കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സിക്ക വൈറസ് വ്യാപനത്തിന് സാധ്യത; മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ

കൊച്ചി: സിക്ക വൈറസുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സിക്ക വൈറസ് വ്യാപനത്തിന് സാധ്യതയുള്ളതായാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഉഷ്ണ-മിതോഷ്ണ മേഖലകളിൽ കണ്ടുവരുന്ന ഈഡിസ് കൊതുകുകളുടെ കടിയേൽക്കുന്നതിലൂടെയാണ് സിക്കയും ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പടരുന്നതെന്നും അതിനാൽ തന്നെ രോഗവ്യാപന സാധ്യത കൂടുതലാണെന്നും വിദഗ്ധർ പറയുന്നു.

അഞ്ചു മുതൽ ഏഴു ദിവസം വരെ സിക്ക വൈറസ് നിലനിൽക്കും. രോഗലക്ഷണങ്ങൾ പ്രകടമാകാൻ 3 മുതൽ 14 ദിവസം വരെയാണെടുക്കുക. പനി, ചുവന്ന പാടുകൾ, തലവേദന, സന്ധി വേദന, കണ്ണുകൾക്ക് ചുവപ്പ് നിറം, പേശികൾക്ക് വേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഗർഭിണികളെയാണ് രോഗം ഗുരുതരമാകുന്നത്. കൊതുകിന്റെ കടിയിലൂടെയോ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയോ ഗർഭിണിയിൽ വൈറസ് ബാധയുണ്ടാകാം. ഇത് ഗർഭസ്ഥ ശിശുവിനെ ബാധിക്കും. രോഗബാധിതനായ ആളിൽ നിന്ന് രക്തം സ്വീകരിച്ചാലും സിക്ക പടരാൻ സാധ്യതയുണ്ട്. ഗർഭം അലസൽ, ചാപിള്ള പിറക്കൽ, മൈക്രോസെഫാലി പോലെയുള്ള ജനിതക വൈകല്യങ്ങൾ എന്നിവയ്ക്ക് സിക്ക വൈറസ് കാരണമാകാം. കുഞ്ഞുങ്ങളുടെ തല ചെറുതാകുന്ന അവസ്ഥയാണ് മൈക്രോസെഫാലി. പ്രസവത്തോട് അടുത്തുണ്ടാകുന്ന സിക്ക കുഞ്ഞുങ്ങൾക്ക് ജന്മനാലുള്ള സിക്ക സിൻഡ്രോമിനും കാരണമാകും. കുഞ്ഞുങ്ങളുടെ മസ്തിഷ്‌കത്തിന്റെ വളർച്ചക്കുറവിനും കൈകാലുകൾക്ക് വൈകല്യങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ ഡിവിഷൻ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.മെർലിൻ മോനി അറിയിച്ചു.

സംസ്ഥാനത്ത് എഴുപതോളം പേർക്കാണ് സിക്കാ വൈറസ് സ്ഥിരീകരിച്ചത്. എട്ടു പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊതുകു കടിയേൽക്കാതെ ശ്രദ്ധിക്കുക എന്നത് മാത്രമാണ് സിക്ക പകരാതിരിക്കാനുള്ള മാർഗം. സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നവർ നന്നായി വിശ്രമിക്കുകയും ധാരളം വെള്ളം കുടിക്കുകയും വേണം. പനിയും വേദനയും കുറയ്ക്കാൻ അസെറ്റാമിനോഫെൻ പോലെയുള്ള മരുന്നുകൾ കഴിക്കാം. ആസ്പിരിൻ പോലെയുള്ള നോൺ സ്റ്റിറോയ്ഡൽ ആന്റി ഇൻഫൽമേറ്ററി ഡ്രഗ്സ് ഒഴിവാക്കണമെന്നും മറ്റ് അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ പുതിയ മരുന്നുകൾ ഉപയോഗിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം തേടണമെന്നും വിദഗ്ധർ പറയുന്നു.