകഭേദവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി ഗവേഷകർ. ഡെൽറ്റ വൈറസ് ‘ഹെർഡ് ഇമ്മ്യൂണിറ്റി’ വർധിപ്പിക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഒരു രോഗത്തെ ചെറുക്കാൻ വാക്സിൻ കുത്തിവച്ചോ, അല്ലെങ്കിൽ ആ രോഗം തന്നെ പിടിപെട്ടോ ആകെ ജനസംഖ്യയിൽ ഒരു വിഭാഗം പേർ സജ്ജമാകുന്നതാണ് ‘ഹെർഡ് ഇമ്മ്യൂണിറ്റി’.

ഇതുവരെ വന്ന മറ്റ് കോവിഡ് വൈറസ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏറെ കരുത്തുള്ള വകഭേദമാണ് ഡെൽറ്റ. ഇക്കാരണം കൊണ്ട് തന്നെ ഡെൽറ്റ മൂലം കോവിഡ് പിടിപെടുന്നവരിലൂടെ ‘ഹെർഡ് ഇമ്മ്യൂണിറ്റി’ 80 ശതമാനത്തിലേക്കോ അല്ലെങ്കിൽ 90 ശതമാനത്തിനടുത്തോ എത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുഎസിലെ ‘ഇൻഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി’യിൽ നിന്ന് അടക്കമുള്ള വിദഗ്ധരാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.

നേരത്തെ ഹെർഡ് ഇമ്മ്യൂണിറ്റിയുടെ തോത് 60 ശതമാനം- 70 ശതമാനം എന്നിങ്ങനെയായിരുന്നു. എന്നാൽ ഡെൽറ്റ’യുടെ വരവോടുകൂടി ഇതിൽ കാര്യമായ വർധനവാണ് കാണാനാകുന്നത്. ഡെൽറ്റ വൈറസ് അത്രമാത്രം അപകടകാരിയാണെന്നാണ് ഇക്കാര്യങ്ങൾ നൽകുന്ന സൂചന. ഇതുവരെ വന്നതിൽ വച്ചേറ്റവും ഭീഷണി ഉയർത്തുന്ന കോവിഡ് വകഭേദമാണിതെന്നും രോഗപ്രതിരോധത്തിനായി വലിയ രീതിയിൽ പ്രവർത്തിക്കണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നത് വലിയൊരു പരിധി വരെ ഡെൽറ്റയുടെ വ്യാപനം തടയുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.