സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു

ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിന്റെ പരിശീലന യാത്രയിലാണ് ഇത്തവണ സുനിത ഭാഗമാകുന്നത്. മേയ് ഏഴിന് ഫ്‌ലോറിഡയിലെ കേപ് കാനവെറൽ ബഹിരാകാശ താവളത്തിൽ നിന്നാണ് സ്റ്റാർലൈനർ വിക്ഷേപിക്കുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോൾ തിരികെ വീട്ടിലേക്ക് പോകുന്ന പ്രതീതിയാണെന്നാണ് സുനിത വില്യംസ് വ്യക്തമാക്കുന്നത്. നാസയിലെ ബുച്ച് വിൽമോറും സ്റ്റാർലൈനറിൽ സുനിതയ്‌ക്കൊപ്പമുണ്ടാകും. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. വാണിജ്യാവശ്യങ്ങൾക്ക് സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നാസയുമായിച്ചേർന്നുള്ള ഈ പരീക്ഷണം.

2006 ഡിസംബറിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കായിരുന്നു സുനിതയുടെ ആദ്യ ബഹിരാകാശയാത്ര. 2007 ജൂൺ 22 വരെ അവർ ബഹിരാകാശ നിലയത്തിൽ കഴിഞ്ഞു. അന്ന് സുനിത വില്യംസ് 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തു നടന്ന് റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തിരുന്നു.